അധ്യാപകർ മാതൃക ആകണം എന്നൊക്കെ പറയുമ്പോൾ എത്രപേർക്കു അതിനു സാധിക്കുന്നു എന്നുകൂടി അറിയേണ്ടതുണ്ട്. വിദ്യാർത്ഥികളെ ജാതിപറഞ്ഞു പരിഹസിച്ചും ബോഡി ഷെയ്മിങ് നടത്തിയും ദാരിദ്ര്യത്തെ പരിഹസിച്ചും ക്ലാസിൽ പ്രകടനം നടത്തിയ അനവധി അധ്യാപകരെ കുറിച്ച് കേട്ടിട്ടുണ്ട്. തന്റെ സ്റ്റുഡന്റ് ഒരു ഗേ ആണെന്നറിഞ്ഞപ്പോൾ നെറ്റിചുളിച്ചു ബ്ളോക് ചെയ്ത ഒരു അധ്യാപികയെ ഇവിടെ വായിക്കാം
Kukku Kukkoos എഴുതുന്നു:
ഒരു അധ്യാപകദിനത്തിൽ എൻ്റെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് ആശംസയറിയിച്ചുകൊണ്ട് മെസേജ് അയച്ചശേഷം, തിരിച്ചുള്ള മറുപടിയ്ക്കായി ഞാൻ കാത്തിരുന്നു. കുറേ നാളുകൾക്ക് ശേഷം മെസേജ് അയയ്ക്കുകയാണ്. റിപ്ലൈ വന്നാൽ ടീച്ചറിൻ്റെ സുഖവിശേഷങ്ങളെല്ലാം ചോദിച്ചറിയണമെന്ന് മനസ്സിൽ കരുതി.
“താങ്ക്സ്” — മറുവശത്തുനിന്നും മറുപടി വന്നു.
മെസേജ് അയച്ച സന്തോഷത്തിൽ ഞാൻ ❤️ ഇമോജി അയച്ചു.
വാട്സാപ്പിൽ ഞാനിടുന്ന സ്റ്റാറ്റസുകൾ മിക്കപ്പോഴും ആദ്യം കാണുന്നത് ടീച്ചറായിരുന്നു. അതിനെക്കുറിച്ചൊന്നും ടീച്ചർ മറുപടി പറയുകയില്ലായിരുന്നു.
‘സുഖമാണോ ടീച്ചർ….?’
‘യെസ്’.— റിപ്ലൈ വന്നു.
ടീച്ചർ എന്തെങ്കിലും തിരക്കിലായിരിക്കുമെന്നുകരുതി ഞാൻ വേറൊന്നും ചോദിച്ചില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ ടീച്ചർ മെസേജ് അയച്ചു.
“താൻ ഗേയാണോ…?”
ചോദ്യം കേട്ട് എൻ്റെ നെഞ്ചിലൊരു വെള്ളിടി പാഞ്ഞു.
“അതെ ടീച്ചർ” — ഞാൻ മറുപടി കൊടുത്തു.
വീണ്ടും രണ്ടുമിനിറ്റോളം നിശ്ശബ്ദത.
“നാണമില്ലേ ഇതൊക്കെ പറഞ്ഞുനടക്കാൻ…? താൻ എൻ്റെ ക്ലാസ്സിലുണ്ടായിരുന്നപ്പോൾ പോലും ഞാനറിഞ്ഞില്ലല്ലോ തനിക്കിങ്ങനെയൊരു രോഗമുണ്ടെന്ന്! ഇതെപ്പോഴാ തുടങ്ങിയത് ? താൻ ആണാണോ അതോ പെണ്ണാണോ? താനിടുന്ന സ്റ്റാറ്റസുകൾ കാണുമ്പോൾപ്പോലും എനിക്ക് തന്നോട് ദേഷ്യം തോന്നിയിട്ടുണ്ട്….”
ടീച്ചർ മെസേജ് അയച്ചു.
മെസേജ് വായിച്ച ശേഷം എന്ത് മറുപടി കൊടുക്കണമെന്ന് എനിക്ക് യാതൊരു ഊഹവുമില്ലായിരുന്നു. സാധാരണ ഇങ്ങനെയൊക്കെ പറയുന്നത് അപരിചിതരോ സുഹൃത്തുക്കളോ ആയിരുന്നുവെങ്കിൽ ഞാൻ കൃത്യമായി മറുപടി നൽകുമായിരുന്നു. എന്നാലിത് സ്വന്തം അധ്യാപികയാണല്ലോ എന്നോർത്ത് ഞാൻ കുറേനേരം ആലോചിച്ചു.
“ടീച്ചർ എന്തൊക്കെയോ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഗേയാണെന്ന് പറയുന്നത് ഒരു രോഗമൊന്നുമല്ല. അതുകൊണ്ട് എനിക്കതു പറയാൻ നാണക്കേടുമില്ല.” — ഞാൻ മറുപടി കൊടുത്തു.
“താനെന്നെ പഠിപ്പിക്കുകയാണോ? താനിത്രയും മോശമാണെന്ന് ഞാൻ കരുതിയില്ല.മറ്റുള്ള ആൺപിള്ളേരൊക്കെ തന്നോട് അടുപ്പം കാട്ടാതിരുന്നതിൻ്റെ കാരണം ഇപ്പോഴല്ലേ എനിക്ക് മനസ്സിലായത്.”
“ടീച്ചറിനെ പഠിപ്പിക്കാൻ ഞാനാളല്ല. എങ്കിലും ടീച്ചറിന് മനസ്സിലാക്കാനുള്ള കഴിവുണ്ടല്ലോ. ടീച്ചർ ആദ്യം ഇതിനെക്കുറിച്ചൊക്കെ വിശദമായി മനസ്സിലാക്കാൻ ശ്രമിക്ക്.എന്നിട്ടുപോരേ വിലയിരുത്തലുകളൊക്കെ….?” — ഞാൻ പറഞ്ഞു.
വീണ്ടും കുറേനേരത്തെ നിശ്ശബ്ദത.
മെസേജ് ടീച്ചർ കണ്ടു.പെട്ടെന്നുതന്നെ ടീച്ചറിൻ്റെ പ്രൊഫൈൽ പിക്ചർ മാറി. എന്നെ ബ്ലോക്ക് ചെയ്തെന്നു സാരം. ഞാൻ ഫോൺ നമ്പറിൽ കോൾ ചെയ്തു നോക്കി. കോൾ കിട്ടുന്നില്ല. അടപടലം ബ്ലോക്കാക്കിപ്പോയതാണെന്ന് മനസ്സിലാക്കിയതുകൊണ്ട് ആ വഴിക്ക് പിന്നെ ഞാൻ തിരിഞ്ഞിട്ടില്ല.
ഇപ്പോഴും ആ പ്രൊഫൈൽ പിക്ചറിൻ്റെ സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നു. അതോടുകൂടി അധ്യാപകർക്ക് ആശംസയറിയിക്കുന്ന പരിപാടി ഞാൻ നിർത്തി.😒
വെറുതെ വടികൊടുത്ത് അടിവാങ്ങുന്നതെന്തിനാ…!🤷🏻♂️
എന്തായാലും എല്ലാ അധ്യാപകർക്കും എൻ്റെ അധ്യാപകദിനാശംസകൾ