ഷഹീൻ ബാഗിൽ അമ്പതിനായിരത്തിലധികം വരുന്ന സമരക്കാർക്കുവേണ്ടി തുടങ്ങിയ ഭക്ഷണശാലയ്ക്ക് പണം കണ്ടെത്താൻ സ്വന്തം ഫ്‌ലാറ്റ് വിറ്റ ഡി.എസ്.ബിന്ദ്ര

1255
കൃഷ്ണൻ കരുണാകരൻ
ഇരുപത് ദിവസങ്ങൾക്ക് മുൻപ് ആണ് സിഖ് സഹോദരൻമാർ ശഹീൻബാദിൽ എത്തിയത്. അവർ വന്ന പതിനേഴ് ബസ്സുകൾ ഇപ്പോഴും ശഹീൻബാദിൽ ഉണ്ട്. മുസ്ലിം സമരമെന്ന് ആർക്കും പറയാൻ അവസരം നല്കാതെ സിഖ്തലപ്പാവ് തിങ്ങിനിറഞ്ഞ കാഴ്ച ഈ രാജ്യത്തിന്റെ മനോഹരമായ സാഹോര്യഭാവത്തിന് ശഹീൻബാദിൽ ഉച്ചത്തിൽ സാക്ഷ്യം പറയുന്നു. തീർന്നില്ല.ഇരുപത് ദിവസം മുമ്പ് അമ്പതിനായിരത്തിലധികം വരുന്ന സമരഭടന്മാർക്കുവേണ്ടി തുടങ്ങിയ ഭക്ഷണശാല (ലങ്കർ) ഇന്നും തുടരുന്നു. സിഖ്മത വിശ്വാസികളുടെ പാരമ്പര്യം അനുസരിച്ച് ഒരിക്കൽ ലങ്കർ തുടങ്ങിയാൽ ഭക്ഷണം ആവശ്യമുള്ളവർ ഉണ്ടെങ്കിൽ അത് നല്കുകതന്നെ വേണം.അതിനെത്ര ചെലവ് വരുമെന്നത് ഈ പാരമ്പര്യത്തെ ബാധിക്കാൻ പാടില്ല. പക്ഷെ പണം തീർന്നുപോയാൽ എന്താണ് മാർഗ്ഗം?
D S Bindra എന്ന ഈ മനുഷ്യന് ലങ്കർ തുടർന്നു നടത്തിക്കൊണ്ടുപോകാനുള്ള മാർഗ്ഗം കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. തന്റെ മൂന്ന് ഫ്ളാറ്റുകളിൽ ഒന്ന് വിറ്റുകൊണ്ടാണ് ലങ്കർ നടത്താൻ ആവശ്യമായ പണം അദ്ദേഹം കണ്ടെത്തിയത്. ശഹീൻബാദ് സമരചരിത്രത്തിൽ, ബിന്ദ്രാസാബ്, താങ്കളുടെ പേര് തങ്കലിപികളിൽ അടയാളപെടുത്തപ്പെടും.ഒപ്പം നിർണ്ണായക ഘട്ടങ്ങളിൽ ചരിത്രദൗത്യങ്ങൾ സ്വമേധയാ ഏറ്റെടുക്കുന്ന സിഖ് പാരമ്പര്യത്തിന്റെ തുടർച്ചയായി ഈ നാട് എക്കാലത്തും താങ്കളുടെ പ്രവൃത്തിയെ ഓർമ്മിക്കും. സത്ശ്രീയകാൽ സർദാർ ബിന്ദ്രാജീ !