“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
156 SHARES
1873 VIEWS

KSRTC കണ്ടക്ടർ Jojy Joseph ന്റെ കുറിപ്പ് . കൺസഷൻ ചോദിച്ചുവന്ന വിദ്യാർത്ഥിനികളുടെ മുന്നിലിട്ട് അവരുടെ പിതാവിനെ KSRTC ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്ത സംഭവം ഈ കുറിപ്പ് എഴുതിയതിനും ആഴ്ചകൾക്കു ശേഷമാണ് സംഭവിച്ചത് എങ്കിലും അതോടൊപ്പം ചേർത്തുതന്നെ ഈ പോസ്റ്റും വായിക്കപ്പെടേണ്ടതുണ്ട്. ഒറ്റപ്പെട്ട തിന്മകൾ മാത്രം നമ്മൾ ആവർത്തിച്ച് ചർച്ച ചെയുമ്പോൾ നന്മകൾ കാണാതെ പോകരുത്.

KSRTC ബസിൽ പാതി പെറ്റു പോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത് ജീവൻ രക്ഷിച്ച ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല.കോഴിക്കോട് തീ പിടുത്തത്തിൽ സർക്കാർ ബസ് ആമ്പ്യുലൻസാക്കി മെഡിക്കൽ കോളേജിലേക്കും, ബീച്ചാസ്പത്രിയിലേക്കും ജീവൻ പിടിച്ച് പാഞ്ഞ ഡ്രൈവർമാരുടെ പേരിൽ KSRTC അറിയപ്പെടില്ല.ഏണിക്കമ്പു പോലുള്ള ആനക്കാട്ടിലേക്ക് ആൾ നിറഞ്ഞ ബസോടിച്ച് കയറ്റി അട്ട കടിച്ചൂറ്റിയ കാലുമായി നനഞ്ഞു കുതിർന്ന ബസിൽ 3 , 2 സീറ്റിൽ കിടന്നുറങ്ങിയ തൊഴിലാളികളുടെ പേരിൽ KSRTC അറിയപ്പെടില്ല.

Jojy Joseph
Jojy Joseph

ഗൾഫ് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് ബോംബെയിൽ വിമാനമിറങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ മഹാരാഷ്ട്രയിലേക്ക് സൗജന്യമായി ബസോടിച്ചതിൻ്റെ പേരിൽ KSRTC അറിയപ്പെടില്ല. പെരുമൺ ട്രെയിൻ ദുരന്തത്തിൻ്റെ ആഘാതം പകുതി കുറച്ച KSRTC ഡ്രൈവർമാരുടെ പേരിൽ KSRTC അറിയപ്പെടില്ല.

1- മുതൽ +2 വരെ കേരളത്തിൻ്റെ മക്കളെ സൗജന്യമായി പള്ളിക്കൂടത്തിലെത്തിക്കുന്നതിൻ്റെയോ , അംഗപരിമിതരും, അർബുദ ബാധിധതരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, അവരുടെ സഹായികളും , ജനപ്രതിനിധികളും KSRTC യിൽ സൗജന്യമായി യാത്ര ചെയ്യുന്നതിൻ്റെയോ പേരിൽ KSRTC അറിയപ്പെടില്ല.
ആനക്കാംപോയിൽ മേഘവിസ്ഫോsനത്തിൽ ഒറ്റപ്പെട്ട് പോയ കുടുംബത്തിനെ ഒരു കയറിൻ്റെ ബലത്തിൽ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയ കണ്ടക്ടറുടെ പേരിൽ KSRTC അറിയപ്പെടില്ല.

കേരളത്തിലെ സാധാരണക്കാരെ കൈപിടിച്ച് കുറഞ്ഞ ചെലവിൽ മലക്കപ്പാറയും, മൂന്നാറും , വേളാങ്കണ്ണിയും ,മലയാറ്റൂരും, ശ്രീ പത്മനാഭക്ഷേത്രവും, ഹജൂർ കച്ചേരിയും, പാലസും കാണിച്ചു കൊടുത്തതിൻ്റെ പേരിൽ KSRTC അറിയപ്പെടില്ല.തുച്ഛ ശമ്പളത്തിൽ നിന്നും കേരളത്തിന് വാക്സിനെടുക്കാൻ പണം കൊടുത്ത KSRTC തൊഴിലാളികളുടെ പേരിൽ KSRTC അറിയപ്പെടില്ല. ചെളിക്കുളങ്ങളായ റോഡുകളിലും, തുപ്പൽ കോളാമ്പികളായ ബസ്റ്റാൻ്റുകളിലും മലർന്ന് കിടന്ന് KSRTC ബസിൻ്റെ നെഞ്ചകം പരിശോധിക്കുന്ന മെക്കാനിക്കുകളുടെ പേരിൽ KSRTC അറിയപ്പെടില്ല.

ചെന്നൈ പ്രളയത്തിൽ പൊതുജനത്തിൽ നിന്നും , തൊഴിലാളികളിൽ നിന്നും സംഭാവന സ്വീകരിച്ച് സ്വന്തം ബസിൽ ചെന്നൈയിലെത്തിച്ചതിൻ്റെ പേരിൽ KSRTC അറിയപ്പെടില്ല.കോവിഡിൽ കേരളത്തിന് ജീവവായുവെത്തിക്കാൻ ഉത്തരാഘണ്ഡിലേക്കും, വംഗനാട്ടിലേക്കും ടാങ്കറോടിച്ച ഡ്രൈവർമാരുടെ പേരിൽ KSRTC അറിയപ്പെടില്ല.കോയമ്പത്തൂർ അപകടത്തിൽ കഴുത്തറ്റ് വീണ ഡ്രൈവറുടെ പേരിലോ , അവിനാശിയിൽ കാലനായി വന്ന കണ്ടയ്നറിന് മുൻപിൽ ഒന്ന് കരയാൻ പോലുമാവാതെ പിടഞ്ഞു വീണവരുടെ പേരിലോ, അവസാന യാത്രക്കാരനെയുമിറക്കി തീഗോളമായ ബസിൽ പച്ചയ്ക്ക് എരിഞ്ഞമർന്നവൻ്റെയോ പേരിലോ KSRTC അറിയപ്പെടില്ല.

ലോക് ഡൗണിൽ PPE കിറ്റിൽ പുഴുങ്ങി മരവിച്ച് എയർപോർട്ട് സർവീസും , അതിഥി തൊഴിലാളി സർവീസുകളും സൗജന്യമായി നടത്തിയതിൻ്റെയോ, കോവിഡ് മൂർദ്ധന്യത്തിൽ ആരോഗ്യ പ്രവർത്തകരെ തിരുവനന്തപുരം മുതൽ കാസർകോഡുവരെ എത്തിച്ചതിൻ്റെയോ പേരിൽ KSRTC അറിയപ്പെടില്ല.
തൃശൂരിൽ ചാലക്കുടിപ്പുഴയും, അങ്കമാലി മുതൽ ആലപ്പുഴ വരെ ആലുവാപ്പുഴയും, മൂവാറ്റുപുഴയാറും അച്ചൻകോവിലാറും , കോട്ടയത്ത് മീനച്ചിലാറും, മണിമലയാറും, തൊട്ടപ്പുറം പമ്പയും 2018 ൽ കേരളത്തിനെ മുറിച്ചിട്ടപ്പോൾ, യാത്രക്കാരൻ്റെ കൈ പിടിച്ച കർത്തവ്യ ബോധം കരുത്തേററിയ നട്ടെല്ലുറപ്പുള്ള ഡ്രൈവർമാരുടെ പേരിൽ KSRTC അറിയപ്പെടില്ല.

ഉത്സവക്കാലങ്ങളിൽ 5000 മുതൽ 10000 രൂപ വരെ ടിക്കറ്റ് നിരക്കിൽ പൊതുജനത്തിനെ പിഴിയുന്ന കൊലയാളി കഴുകൻമാരെ അന്ത:പുരത്തിൽ നിന്നും പിടിച്ച് താഴെയിറക്കിയതിൻ്റെ പേരിൽ KSRTC അറിയപ്പെടില്ല.30 വർഷങ്ങൾക്ക് മുൻപ് , ദേശസാൽക്കരണത്തിൻ്റെ കാലത്ത് ഇടം കൈവെള്ളയിൽ നോട്ടുകൾക്കും , ചില്ലറകൾക്കുമിടയിൽ ഡബിൾ റാക്ക് ബാലൻസ് ചെയ്ത് ,കക്ഷത്തിൽ ബാഗിറുക്കി, തിങ്ങിനിറഞ്ഞ ബസിൽ ഓരോ യാത്രക്കാരനോടും സ്ഥലം ചോദിച്ചറിഞ്ഞ് , ചാർജ് കണക്കുകൂട്ടി ക്ലിപ്പിൽ നിന്നും ടിക്കറ്റ് വലിച്ചൂരി ,സ്റ്റേജ് കോളം തെറ്റാതെ മാർക്ക് ചെയ്ത് ,രണ്ടോ അതിലധികമോ കോമ്പിനേഷൻ ടിക്കറ്റുകളിൽ നമ്പറുകൾ പരസ്പരം മാറ്റിയെഴുതി, കുട്ടികൾക്കുള്ള ഹാഫ് ടിക്കറ്റുകൾ കണക്കാക്കി മാർക്ക് ചെയ്ത് , ലഗേജുകൾക്ക് പ്രത്യേക ടിക്കറ്റുകളും കൊടുത്ത്, പണം വാങ്ങി ബാക്കി കൊടുത്ത്, വലം കൈ കൊണ്ട് ബെല്ലടിച്ച് അടുത്ത ഫെയർ സ്റ്റേജിന് മുൻപ് ജേർണി ബില്ലിൽ “പോയൻ്റ് എൻട്രി ” നടത്തി അടുത്തടുത്ത 2 കോളങ്ങളിലെ സംഖ്യകളുടെ ആകെത്തുകയുടെ വിത്യാസവും,ബസിലെ യാത്രക്കാരുടെ എണ്ണവും 2 മിനിറ്റുകൾക്കുള്ളിൽ തുല്യമാക്കിയിരുന്ന കണ്ടക്ടർമാർ 50 പൈസ കൊടുക്കാത്തതിൻ്റെ പേരിൽ, ബെല്ലടിക്കാൻ ഒരു നിമിഷം വൈകിയതിൻ്റെ പേരിൽ , കണ്ണുരുട്ടിയതിൻ്റെ പേരിൽ, സൂപ്പർ ക്ലാസ് ബസുകൾ അവനവൻ പടിയിൽ നിർത്താതിൻ്റെ പേരിൽ, നഷ്ടത്തിൻ്റെ പേരിൽ KSRTC അറിയപ്പെടുന്നു

മരത്തിൻ്റെ മരണ ഗന്ധം പേറുന്ന മാദ്ധ്യമത്താളുകളിലും, ആറിഞ്ച് മൊബൈലിൻ്റെ തിളക്കത്തിലും കാകോളം ഉറകൂട്ടിയ മനസ്സുകൊണ്ട് വരഞ്ഞിട്ട KSRTC യെയും, അതിലെ തൊഴിലാളികളുടെയും ക്ലീഷേ ഇമേജുകളെ ജീവൻ്റെ വില കൊടുത്ത് തിരുത്തിയവരോട് കടപ്പാടിൻ്റെയും, വിശപ്പിൻ്റെയും വില പറയരുത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