ശാസ്ത്രം പ്രതിക്ക് അനുകൂലമായാലും സംസാരിക്കുക തന്നെ വേണം, ഒരു ‘കൊലപാതക’ അനുഭവം ഡോക്ടർ പങ്കുവയ്ക്കുന്നു

48

Krishnan Balendran

“കൊലപാതകമാണെന്ന് ഒരു പൊതുബോധം നിലനിൽക്കുന്ന ഒരു കേസ്സാണ് എന്ന് വയ്ക്കുക. അല്ലെങ്കിൽ വളരെയധികം വൈകാരികമായി സമൂഹവും (മാധ്യമങ്ങളും) ഒരു കുറ്റവാളിക്ക് വധശിക്ഷ കിട്ടിയേതീരൂ എന്ന് ഉച്ചത്തിൽ ആഗ്രഹിക്കുകയും അക്രോശിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ നിഷ്പക്ഷതയും നിർവികാരതയും പുലർത്തി സത്യസന്ധമായി ശാസ്ത്രം സംസാരിക്കുന്നതും, ശാസ്ത്രീയമായ തെളിവുകൾ (ഇക്വിവോക്കലായതോ ചിലപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി ഭാവിയിൽ വരാവുന്നതോ ആയ) ശാസ്ത്രീയ സത്യം പറയുന്നത് ഒരു വല്യ കാര്യം തന്നെയാണ്, പ്രത്യേകിച്ചും വളരെയധികം വിൻഡിക്ടീവായ നമ്മുടെ സമൂഹത്തിൽ. രാജ്യത്തെ പരമോന്നത കോടതി പോലും ഒരു പ്രമാദമായ കേസിൽ പ്രതിയെ തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ പറഞ്ഞത് രാജ്യത്തിന്റെ collective conscienceന് ഇത്തരമൊരു വിധി വേണമെന്നാണ്.

Image may contain: text that says "DEATH SENTENCE"പറഞ്ഞു വന്നത്, തെളിവുകൾ ഒന്നിലധികം സാധ്യതകളിലേക്ക് (ഉദാ: സ്വയഹത്യയോ അപകടമോ കൊലപാതകമോ? ) വിരൽചൂണ്ടുമ്പോഴോ, അവ്യക്തമാവുമ്പോഴോ പോലീസ് ഇൻക്വസ്റ്റ്റ്റിന്റെ പ്രത്യക്ഷ മരണകാരണത്തോട് ശാസ്ത്രീയ മാനദണ്ഡങ്ങളിലൂന്നിയല്ലാതെ scientific expert പക്ഷം പിടിക്കുന്നതും അഭിപ്രായം പറയുന്നതും Bad Science മാത്രമല്ല. അത് ഭീകരമായ ഭവിഷ്യത്തുകൾക്ക് വഴിവച്ചേക്കാം. പ്രത്യേകിച്ചും അങ്ങനത്തെ കേസുകൾ കൊലപാതകമാകാനാണ് സാധ്യത എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ.”

കുറെ നാൾ മുമ്പ് എഴുതിയത്…

PROFESSIONAL DEATH SENTENCE
തൊഴിൽപരമായ മരണശിക്ഷ
======

വർഷങ്ങൾക്ക് മുൻപ് സമൻസ്സൊക്കെ കിട്ടി കോടതിയിൽ പോയി തെളിവും സാക്ഷിമൊഴിയുമൊക്കെ കൊടുത്ത് വിധിപ്രസ്താവം ഒക്കെക്കഴിഞ്ഞ ഒരു കേസീന്ന് തുടങ്ങാം.

മരണം കഴിഞ്ഞ് ഏകദേശം 24നും 36നുമിടക്ക് മണിക്കൂറ് സമയം കഴിഞ്ഞതിന്റെ ശേഷം പരിശോധനയ്ക്ക് എത്തിച്ച ഒരു സ്ത്രീയുടെ ശരീരം. ഇൻക്വസ്റ്റ് ഒരു തഹസിൽദാറാണ് നടത്തിയിട്ടുള്ളത്. പ്രേതവിചാരണയും, അതിന് വേണ്ടുന്ന വൈദഗ്‌ദ്ധ്യവും പരിചയവും തഴക്കവുമൊക്കെ ഇത് സ്ഥിരമായി ചെയ്യുന്ന പോലീസുകാരോളമൊന്നും കൈവശം കാണില്ല മിക്കവാറും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്കും. ആ നൈപുണ്യക്കുറവ് പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് വേണ്ടി കൊണ്ടുത്തരുന്ന റിക്വിസിഷൻ പത്രികയിൽ മിക്കപ്പോഴും പ്രതിഫലിക്കും, ഇവിടേയും അതങ്ങനെ തന്നെ സംഭവിച്ചു. സീലിങ്ങിൽ നിന്നും ഒരു കയറിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സ്ത്രിയുടെ ശരീരം കണ്ടിട്ട് അവരുടെ പങ്കാളിയായ ചങ്ങായി പോലീസ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞതിൽ നിന്നുമാണ് തുടക്കം.

