നിലവിളികള്‍ നിലക്കാത്ത നാസി ക്യാമ്പ്

903

KT Noushad എഴുതുന്നു 

നിലവിളികള്‍ നിലക്കാത്ത നാസി ക്യാമ്പ്

‘ Arbeit Macht Frei ‘ ക്രുരമായ തമാശ പോലെ ജര്‍മ്മന്‍ ഭാഷയില്‍ കവാടത്തിലെഴുതി വെച്ച ഈ വാക്യം വായിച്ചാണ് ഒറാനിയന്‍ബര്‍ഗിലെ സാക്‌സന്‍ഹോസന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്ക് പ്രവേശിച്ചത്. ‘തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും’ അഥവാ പണിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്വാതന്ത്യം

KT Noushad
KT Noushad

കിട്ടുമെന്നാണ് ഈ ആപ്ത വാക്യത്തിന്റെ സാരം. ഇവിടെ സൂചിപ്പിക്കുന്ന സ്വാതന്ത്യത്തിന്റെ അര്‍ത്ഥം അസഹ്യമായ പീഢനത്തിനൊടുവിലുളള മരണമാണെന്നറിഞ്ഞും അറിയാതെയും പതിനായിരക്കണക്കിന് തടവുകാര്‍ ക്യാമ്പിനകത്തേക്ക് കടന്നുപോയ കവാടമാണിത്. തടവുകാരെയും സന്ദര്‍ശകരെയും കബളിപ്പിക്കുന്ന ഈ ആപ്തവാക്യം ആദ്യമായി ആലേഖനം ചെയ്യപ്പെട്ട ഈ ക്യാമ്പിന്റെ കവാടം കടന്നപ്പോള്‍ തന്നെ മനസ്സ് വലിഞ്ഞു മുറുകിത്തുടങ്ങി. കണ്ട മാത്രയില്‍ തന്നെ വേദന പകരുന്ന ചരിത്ര താളുകള്‍ മനസ്സില്‍ തുറന്നിടുന്ന ഇതു പോലൊരിടം മുമ്പ് സന്ദര്‍ശിച്ചിട്ടില്ല. യൂറോപ്യന്‍ യാത്രയില്‍ ബെര്‍ലിന്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ ഏതെങ്കിലുമൊരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് സന്ദര്‍ശിക്കണമെന്ന് തീരുമാനിച്ചിരുന്നു. ബെര്‍ലിന്‍ നഗരത്തില്‍ നിന്ന് ഏറ്റവും അടുത്ത ക്യാമ്പെന്ന നിലയിലാണ് ഒറാനിയന്‍ബര്‍ഗിലെ സാക്‌സന്‍ഹോസന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് തെരഞ്ഞെടുത്തത്. ബെര്‍ലിന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുക്കാല്‍ മണിക്കൂറോളം യാത്ര ചെയ്ത് ഒറാനിയന്‍ബര്‍ഗ് സ്റ്റേഷനിലിറങ്ങി. വംശീയമായും രാഷ്ടീയമായും തങ്ങളുടെ എതിരാളികളെന്ന് ഹിറ്റ്‌ലര്‍ വിധിയെഴുതിയവരെയും കൈയേറിയ രാജ്യങ്ങളിലെ യുദ്ധ തടവുകാരെയും വിവിധയിടങ്ങളില്‍ നിന്ന് ട്രയിന്‍ വഴി ഈ സ്റ്റേഷനിലേക്കാണ് കൊണ്ടു വന്നിരുന്നത്. ഇവിടെ വന്നിറങ്ങുന്ന തടവുകാരെ തൊഴിച്ചും മര്‍ദ്ദിച്ചുമാണ് ഒന്നേ മുക്കാല്‍ കിലോ മീറ്റര്‍ അകലെയുളള സാക്‌സന്‍ഹോസന്‍ ക്യാമ്പിലേക്ക് ഹിറ്റലറുടെ കുപ്രസിദ്ധരായ എസ്.എസ് കേഡറ്റുകള്‍ നയിച്ചിരുന്നത്. സാക്‌സന്‍ഹോസിലേക്കുളള ബസ് കയറാന്‍ റെയില്‍വേ സ്റ്റേഷന്റെ പടികളിറങ്ങുമ്പോള്‍ നിരവധി പേര്‍ ക്യാമ്പ് സന്ദര്‍ശിച്ച മടങ്ങി വരുന്നുണ്ടായിരുന്നു.

ഫാസിസത്തിന്റെ നാട്ടില്‍ നിന്ന് നാസിസത്തിന്റെ നാട്ടിലേക്ക്
സ്റ്റേഷനോട് ചേര്‍ന്നുളള ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ ഒരു കൂട്ടം തൊട്ടടുത്ത് വന്നു നിന്നു. ക്യാമ്പില്‍ നിന്ന് മടങ്ങുകയായിരുന്ന ആ വിദ്യാര്‍ത്ഥി സംഘത്തെ നയിച്ചിരുന്ന അദ്ധ്യാപകനെ പരിചയപ്പെട്ടു. മാസിമോ മുസി. ഇറ്റലിയിലെ ഒരു വിദ്യാലയത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെയുമായെത്തിയതാണ് ചരിത്രാധ്യാപകനായ അദ്ദേഹം. ഫാസിസത്തിന്റെ ഈറ്റില്ലത്തില്‍ നിന്ന് നാസിസത്തിന്റെ നേര്‍ക്കാഴ്ചകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചു കൊടുക്കാനാണ് ബെര്‍ലിനിലെത്തിയത്. ടെക്സ്റ്റ്ബുക്ക് വായനക്കപ്പുറം ചരിത്രയിടങ്ങള്‍ നേരിട്ട് കാണുന്നത് വിദ്യാര്‍ത്ഥികളുടെ ലോക വീക്ഷണത്തെ തന്നെ മാറ്റി മറിക്കുമെന്നതാണ് അദ്ദേഹത്തിന്റെ അനുഭവം. ഇത്തരം ദുര്‍ഘട്ടങ്ങളിലുടെ കടന്നാണ് ഇന്നീ ജനാധിപത്യത്തിന്റെ മാധുര്യം നുണയുന്നതെന്ന അറിവ് അത്തരം ദുരന്തലക്ഷണങ്ങളെ നേരത്തെ മനസ്സിലാക്കാനും തടയാനും അവരെ പ്രാപ്തരാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഫാസിസം ഇനി തിരിച്ചു വരുമെന്ന് കരുതുന്നുണ്ടൊയെന്ന് ചോദ്യത്തിന് ‘ഇതേ രൂപത്തിലും വ്യാപ്തിയിലും അളവിലും ഫാസിസത്തിന് തിരിച്ചു വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല’ എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാക്‌സന്‍ ഹോസനിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളിലൊന്ന് സംസാരത്തിനിടെ മിസ് ചെയ്തതിനാല്‍ രണ്ടാമത്തെ ബസ് വന്നപ്പോള്‍ അദ്ദേഹത്തിനോട് യാത്ര പറഞ്ഞ് അതില്‍ കയറി.
ആദ്യത്തെ മാതൃകാ കോണ്‍സട്രേഷന്‍ ക്യാമ്പ്
ആയിരം ഏക്കറോളം വിസ്തൃതമായ ത്രികോണാകൃതിയിലുളള സാക്‌സന്‍ഹോസന്‍ ക്യാമ്പ് മറ്റ് ക്യാമ്പുകള്‍ക്കൊക്കെ ഒരു മാതൃകയെന്ന നിലയിലാണ് 1936-ല്‍ തടവുകാരെ ഉപയോഗിച്ച് നിര്‍മ്മിച്ചത്. നാസി ഭരണകൂടത്തിന്റെ ശക്തിയും പൂര്‍ണാധികാരവും വെളിവാക്കുന്ന തരത്തിലുളള ഡിസൈനും ലേ ഔട്ടും വേണമെന്ന നിര്‍ബന്ധത്തില്‍ പണിത ആദ്യ ക്യാമ്പ്. മറ്റ് ക്യാമ്പുകളിലേക്ക് അയക്കും മുമ്പ് എസ്.എസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ക്യാമ്പെന്ന നിലയില്‍ നാസി ക്യാമ്പുകളില്‍ പ്രമുഖ സ്ഥാനമാണ് സാക്‌സന്‍ഹോസിനുളളത്. 1938-ല്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ഇന്‍സ്‌പെക്ടറേറ്റ് ബെര്‍ലിന്‍ നഗരത്തില്‍ നിന്ന് ഇങ്ങോട്ട് മാറ്റിയതോടെ എല്ലാ നാസി ക്യാമ്പുകളെയും നിയന്ത്രിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. ഹിറ്റ്‌ലറുടെ നാസി സംരക്ഷണ സേനയുടെ നട്ടെല്ലായിരുന്ന ഹൈന്‍ റിക് ഹിംലെര്‍ ജര്‍മന്‍ പൊലീസിന്റെ അധിപനായ ശേഷം നിര്‍മ്മിച്ച ആദ്യത്തെ ക്യാമ്പെന്ന പ്രത്യേകതയും സാക്‌സന്‍ഹോസിനുണ്ട്. 1936-ല്‍ തടവുകാരായ തൊഴിലാളികളെ കൊണ്ട് പണി കഴിപ്പിച്ച ഈ ക്യാമ്പ് നടന്നു കാണാനായി ഓഡിയോ സഹായിയും വാങ്ങി പ്രവേശന കവാടത്തിലെത്തിയതോടെ നാസി ക്രൂരതകളരങ്ങേറിയ ഇടങ്ങളിലേക്ക് മനസ്സും ശരീരവും ഒന്നിച്ച് നീങ്ങി. പകലെന്നൊ രാത്രിയെന്നോ ഭേദമില്ലാതെ മരം കോച്ചുന്ന തണുപ്പിലും മഴയത്തും മണിക്കൂറോളം ഹാജര്‍ നല്‍കാനെന്ന പേരില്‍ പീഢനമേല്‍ക്കണ്ടി വന്ന പതിനായിരക്കണക്കിന് തടവുകാരുടെ നിസ്സഹായ മുഖങ്ങളാണ് പ്രവേശനം കവാടത്തോട് ചെര്‍ന്നുളള റോള്‍ കോള്‍ ഏരിയയിലേക്ക് കടന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത്.
ക്രൂരതകള്‍ക്കൊരു മുഖം മൂടി
ക്രൂരതകള്‍ മറച്ച് പിടിക്കാന്‍ ഫാസിസം ഏത് മുഖം മൂടിയും അണിയുമെന്ന അറിവ് ബലപ്പെടുത്തുന്നതായി തടവുകാരുടെ വൈദ്യസഹായത്തിനായൊരുക്കിയ ബാരക്കുകളിലെ സന്ദര്‍ശനം. മെഡിക്കല്‍ കെയര്‍ യൂണിറ്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ബാരക്കുകള്‍ സാന്ത്വനത്തിനും ശുശ്രൂഷക്കും പകരം വേദനയും രോഗവുമാണ് തടവുകാര്‍ക്ക് നല്‍കിയിരുന്നത്. നിര്‍ബന്ധിത വന്ധ്യകരണം, മരുന്ന് പരീക്ഷണം, മരുന്ന് കുത്തിവെച്ചുളള കൊലപാതകം തുടങ്ങിയ മെഡിക്കല്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായിരുന്നു ഈ ചികിത്സാ ബാരക്കുകള്‍. നാസി ക്യാമ്പിന്റെ ക്രൂരതകള്‍ മറച്ച് പിടിക്കാനുളള മുഖം മൂടി കൂടിയായിരുന്നു ഈ വൈദ്യസഹായ ബാരക്കുകള്‍. തടവുകാര്‍ക്ക് ആവശ്യമായ ഉയര്‍ന്ന നിലയിലുളള വൈദ്യ സഹായം പോലും നല്‍കിയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നതെന്ന് പുറം ലോകത്ത് അറിയിക്കാന്‍ വളരെ വിദഗ്ദ്ധമായി ഈ കേന്ദ്രങ്ങളെ എടുത്തുകാട്ടിയിരുന്നു. പത്രപ്രവര്‍ത്തകര്‍, വിദേശ പ്രതിനിധി സംഘങ്ങള്‍, പ്രമുഖരായ സന്ദര്‍ശകര്‍ എന്നിവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുളള ‘ഷോക്കേസ്’ ക്യാമ്പായിരുന്നു ഇത്. 1936-ല്‍ ആരവങ്ങളുയര്‍ത്തി സമാധാനപരമായും കാര്യക്ഷമമായും ഒളിമ്പിക്‌സ് നടത്താന്‍ നാസി ഭരണകൂടത്തിന് കഴിഞ്ഞിരിക്കുന്നുവെന്ന് ലോകത്തോട് പറയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തെന്നയാണ് ബെര്‍ലിന്‍ നഗരത്തിന്റെ മറ്റൊരു മൂലയില്‍ മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ കേന്ദ്രത്തിന് തറക്കല്ലിട്ടത്.
മാര്‍ട്ടിന്‍ നീമൊല്ലെറുടെ വിലാപം
സമ്മിശ്രവികാരങ്ങളെ മനസ്സിലേക്ക് ഇരച്ചുകയറ്റുന്നതാണ് ഈ ക്യാമ്പിലെ ഓരോ ഇടവും. 140 പേര്‍ക്കായി നിര്‍മ്മിച്ച ഓരോ ബാരക്കിലും 400 തടവുകാരെയാണ് കുത്തി നിറച്ചിരുന്നത്. ഒന്ന് നിവരാന്‍ പോലും പറ്റാതെ ഒരു ബെഡില്‍ മൂന്ന് പെരെന്ന നിലയില്‍ മൂന്ന് തട്ടുകളായുളള ബങ്ക് ബെഡുകളിലായിരു അവര്‍ക്ക് ഉറങ്ങേണ്ടിയിരുന്നത്. ശൗചാലയങ്ങളില്‍ പോലും പിഢനമേല്‍ക്കണ്ടി വന്നു. കൂടുതല്‍ പീഢനത്തിന് വിധേയമാക്കാനായി തെരഞ്ഞെടുത്ത തടവുകാരെ മാറ്റി പാര്‍പ്പിച്ചിരുന്ന ജയിലിന്റെ ഇടനാഴിയിലിപ്പോഴും നിസ്സഹായരായ മനുഷ്യരുടെ നിലവിളികള്‍ പ്രതിധ്വനിക്കുന്നതായി തോന്നി. വെളിച്ചവും വീതിയും കുറഞ്ഞ ഇടനാഴിയുടെ ഇരുവശത്തുമുളള സെല്ലുകളെ അതേ പടി ഇപ്പോഴും നിലനിര്‍ത്തിയിരിക്കുകയാണ്. ഓരോ ജയിലറകള്‍ക്കുളളിലേക്കും കണ്ണോടിച്ച് പതുക്കെ നടക്കവെയാണ് അതിലൊന്നില്‍ തൂക്കിയ ഫോട്ടോയും പരിചയമുളള പേരും പിടിച്ചു നിര്‍ത്തിയത്; മാര്‍ട്ടിന്‍ നീമൊല്ലെര്‍. അതെ അദ്ദേഹം തന്നെ. ‘ആദ്യമവര്‍ ജുതന്മാരെ തേടി വന്നു, ജുതനല്ലാത്തതിനാല്‍ ഞാന്‍ മിണ്ടിയില്ല, പിന്നെ അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു, കമ്മ്യൂണിസ്റ്റല്ലാത്തതിനാല്‍ ഞാന്‍ മിണ്ടിയില്ല. പിന്നെ അവര്‍ തൊഴിലാളി നേതാക്കളെ തേടി വന്നു, ഞാന്‍ തൊഴിലാളി നേതാവല്ലാത്തതിനാല്‍ മിണ്ടിയില്ല. ഒടുവില്‍ അവര്‍ എന്നെ തേടി വന്നു. പക്ഷെ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.’ എന്ന വരികളിലൂടെ പരിചിതനായ നീമൊല്ലെര്‍. ജയിലറയുടെ പിന്‍ഭിത്തിയിലെ ജനാലയിലൂടെ ഇപ്പോഴും കടുന്ന വരുന്ന വെളിച്ചത്തിലിരുന്നാവുമോ അദ്ദേഹം ഈ വരികള്‍ മനസ്സില്‍ കുറിച്ചത്. തുടക്കത്തില്‍ തീവ്ര ദേശീയവാദികള്‍ക്കൊപ്പം ഹിറ്റ്‌ലറെ പിന്തുണച്ചിരുന്ന അദ്ദേഹം നാസിസത്തിന്റെ ക്രൂരതയുടെ ആഴം ആദ്യമറിഞ്ഞത് ഇവിടെ വെച്ച് തന്നെയാവണം. ദേശീയതയുടെ പേരില്‍ ഹിറ്റ്‌ലറിനെ പിന്തുണച്ചതിന് അദ്ദേഹം ഈ അഴികളിലും ചുമരിലും എത്ര തവണ തല തല്ലിക്കരഞ്ഞിട്ടുണ്ടാവണം?
അവസാനത്തെ സ്റ്റോപ്പ്
ഷൂ ടെസ്റ്റിംഗ് ട്രാക്കിനടുത്തെത്തിയപ്പോള്‍ ചാറല്‍ മഴയോടൊപ്പം വന്ന കാറ്റ് സ്വെറ്ററും തെര്‍മല്‍ വെയറും ഭേദിച്ച് ശരീരത്തിലേക്ക് അസഹ്യമായ തണുപ്പ് പടര്‍ത്തിയപ്പോള്‍, നാമമാത്ര വസ്ത്രങ്ങളുമായി രാപകലില്ലാതെ ഈ ട്രാക്കിലൂടെ ഓടേണ്ടി വന്ന ഹതഭാഗ്യരെ ഓര്‍ത്തുപോയി. മിലിറ്ററി ബൂട്ടിന്റെ നിര്‍മ്മാണത്തിന് മുമ്പ് അതിന്റെ മെറ്റീരിയല്‍ പരിശോധിച്ച് ഉറപ്പു വരുത്താന്‍ ഉപയോഗിച്ചിരുന്നത് തടവുകാരെയായിരുന്നു. കല്ലും കരിക്കട്ടയും മണലും നിറച്ച ട്രാക്കിലൂടെ ദിവസവും 40 കിലോമീറ്ററോളമായിരുന്നു പരീക്ഷണത്തിനുളള ബൂട്ട് ധരിപ്പിച്ച് തടവുകാരെ ഓടിച്ചിരുന്നത്. മുന്‍ കൈകള്‍ രണ്ടും പിറകോട്ടാക്കി ഒന്നിച്ച് കെട്ടിയ ശേഷം തൂക്കിയിട്ട് ശരീരത്തില്‍ നിന്ന് കൈകള്‍ വേര്‍പെട്ട് ജീവന്‍ നഷ്ടമാകുന്നതുവരെ പീഢിപ്പിക്കുന്ന സ്ട്രാപ്പടോ മുതല്‍ ഗ്യാസ് ചേംബറിലിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുന്ന ക്രൂരത വരെ ഇവിടെ അരങ്ങേറിയിരുന്നു. മെഡിക്കലിന് മുന്നോടിയായി അളവെടുക്കാനെന്ന വ്യാജേന ചുമരോട് ചേര്‍ത്തി നിര്‍ത്തി പ്രത്യേകമൊരുക്കിയ ദ്വാരത്തിലൂടെ കഴുത്തിലേക്ക് വെടിവെച്ചും മനുഷ്യരെ കൊ്ന്നു തളളി. മുന്നില്‍ നിന്ന് വെടി വെച്ച് കൊല്ലുന്നത് എസ്.എസ് കേഡര്‍മാരില്‍ മാനസിക പിരിമുറുക്കത്തിന് കാരണമായതോടെയാണ് ഈ രീതി പരീക്ഷിച്ചതെന്നാണ് പറയപ്പെടുന്നത്. ലോക മഹാ യുദ്ധത്തില്‍ തടവുകാരക്കപ്പെട്ട പത്തായിരത്തോളം സോവിയറ്റ് യൂണിയന്‍ തടവുകാരെ ഇവിടെയെത്തിച്ച് ഇൗ രീതിയിലാണ് നിഷ്ഠൂരമായി വകവരുത്തിയത്. ഇങ്ങനെ തടവുകാരെ കൊന്നിരുന്ന മുറി, ഗ്യാസ് ചേംബര്‍, മൃതദേഹങ്ങള്‍ ദഹിപ്പിച്ചിരുന്ന നാല് അടുപ്പുകള്‍ എിവയടങ്ങുന്ന ഈ കേന്ദ്രം ‘Station Z’ എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രവേശന കവാടമായ ടവര്‍ ‘A’ യിലൂടെ ക്യാമ്പിലെത്തുന്ന തടവുകാരുടെ അവസാനത്തെ സ്റ്റോപ്പ്!!
സ്റ്റാലിന്റെ മകന്റെ വീരമരണം
ഒരിക്കലിങ്ങോട്ട് പ്രവേശിപ്പിക്കപ്പെട്ടാല്‍ മരണത്തിലൂടെ മാത്രമെ മോചനം സാദ്ധ്യമായിരുന്നുളളൂ. നിരീക്ഷണ ടവറിലൂടെ ഓരോ മൂലയിലും നോട്ടമെത്തുന്ന രീതിയിലാണ് ഈ ക്യാമ്പ് ത്രികോണാകൃതിയില്‍ ഡിസൈന്‍ ചെയ്തത്. മരണരേഖ (death strip) , വൈദ്യുത കമ്പിവേലി, ഉയരമുളള മതില്‍ എന്നിവയുള്‍പ്പെടുന്ന സുരക്ഷാ സംവിധാനമാണ് ക്യാമ്പിന് ചുറ്റും ഒരുക്കിയിരുന്നത്. മരണരേഖ മുറിച്ചു കടന്നാല്‍ അേന്നരം കാവല്‍ക്കാര്‍ വെടിവെച്ച് വീഴ്ത്തും. ക്രൂരതകള്‍ സഹിക്കാനാവാതെ മരണ രേഖയിലേക്കും വൈദ്യുത വേലിയിലേക്കും എടുത്ത് ചാടി നിരവധി തടവുകാര്‍ ആത്മഹത്യ ചെയ്തിരുന്നു. സ്റ്റാലിന്റെ മൂന്ന് മക്കളില്‍ മൂത്തവനായ യാകോവ് സുഗെസ്‌വിലി ഇങ്ങനെ വൈദുത കമ്പിവേലിയിലേക്ക് എടുത്ത് ചാടിയാണ് മരിച്ചതെന്നാണ് പറയപ്പെടുത്. അതല്ല സാക്‌സന്‍ ഹോസന്‍ ക്യാമ്പിനകത്ത് നടക്കവെ ബാരക്കിലേക്ക് പോകാനുളള ആജ്ഞ അനുസരിക്കാത്തതിന് വെടിവെച്ചു കൊന്നതാണെും പറയുന്നു. ബാരക്കിലേക്ക് പോകണമെന്നും അല്ലെങ്കില്‍ വെടിവെക്കുമെന്നും പറഞ്ഞ കാവല്‍ക്കാരനെ അനുസരിക്കാതെ ‘വെടി വെക്ക്’ എന്ന് വെല്ലുവിളിച്ചപ്പോഴാണത്രെ വെടിയുതിര്‍ത്തത്. എന്തായാലും ജര്‍മ്മന്‍ സൈന്യം യാകോവിനെ കീഴപ്പെടുത്തിയതല്ല മറിച്ച് അദ്ദേഹം കീഴടങ്ങിയതാണെന്ന് വാദിക്കപ്പെടുന്നതു പൊലെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും വിവിധാഭിപ്രായങ്ങളുണ്ട്. ഭാര്യയുടെ പ്രേരണയാല്‍ യാകോവ് കീഴടങ്ങിയതാണെന്ന് സ്റ്റാലിന്‍ പോലും വിശ്വസിച്ചിരുന്നുവത്രെ. ജര്‍മ്മന്‍ ഫീല്‍ഡ് മാര്‍ഷല്‍ ഫ്രഡറിക്കിനെ കൈമാറിയാല്‍ യാകോവിനെ മോചിപ്പിക്കാമെന്ന നിര്‍ദ്ദേശത്തെ ‘ഒരു ലെഫ്റ്റനന്റിന് വേണ്ടി ഒരു മാര്‍ഷലിനെ കൈമാറില്ല’ എന്ന് പറഞ്ഞ് സ്റ്റാലിന്‍ തളളിയിരുന്നു. ഹിറ്റ്‌ലറുടെ മരുമകന്‍ ലിയോ റൗബലിന് പകരം യാകോവിനെ കൈമാറാമെന്ന നിര്‍ദ്ദേശവും സ്റ്റാലിന്‍ നിരസിച്ചു. അവസാനം നാസികളുടെ ആജ്ഞയെ ധിക്കരിച്ചതിന് മകന്‍ വെടിയേറ്റ് മരിച്ചെന്നറിപ്പോള്‍ സ്റ്റാലിനത് വീരമരണമായി കണക്കാക്കി.
സംസാരിക്കാന്‍ മറന്നു പോകുന്നയിടം
അവസാനമായി മോര്‍ച്ചറിയുള്‍പ്പെടുന്ന പാത്തോളജി ബില്‍ഡിംഗില്‍ കൂടി കയറിയിറങ്ങിയതോടെ ഹൃദയം വീണ്ടും കനത്തു. മരുന്ന് പരീക്ഷണത്തിനായി കൊല്ലപ്പെട്ടവരുടെ ശരീരങ്ങള്‍ ഫലമറിയാനായി കീറിമുറിച്ചത് ഇവിടെയായിരുന്നു. മൃതദേഹങ്ങള്‍ വാഹനങ്ങളില്‍ കൊണ്ട് വന്ന് തളളാന്‍ പാകത്തില്‍ മോര്‍ച്ചറിയോട് ചേര്‍ന്ന് സൗകര്യമൊരുക്കിയിരിക്കുന്നത് കണ്ട് സ്തംബധനായി നിന്നു. അവസാനമാണത് ശ്രദ്ധയില്‍ പെട്ടത്. ഗ്രൂപ്പുകളായി വരുന്നവര്‍ പോലും നിശ്ശബ്ദമായും ശോകഭാവത്തോടെയുമാണ് ഓരോന്നും കണ്ടു പോകുന്നത്. ചരിത്രത്തിലെ ക്രൂരതകള്‍ മനസ്സിലേക്കും ചിന്തയിലേക്കും ഇട്ടു തരുന്ന ആ അന്തരീക്ഷത്തില്‍ എല്ലാവരും സംസാരിക്കാന്‍ പോലും മറന്നു പോവുകയാണ്. ഒറാനിയന്‍ബര്‍ഗ് സ്റ്റേഷനില്‍ നിന്ന് ക്യാമ്പിലേക്കുളള വഴിയിലെ കാഴ്ചകള്‍ കാണാനായി തിരിച്ച് സ്‌റ്റേഷനിലേക്ക് കാല്‍നാടയായി പോകാമെന്ന ഉദ്ദേശത്തില്‍ മോളെ ഇരുത്തിയ സ്‌ടോളറും തളളി ഞങ്ങള്‍ പുറത്തിറങ്ങി. സ്റ്റേഷനിലേക്കാണെന്ന് പറഞ്ഞ ബ്രിട്ടീഷ് കുടുംബത്തെ അനുഗമിച്ചു. തടവുകാരെ തൊഴിച്ചും മര്‍ദ്ദിച്ചും ക്യാമ്പിലേക്ക് കൊണ്ടു വന്നിരുന്ന ആ വഴിയിലുടെ കനം തൂങ്ങുന്ന അകവുമായി തിരിച്ചുളള യാത്രക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു നീങ്ങി.
– കെ ടി നൗഷാദ്
(മാതൃഭൂമി ‘യാത്ര’യില്‍ പ്രസിദ്ധീകരിച്ചത്)
Image may contain: sky, cloud, ocean, outdoor and water
Image may contain: sky, house, cloud and outdoor