8 മാസത്തോളം ടെറസിന് മുകളില്‍ ജീവിക്കേണ്ടി വന്ന കൊല്ലം സ്വദേശിക്ക് റബീഉല്ലയുടെ വക 1 മില്ല്യന്‍ !

0
357

sajeev

കൊല്ലം സ്വദേശി സജീവ്‌ രാജനിപ്പോള്‍ ആഹ്ലാദത്തിലാണ്. 8 മാസത്തോളം താന്‍ അനുഭവിച്ച നരകയാതനയ്ക്ക് അന്ത്യമായിരിക്കുന്നതും പോരാഞ്ഞിട്ട് തന്നെ തേടി വരുന്നത് ജീവിതത്തില്‍ ഇതുവരെ കാണാത്ത സൌഭാഗ്യമാണ്. 8 മാസത്തോളം ഒരു കെട്ടിടത്തിന്റെ മുകളില്‍ പരിതാപകരമായ അവസ്ഥയില്‍ ജീവിച്ച സജീവെന്ന ഇന്ത്യക്കാരനായ ഇലക്ട്രീഷ്യനെ കുറിച്ചുള്ള വാര്‍ത്ത‍ യു എ ഇ പത്രമായ ഖലീജ് ടൈംസിനെ അറിയിച്ചത് സ്വന്തം നാട്ടുകാര്‍ തന്നെയാണ്. വാര്‍ത്ത‍ പുറത്ത് വന്നതോടെ ശിഫ അല്‍ ജസീറ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെടി മുഹമ്മദ് റബീഉല്ല ഇദ്ദേഹത്തിനു 1 മില്ല്യന്‍ സഹായം പ്രഖ്യാപിക്കുകയായിരുന്നു.

കെടി റബീഉല്ല

ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്ത സജീവ്‌ കഴിക്കാനുള്ള ഭക്ഷണം പോലും കിട്ടാതെ ആയിരുന്നു കഴിഞ്ഞ എട്ടു മാസം ടെറസിനു മുകളില്‍ ജീവിതം തള്ളി നീക്കിയിരുന്നത്. പൊരിയുന്ന വെയിലത്തും അവിടെ കഴിയേണ്ടി സജീവിന്റെ ജീവിതം ദുസ്സഹമാക്കിയത് അദ്ദേഹം ജോലി ചെയ്ത കമ്പനി അധികൃതര്‍ തന്നെയാണ്. സജീവിന്റെ പാസ്പോര്‍ട്ട്‌ കമ്പനി പിടിച്ചു വെക്കുകയും 8 മാസമായി അഞ്ചു പൈസ കൊടുക്കാതിരിക്കുകയും ചെയ്യുകയായിരുന്നു.

sajeev-2

ഷാര്‍ജയിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ആയിരുന്നു സജീവ്‌ ജോലി ചെയ്തിരുന്നത്. കേവലം 900 ദിര്‍ഹത്തിന് ജോലി ചെയ്തിരുന്ന സജീവിന്റെ കൊണ്ട്രാക്റ്റ് അവസാനിച്ചത് മാര്‍ച്ച്‌ 11 നായിരുന്നു. അതിനു നാട്ടില്‍ പോകാന്‍ തന്റെ കയ്യിലുള്ള പണം തികയാതെ വന്നപ്പോള്‍ സജീവ്‌ കമ്പനി ഉടമയെ സമീപിച്ചു. ഇത് വരെ ജീവിച്ചത് കമ്പനി തമാശ സ്ഥലം ഉള്ളത് കാരണമായിരുന്നു. എന്നാല്‍ കമ്പനി ഉടമ സജീവിനെ നാട്ടിലേക്ക് അയക്കുവാന്‍ തയ്യാറില്ലായിരുന്നു. ലീവ് സാലറിയോ മറ്റു ആനുകൂല്യങ്ങളോ നല്‍കുവാന്‍ കമ്പനി തയ്യാറായില്ല. പാസ്പോര്‍ട്ട്‌ തിരികെ നല്‍കുവാനും അവര്‍ തയ്യാറായില്ലെന്ന് സജീവ്‌ പറയുന്നു. അതോടെ പരാതിയുമായി സജീവ്‌ ഷാര്‍ജ ഇമിഗ്രേഷന്‍ അധികൃതരെ സമീപിച്ചു. അതിനു ശേഷം സജീവിന്റെ ജീവിതം കൂടുതല്‍ ദുസ്സഹമായി. കമ്പനി സജീവിന് പാസ്പോര്‍ട്ട് നല്‍കാതെ നീട്ടിക്കൊണ്ടു പോയി. സജീവ്‌ കമ്പനിയില്‍ നിന്നും ഒളിച്ചോടി എന്ന പരാതിയുമായി അവരും മുന്‍പോട്ട് പോയി.

sajeev-3

മാര്‍ച്ച് 21 ഓടെ അജ്മാനിലെ കമ്പനി താമസസ്ഥലം വിട്ടുപോകുവാന്‍ കമ്പനി സജീവിനോട് ആവശ്യപ്പെടുകയായിരുന്നു. യു എ ഇ താപനില 50 ഡിഗ്രീയില്‍ എത്തിയപ്പോഴും താനിവിടെ കഴിച്ചു കൂട്ടുകയിരുന്നെന്നു സജീവ്‌ ഖലീജ് ടൈംസിനോട് വെളിപ്പെടുത്തി. ഭക്ഷണത്തിനായി അഞ്ചു പൈസ സജീവിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഒരു ഹോട്ടല്‍ ഉടമ തനിക്ക് ഭക്ഷണം തരികയായിരുന്നു. കൂടാതെ ഒരാള്‍ പ്രാതല്‍ കഴിക്കുന്നതിനായി ദിവസേന 3 ദിര്‍ഹവും തന്നു. അങ്ങിനെയാണ് താന്‍ ജീവിതം തള്ളി നീക്കിയത്.

sajeev-4

താന്‍ മുന്പ് ലേബര്‍ കോടതിയെ പലതവണയും ഇന്ത്യന്‍ കോണ്‍സുലെറ്റ്‌ അധികൃതരെയും മറ്റു സന്നദ്ധ സംഘടനകളെയും സമീപിച്ചെങ്കിലും അവരാരും ഇതുവരെ തിരിഞ്ഞു നോക്കിയിരുന്നില്ലെന്നു സജീവ്‌ ദുഖത്തോടെ പറയുന്നു. തന്നെ ഇത്രമാത്രം വലച്ച കമ്പനി ഉടമ പഞ്ചാബ്‌ സ്വദേശിയാണ്. ഇടക്ക് ചിലരുടെ മധ്യസ്ഥതയില്‍ തന്റെ പാസ്പോര്‍ട്ട്‌ തിരികെ നല്‍കാമെന്നു അയാള്‍ സമ്മതിച്ചെങ്കിലും പിന്നീടു അയാള്‍ മുങ്ങുകയായിരുന്നെന്ന് സജീവ്‌ പറഞ്ഞു.

വാര്‍ത്ത‍ പുറം ലോകം അറിഞ്ഞതോടെയാണ് പ്രവാസി വ്യവസായിയായ റബീഉല്ല ഒമാനില്‍ നിന്നും സജീവിനെ കാണുവാന്‍ അജ്മാനിലേക്ക് വരികയും ഉടനെ അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി 5,000 ദിര്‍ഹം സഹായധനം പ്രഖ്യാപിക്കുകയും ആയിരുന്നു. കൂടാതെ സജീവിന്റെ ഇന്ത്യയിലെ അക്കൌണ്ടിലേക്ക് 1 മില്ല്യന്‍ ഇന്ത്യന്‍ രൂപ അതായത് 55,000 ദിര്‍ഹം നിക്ഷേപിക്കും എന്ന ഓഫറും അദ്ദേഹം നല്‍കി.

വ്യാഴാഴ്ച രാവിലെയാണ് സജീവിനെ തേടി റബീഉല്ല എത്തുന്നത്. സജീവിന്റെ കാര്യം അജ്മാന്‍ പോലിസിനെ അറിയിക്കുന്നത് സജീവിന്റെ സുഹൃത്ത് കൂടിയായ ബിജു കരുനാഗപ്പള്ളിയാണ്. പ്രവാസി വ്യവസായിയെ കൂടാതെ യു എ ഇയിലെ സാമൂഹിക പ്രവര്‍ത്തകരും സജീവിന്റെ സഹായത്തിനെത്തി. ഖലീജ് ടൈംസ്‌ സംഭവം വാര്‍ത്തയാക്കിയതോടെയാണ്‌ ഈ കദനകഥ പുറം ലോകം അറിയുന്നത്.

തന്നെ സന്ദര്‍ശിക്കാന്‍ വേണ്ടി മാത്രം ഒമാനില്‍ നിന്നെത്തിയ റബീഉല്ലയെ കുറിച്ച് പറയുമ്പോള്‍ സജീവിന് നൂറു നാവായിരുന്നു. പോക്കറ്റ് മൊത്തം കാലിയായ തനിക്കിത് വലിയൊരു സമാധാനം തന്നെയാണെന്ന് സജീവ് പറയുന്നു. കഴിഞ്ഞ 8 മാസമായി തനിക്ക് ശമ്പളം കമ്പനി തന്നിരുന്നില്ലെന്നു സജീവ്‌ വെളിപ്പെടുത്തി. തിരിച്ചൊരു യാത്ര അടഞ്ഞ അധ്യായമായി തോന്നിത്തുടങ്ങിയിരിക്കുമ്പോള്‍ ആണ് ഈ സമാധാനം തന്നെ തേടി എത്തുന്നതെന്ന് സജീവ് പറയുന്നു.

വാര്‍ത്ത‍ പുറത്ത് വന്നതോടെ ഇന്ത്യന്‍ കോണ്‍സുലേറ്റും കാര്യത്തില്‍ ഇടപെടുകയും കമ്പനി അധികാരികളെ വിളിച്ചു വരുത്തുകയും ചെയ്തു. എത്രയും പെട്ടെന്ന് സജീവിന്റെ വിസ കാന്‍സല്‍ ചെയ്യാനും പാസ്പോര്‍ട്ട് തിരികെ നല്‍കുവാനും അവര്‍ സമ്മതിച്ചു. സജീവിന് താല്‍ക്കാലിക തമാശ സ്ഥലവും ഭക്ഷണവും കോണ്‍സുലേറ്റ് ഒരുക്കും.