ഭാര്യാഭർത്താക്കന്മാരൊന്നുമല്ലെങ്കിലും ഒരുമിച്ച് ജീവിക്കുവാൻ തുടങ്ങിയിട്ട് ഏഴ് വർഷം തികഞ്ഞിരുന്നില്ലാത്തതിനാലാണ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റായത്. അയാൾ കൊടുത്ത മൊഴിയനുസരിച്ച് രാത്രിയിലെപ്പോഴോ ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്ന ഇരുവരും തമ്മിൽ വഴക്കായി, തല്ലും ബഹളവുമായി. ഒച്ചപ്പാടും നിലവിളിയുമൊക്കെ അടുത്തുള്ള വീട്ടുകാരും കേട്ടതാണ്. അടികൂടിയിട്ട് വീട്ടീന്ന് പുറത്ത് പോയ ചങ്ങായി വേറേ രണ്ടോ മൂന്നോ കൂട്ടുകാരോടൊപ്പം മറ്റോരിടത്തിരുന്ന് അടിച്ച് പൂക്കുറ്റിയായേച്ച് ഒരു കുപ്പീങ്കൂടി മേടിച്ചോണ്ട് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് ശ്രീമതിയുടെ നീണ്ടുനിവർന്നുള്ള പെടപ്പും ആട്ടവും നിലച്ച തൂങ്ങിനില്പ്.

തട്ടിൽ നിന്നു അഴിച്ചു താഴെയിറക്കാൻ നോക്കിയിട്ട് പറ്റിയില്ല. അതെങ്ങനാ… ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടലാണ് അടിച്ചിട്ടുള്ള കോലം. അഴിച്ചിറക്കാനുള്ള ശ്രമമൊക്കെ നടക്കാത്താപ്പോൾ എന്നാപ്പിന്നെ കുപ്പിയിലിരിക്കുന്ന സാധനം വെറുതേ വേസ്റ്റാക്കേണ്ടാന്ന് വിചാരിച്ച് അതും സേവിച്ചിട്ട് ഒരു മൂലയിൽ കിടന്നെന്നും, നേരം വെളുത്തപ്പോളിച്ചിരി വെട്ടം ദിമാഗിലും അടിച്ചപ്പോളാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. തിരിച്ചു കിട്ടിയ സ്വബോധവും ശാരീരിക ക്ഷമതയും ഉപയോഗിച്ച് ശ്രീമതിയെ കയറ് അറുത്ത് താഴെയിറക്കി, മൃതശരീരം കട്ടിലിൽ കിടത്തിയിട്ടാണ് ആ വിവരം സ്റ്റേഷനിൽ പോയിപ്പറഞ്ഞത്.

സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ തഹസിൽദാർ തയ്യാറാക്കിയ പത്രികപ്രകാരം മരണത്തിന്റെ പ്രത്യക്ഷ കാരണം “തൂങ്ങി മരണം”. ഇൻക്വസ്റ്റ് പരിശാധനസമയത്തും അന്നേരം എടുത്ത ഫോട്ടോകളിലൊന്നും പക്ഷെ കഴുത്തിൽ കയർമുറുകിയ കെട്ടിന്റെ പാടൊന്നും കണ്ടിട്ടില്ല. പോസ്റ്റുമോർട്ടം പരിശോധനയിലും അങ്ങനെയൊരു ലിഗേച്ചർ മാർക്ക് കാണപ്പെട്ടില്ല. അടിപിടിയും അങ്ങോട്ടുമിങ്ങോട്ടും തല്ല് കൊടുത്തതിന്റേയും വാങ്ങിയതിന്റേയും അടയാളങ്ങൾ ധാരാളം. എന്നിരുന്നാലും ജീവനുള്ളപ്പോൾ കഴുത്തിറുകിയതിന്റെ ലക്ഷണങ്ങളൊന്നും തന്നെ കണ്ടില്ല. കാര്യമായ organ congestion (അവയവങ്ങൾ സാധാരണയുള്ള അളവിൽ കവിഞ്ഞ രക്ത നിബിഡമാവുക) ഒന്നും കണ്ടില്ല. Pallor (അവയവങ്ങളിൽ സാധാരണയുള്ള അളവിൽ കുറഞ്ഞ രക്ത നിബിഡത) ഇല്ല.

ഒരു തരം സ്വിച്ച് ഓഫാകുന്നമാതിരിയുള്ള സ്വിഫ്റ്റ് മരണം. അവിടവിടെയായി ചതവുകളും ഉരവുകളുമല്ലാതെ മരണത്തിലേക്ക് നയിക്കാനുള്ള അത്രയും കഠിനമായ പരിക്കുകളോ, മറ്റു ഗുരുതരമായ രോഗഗ്രസ്‌തമായ അവസ്ഥകളൊ ഒന്നും പരിശോധനയിൽ കണ്ടില്ല. പ്രധാനപ്പെട്ട അവയവങ്ങളിൽ നടത്തിയ സൂക്ഷമപരിശോധനകളിലൊന്നും കാര്യമായൊന്നും തടഞ്ഞില്ല. രാസപരിശോധനയിൽ മദ്യത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. അത്രതന്നെ. കഴുത്തിൽ ലിഗേച്ചർ മാർക്ക്ന്റെ അഭാവവും, മൊഴിയിൽ പറയുന്ന മാതിരി മണിക്കൂറുകൾ തൂങ്ങി നിന്നാൽ നിർബന്ധമായും കാണേണേണ്ടിയിരുന്ന ലക്ഷണങ്ങളൊന്നും തന്നെ (signs of prolonged suspension) കാണുവാനുമില്ലാത്തിനാലും, മറ്റ് പരിശോധനാഫലങ്ങളിൽ നിന്നും മരണകാരണത്തേപ്പറ്റിയുള്ള ഒരു ഇന്‍ഡിപെന്‍ഡന്റ് മെഡിക്കൽ ഒപ്പീനിയനിൽ എത്താനുള്ള ഫൈന്റിങ്ങ്സ് ന്റെ അഭാവം കാരണം നമ്മൾ എത്തിപ്പെടുന്ന ഈ സ്ഥിതി അത്ര വിരളമൊന്നുമല്ല ഫോറെൻസിക്ക് പ്രാക്ടീസിൽ. ഇത്തരം പരിശോധനകളെ വിളിക്കുന്നത് negative autopsy എന്നാണ്. തെളിവിന്റേയടിസ്ഥാനത്തിൽ ന്യായവും യുക്തിഭദ്രവുമായ ഒരു അഭിപ്രായം പറയുവാൻ പറ്റാതെ വരും.

A wrong opinion is worse than having no opinion. ഇത് ഫോറെൻസിക്ക് പ്രാക്ടീസിന്റെ അടിസ്ഥാനപരമായ ആപ്തവാക്യമാണ്. അത് കൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ ഊഹാപോഹങ്ങൾക്കും ഹാഫ് കുക്ക്ഡായിട്ടുള്ളതും ന്യായവൈകല്യ-പക്ഷപാതപൂര്‍ണ്ണമായതുമായ (അ)”ശാസ്ത്രീയ” അഭിപ്രായങ്ങൾ ഗുരുതരമായ വീഴ്ച്ചകൾക്ക്, miscarriage of Justiceന് വഴിവച്ചിട്ടുണ്ട്.സത്യത്തിനോട് അചഞ്ചലമായ കമിറ്റ്മെന്റ് കാണിക്കുവാനും scientific honesty നിലനിര്‍ത്തുവാനുമാണ് നിയമവ്യവസ്ഥ ഒരു സ്വതന്ത്ര സാക്ഷിയായ ഡോക്ടറോട് ആവശ്യപ്പെടുന്നത്.
If the law has made you a witness,
remain a man of science-
You have no victim to avenge,
no guilty or innocent person to convict or save –
You must hear testimony within the limits of science.”
Dr. P.C. H. Brouardel
എനിക്കറിയാവുന്ന ഒരുപാട് ഫോറെൻസിക്ക് സ്പഷ്യലിസ്റ്റുകൾ ഈ അടിസ്ഥാന തത്വം പറയുമെങ്കിലും അത് പ്രവർത്തിക്കുന്നത് വളരെ കുറച്ച് പേർ മാത്രമാണ്. ‘സര്‍ക്കാര്‍’വാദിയായ ക്രിമിനല്‍ കേസുകള്‍ നടത്തുന്ന അഭിഭാഷകന്റെ വാദം (Prosecution) ന്റെ” കഥ” വള്ളിപുള്ളി തെറ്റാതെ ആണിയടിച്ച് ഉറപ്പിക്കുകയാണ് തങ്ങളുടെ പണിയെന്ന് ധരിച്ചു വച്ചിരിക്കുന്ന അനേകം പേരേ എനിക്കറിയാം. അങ്ങനെയുള്ളവരാണ് ബഹുഭൂരിപക്ഷവും. State എന്നതും Government എന്നതും തമ്മിലുള്ള വ്യത്യാസം പോലും ഫോറെൻസിക്സിൽ തന്നെ മിക്കവർക്കും അറിയില്ല, പിന്നെയല്ലേ ബാക്കിയുള്ളവരുടെ കാര്യം. ഇങ്ങനെ prosecutionന്റെ hired gun ആയിട്ട് കോടതിയില്‍ ഇക്കൂട്ടർ പറയുന്നത്‌ മിക്കതും പക്ഷപാതപരവും, അശാസ്ത്രീയത നിറഞ്ഞതും, അബദ്ധജഡിലമായതുമായ അഭിപ്രായങ്ങളാണെന്ന് തിരിച്ചറിയുവാനുള്ള ശാസ്ത്രബോധം വൈദ്യശാസ്ത്ര തെളിവുകൾ കൈകാര്യം ചെയ്യുന്നവർക്കും കാണാറില്ല. ഒരു ഡെഡ്ലി മിക്സാണത്.

