എന്റെ പരാതികളൊക്കെ ഏത് ചവറ്റുകൊട്ടയിലാണ് വലിച്ചെറിയപെട്ടതെന്ന് എനിക്കറിയില്ല ! കോൺഗ്രസ് നേതാക്കൾക്ക് കെഎസ്‌യു പ്രവർത്തകയുടെ കത്ത്

47

ബഹുമാനപെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ഷാഫി പറമ്പിലിനും KSU സംസ്ഥാന പ്രസിഡന്റ് K M അഭിജിത്തിനും ഒരു KSU പ്രവർത്തകയുടെ തുറന്ന കത്ത്

എത്രയും ബഹുമാനപെട്ട നേതാക്കന്മാരെ കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രെസും KSUവും നടത്തിയ പ്രധിഷേധങ്ങളും സമരങ്ങളും കണ്ടു, പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് വേണ്ടി ഈ മഹാമാരിയുടെ കാലത്തുപോലും എന്റെ സംഘടന ശക്തമായ നിലപാട് സ്വീകരിച്ചത് ഒരു ksu യൂത്ത് കോൺഗ്രസ് പ്രവർത്തക എന്ന നിലയിലും ഒരു പെൺകുട്ടി എന്ന നിലയിലും എനിക്കും അഭിമാനമാണ് തോന്നിയത്

പക്ഷെ ഇതേപോലെ തന്നെ നീതിതേടി ഈ ഞാനും ഒരു പരാതി KSU സംസ്ഥാന കമ്മറ്റി മുതൽ AICC വരെ നൽകിയിട്ടുണ്ട്. പെണ്ണെന്ന പരിമിതിയിൽ കോൺഗ്രെസ്സുകാരിയെന്ന നിലയിൽ സംഘടനയോടുള്ള വിശ്വാസത്തിൽ പരാതിപ്പെടാൻ എന്നാൽ കഴിയുന്ന എല്ലായിടത്തും എല്ലാ നേതാക്കന്മാർക്കും ഞാൻ പരാതി കൊടുത്തിരുന്നു, ആ പരാതികളൊക്കെ ഏത് ചവറ്റുകൊട്ടയിലാണ് വലിച്ചെറിയപെട്ടതെന്ന് എനിക്കറിയില്ല, എന്നെ അപമാനിച്ചവർക്കെതിരെ എന്റെ പ്രസ്ഥാനമെങ്കിലും നടപടിയെടുക്കണം വിട്ടുവീഴ്ചകളില്ലാതെ നീതിക്കായി പടപൊരുതുന്നൊരു പ്രസ്ഥാനമാണ് കോൺഗ്രസ്സും പോഷക സംഘടനകളും എന്റെ കാര്യത്തിലും ആ പോരാട്ടം നടത്തണമെന്നാവശ്യപെട്ട എന്റെ സ്വരം എന്റെ പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട നേതാക്കളുടെ ആരുടേയും ചെവിയിൽ എത്തിച്ചേർന്നില്ല, എന്നെ അപമാനിച്ചവർ KSUവിന്റെ ഉന്നത നേതാക്കളായതിനാലാവും എന്റെ ശബ്ദം അവഗണിക്കപ്പെട്ടത്.

നമുക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ കഴിയുന്ന വിഷയങ്ങളിൽ മാത്രം നാമെടുത്തണിയേണ്ട ഒരു മുഖം മൂടിയാണോ സർ സ്ത്രീ സംരക്ഷണത്തിന്റേത് അങ്ങനെയല്ല എന്നാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് സർ ഓർമ്മവച്ച കാലംതൊട്ട് ഞാൻ പിന്തുടരുന്ന മൂവർണ്ണ കോടിയുടെ 5 വർഷത്തിലധികമായി ഞാൻ പിടിക്കുന്ന ഇന്ദ്രനീല പൊൻപതാകയുടെ കീഴിൽ എനിക്ക് നീതി കിട്ടാത്തത് പ്രസ്ഥാനത്തിനുവേണ്ടി തെരുവിൽ രക്തം വാർന്നപ്പോഴോ പോലീസിന്റെ ലാത്തിയടിയുടെ ചൂടറിഞ്ഞപ്പോഴോ ഇതരസംഘടനയിലുള്ളവർ അപമാനിച്ചപ്പോഴോ ഇത്ര വിഷമം തോന്നിയിട്ടില്ല സാർ
KSU സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ ഭാരവാഹിയും പിന്നെ സംഘനയുടെ നേതാക്കളായ മറ്റുചിലരും ചേർന്ന് ഒരു സാധാരണ KSU പ്രവർത്തകയായ എന്റെ ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു, ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും ഹീനമായ നിലയിൽ ഞാൻ അപമാനിക്കപ്പെട്ടപ്പോൾ എന്നെ ഏറ്റവും അതികം വേദനിപ്പിച്ചത് അതിന് നേതൃത്വം കൊടുത്തത് എന്റെ പ്രസ്ഥാനത്തിന്റെ ഉന്നത നേതാക്കളാണ് എന്നതാണ്.

