‘ചിന്ന ചിന്ന ആസൈ’ – എ ആർ റഹ്മാനും ആലുവാക്കാരി റോസ്ലിൻ എന്ന മിന്മിനിയും
ലോകമൊട്ടാകെ അലയടിച്ച ഗാനം. ഈ ഒരു ഗാനത്തിലൂടെയാണ് A R റഹ്മാൻ എന്ന ഇതിഹാസത്തെ ലോകം തിരിച്ചറിഞ്ഞത്. അതിന് മുൻപേ,പരസ്യ ഗാന രംഗത്തും, ദിലീപ് എന്ന ചെറിയ
283 total views, 1 views today

Kukku Vinod
“ചിന്ന ചിന്ന ആസൈ”
ലോകമൊട്ടാകെ അലയടിച്ച ഗാനം. ഈ ഒരു ഗാനത്തിലൂടെയാണ് A R റഹ്മാൻ എന്ന ഇതിഹാസത്തെ ലോകം തിരിച്ചറിഞ്ഞത്. അതിന് മുൻപേ,പരസ്യ ഗാന രംഗത്തും, ദിലീപ് എന്ന ചെറിയ, വലിയ മനുഷ്യൻ പ്രശസ്തി നേടിയിരുന്നു.ഈ ഗാനം പാടിയത് ആലുവാക്കാരി റോസ്ലിൻ…..,അല്ല, മിനി..അല്ലെങ്കിൽ മിന്മിനി……
അതേ..വർഷങ്ങൾക്ക് മുൻപേ അറിയാം. 1988 നു ശേഷം…. അതിനു മുൻപേ മിനിയുടെ സഹോദരി ജാൻ സിയേയും അറിയാം. ജാൻസി നല്ലൊരു ഗായികയാണ്. അന്ന് ജാൻസി തൃശൂർ S R V മ്യൂസിക് കോളേജിൽ പഠിക്കുന്ന കാലമാണ്. ആ കാലത്ത് തന്നെ മിനിയെ ക്കുറിച്ച് ജാൻസി പറയുമായിരുന്നു.പിന്നീട് മിനിയും ഗായികയായ് അറിയപ്പെട്ടു തുടങ്ങി. അങ്ങനെ മിനിയുമായും ഞാൻ നിറയെ വേദികൾ പങ്കിട്ടു. എല്ലാ തരം പാട്ടുകളും പാടുന്നതിൽ മിടുക്കിയായിരുന്നു മിനി. “കൊച്ചിൻ ചേമ്പേഴ്സ്” എന്നപേരിൽ തൃശൂർ വോയ്സ് ഓഫ് തൃശൂരിലിലെ ജോസേട്ടൻ കൊച്ചിയിൽ ആരംഭിച്ച ട്രൂപ്പ് ആയിരുന്നു അത്. അവിടെ ഞാൻ ഗായകായിരുന്നു.അന്ന് അവിടെ keyboard വായിച്ച് കൊണ്ടിരുന്ന ജോയ് ചേട്ടനാണ് പിന്നീട് മിനിയെ വിവാഹം കഴിച്ചത്.
പിന്നീട് മിനി തൃശൂരിലെയും ഗായികയായി അറിയപ്പെട്ടു തുടങ്ങി. മിനി ഗംഭീരമായി ഗസലും പാടുമായിരുന്നു. അതു തന്നെയായിരുന്നു മിനിയുടെ ജീവിതത്തിലെ വഴിത്തിരിവും! അന്തരിച്ചു പോയ തൃശൂരിലെ പ്രസിദ്ധ സംഗീതജ്ഞഞൻ ഉസ്താദ് ഫിലിപ്പിന്റെ കൂടെ നിറയെ ഗസൽ പരിപാടികളിലും മിനി പാടി തുടങ്ങി. അങ്ങനെ തിരക്കുള്ള ഗായികയായ് മിനി അറിയപ്പെട്ടു തുടങ്ങി. അങ്ങനെ ഉസ്താദ് ഫിലിപ്പ് വഴി,സിനിമാ പിന്നണി ഗായകൻ P.ജയചന്ദ്രൻ സാറിനെ പരിചയപ്പെടുന്നു. ജയചന്ദ്രൻ സാറിന്റെ കൂടെ നിറയെ വേദികൾ…..
ഇനിയാണ് കഥയിലെ വഴിത്തിരിവ്. ജയചന്ദ്രൻ സാർ, ഇളയരാജ സാറിനോട് മിനിയെക്കുറിച്ച് പറയുന്നു. മിനിയോട് മദ്രാസിലേയ്ക്ക് (chennai)വരാൻ ഇളയരാജ സാർ ആവശ്യപ്പെടുന്നു. അങ്ങനെ മിനി1991 ജനുവരി 22_ന് ആലുവയിൽ നിന്ന് അപ്പച്ഛനുമായ് പുറപ്പെടുന്നു.
ഇവിടെ തൃശൂരിൽ നിന്നും ഞങ്ങൾ തൃശൂർ വേവ്സിലെ കലാകാരന്മാർ ഷോമി (ഇപ്പോൾ സ്റ്റീഫൻ ദേവസിയുടെ ബാന്റിലെ Rhythm player) ഗായകന്മാരായ ഏങ്ങണ്ടിയൂർ മനോജ്,നാരായണൻ,ഡ്രമ്മർ സജി മാഷ് പിന്നെ ഞാനും ചേർന്ന് മദ്രാസിലേയ്ക്കൊരു ഉല്ലാസ യാത്ര plan ചെയ്തു. അതേ ദിവസം,അതേ ദിവസം അതേ ട്രെയിനിൽ ആലുവയിൽ നിന്ന് മിനിയും കയറുന്നു. 1985 മുതൽ 87 അവസാനം വരെ മദ്രാസിലായിരുന്നു എന്റെ താവളം.അതിന്റെ പിൻബലത്തിലായിരുന്നു ആ യാത്ര.മദ്രാസിലെ ഒരു വിധം സ്റ്റുഡിയോവിലെല്ലാം ഞാൻ track പാടാനും, കൊറസ് പാടാനുമൊക്കെയായി പോകുമായിരുന്നു. അത് കൊണ്ട് സ്റ്റുഡിയോകളെല്ലാം സുപരിചിതം. കൂടെയുള്ള സജി മാഷിന്റെ മദ്രാസിലെ ബന്ധു വീട്ടിൽ തങ്ങാം എന്ന് മുൻകൂട്ടി തീരുമാനിച്ച് ഞങ്ങൾ തൃശൂർ റയിൽവേ സ്റ്റേഷനിൽ എത്തുന്നു.
അപ്പോൾ അതാ “മിനി” മുൻപിൽ വന്നു പെട്ടു. ആലുവയിൽ നിന്ന് പുറപ്പെട്ടതായിരുന്നു മിനി. വെള്ളം പിടിയ്ക്കാൻ(ഇന്നത്തെ പോലെ കുപ്പി വെള്ളം ആ കാലത്തില്ല എന്നാണ് ഓർമ്മ. ഒരു വിധം എല്ലാവരും വെള്ളം കരുതിയിട്ടുണ്ടാകും, അല്ലെങ്കിൽ റയിൽവേ സ്റ്റേഷനിലെ കുടി വെള്ളത്തെ ആശ്രയിയ്ക്കും) മിനി ലേഡീസ് കംപാർട്ട്മെന്റിലും,മിനിയുടെ അപ്പച്ചൻ ഞങ്ങൾ പുറപ്പെടേണ്ട ബോഗിയിലുമായിരുന്നു. ആലുവ കഴിഞ്ഞ് അപ്പച്ചനെ കാണാനും,വെള്ളം ശേഖരിച്ച് അപ്പച്ചന് കൊടുക്കാനുമായിരുന്നു മിനി പുറത്തിറങ്ങിയത്. മിനി ആകെ പരിഭ്രമിച്ച മട്ടിലായിരുന്നു. കാര്യം ചോദിച്ചപോൾ അപ്പച്ചന് സുഖമില്ലെന്നും,
വേറെ ബോഗിയിലുമാണെന്നും പറഞ്ഞു. ഞങ്ങളുടെ ബോഗിയിലാണ് അപ്പച്ചൻ എന്ന് അറിഞ്ഞപോൾ മിനിയ്ക്ക് സമാധാനമായി.
