വിമാനയാത്ര ചെയ്യുന്നവര്‍ ഇത് കാണണം!

864

KT Noushad എഴുതുന്നു 

വിമാനയാത്ര ചെയ്യുന്നവര്‍ ഇത് കാണണം!

KT Noushad
KT Noushad

വിമാനത്തില്‍ യാത്ര ചെയ്യുന്നവരൊക്കെ  റഷ്യയില്‍ നടന്ന വിമാനാപകടത്തിന്റെ ഈ വീഡിയോ കാണണം. അടിയന്തിര ഘട്ടങ്ങളില്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിക്കുമ്പോള്‍ ബാഗുകളൊന്നും കൈയിലെടുക്കരുതെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് ഈ വീഡിയോ ശ്രദ്ധിച്ച് കണ്ടാല്‍ മനസ്സിലാകും. അപകടസമയത്ത് ഒരോ സെക്കന്റിന്റെയും വില ഓരോ ജീവനാണെന്ന് ബോധ്യമാകും. പിന്‍ ഭാഗത്ത് തീ പടര്‍ന്ന വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ക്ക് പുറത്ത് കടക്കാനുളള എമര്‍ജന്‍സി വാതിലുകള്‍ തുറക്കുന്നത് ഈ വീഡിയോയുടെ അഞ്ചാമത്തെ സെക്കന്റിലാണ്. ഒരു സെക്കന്റില്‍ ഒരാളെന്ന നിലയില്‍ ആദ്യത്തെ പത്ത് സെക്കന്റില്‍ (വീഡിയോയില്‍ 15-ാം സെക്കന്റ്) പത്ത് പേര്‍ എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്ക് ഉരസി വീണ് രക്ഷപ്പെടുന്നത് കാണാം. വീഡിയോയില്‍ 15-ാം സെക്കന്റ് കഴിഞ്ഞ് അടുത്ത യാത്രക്കാരന്‍ പുറത്തിറിങ്ങുന്നത് 19-ാം സെക്കന്റിലാണ്. വിലപ്പെട്ട മൂന്ന് ജീവനുകള്‍ രക്ഷപ്പടേണ്ട മൂന്ന് സെക്കന്റുകള്‍ വൈകാന്‍ കാരണം യാത്രക്കാരന്റെ കൈയിലെ ബാഗാണോ അതോ വഴി തടസ്സമാണോ എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമല്ല. എന്നാല്‍ 27 മുതല്‍ 32 വരെയുളള സെക്കന്റില്‍ ആരും പുറത്തിറങ്ങാതിരിക്കുന്നതിന് പ്രതിബന്ധമായത് 33-ാം സെക്കന്റില്‍ പുറത്തിറങ്ങിയ യാത്രക്കാരന്‍ ബാഗുമായി രക്ഷപ്പെടാന്‍ നോക്കിയതാണെന്ന് അനുമാനിക്കാനാകും. കൈയില്‍ ബാഗില്ലാതെയാണ് ആ യാത്രക്കാരന്‍ എമര്‍ജന്‍സി വാതിലിലേക്ക് വന്നിരുന്നതെങ്കില്‍ അഞ്ച് യാത്രക്കാര്‍ക്ക് കൂടി രക്ഷപ്പെടാന്‍ കഴിയുമായിരുന്നിരിക്കണം.

അടിയന്തിര ഘട്ടങ്ങളില്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഹാന്‍ഡ് ബാഗ് എടുക്കാതെ പുറത്തിറങ്ങണമെന്ന് പറയുന്നതിന്റെ ഗൗരവം ഈ ദൃശ്യം ബോധ്യപ്പെടുത്തുന്നുണ്ട്. മറ്റ് യാത്രക്കാര്‍ എമര്‍ജന്‍സി വാതിലുകളിലേക്ക് പെട്ടെന്ന് എത്തുന്നത് തടഞ്ഞ് അവരുടെ നില്‍ക്കാനുളള ഇടവും രക്ഷപ്പെടാനുളള സമയവുമാണ് ബാഗുകള്‍ കൊണ്ട് കവരുന്നത്. ഈ വിമാനത്തിന്റെ വാല്‍ ഭാഗത്ത് തീപിടിച്ചപ്പോള്‍ പിൻവശത്തെ യാത്രക്കാര്‍ക്കും രക്ഷപ്പെടാന്‍ മുന്‍വശത്തെ എമര്‍ജന്‍സി വാതിലുകള്‍ മാത്രമായിരുന്നു ഏക മാര്‍ഗം. മുന്‍വശത്തെ യാത്രക്കാര്‍ കൈകളിലൊന്നുമെടുക്കാതെ മുന്നോട്ട് നീങ്ങുമ്പോള്‍ മാത്രമേ പുറകിലുളളവര്‍ക്ക് മുന്നോട്ട് വരാനാകൂ. ബാഗുകളുമായി വഴിയിലും വാതിലിലും നിന്നാല്‍ മറ്റുളളവര്‍ക്ക് രക്ഷപ്പെടാനുളള അവസരമാണ് ഇല്ലാതാക്കുന്നത്. ഈ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയവരൊക്കെ ബാഗെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ 37 പേര്‍ക്ക് രക്ഷപ്പെടാനുളള സമയം കിട്ടുമായിരുന്നില്ല. അതു പോലെ ബാഗെടുത്തവര്‍ അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ജീവന്‍ നഷ്ടമായ 41 പേരില്‍ ചിലര്‍ക്കെങ്കിലും പുറത്തിറങ്ങാനുളള ഇടവും സമയവും ലഭിച്ചിരുന്നേനെ. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഞാനായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനുമെന്റെ ലാപ്‌ടോപ് ബാഗ് കൈയില്‍ എടുത്തിട്ടുണ്ടായിരിക്കും. ലാപ്‌ടോപിന്റെ വിലയേക്കാള്‍ അതിലുളള രേഖകളുടെ നഷ്ടം ഓര്‍ത്തിട്ടായിരിക്കുമത്. എന്നാല്‍ ഈ അപകട വീഡീയോ കണ്ടതിന് ശേഷം തിരിച്ചറിയുന്നു. ഒരു ജീവന്റെ വിലയേക്കാള്‍ വലുതല്ല മറ്റൊന്നും.

Previous articleനിലവിളികള്‍ നിലക്കാത്ത നാസി ക്യാമ്പ്
Next article“ഇവിടെ ഇങ്ങനൊക്കെയാണ് ഭായ്”
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.