എന്തുകൊണ്ട് ചൈന, ക്യൂബ, കേരളം; അമേരിക്കനിസത്തിന്റെ പരാജയവും സോഷ്യലിസത്തിന്റെ പ്രസക്തിയും

കെ.ടി കുഞ്ഞിക്കണ്ണന്‍
കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ

എന്തുകൊണ്ട് ചൈന, ക്യൂബ, കേരളം; അമേരിക്കനിസത്തിന്റെ പരാജയവും സോഷ്യലിസത്തിന്റെ പ്രസക്തിയും

അമേരിക്കനിസമെന്ന നിയോലിബറല്‍ നയങ്ങളുടെ ദയനീയ പരാജയത്തെയും കൂടിയാണ് ഈ കൊറോണക്കാലം സാക്ഷ്യപ്പെടുത്തുന്നത്. റീഗന്‍ മുതല്‍ ട്രംപ് വരെയുള്ള സാമ്രാജ്യത്വ അധിനായകര്‍ അടിച്ചേല്‍പ്പിച്ച സ്വകാര്യവല്‍ക്കരണ വാണിജ്യവല്‍ക്കരണ നയങ്ങളുടെ ദുരന്തമാണിന്ന് അമേരിക്കയും യുറോപ്യന്‍ രാജ്യങ്ങളും അനുഭവിക്കുന്നത്.

ആരോഗ്യ സംവിധാനങ്ങളുടെയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ പിന്മാറുന്ന നയങ്ങളുമാണ് കൊറോണക്ക് മുന്നില്‍ ഈ രാജ്യങ്ങളെ പര്യാപ്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെടുത്തിയത്. അക്രമോത്സുകതയുടെയും സൈനിക സാമ്പത്തിക മത്സരങ്ങളുടെയും രാഷ്ട്രീയ സംസ്‌കാരത്തിനും നയങ്ങള്‍ക്കും മഹാമാരിയെ പ്രതിരോധിക്കാനോ മനുഷ്യരാശിയുടെ അതിജീവനത്തിന് വഴിയൊരുക്കാനോ കഴിയില്ലെന്ന് ഇന്ന് ലോക ജനത തിരിച്ചറിയുന്നുണ്ട്.

രാഷ്ട്രീയവും വംശീയവുമായ സങ്കുചിതത്വങ്ങളും വന്‍ ശക്തി മേധാവിത്വവും ഉപേക്ഷിച്ച് സഹകരണത്തിന്റെയും ശാസ്ത്രജ്ഞാനത്തിന്റെയും മാര്‍ഗങ്ങളിലൂടെ മാത്രമെ രാഷ്ട്രങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും ഇന്നത്തെ പ്രതിസന്ധിയെ അതിജീവിക്കാനാവുമെന്നാണ് ചോംസ്‌കിയെ പോലുള്ള ചിന്തകര്‍ ആവര്‍ത്തിച്ചു ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്.ഇന്ന് കൊറോണ വൈറസിനെതിരായ മഹായുദ്ധമുഖത്താണ് മനുഷ്യരാശിയൊന്നാകെ. ശാസ്ത്രസമൂഹവും ആരോഗ്യ പ്രവര്‍ത്തകരും രാഷ്ട്ര നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം ഒന്നിച്ചു നില്ക്കുന്ന ഒരു സേനാവ്യൂഹത്തിനെ ഈ മഹാമാരിയെ പ്രതിരോധിക്കാനും തോല്പിക്കാനും കഴിയൂ.

എന്നാല്‍ ചിലര്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ സങ്കുചിത രാഷ്ട്രീയവും വംശീയതയും ഇളക്കിവിട്ട് കൊറോണ വൈറസിനെതിരായ യുദ്ധത്തെ ദുര്‍ബ്ബലപ്പെടുത്തുകയാണ്. ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷനെ മുതല്‍ കേരള മുഖ്യമന്ത്രിയെ വരെ വംശീയമായി അധിക്ഷേപിക്കുന്നു. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളില്‍ നിന്ന് വിവാദങ്ങള്‍ ഉയര്‍ത്തി വിടുന്നു. ക്ഷുദ്ര വികാരങ്ങള്‍ ഉണര്‍ത്തി സംഘടിതമായ മനുഷ്യപ്രയത്‌നങ്ങളിലും പ്രതിരോധ ശ്രമങ്ങളിലും വിള്ളലുകള്‍ ഉണ്ടാക്കുന്നു.ആഗോളതലത്തില്‍ സാമ്രാജ്യത്വ അധിനായകനായ ട്രംപ് തന്നെയാണ് മഹാമാരിക്കെതിരായ ലോക സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വിള്ളല്‍ വരുത്തുന്ന നീക്കങ്ങള്‍ തുടരുന്നത്. അമേരിക്കന്‍ സമൂഹത്തില്‍ കൊറോണ വൈറസിന്റെ വ്യാപനത്തെ സംബന്ധിച്ച എല്ലാ മുന്നറിയിപ്പുകളും തള്ളിക്കളയുകയാണ് ട്രംപ് ചെയ്തത്.

അതൊക്കെ തനിക്കെതിരായ രാഷ്ട്രീയ കളിയുടെ ഭാഗമായി ഡമോക്രാറ്റുകള്‍ നടത്തുന്ന പ്രചാരണമാണെന്നാണ് ട്രംപ് പറഞ്ഞത്. കൊറോണ വെറുമൊരു ജലദോഷപ്പനിയാണെന്നും അതൊക്കെ അമേരിക്കന്‍ സമൂഹത്തിന് ഒരു പ്രശ്‌നമല്ലെന്നും വെറുതെ കൊറോണയെ ഡെമോക്രാറ്റുകള്‍ ഭീഷണമായൊരു വൈറസായി അവതരിപ്പിക്കുകയാണെന്നൊക്കെയായിരുന്നു നിരുത്തരവാദപരമായ രീതിയില്‍ തന്റെ അലസ സമീപനങ്ങള്‍ക്ക് ട്രംപ് ന്യായീകരണം നടത്തിയത്.ഇവിടെയും ചിലര്‍ സര്‍ക്കാര്‍ കൊറോണയെ വേണ്ടാതെ ഗൗരവത്തിലെടുക്കുകയാണെന്നാണല്ലോ വാദിച്ചത്. കൊറോണ പേടിക്കേണ്ട ഒരു വൈറസൊന്നുമല്ലായെന്ന് സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിലക്കുറച്ച് കാണിക്കാനായി പ്രചാരണം നടത്തുകയായിരുന്നല്ലോ.

30ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ കൊറോണ വൈറസ് കരിഞ്ഞു പോകും ഇന്ത്യ മാലിന്യങ്ങളുടെ നാടായത് കൊണ്ട് ജനങ്ങള്‍ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള സഹജമായശേഷിയുണ്ട് തുടങ്ങി അമേരിക്കന്‍ മിറ്റിഗേഷന്‍ മെത്തേഡ് സ്വീകരിക്കണമെന്നു വരെ തട്ടി വിട്ടവര്‍ ആണല്ലോ നമ്മുടെ പ്രതിപക്ഷ നേതാക്കളില്‍ പലരും.അമേരിക്കയില്‍ കോവിഡ് ബാധ തീവ്രമായതോടെ അതിനെ പ്രതിരോധിക്കുന്നതില്‍ തനിക്ക് സംഭവിച്ച വീഴ്ചകളെ മറച്ചു പിടിക്കാനായി ട്രംപ് മറ്റുള്ളവരെ പഴിക്കുകയാണെന്നാണ് അമേരിക്കന്‍ നേതാക്കള്‍ തന്നെ ഇപ്പോള്‍ പറയുന്നത്. ശക്തമായ പ്രതിഷേധമാണ് ന്യൂയോര്‍ക്കിലും പൊതുവെ അമേരിക്കയിലും ഉയരുന്നത്. യു.എസ് കോണ്‍ഗ്രസിലെ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി അതിരൂക്ഷമായ ഭാഷയിലാണ് ട്രംപിന്റെ മറ്റുള്ളവരെ പഴിചാരിരക്ഷപ്പെടാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.

ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ രക്ഷിക്കാനായി ഒന്നും ചെയ്യാതെ മറ്റുള്ളവരെ അധിക്ഷേപിച്ചു രക്ഷപ്പെടാന്‍ നോക്കുന്ന ട്രംപ് വഞ്ചകനും കുറ്റവാളിയുമാണെന്നാണ് നാന്‍സി പെലോസി പറഞ്ഞത്. എ.ബി.സി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണവര്‍ ട്രം പിനെതിരെ ആഞ്ഞടിച്ചത്.എപ്പോഴും മറ്റുള്ളവരെ പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവക്കാരനാണ് ട്രംപെന്നാണ് നാന്‍സി പെലോസി കൊറോണ പ്രതിരോധത്തില്‍ കാണിച്ച കുറ്റകരമായ വീഴ്ചകളെയും അലസ സമീപനങ്ങളെയും എടുത്തു പറഞ്ഞു കൊണ്ട് ചൂണ്ടി കാണിക്കുന്നത്.

കൊറോണ വ്യാപനത്തെ സംബന്ധിച്ച കെട്ടുകഥകള്‍ക്ക് പകരം ശാസ്ത്ര സമൂഹം നല്‍കുന്ന തെളിവുകളും വിവരങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ ട്രംപ് തയ്യാറാവത്തതാണ് അമേരിക്കയില്‍ കാര്യങ്ങളെ വഷളാക്കിയത്. ഇത് ചൈനാ വൈറസാണെന്ന് പ്രചരിപ്പിച്ച് യു.എസ്സിലെ ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ശാസ്ത്ര സമൂഹവും നല്‍കിയ കോവിഡ് 19ന്റ ഉത്ഭവത്തെ സംബന്ധിച്ച അസന്ദിഗ്ദ്ധങ്ങളായ അറിവുകളെ തള്ളിക്കളഞ്ഞു. Nature medicine അടക്കമുള്ള ജേണലുകള്‍ കോവിഡ് മനുഷ്യനിര്‍മിതവൈറസ് അല്ലായെന്ന് വ്യക്തമാക്കിയിട്ടും ട്രംപ് അതിനെതിരെ മുഖം തിരിച്ചു നിന്നു.

ശാസ്ത്ര മാര്‍ഗ്ഗത്തിലൂടെയുള്ള പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കും ആരോഗ്യ സംവിധാനങ്ങള്‍ക്കും ആവശ്യമായ സഹായമെത്തിക്കാതെ കൊറോണക്കാലത്തെ രാഷ്ട്രീയം കളിക്കാനും ചൈനാവിരുദ്ധ ദേശീയ സങ്കുചിതത്വം വളര്‍ത്താനുമുള്ള അവസരമാക്കുന്നതിലാണ് ട്രംപ് ഉത്സുക നായതെന്നാണ് നാന്‍സി പെലോസി കുറ്റപ്പെടുത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷനെ ചൈനാ പക്ഷവാദിയെന്ന് മാത്രമല്ല കറുത്തവന്‍ എന്ന് വംശീയാക്ഷേപം നടത്തുന്നിടം വരെ എത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കകത്തെ കടുത്ത യാഥാസ്ഥിതികരുടെ പ്രചരണം.

ന്യൂയോര്‍ക്ക് മേയറും ട്രംപിനെതിരെ രംഗത്തുവന്നു. 4,000 പേരുടെ ജീവനാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം നഷ്ടമായത്. ന്യൂയോര്‍ക്ക്സംസ്ഥാനത്ത് 14,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കാന്‍ ട്രംപ് തയ്യാറാകാത്തതാണ് മനുഷ്യരെ രക്ഷിക്കാനാവാത്ത നിസ്സഹായ സാഹചര്യമുണ്ടാക്കിയതെന്നാണ് മേയര്‍ ബ്ലാസിയോ രോഷത്തോടെ പറഞ്ഞത്. ന്യൂയോര്‍ക്ക് തുലഞ്ഞാലും ജനങ്ങള്‍ ചത്തൊടുങ്ങിയാലും തനിക്കെന്ത് എന്ന ഭാവത്തിലാണ് പ്രസിഡന്റ് എന്നാണു് ബ്ലാസിയോ കുറ്റപ്പെടുത്തുന്നത്.

അമേരിക്കയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 8 ലക്ഷം കടന്നു. ഇപ്പോള്‍ ട്രംപ് മരണം 60,000ത്തില്‍ ഒതുങ്ങി കിട്ടുമോയെന്നാണ് ആലോചിക്കുന്നത്! നിയോലിബറല്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങളും വംശീയ സങ്കുചിതത്വവും എത്രത്തോളം ആപല്‍ക്കരവും അരക്ഷിത്വ പൂര്‍ണ്ണവുമായ അവസ്ഥയിലേക്കാണ് ജനങ്ങളെ എത്തിക്കുക എന്നതിന്റെ അനുഭവസാക്ഷ്യമാണ്, ട്രംപിന്റെ അമേരിക്കയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകളും വിവരങ്ങളും.

മനുഷ്യസമൂഹം നേരിടുന്ന മഹാവിപത്തുകളെ നേരിടാന്‍ മുതലാളിത്തത്തിനും അതിന്റെ ലാഭോത്മുഖമായ വിപണി നയങ്ങള്‍ക്കും കഴിയില്ലായെന്നതാണ് ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നത്. നിയോലിബറല്‍സ്വകാര്യ വാണിജ്യ വ്യവസ്ഥകള്‍ക്ക് പകരം സാമൂഹ്യ നിയന്ത്രണമുള്ള, ജനോപകാരത്തെയും ക്ഷേമത്തെയും മുന്‍നിര്‍ത്തിയുള്ള സ്റ്റേറ്റുടമസ്ഥയിലധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് വ്യവസ്ഥകളുടെ പ്രസക്തിയുമാണ് കൊറോണാനുഭവങ്ങള്‍ അടിവരയിടുന്നത്.എന്തുകൊണ്ട് ചൈന, എന്തുകൊണ്ട് ക്യൂബ, എന്തുകൊണ്ടു കേരളം കൊറോണ പ്രതിരോധത്തില്‍ സമാശ്വകരമായ മാതൃകയാവുന്നു എന്നത് തന്നെയാണ് ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആലോചനകളില്‍ പരിഗണനീയമായി വരുന്നത്.

അതിജീവനത്തിന്റെ രാഷ്ടീയവും സിദ്ധാന്തവും മുതലാളിത്തേതരമായ ജനാധിപത്യ സോഷ്യലിസമായിരിക്കുമെന്ന് പരമ്പരാഗത കമ്യൂണിസ്റ്റ് വിരുദ്ധചിന്താ കേന്ദ്രങ്ങള്‍ക്ക് പോലും ഇന്ന് സമ്മതിക്കേണ്ടി വരുന്നു.മുതലാളിത്തത്തിന് ബദലാവുന്ന സ്റ്റേറ്റിടപെടലിന്റെയും ഉടമസ്ഥതയുടെയും സാമൂഹ്യ നിയന്ത്രണത്തിന്റേതുമായ ജനാധിപത്യ സോഷ്യലിസ്റ്റ് ക്രമത്തെ സംബന്ധിച്ച ആലോചനകളുടേത് കൂടിയാണ് ഈ കൊറോണക്കാലം.