ഞങ്ങൾ മദ്രാസ് എത്തുന്നത് വരെ അപ്പച്ചനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് മദ്രാസിലെത്തിയപ്പോൾ മിനിയും,അപ്പച്ചനും A V M സ്റ്റുഡിയോയ്ക്ക് പിന്നിലുള്ള പ്രശസ്ത പിന്നണി ഗായകൻ C O ആന്റോ ചേട്ടന്റെ വീട്ടിലാണ് പോയത്. ആന്റോ ചേട്ടന്റെ വീട് മുൻപേ എനിയ്ക്കറിയാമായിരുന്നു. ആന്റോ ചേട്ടനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു.മാത്രമല്ല, ഞാനും ആന്റോ ചേട്ടനും നിറയെ സിനിമകളിൽ പിന്നണിയിൽ 1985,മുതൽ 87 വരെ പ്രവർത്തിച്ചിട്ടുമുണ്ട്.
അങ്ങനെ മിനി ആന്റോ ചേട്ടന്റെ വീട്ടിലേയ്ക്കും,ഞങ്ങൾ അതിനടുത്തുള്ള സജി മാഷിന്റെ ബന്ധുവിന്റെ വീട്ടിലിക്കും പോയി. ഉച്ചയായപ്പോൾ ആന്റോ ചേട്ടന്റെ വീട്ടിലേയ്ക്ക് വിളിച്ചു. അപ്പോൾ ഇളയ രാജ സാറിന്റെ അടുത്ത് പോയെന്നും, വലംപിരി ശംഖിൽ എന്ന രവീന്ദ്രൻ മാഷിന്റെ പാട്ടാണ് ആദ്യം പാടിയതെന്നും,സാറിന്റെ ആവശ്യപ്രകാരം വേറെ 3 പാട്ടുകൾ കൂടി പാടിയെന്നും പറഞ്ഞു. ഭാഗ്യവതി എന്ന് ഞാൻ!പിറ്റേ ദിവസമാണ് നാട്ടിലേക്ക് തിരിയ്ക്കുന്നതെന്നും മിനി പറഞ്ഞു. ഞങ്ങൾ രണ്ട് ദിവസം കഴിഞ്ഞേ,നാട്ടിലേയ്ക്ക് മടങ്ങുന്നുള്ളൂ എന്നും,പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം മിനിയെ വന്ന് കണ്ടോളാം എന്ന് അറിയിച്ചപ്പോൾ “Enjoy”എന്ന് മിനി…………………………!
പിറ്റേന്ന് ഞങ്ങളുടെ ഒരു കറക്കമൊക്കെ കഴിഞ്ഞ് വിശ്രമിച്ചതിനു ശേഷം 3 മണിയ്ക്ക് മിനിയുടെ അടുത്തെത്തി. തലേന്നാൾ കണ്ട മിനിയായിരുന്നില്ല അത്. ആയിരം സമുദ്രങ്ങൾ ഒരുമിച്ച് അലയടിയ്ക്കുന്ന മുഖവുമായിട്ടായിരുന്നു മിനി ഞങ്ങളെ എതിരേറ്റത്. കാരണം ചോദിച്ചപ്പോൾ മിനി പറഞ്ഞു, അന്ന് രാവിലെ ഇളയരാജ സാർ വിളിച്ച് ഒരു സിനിമയിൽ പാടിച്ചുവെന്നും,”മീര”എന്നാണ് സിനിമയുടെ പേരെന്നും, മിനിയുടെ പേരും മാറ്റിയെന്ന് പറഞ്ഞു. ടൈറ്റിലിൽ “മിന്മിനി”(മിന്നാ മിനുങ്ങ്. തമിഴിൽ മിന്മിനി എന്നും പറയും)എന്നാണ് വയ്ക്കുകയെന്നും പറഞ്ഞു…..അതേ…!ക്യാമറ കൊണ്ട് ഇന്ദ്രജാലം കാണിയ്ക്കുന്ന സാക്ഷാൽ
P C ശ്രീറാമിന്റെ ചിത്രം “മീര” മിനിപാടിയത്, ലൗവ്വ്ന്നാ ലവ്വ്… മണ്ണെണ്ണ സ്റ്റവ്വ്… എന്നു തുടങ്ങുന്ന ഗാനം…1992 ജനുവരി 24_ന് ലേഖനം ചെയ്യപ്പെട്ടു.പിന്നെ ഇളയരാജ സാർ അരുമയോടെ നൽകിയ മിന്മിനി എന്ന പേര്. ഇതിൽപ്പരം എന്താണ് ഒരു ഗായിക ആഗ്രഹിയ്ക്കുക? ആഗ്രഹിയ്ക്കുന്നത് പോട്ടെ, ചിന്തിയ്ക്കാൻ പോലും കഴിയാത്ത സ്വപ്നം….