ആയിരക്കണക്കിന് വിദ്യാർത്ഥിക്കൾക്ക് വഴികാട്ടികളാവേണ്ട മഹത്തായ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തിന്റെ ഉന്നത നേതൃസ്ഥാനങ്ങളിൽ എങ്ങനെയാണ് സർ ഇത്തരം മാലിന്യങ്ങൾ കടന്നുകൂടുന്നത്, അങ്ങനെ കടന്നുകൂടി എന്ന് മനസിലാക്കിയാൽ അവരെ സംഘടനയിൽ നിന്ന് പുറത്താക്കുകയല്ലേ സംഘടന ചെയ്യേണ്ടത് . ഞാൻ അപമാനിക്കപ്പെട്ട സമയത്ത് ഞാൻ ഉറച്ചമനസോടെയാണ് വിശ്വാസത്തോടെയാണ് എന്റെ പ്രസ്ഥാനത്തിന് പരാതി കൊടുത്തത്,നീലക്കൊടി പിടിച്ച് താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ഒരു പ്രവർത്തക എന്ന നിലയിൽ എന്റെ വേദന എന്റെ സംഘടന മനസിലാക്കും, എന്റെ സ്ത്രീത്വത്തെ അപമാനിച്ച മനോവൈകൃതം ബാധിച്ച നേതാക്കന്മാരെ എന്റെ സംഘടന പുറത്താക്കും, സ്ത്രീകകളെ കേവലം അവയവങ്ങൾ മാത്രമായികാണുന്ന കാമകണ്ണുകൾക്ക് എന്റെ സംഘടനയിൽ ഇടമുണ്ടാവില്ല എന്നാണ് ഞാൻ പ്രതീക്ഷിച്ചത് അല്ല ഇപ്പോഴും പ്രതീക്ഷിക്കുന്നത് , പക്ഷെ എന്റെ പരാതിക്ക് ചെവിതരാൻ പോലും ഒരു നേതാവും ഇതുവരെ തയ്യാറായിട്ടില്ല ചെവിതന്നവർ പരാതികൊടുക്കരുത് വിഷയം രമ്യമായി പരിഹരിക്കാം അവർ വലിയ നേതാക്കളാണ് അതുകൊണ്ട് ഞാൻ പിന്മാറണം എന്ന ഉപദേശമാണ് നൽകിയത്, തുറന്നുപറയേണ്ടിവരുന്നതിൽ വിഷമമുണ്ട് സർ സംഘടനയിൽ ഉയർന്ന സ്ഥാനങ്ങൾ വരെ നൽകാമെന്ന് പറഞ്ഞ ഉന്നത നേതാക്കൾ ഉണ്ട്. സ്ത്രീത്വത്തെക്കാൾ ആത്മാഭിമാനത്തേക്കാൾ വലുതായി എന്താണ് എന്നെപ്പോലൊരു പെൺകുട്ടിക്ക് ഉള്ളത്, അതിനു മുറിവേറ്റതിനു സ്ത്രീത്വത്തെ മനുഷ്യത്വരഹിതമായി അപമാനിച്ചിട്ട് ഉന്നത സ്ഥാനങ്ങൾ വാഗ്ദാനം ചെയ്യുന്നത് എത്ര അപമാനകരമാണ്

പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പാവപെട്ടപെൺകുട്ടികളുടെ നഗ്ന ചിത്രം വ്യാജമായി ഉണ്ടാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത് ആത്മരതി അണയുന്നവരെ പുറത്താക്കാൻ എന്താണ് സർ നമ്മുടെ സംഘടനക്ക് കഴിയാത്തത് ഇതര സംഘടനകളെപ്പോലെ നാമെന്തിനാണ് സാർ അധഃപതിക്കുന്നത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖർക്ക് വേണ്ടപ്പെട്ട പേരുകൾ ആയതിനാലാണോ എന്റെ പരാതിക്ക് അപമാനിക്കപ്പെട്ട എന്റെ സ്ത്രീത്വത്തിനുമൊന്നും വിലയില്ലാതാവുന്നത്, എല്ലാ തെളിവുകളും ഞാൻ പരാതികളോടൊപ്പം സമർപ്പിച്ചല്ലോ അവർതന്നെ ചെയ്തു എന്ന് സമ്മതിക്കുന്ന ഓഡിയോ ഉൾപ്പടെ . ഇപ്പോഴും സംസ്ഥാനത്തെ ksuവിന് നേതൃത്വം കൊടുക്കുന്നത് ഇവർ തന്നെയല്ലേ, പരാതിപ്പെടാൻ തയ്യാറായ എനിക്ക് കിട്ടിയത് മാനസിക സമ്മർദ്ദങ്ങളും പീഡനങ്ങളും മാത്രം ഇതുപോലെയോ ഇതിലും ക്രൂരമായോ വേറെ എത്രയോ പെൺകുട്ടികൾ അക്രമിക്കപ്പെട്ടിട്ടുണ്ടാവും,ഇവരൊക്കെ നയിക്കുന്നാ ഒരു സംഘടനയിൽ എന്ത് വിശ്വസിച്ചാണ് സർ പെൺകുട്ടികൾ പ്രവർത്തിക്കുക.