സർക്കാരുദ്യോഗസ്ഥനായ താൻ, “സർക്കാർ” വാദിയായ ക്രിമിനൽ കേസുകളിൽ സർക്കാരിന്റെ (read as Prosecution) സാക്ഷിയാണെന്നും ധരിച്ചുവച്ചിരിക്കുന്നവർ ഒരുപാടുണ്ട്. Prosecution biased ആയ pro conviction മൊഴികൾ മാത്രം കോടതിയിൽ പറയുന്ന, പ്രതിഭാഗം വക്കീലിന്റെ മുഖത്തേക്ക് പോലും നൊക്കാത്ത, നോക്കിയാൽ ത്തന്നെ ഏതോ ആജന്മശത്രുവിനേ കാണുന്നമാതിരിയുള്ള മനോഭാവമാണ് മിക്കവാറും എല്ലാവർക്കുമുള്ളത്. തന്റെ സാക്ഷിമൊഴികളിലേതെങ്കിലും ഭാഗം പ്രതിഭാഗത്തിന് അനുകൂലമായിപ്പോയാൽ ഒരു മെഡിക്കൽ വിറ്റനസ്സെന്ന നിലയിലത് ഒരു പരാജയമാണെന്നതരത്തിലാണ് ശിക്ഷണം പോലും. “അങ്ങനെയൊന്നും എഴുതേണ്ട… അത് ‘അനാവശ്യമായ’ ക്രോസ് വിസ്താരം വിളിച്ചുവരുത്തു”മെന്ന് പറഞ്ഞ് ഡ്രാഫ്റ്റിങ്ങ് എന്ന പേരിൽ എഡിറ്റ് ചെയ്യപ്പെടുന്ന എത്രയോ സത്യങ്ങൾ.

ഇതിനൊക്കെയിടയിലാണ് നമ്മൾ നേരത്തേ പറഞ്ഞ negative autopsy കൾ വരുന്നത്. കൊലപാതകമാണെന്ന് ഒരു പൊതുബോധം നിലനിൽക്കുന്ന ഒരു കേസ്സാണ് എന്ന് വയ്ക്കുക. അല്ലെങ്കിൽ വളരെയധികം വൈകാരികമായി സമൂഹവും (മാധ്യമങ്ങളും) ഒരു കുറ്റവാളിക്ക് വധശിക്ഷ കിട്ടിയേതീരൂ എന്ന് ഉച്ചത്തിൽ ആഗ്രഹിക്കുകയും അക്രോശിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ നിഷ്പക്ഷതയും നിർവികാരതയും പുലർത്തി സത്യസന്ധമായി ശാസ്ത്രം സംസാരിക്കുന്നതും, ശാസ്ത്രീയമായ തെളിവുകൾ (ഇക്വിവോക്കലായതോ ചിലപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി ഭാവിയിൽ വരാവുന്നതോ ആയ) ശാസ്ത്രീയ സത്യം പറയുന്നത് ഒരു വല്യ കാര്യം തന്നെയാണ്, പ്രത്യേകിച്ചും വളരെയധികം വിൻഡിക്ടീവായ നമ്മുടെ സമൂഹത്തിൽ. രാജ്യത്തെ പരമോന്നത കോടതി പോലും ഒരു പ്രമാദമായ കേസിൽ പ്രതിയെ തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ പറഞ്ഞത് രാജ്യത്തിന്റെ collective conscienceന് ഇത്തരമൊരു വിധി വേണമെന്നാണ്.

പറഞ്ഞു വന്നത്, തെളിവുകൾ ഒന്നിലധികം സാധ്യതകളിലേക്ക് (ഉദാ: സ്വയഹത്യയോ അപകടമോ കൊലപാതകമോ? ) വിരൽചൂണ്ടുമ്പോഴോ, അവ്യക്തമാവുമ്പോഴോ പോലീസ് ഇൻക്വസ്റ്റ്റ്റിന്റെ പ്രത്യക്ഷ മരണകാരണത്തോട് ശാസ്ത്രീയ മാനദണ്ഡങ്ങളിലൂന്നിയല്ലാതെ scientific expert പക്ഷം പിടിക്കുന്നതും അഭിപ്രായം പറയുന്നതും Bad Science മാത്രമല്ല.അത് ഭീകരമായ ഭവിഷ്യത്തുകൾക്ക് വഴിവച്ചേക്കാം.

പ്രത്യേകിച്ചും അങ്ങനത്തെ കേസുകൾ കൊലപാതകമാകാനാണ് സാധ്യത എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ.

നമ്മുടെ “തൂങ്ങി മരണ “ negative autopsy കേസ്സിൽ അങ്ങനെയൊരുദിവസം എനിക്ക് സമൻസ് വന്നു. പ്രൊസിക്യുട്ടർക്ക്, ഞാൻ ആ മരണം ഒരു കൊലപാതകമാണെന്ന് കോടതിക്ക് ബോധ്യമാവത്തക്ക രീതിയിൽ മൊഴി കൊടുക്കണം എന്ന് ആഗ്രഹം. സത്യം, അതും ശാസ്ത്രത്തിന്റെ അതീർത്തികൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രമുള്ള സത്യം, മാത്രമേ പറയാൻ കഴിയുകയുള്ളു എന്ന് ഞാനും. കോടതി തുടങ്ങി. പ്രൊസിക്യുട്ടറും പ്രതിഭാഗം വക്കീലും, രണ്ടു പേരും, പിന്നെ ജഡ്ജിയും ചോദ്യങ്ങൾ ചോദിച്ചു. മറുപടികളും പറഞ്ഞു. പ്രതിഭാഗം വക്കീലിന് നല്ല കാര്യവിചാരവും ബുദ്ധിയും സാധാരണ കാണുന്നതിലും കവിഞ്ഞയളവിൽ ഉണ്ടായിരുന്നത് കൊണ്ട് അധികം ക്രോസുവിസ്താരം ചെയ്ത് കക്ഷിക്ക് കയറ് വാങ്ങി കൊടുത്തില്ല എന്ന് പറയുന്നതാണ് ശരി. ഇടയ്ക്കൊന്ന് കേറി ഒരു കാര്യം കൂടി.

നമുക്ക് വല്യ രസമായിട്ട് തോന്നുന്ന (പക്ഷെ വക്കിലിന്റെ കക്ഷിക്ക് -പ്രതിക്ക് – അത്ര ഗുണം വരുത്താനിടയില്ലാത്തതുമായ) ഒരു തരം കഴിവ് ചില വക്കീലന്മാർക്കുണ്ട്. കാശുമുടക്കി തന്നെ വക്കീലായി വച്ചിരിക്കുന്ന കക്ഷിക്ക് ഒന്ന് ബോധിച്ചോട്ടെയെന്ന് കരുതിയും, അത് വഴി ഭാവിയിലും തനിക്ക് ഒരുപാട് കേസ് വന്നുചേരുവാൻ വേണ്ടിയുള്ള തത്രപ്പാടിൽ കാട്ടിക്കൂട്ടുന്ന ഗിമ്മിക്കായിപ്പോവും ചില ക്രോസുവിസ്താരങ്ങൾ. വലുതായിട്ട് ചോദിച്ചു കുളമാക്കിയില്ലെങ്കിൽ തെളിവുകളുടെ ഇൻഹറന്റായ വീക്ക്നസ്സുകളിൽ ആനുകൂല്യം പറ്റി കക്ഷിയെ രക്ഷിച്ചെടുക്കാൻ പറ്റുന്ന കേസ്സുകളിൽ ഇമ്മാതിരി എക്സിബിഷനിസ്റ്റ് കോപ്രായവിസ്താരങ്ങൾ വിപരീത ഫലം ചെയ്യും. പ്രതി പണി വാങ്ങുകയും ചെയ്യും. ചില കേസ്സുകളിലൊക്കെ ‘വക്കീൽ എത്ര ശ്രമിച്ചിട്ടും പ്രതി രക്ഷപ്പേട്ടല്ലോ’ ന്ന് നമുക്ക് അദ്ഭുതവും തോന്നും.
നമ്മുടെ കേസ്സിലേക്ക് തിരിച്ചു വരാം.

വിസ്താരമൊക്കെ കഴിഞ്ഞ് ഇറങ്ങി paper work ഒക്കെ പൂര്‍ത്തിയാക്കി കോടതിക്ക് പുറത്തിറങ്ങിപ്പോ പ്രതിഭാഗം വക്കീല് വന്ന് പരിചയപ്പെട്ടു. നിഷ്പക്ഷമായിട്ട് സത്യം മാത്രം പറഞ്ഞതിനലുള്ള പുള്ളിക്കാരന്റെ ആശ്വാസവും സന്തോഷവുമൊക്കെ അറിയിച്ചിട്ട് എന്നോട് നന്ദി പറഞ്ഞു. കോടതിയിൽ തെളിവ് നൽകിക്കഴിഞ്ഞാൽ ഒരുതരത്തിലുള്ള ഇമോഷണൽ ബാഗേജുകളും ഓർമ്മകളും ആ കേസ്സിനേപ്പറ്റി കൊണ്ടുനടക്കാറില്ല. ഒരുതരം അതിജീവനരീതിയായി കണ്ടാൽ മതി.പക്ഷെ ഈ കേസ് ഒരു ലിംഗറിങ്ങ് മെമറിയാണ്. അത് ഈ വക്കീലുമായിട്ടുണ്ടായ ഈ സംഭാഷണമാണ് കാരണം. നന്ദി പ്രകടനമൊക്കെ കഴിഞ്ഞപ്പോ അതിന്റെ ആവശ്യമൊന്നുമില്ലെന്നും, എന്റെ കടമ നിറവേറ്റുന്നതിന് ആരും അഭിനന്ദിക്കുന്നത് അത്ര ഇഷ്ടമല്ലെന്നുമൊക്കെ പറഞ്ഞെങ്കിലും വക്കീല് വിടുന്നില്ല. Phone number ഒക്കെ ചോദിച്ചു.
കൊടുത്തു.

വിശക്കുന്നു, പോകണം വീട്ടിൽ ചെന്നിട്ട് അമ്മയോടൊപ്പം ഊണ് കഴിക്കണം എന്നൊക്കെ പറഞ്ഞ് വല്ല വിധേനേം ഊരിപ്പോന്നു. യാത്രയിലൊരു പത്ത് മിനിട്ടായപ്പോ പരിചയമില്ലാത്ത നമ്പരിൽ നിന്നും ഫോൺവന്നു. എടുത്തില്ല. പിന്നേയും പിന്നേയും വിളിച്ചപ്പോ വണ്ടി ഒതുക്കി ഫോണെടുത്തു.
വക്കീലാണ്. എന്റെ ഡോക്ടറേന്നും വിളിച്ചോണ്ട് പിന്നേം… വിചാരണ സമയത്ത് Prosecution പറഞ്ഞ മാതിരി കഴുത്ത് ഞെരിച്ചിട്ട് തൂക്കിയതാണെന്ന കഥയ്ക്ക് അനുയോജ്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ലായിരുന്നത് കൊണ്ട് തന്നെ, നമ്മൾ നേരത്തേ പറഞ്ഞ പോലെ തെളിവുകളുടെ ഇൻഹറന്റായ വീക്ക്നസ്സുകളിൽ ആ കഥയ്ക്ക് ക്രിമിനൽ കേസ്സുകളിൽ ആവശ്യമുള്ള, ന്യായമായ സംശയങ്ങൾക്കതീതമായ – beyond reasonable doubt – വിശ്വാസദൃഡതയില്ലാതെ പോയി.
പ്രോസിക്യൂഷന്റെ ഭാഷ്യത്തിൽ വിള്ളലുണ്ടാക്കുക എന്നതാണല്ലോ പ്രതിഭാഗത്തിന്റെ പരിപാടി. ഇതിലൂടെ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചെടുക്കുക എന്നേയുള്ളു പുള്ളിയുടെ ദൗത്യം. അത് നടന്നു.പക്ഷേ പുള്ളിയെ വല്യ ഒരു ചോദ്യം ഹോണ്ട് ചെയ്തു. അതാണ് എന്നോട് പിന്നേയും വിളിച്ചു സംസാരിക്കാനുള്ള കാരണം.

ചോദ്യമിതാണ്.
“ഡോക്ടറേ… ശരിക്കും എന്താ സംഭവിച്ചത്? അയാള് അവളെ കൊന്നതാണോ? “
‘എന്റെ പൊന്നു സഹോദരാ. ഇത് എതാണ്ട് മരണം കഴിഞ്ഞ് 24-36 മണിക്കൂര്‍ കഴിഞ്ഞ് കുറച്ചു അഴുകി തുടങ്ങിയ ഒരു ശരീരമാണ്. പരിശോധനയിൽ ഒന്ന് മറ്റോന്നിൽ നിന്ന് വേർതിരിച്ചറിയുവാനാകാത്ത തരം inconclusive ആയ കേസ്സാണ്.ഒരു തരത്തിലുമുള്ള Medical certaintyയോ ന്യായമായ സംശയങ്ങൾക്ക് അതീതമായ നിശ്ചിതത്വമോ പറയാനില്ലാത്തതരം സ്ഫുടതയില്ലായ്മയും ഒക്കെ നിറഞ്ഞ ഒരു കേസ്.
കോടതിയിൽ ഞാനൊരുതരത്തിലുമുള്ള ഊഹാപോഹത്തിനുമില്ല. പ്രത്യേകിച്ചും കൊലപാതകമാണെന്ന് ഞാനൊരിക്കലും ഊഹിക്കില്ല.ചോദിച്ചത് കൊണ്ട് പറയാം….

ആ സ്ത്രീ മരിച്ചത് അയാൾ അവരുടെ കഴുത്തിലോ മുഖത്തോ മറ്റോ അടിച്ചപ്പോൾ അവിചാരിതമായി സംഭവിച്ച Vagal Inhibition എന്ന പ്രതിഭാസം കൊണ്ടുള്ള ഹൃദയസ്തംഭനം മൂലമാണ് എന്നാണ് എന്റെ നിഗമനം. അത് അങ്ങനെയാണ് എന്ന് പറയാനുള്ള കാരണങ്ങൾ ഇന്നതിന്നതാണ്. നടന്നത് ഇതാണെങ്കിലും അത് ആരും കോടതിയിൽ ചോദിച്ചില്ല, എലിസിറ്റ് ചെയ്തെടുത്തില്ല.
ഞാനിത് പറഞ്ഞാലും 24-36 മണിക്കൂർ കഴിഞ്ഞ അഴുകി തുടങ്ങിയിരിക്കുന്ന ആ ശരീരത്തിൽ നിന്നും ഈ അഭിപ്രായത്തിന് ഒരു diagnosis by exclusionന്റെ ശക്തി മാത്രമേയുള്ളു.ചില സത്യങ്ങളങ്ങനെയാണ്. Evidence based ആയിട്ട് തെളിയിച്ചെടുക്കാൻ എതാണ്ട് അസാധ്യമാണ്. കോടതികൾ ക്ക് വേണ്ടത് തെളിവുകളാണ്. നേരാണെന്നോ സത്യമാണെന്നോ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിച്ചെടുക്കാൻ കഴിയണം. അതിന് conclusive evidence വേണം. അത് ഇല്ലെങ്കില്‍ പിന്നെ അഭിപ്രായങ്ങളെ ആശ്രയിക്കേണ്ടി വരും.

നേരത്തേ കരുതിക്കൂട്ടി, കൊല്ലണം എന്ന ഉദ്ദേശത്തോടെ, താൻ ചെയ്യുന്ന പ്രവർത്തി മറ്റൊരാളുടെ മരണത്തിൽ കലാശിക്കുന്ന പരിക്കുകളോ രോഗാവസ്ഥയോ ഉണ്ടാക്കുമെന്ന് അറിവോടെ ചെയ്യുന്ന ഒരാളുടെ പ്രവർത്തി മറ്റൊരാളുടെ മരണത്തിൽ അവസാനിക്കുന്നതിനേയാണ് നമ്മൾ കൊലപാതകമെന്ന് പറയുന്നത്. ഇവിടെ അങ്ങനെ ഒരു motive ഉള്ള, കരുതി കൂട്ടിയുള്ള, ഉദ്ദേശമോ അറിവോ ഒന്നുമില്ലാതെ ഒരു അടി. അത് അവിചാരിതമായി മരണത്തിൽ കലാശിച്ചിരിക്കാനാണ് എല്ലാ സാധ്യതയും.
സത്യവും. ഈ സത്യം കോടതിയിൽ തെളിഞ്ഞുവോ എന്ന് ചോദിച്ചാൽ, ഇല്ല, എന്ന് തന്നെയാണ് ഉത്തരം.
തെളിയിക്കുവാൻ പറ്റുമായിരുന്നുവോ എന്ന് ചോദിച്ചാൽ, എനിക്കറിയില്ല.

പിന്നെ… വക്കീലേ…നീതി ബോധം എന്ന് ഒരു സാധനമുണ്ടല്ലോ…ഈ sense of Justice എന്നൊരു സാധനം?അതൊക്കെ വെച്ച് വക്കീല്‍ തന്നെ ഇതൊക്കെ ഒന്ന് ആലോചിച്ചു നോക്കൂ. സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് 7 വര്‍ഷം കഴിഞ്ഞുള്ള വിചാരണ.അതിൽ ഭൂരിഭാഗം സമയവും റിമാൻണ്ടിൽ കഴിഞ്ഞ പ്രതി.വക്കീലിന് ഫീസായിട്ടും പിന്നെ ജാമ്യക്കാരനുമൊക്കെയായിട്ടുള്ള സമ്പത്തിക കാര്യങ്ങൾ.സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടലുകൾ.കോടതിവ്യവഹാരങ്ങൾക്കും വിചാരണകൾക്കും കക്ഷികളും സാക്ഷിമൊഴികൾക്കുമൊക്കെയിടയിൽ നമ്മൾ ആഗ്രഹിക്കുന്ന നീതിയെന്ന സംഗതി.

അല്ലേ? അങ്ങേത്തലയ്ക്കൽ ശ്വാസം കേട്ടു.വേറെ ഒന്നുമില്ല. നിശബ്ദതയുടെ ഒരു ചെറിയ വിരാമത്തിന് ശേഷം ഒരു rationalist/atheist ആയ എന്നോട് ദൈവ വിശ്വാസിയായ വക്കീല്‍ പറഞ്ഞു… ഡോക്ടറെ ദൈവം കാക്കും…! കർത്താവിതൊക്കെ കാണുന്നുണ്ട്.  ശരി.

വക്കീലിനോട് പറഞ്ഞതിൽ ഇതുങ്കൂടിയുണ്ട്. അത് എന്റെ ഒരു കാഴ്ച്ചപ്പാടാണ്.കൊലപാതകമായേക്കാവുന്ന ചില inconclusive കേസ്സുകളിൽ കൊലപാതകമല്ല, പകരം സ്വയഹത്യ യോ അപകടമോ ആണെന്ന് ഞാൻ തെറ്റിദ്ധരിക്കുന്നു, എന്നിട്ട് അമ്മാതിരി ഒരു opinion പറയുന്നു. ആ തെറ്റായ അഭിപ്രായത്തെ തുടർന്ന് കേസ് തള്ളി പോകുന്നു. ഞാനാരായി? കൊലപാതകമാണെന്ന് കാണാതെ ഒരു മണ്ടത്തരത്തിലൂടെ ഒരു കുറ്റവാളിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയ പൊട്ടൻ. വിഡ്ഢി.
സാരമില്ല. ഞാനതനങ്ങ് സഹിക്കും. സാരമില്ലന്ന് വയ്ക്കും. പക്ഷെ, മറിച്ചാണെങ്കിലോ?
സ്വയഹത്യയോ അപകടമരണമോ ആയേക്കാവുന്ന inconclusive കേസ്സുകളിൽ അവ കൊലപാതകം ആണെന്ന് ഞാൻ തെറ്റിദ്ധരിക്കുന്നു, എന്നിട്ട് അമ്മാതിരി ഒരു opinion പറയുന്നു. എന്റെ തെറ്റായ അനുമാനങ്ങളേത്തുടർന്ന് ഒരു തെറ്റായ വിധിയിലൂടെ, ഒരു wrongful conviction-ലൂടെ ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നു. ഇപ്പോൾ ഞാനാരായി?

അശാസ്ത്രീയതിയിലൂടെ തെറ്റായ ഒരു വിധിക്ക്, ഒരു നിരപരാധിക്ക് ശിക്ഷ അനുഭവിക്കാനിടവരുത്തിയ ഒരു പ്രക്രിയയുടെ ഭാഗമാകുന്നു. അങ്ങനെ സംഭവിച്ചാൽ, അത് തിരുത്താൻ വേണ്ടുന്നത് ചെയ്യുന്നതിനോടൊപ്പം ഞാൻ മറ്റോരു കാര്യം കൂടി ചെയ്യും.എനിക്ക് വ്യക്തിപരമായി താങ്ങാൻ പറ്റുന്ന കാര്യമല്ല അത്. എനിക്ക് പിന്നെ ഒരു പ്രോഫഷണൽ കരിയർ കാണുമെന്ന് തോന്നുന്നില്ല.
എന്റെ പേനയും സ്കാൽപ്പലും അന്ന് താഴെ വയ്ക്കും. അതിന് മുൻപ് ഞാൻ തന്നെ എന്റെ PROFESSIONAL DEATH SENTENCE എഴുതിയിരിക്കും. കാരണം, കൈകൾ വിറച്ചിട്ട് അത് എഴുതാൻ പോലും കഴിഞ്ഞെന്ന് വരില്ല.ഒരു നിരപരാധിയായ മനുഷ്യന്റെ അഭിമാനത്തിന്റേയും ലിബർട്ടിയുടേയും ജീവിതത്തിന്റേയും അത്രയും വിലയൊന്നും മറ്റൊന്നിനുമില്ല. ഒന്നും കൊണ്ട് ഒരു തരത്തിലും അതിന് പരിഹാരവുമില്ല. നിരുപാധികം മാപ്പിരക്കുകയല്ലാതെ. ഇനി, നേരത്തേ റിട്ടയർ ചെയ്തിട്ടുണ്ടെങ്കിൽ, ആ നിരപരാധിയോട് ക്ഷമയും മാപ്പും ഒരു ഭിക്ഷക്കാരനേപ്പോലെ യാചിച്ചു മേടിക്കണം. അതിനുള്ള ധാർമീകതയാണ് ഒരുവനെ മനുഷ്യനാക്കുന്നത്. നമ്പി നാരായണനും ശശികുമാറും ചന്ദ്രശേഖരനുമൊക്കെ വെറും പേരുകളല്ല.അവരെക്കൊണ്ട് നമ്മളെല്ലാവരും കൂടി അനുഭവിപ്പിച്ചതിന് ഒരു പാരലൽ ഇല്ല.
അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇരന്ന് യാചിക്കണം. മാപ്പ്.