ഇനി “മിന്മിനി”എന്നു തന്നെ വിളിയ്ക്കാം
1993_ൽ the great film director മണി രത്നം sir സംവിധാനം ചെയ്ത “റോജ” എന്ന വിഖ്യാത സിനിമയിൽ A R റഹ്മാൻ എന്ന പുതുമുഖ സംഗീത സംവിധായകന്റെ കീഴിൽ ഒരു ഗാനം. “ചിന്ന ചിന്ന ആസൈ”……പിന്നീടുണ്ടായത് ചരിത്രം.
A R റഹ്മാൻ എന്ന സംഗീത പ്രതിഭയെ കുറിച്ച്, രണ്ടു വാക്ക് പറയാതെ,ഈ കുറിപ്പിനൊരു പ്രസക്തിയുമില്ല.
1986 കാലഘട്ടങ്ങളിൽ മദ്രാസിൽ ഉണ്ടായിരുന്ന ഒരു വിധം സ്റ്റുഡിയോവിലെല്ലാം നിത്യ സന്ദർശകനായിരുന്നു ഞാൻ. സിനിമയിൽ പാടുക എന്നതായിരുന്നില്ല എന്റെ പരമ ലക്ഷ്യം… ഒരു പാട്ട് ജനിയ്ക്കുന്നതെങ്ങനെ,ഒരു സിനിമയുടെ പാശ്ചാത്തല സംഗീതം live ആയി ഒരുക്കുന്നതെങ്ങനെ,അതിലുപരി അതെല്ലാമൊരുക്കുന്ന പ്രിയപ്പെട്ട സംഗീത സംവിധായകരെ കാണുക എന്നതെല്ലാമായിരുന്നു എന്റെ ലക്ഷ്യം. ഒട്ടു മിക്ക സ്റ്റുഡിയോവിലെല്ലാം track& Chorus വർക്കിനെല്ലാം പോകുന്നത് കൊണ്ട് എനിയ്ക്ക് വിലക്കുകളില്ലായിരുന്നു. ഇതിന് എല്ലാ പിൻതുണയും തന്നിരുന്നത് അന്തരിച്ചു പോയ പ്രശസ്ത വയലിനിസ്റ്റ് മണി (മാനുവൽ പീറ്റർ ) ചേട്ടനായിരുന്നു.ഇദ്ദേഹം തൃശൂർ കലാ സദനിലെ senior violinist ശ്രീ ലെസ്ലീ പീറ്ററിന്റെ സഹോദരനായിരുന്നു.
മലയാള സിനിമയിലെ എന്ന പോലെ,തമിഴ് സംഗീത ലോകത്തെയും പ്രധാനിയായിരുന്നു മണി ചേട്ടൻ. അദ്ദേഹം തൃശ്ശൂർ സ്വദേശിയാണെന്നു കൂടി,ഓർമ്മിപ്പിച്ചോട്ടെ. സംഗീത സംവിധായകൻ ശ്യാം സാറിന്റെ പ്രധാന വയലിനിസ്റ്റ് ആയിരുന്നു.അതു പോലെ, മലയാള സിനിമാ രംഗത്തെ വളരെ സീനിയറായിട്ടുള്ള വയലിനിസ്റ്റ് ആയിരുന്നു അദ്ദേഹം.തമിഴ് സംഗീത സംവിധായകരായ നരസിംഹൻ(ആവാരം പൂവ് song) A R റഹ്മാൻ, ഇളയരാജ തുടങ്ങി ജീനിയസ്സായ എല്ലാവരുടെയും പ്രിയ വയലിനിസ്റ്റ്. ശ്യാം സാറിന്റെ 70 ശതമാനം പാട്ടുകൾക്കും സോളോ വായിച്ചിട്ടുള്ളത് മണി ചേട്ടനാണ്. ഇത്ര സ്വാതന്ത്ര്യമായ് മണി ചേട്ടൻ എന്ന് ഞാൻ വിളിയ്ക്കാൻ കാരണം എന്റെ അച്ഛനുമായ്-അദ്ദേഹത്തിനുള്ള അടുപ്പമായിരുന്നു . അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ശേഷം ആ കുടുംബത്തിന് ആശ്രയമാത് സാക്ഷാൽ റഹ്മാൻ തന്നെ.
മണി ചേട്ടന്റെ മക്കളായ ഫെബി,ഫെജി, സഹോദരൻ എന്നിവർ A R റഹ്മാന്റെ ഗായക സംഘത്തിലെ പ്രധാനികളായ് തീർന്നു. ഞാനും മണിചേട്ടനും പരിചയപ്പെട്ടത്തിനു ശേഷം അദ്ദേഹത്തിന്റെ വീട്ടിലെ നിത്യ സന്ദർശകനായ് ഞാൻ മാറി. മാത്രമല്ല,അദ്ദേഹം Recording_നു പോകുന്ന എല്ലാ സ്റ്റുഡിയോവിലും അദ്ദേഹത്തിന്റെ വയലിനും കൊണ്ട് അദ്ദേഹത്തിന്റെ കൂടെ ഒരു റിക്ഷാ വണ്ടിയിൽ ഞാൻ പോകുമായിരുന്നു. ഇരുപതോ, മുപ്പതോ പേരടങ്ങുന്ന വയലിൻ സെക്ഷനിൽ മുൻ നിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ ഏതു റെക്കോർഡിങ്ങിനു പോകണമെന്ന് അദ്ദേഹത്തിന് നിശ്ചിയമുണ്ടാകില്ല. എല്ലാവരും ക്ഷണിച്ചിട്ടുണ്ടാകും. ചിലപ്പോൾ ചില റെക്കോർഡിങ്ങുകൾക്ക് വന്നാൽ വയലിൻ tune ചെയ്തു കഴിഞ്ഞ ശേഷവും,”ഇവിടെ ഒരു മൂഡില്ലെടാ.. “നമുക്ക് വേറെ സ്റ്റുഡിയോവിലേക്ക് പോകാം എന്ന് പറഞ്ഞ് വേറെ സ്റ്റുഡിയോവിലേയ്ക്ക്, വേറൊരു സംഗീത സംവിധായകന്റെ അടുത്തേയ്ക്ക് പോകും. ആ യാത്രകളിലൊക്കെ ഒരു വിധം ഞാനും ഉണ്ടാകും.
ഒരു ദിവസം രാവിലെ 9 മണിയ്ക്ക് മണി ചേട്ടനൊപ്പം സാലിഗ്രാമിലെ വീട്ടിൽ നിന്ന് പതിവു പോലെ റെക്കോർഡിങ്ങിന് A V M സ്റ്റുഡിയോവിൽ ചെന്നപ്പോൾ
പതിവു പോലെ,മണി ചേട്ടൻ പറഞ്ഞു,ഇന്നെന്തോ,ഒരു mood ഇല്ല,നമുക്ക് തിരിച്ചു പോകാമെന്ന് പറഞ്ഞു. അങ്ങനെ സ്റ്റുഡിയോയ്ക്ക് പുറത്ത് വന്ന് സ്ഥിരമായ് പോകുന്ന ഒരു റിക്ഷയിൽ വീട്ടിലേയ്ക്ക് തിരിച്ചു..പക്ഷെ,എന്തോ ഓർമ്മ വന്നതു പോലെ റിക്ഷാക്കാരനോട് വേറൊരു സ്റ്റുഡിയോവിന്റെ പേര് പറഞ്ഞ് അങ്ങോട്ട് പോകാമെന്ന് പറഞ്ഞു.
ഇത്രയും പറഞ്ഞില്ലെങ്കിൽ ഈ കുറിപ്പ് പൂർണമാകില്ല,അതു കൊണ്ടാണ്…ചെന്ന് കയറിയത് സാക്ഷാൽ S P B സാറിന്റെ കോതണ്ട പാണി സ്റ്റുഡിയോവിൽ…ഞാൻ ആദ്യമായ് കാണുകയായിരുന്നു ആ സ്റ്റുഡിയോ….അതിനുള്ളിലേയ്ക്ക് മണി ചേട്ടനൊപ്പം കടന്നു ചെന്നപ്പോൾ,ഞാൻ ഞെട്ടിപ്പോയ്.ഒരു വലിയ ഹാളിൽ ഒരറ്റത്ത് മുപ്പതിലേറെ വയലിനിസ്റ്റുകൾ…ചുറ്റുമുള്ള ബൂത്തുകളിൽ പ്രശസ്തരായ കലാകാരന്മാർ. ഹാളിനു നടുവിൽ ചുറ്റും കീ ബോഡുകളും,സിന്തസൈസറുകളും നിരത്തി വച്ച് ഒരു പയ്യൻ. ഇവർക്കെല്ലാം നിർദ്ദേശങ്ങൾ കൊടുത്ത് തലങ്ങും,വിലങ്ങും പായുന്ന the great music director ശ്യാം സാർ..എന്റെ കണ്ണു തള്ളി പോയ്.കാരണം അത്രയും ആർട്ടിസ്റ്റുകൾ പങ്കെടുത്തിട്ടുള്ള ഒരു Re_recording. ഞാൻ ആദ്യം കാണുകയായിരുന്നു.
ഞാൻ മണിയേട്ടനോട് വിവരങ്ങൾ ചോദിച്ചു. അത് ബപ്പി ലഹ്രി സംഗീതം ചെയ്ത സിനിമയാണെന്നും,അതിന്റെ Re_recording ശ്യാം സാറാണ് നിർവ്വഹിയ്ക്കുന്നതെന്ന് പറഞ്ഞു. ശേഷം, ചെന്ന് ഇരിയ്ക്കാൻ പറഞ്ഞ് ഒരു ബൂത്തിലേക്ക് മണിയേട്ടൻ എന്നെ കൊണ്ടിരുത്തി. ബൂത്തിൽ ഇരിയ്ക്കുന്ന ആളെ കണ്ട് ഞാൻ വീണ്ടും ഞെട്ടി. അന്ന് പ്രശക്തിയിലേക്ക് കുതിച്ചു കൊണ്ടിരുന്ന പ്രശക്ത ഡ്രമ്മർ,സാക്ഷാൽ the great ശിവമണി sir…ആ വലിയ ബൂത്തിനുള്ളിൽ ഡ്രമ്മിന്റെ കൂടെ ഞാൻ അതു വരെ കാണാത്ത താള വാദ്യങ്ങളും ഉണ്ടായിരുന്നു. ആ വലിയ ബൂത്തിനുള്ളിലെ ഒരു മൂലയിൽ ശ്വാസമടക്കി പിടിച്ച് ഒരു സ്റ്റൂളിൽ ഞാനിരുന്നു. മുണ്ട് വളച്ചു കുത്തിയായിരുന്നു ശ്യാം സാർ കണ്ടെക്റ്റ് ചെയ്തിരുന്നത്. അത് പുതിയ അനുഭവമായിരുന്നു എനിയ്ക്ക്. Music score_ന്റെ ഓരോ ഇടവേളയിലും ഒരു മഴ പെയ്തു തോർന്ന പോലെ. എല്ലാം കഴിഞ്ഞ് തിരിച്ചു പോരാൻ നേരത്ത് ചുറ്റും കീ ബോഡുമായ് ഇരുന്ന ആ പയ്യനെ(ഞാനും പയ്യൻ)എനിയ്ക്ക് പരിചയപ്പെടുത്തി. പേര് ദിലീപ് ശേഖർ.
ആ പയ്യനോട് എന്നെക്കുറിച്ച് എന്തൊ ക്കെയോ മണി ചേട്ടൻ പറഞ്ഞു കൊണ്ടിരുന്നു….വരുന്ന വഴിയ്ക്ക് മണി ചേട്ടൻ പറഞ്ഞു,ആ പയ്യന്റെ അച്ഛനും എന്റെ അച്ഛനും വലിയ കൂട്ടായിരുന്നുവെന്നും,മദ്രാസിൽ വന്നാൽ എന്റെ അച്ഛൻ അദ്ദേഹത്തെ കാണാതെ പോരുമായിരുന്നില്ലെന്നും!ആ കീ ബോഡ് പയ്യൻപിന്നെ ലോകം കീഴടക്കി.കൂടെ മിന്മിനിയും ഉയരങ്ങളിലേയ്ക്ക്…….1993 അവസാനം കൊച്ചിൻ സോളോ എന്ന Troup_ൽ ഞാൻ പാടിയിരുന്നു…അവരുടെ ഒരു programe_ന് മിന്മിനി വന്നു….ഞങ്ങൾ ഒരുമിച്ച് വീണ്ടും പാടി… ..കഴിഞ്ഞ മാസവും ഞാൻ മിന്മിനിയെ വിളിച്ചിരുന്നു.ഇന്നും ആ സൗഹൃദം തുടരുന്നു….മിന്മിനിയ്ക്ക് ജന്മദിനാശംസകൾ….
284 total views, 2 views today