പകൽ വെളിച്ചത്തിൽ ഇതൊക്കെ ചെയ്യാൻ മടിക്കാത്തവർ ഇരുട്ടിന്റെ മറവുകൂടിയുണ്ടെങ്കിൽ ഗോവിന്ദച്ചാമിയെക്കാൾ കടുത്ത പീഡകരായിമാറില്ല എന്ന് എന്തുറപ്പാണുള്ളത്, അത്തരക്കാർ ചിലരെങ്കിലും നമ്മുടെ പ്രസ്ഥാനത്തിൽ കടന്നുകൂടിയതുകൊണ്ടല്ലേ സർ ചിലപ്പോഴൊക്കെ നാം ജനതയ്ക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നത് ഉറച്ച കൊട്ടകളിൽപ്പോലും പരാജയപ്പെടേണ്ടി വന്നത് . ഇത്തരം കാൻസറുകളെ എത്രയും വേഗം പുറത്താക്കി സംഘട ശുദ്ധീകരിക്കേണ്ട കാലമായിട്ടുണ്ട് എന്ന് നിങ്ങൾ മനസിലാക്കണം,
പീഡനത്തിനെതിരായി KSU സ്റ്റാറ്റസ് മാർച്ച് സംഘടിപ്പിക്കുകയുണ്ടായല്ലോ ആ സമരത്തിൽ പങ്കെടുക്കുന്ന എന്നെ അപമാനിച്ചവരെ കാണുമ്പോൾ ആളുകൾക്ക് ചെന്നായ് ആട്ടിന്തോലണിഞ്ഞ് നിൽക്കുന്നതായി തോന്നിയാൽ തെറ്റുപറയാൻ പറ്റുമോ സർ, പീഡനത്തിനെതിരായ സമരത്തിന്റെ മുൻനിരയിൽ പീഡകർ തന്നെ അണിനിരക്കുന്നതില്പരം എന്ത് അശ്ലീലമാണ് ഉള്ളത്,ഇവരുടെ നേതൃത്വം സംസ്ഥാന ksu വിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യപ്പെടുകയല്ലേ, പാലത്തായിയിലെ പീഡനത്തിന്റെ വിഷയത്തിലടക്കം KSU വും യൂത്ത് കോൺഗ്രസ്സും സ്വീകരിച്ച നിലപാട് ആത്മാര്ഥതയുള്ളതാണെങ്കിൽ ആദ്യം പെൺകുട്ടികളുടെ ചോരകുടിക്കാൻ നീട്ടിവളർത്തിയ ദുഷ്ട്ടകാമത്തിന്റെ ദംഷ്ട്രകളുമായി ഖദറണിഞ്ഞു നടക്കുന്നവരെ ആദ്യം പുറത്താക്കണം, ഇത്തരക്കാർക്കെതിരെ പരാതിപറയാൻ സംഘടനക്ക് മുന്നിൽ വന്ന വലിയ ഭാരവാഹിത്വത്തിന്റെ ഭാരങ്ങളില്ലാത്ത സാധാരണ KSU പ്രവർത്തകയായ എനിക്ക് സംഘടന പിന്തുണ തരണം, സ്ത്രീകളെ അപനിക്കുന്നവർക്ക് ഈ കൊടിക്കീഴിൽ സ്ഥാനമില്ലായെന്ന് ലെറ്റർ പാഡിൽ എഴുതി അവരെ പുറത്താക്കുകയെങ്കിലും വേണം. ഇത്രയുമാണ് എനിക്കെന്റെ പ്രിയപ്പെട്ട ksu യൂത്ത് കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെടാനുള്ളത് ആർക്കും മുന്നിൽ പണയം വെക്കാനുള്ള ഒന്നല്ല മഹത്തായ ഈ സംഘടനയുടെ ആശയം നീതി കിട്ടും എന്ന് പ്രതീക്ഷയോടെ ഒരു KSU പ്രവർത്തക

( എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അനുവാദത്തോടെ അവൾക്കുവേണ്ടി അവളുടെ ദുഃങ്ങൾക്കും കണ്ണീരിനും കൂട്ടിരുന്ന ഞാൻ സോഷ്യൽ മീഡിയയിലൂടെ ഈ തുറന്നകത്ത് ബഹുമാനപെട്ട ഷാഫി പറമ്പിൽ MLAക്കും K M അഭിജിത്തിനും മുന്നിൽ സമർപ്പിക്കുന്നു വൈകിയായാലും നീതി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു )