Ks Mini
കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല, എന്നു പറഞ്ഞപ്പോൾ പലർക്കും മനസ്സിലാവുന്നില്ല. അതുകൊണ്ട് പഴയത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു,,
സ്ത്രീധനം:- കണ്ണൂരിൽമാത്രം ഉള്ളതും മറ്റു ജില്ലക്കാർ ‘അതൊന്നും ഈ ലോകത്ത് നടക്കില്ല’ എന്നും പറയുന്നതുമായ സംഗതികളാണ്.സ്ത്രീധനത്തെക്കുറിച്ച് നമ്മൾ കണ്ണൂർ ജില്ലക്കാർക്ക് മുൻപൊക്കെ അറിവ് ലഭിച്ചത് വായനയിലൂടെ ആയിരുന്നു; പിന്നീട് സിനിമയിൽ നിന്നും സീരിയലിൽ നിന്നും അറിയാൻ കഴിഞ്ഞു. കാരണമെന്തെന്നോ?
കണ്ണുർ ജില്ലയിൽ മാഹിപ്പാലം മുതൽ പയ്യന്നൂർ വരെ വിവാഹ സമയത്ത് ഹിന്ദുക്കളുടെ ഇടയിൽ സ്ത്രീധനം എന്നൊരു പരിപാടി ഇല്ല. അന്യജില്ലകളിൽ നിന്നും കുടിയേറിയ മലയോര മേഖലയിൽ കുറച്ചൊക്കെ സ്ത്രീധനം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. മറ്റു മതക്കാരുടെ കാര്യം പറഞ്ഞ് ഞാനിവിടെ പൊങ്കാലക്ക് വരുന്നില്ല.എനിക്കറിയാവുന്നത് മാത്രം ഞാൻ പറയുന്നു.
പ്രായപൂർത്തിയായ യുവാവ് വിവാഹപ്രായമായാൽ (അത് പെണ്ണിനെ പോറ്റാനുള്ള കഴിവ്/ജോലി വേണം) പെണ്ണിനെ അന്വേഷിക്കുന്നു.അത് വീട്ടുകാർ അന്വേഷിക്കാം,സുഹൃത്തുക്കൾ വഴി ആവാം,
നേരിട്ട് പ്രേമവും ആവാം,അടുത്താകാലത്തായി ബ്യൂറോയിലൂടെയും ആവാം.
*
വിവാഹ പ്രായമായ പെണ്ണ് വീട്ടിലുണ്ടെങ്കിൽ അക്കാര്യം ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ വഴിയൊക്കെ അറിയുന്നവർ പെണ്ണിനെ അന്വേഷിക്കുന്ന ആളിനെ അറിയിക്കുന്നു. അവർ വന്ന് പെണ്ണിനെ കാണുന്നു.ബ്യൂറോയിൽ ബയോഡാറ്റയും ജാതകക്കുറിപ്പും കൊടുക്കുന്നു.
പറ്റിയ ചെറുക്കനെ കണ്ടുപിടിച്ച് പ്രേമിക്കുന്നു, അക്കാര്യം ഇരു വീട്ടുകാരെയും അറിയിച്ച് വിവാഹം ബന്ധുക്കൾ ആലോചിച്ച് നടത്തുന്നു. (ഇതിൽ സാമ്പത്തികം, ജാതി, ജോലി, വിദ്യാഭ്യാസം എന്നിവയൊക്കെ പ്രേമിക്കുന്നവരുടെ മിടുക്ക് പോലെയിരിക്കും)
ഇതൊന്നും നടക്കാതായാൽ പെണ്ണ് വീടിന്റെ സ്വത്തായി നല്ലൊരു മകളായി പെങ്ങളായി അവിവാഹിതയായി വീട്ടിലിരിക്കുന്നു. (ചിലപ്പോൾ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാം)
ഇവിടെ “ബ്രോക്കാർ” എന്നൊരു വ്യവസായം ജനിക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ അണിയറക്ക് അടിയിൽ നിൽക്കും.
*
പെണ്ണ് കാണാൻ വരന്റെ പാർട്ടി വരുന്നു. വേദി വീട് ആവാം, വിദ്യാലയം ആവാം, തൊഴിലിടം ആവാം, വഴിയോരം ആവാം. പെണ്ണുകാണാൻ വരുന്ന വിവരം പെണ്ണിനെയോ വീട്ടുകാരെയോ ആദ്യമേ അറിയിക്കുന്ന ശീലം കുറവാണ്. ഇപ്പോൾ ഫോൺ ചെയ്ത് പെൺകുട്ടി അവിടെ ഉണ്ടോ?, നാളെ വീട്ടിൽ വന്നാൽ അവളെ കാണുമോ? എന്നൊക്കെ ചോദിക്കാറുണ്ട്. (നാളെ അവൾക്ക് നൈറ്റ് ഡ്യൂട്ടിയാണ്, അടുത്ത ശനിയാഴ്ച വന്നാൽ മതിയെന്ന മറുപടികളും ലഭിക്കാറുണ്ട്. പെണ്ണ് എഞ്ചിനീയർ, നേഴ്സ് ഒക്കെയായിരിക്കും. പെണ്ണുകാണാൻ വരുന്നുണ്ടെന്ന് പറഞ്ഞാൽ അവനെയും കാത്ത് ഇവിടെ ഒരു പെണ്ണും ലീവെടുത്ത് വീട്ടിലിരിക്കാറില്ല).
പെണ്ണിനെ കാണാൻ വരുന്ന കൂട്ടത്തിൽ ചെറുക്കനും സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടാവും. ചെറുക്കനില്ലാതെ പെണ്ണിനെ കാണാൻ വന്നാൽ ‘അവൻ വരട്ടെ, എന്നിട്ട് കാര്യം പറയാം എന്ന മറുപടി ലഭിക്കും. ചായ ഉണ്ടാക്കേണ്ട സമയത്തിനുള്ളിൽ പെണ്ണിനെ കാണൽ നടക്കും. ചായയും ലഘുഐറ്റവും ആദ്യമേ ഡയിനിംഗ് ടേബിളിൽ വെച്ചത് കഴിക്കാൻ പറയുന്നു. ഇപ്പോൾ ട്രേയിലുള്ള ചായ പെണ്ണിന്റെ കൈയാൽ ചെറുക്കന് എടുത്തു കൊടുക്കാറുണ്ട്. വിവരങ്ങൾ അന്യോന്യം ചോദിച്ചറിഞ്ഞശേഷം പെണ്ണിന്റെ ജാതകകുറിപ്പും വാങ്ങിയിട്ട് അവർ സ്ഥലം വിടുന്നു. ഈ ജാതകക്കുറിപ്പിന്റെ ഫോട്ടോകോപ്പികൾ ധാരാളം പെണ്ണിന്റെ വീട്ടിലുണ്ടാവും.
പിന്നിട് ആണിന്റെ വീട്ടിലുള്ളവർ മറുപടി അറിയിക്കുന്നു. ഇഷ്ടമാണ്,, അല്ലെങ്കിൽ ജാതകം ചേരില്ല,, എന്നായിരിക്കും മറുപടികൾ (ഇവിടെയാണ് ജാതകത്തിന്റെ പങ്ക്) അല്ലാതെ ‘പെണ്ണിനെ ഇഷ്ടമില്ല’ എന്ന് നേരിട്ട് പറയുന്നവർ കുറവാണ്.
പെണ്ണിന്റെ വീട്ടുകാർ വരനെക്കുറിച്ച് അന്വേഷിക്കുന്നു, ജോലിസ്ഥലത്തും അയല്പക്കത്തും ഒക്കെ അന്വേഷണം വ്യാപിക്കാം. പെണ്ണിനും അവളുടെ വീട്ടുകാർക്കും താല്പര്യം ഉണ്ടെങ്കിൽ ‘സമ്മതമാണ്, ഞങ്ങളങ്ങോട്ടു വരാം’ അല്ലെങ്കിൽ ‘അവൾക്കിപ്പോൾ വിവാഹം ഇഷ്ടമല്ല’ എന്നും മറുപടി കൊടുക്കും.
*
പെണ്ണിന്റെ വീട്ടുകാർ ചെറുക്കന്റെ വീട്ടിൽ പോകുന്നു, തലമൂത്ത കാരണവരും സ്ത്രീകളും ഒക്കെ ഉണ്ടാവും. അവർ വീടും പരിസരവുമൊക്കെ ചുറ്റിക്കണ്ട് കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചുവന്നിട്ട് പെണ്ണിന്റെ വീട്ടുകാരുമായി ചർച്ച നടത്തിയിട്ട് കല്ല്യാണത്തിന് സമ്മതമാണെന്നും കല്ല്യാണ നിശ്ചയം നടത്താനും തീരുമാനിക്കുന്നു.വിവാഹനിശ്ചയംപെണ്ണിന്റെ വീട്ടിലോ ചെറിയ ഹാളിലോ വെച്ച് നടത്തുന്നു. ആ ചെലവ് മുഴുവൻ പെണ്ണിന്റെ ആൾക്കാരാണ് വഹിക്കുന്നത്. കല്ല്യാണ നിശ്ചയം മുതിർന്ന കാരണവന്മാരുടെ തീരുമാനമാണെങ്കിലും ‘എങ്ങനെ തീരുമാനിക്കണം എന്നൊക്കെ ഇരു വീട്ടുകാരുടെയും കുടുംബസദസ്സിൽ ചർച്ച ചെയ്തിരിക്കും. ആ ദിവസം പെണ്ണിന്റെയും ചെറുക്കന്റെയും ജാതകങ്ങൾ കൂട്ടിക്കെട്ടുന്നു.
നിശ്ചയിക്കുന്ന കാര്യങ്ങൾ,
• വിവാഹ മുഹൂർത്തം (വീട്ടുകാർക്ക് സൌകര്യമുള്ള നല്ലൊരു മുഹൂർത്തം അറിയാൻ ജോത്സ്യന്റെ സഹായം തേടുന്നു.
• വേദി,, പെണ്ണിന്റെ വീട്ടുകാരാണ് തീരുമാനിക്കുന്നത്: സ്വന്തം വീട്ടുമുറ്റം, ഓഡിറ്റോറിയം, അമ്പലം (ചെലവ്: പെൺ വീട്ടുകാർ)
• കല്ല്യാണപാർട്ടിയിൽ വരന്റെ ഒപ്പം വരുന്ന ആളുകളുടെ എണ്ണം.
• താലി, മോതിരം (ഇവയിൽ വരന് ഇട്ടുകൊടുക്കേണ്ട മോതിരം പെണ്ണിന്റെ വക).
• മുല്ലപ്പൂ മാല: പെണ്ണിന്റെ വക,
• പെണ്ണിന്റെ ഡ്രസ്, മുല്ലപ്പൂ തൊപ്പിയടക്കം മെയ്ക്കപ്പ്: വരന്റെ വക.
• (അടുത്ത കാലത്തായി താലി കെട്ടിയശേഷം പെണ്ണിന്റെ വകയായി വരന് സ്വർണ്ണമാല ഇട്ടുകൊടുക്കാറുണ്ട്, അക്കാര്യം ചർച്ചയിൽ ഇല്ല)
• ( മുൻപ് പെൺപണം, മച്ചിനിയൻ പണം എന്നൊക്കെയുള്ള പണച്ചിലവ് വരന് ഉണ്ടായിരുന്നു. അടുത്ത കാലത്തായി അതൊക്കെ നിലച്ചിരിക്കയാണെങ്കിലും തരികിട വ്യാജ മച്ചിനിയന്മാർ കടന്നുവരാറുണ്ട്)
അങ്ങനെ കല്ല്യാണനിശ്ചയം നടത്തിയവർ സന്തോഷത്തോടെ പിരിയുന്നു. (അതിനിടയിൽ പെണ്ണിനുള്ള ചെരിപ്പിന്റെ അളവ്, ബ്ലൌസിന്റെ അളവ് എന്നിവ വരന്റെ കൂട്ടത്തിലൊരാൾ വാങ്ങും). മുൻപ് ഫോട്ടോ കൈമാറുന്ന ശീലവും ഉണ്ടായിരുന്നു.
അപ്പോൾ? സ്ത്രീധനം എത്രയാ? എന്നായിരിക്കും പലർക്കും സംശയം,, അങ്ങനെയൊന്ന് ഞങ്ങൾക്ക് അറിയില്ല. ചോദിക്കുകയോ കൊടുക്കുകയോ ചെയ്താൽ അത് പെണ്ണിന്റെ കുറ്റമായി ഞങ്ങൾ കാണും.
പിന്നെ എങ്ങിനെ ജീവിക്കും, എന്നോ?
ഒരു പെണ്ണിനെ പോറ്റാൻ കഴിയുമെന്ന് ഉറപ്പുള്ള ആണുങ്ങൾ മാത്രമേ വിവാഹത്തിന് തയ്യാറാവുകയുള്ളൂ. പിന്നെ പെണ്ണിന് ജീവിക്കേണ്ട വകയൊക്കെ ഉണ്ടാക്കാൻ അവൾ അദ്ധ്യാനിക്കുന്നുണ്ട്. സ്വന്തമാണെങ്കിലും അടുക്കളയിലെ ജോലിക്ക് വില കണക്കാക്കേണ്ടെ? ജോലിയുള്ള പെണ്ണാണെങ്കിൽ പിന്നീടുള്ള ശമ്പളമൊക്കെ ആണിന്റേത് ആവും.
അപ്പോൾ സ്വർണ്ണമോ?
സ്വർണ്ണം കഴിവിനനുസരിച്ച് അവൾക്ക് കൊടുക്കും, അത് പത്തോ, നൂറോ, ഇരുന്നൂറോ പവൻ ആയിരിക്കും, പക്ഷെ?
അത് എത്ര പവൻ ഉണ്ടെന്ന് വീട്ടുകാർക്ക് പോലും അറിയില്ല. അതെല്ലാം ഒന്നിച്ച് തൂക്കിനോക്കിയിട്ടുണ്ടാവില്ല. ആരും ചോദിക്കുകയില്ല, പറയില്ല. (അടുത്ത കാലത്ത് സ്വർണ്ണമല്ലാത്ത ഭംഗിയുള്ള മാലയും വളയും കൂടി വധു അണിയാറുണ്ട്)
അപ്പോൾ സ്വത്ത്?
അത് രക്ഷിതാക്കൾക്കുള്ളത് തുല്യമായി വീതിക്കുമ്പോൾ കൊടുക്കും. പിന്നെ സാമ്പത്തിക സഹായം ആവശ്യമുള്ളപ്പോൾ മകൾക്ക് നൽകും,,
ഇതാണ് നമ്മുടെ കണ്ണൂർ,,