കുമ്പളങ്ങി ഗുഡ് നൈറ്റ്‌സ്  (റിവ്യു)

2363
യഥാർത്ഥ ജീവിതത്തിൽ നാടകീയതകൾ ഇല്ല. അത്തരം ജീവിതങ്ങളെ ആവിഷ്കരിക്കുന്ന സിനിമകളിലെ പല രംഗങ്ങളും ജീവിതത്തിന്റെ ചൂടുംചൂരും പകരുന്നതുതന്നെയാകും. മലയാളസിനിമയുടെ പരിവർത്തനകാലം തുടങ്ങിയിട്ട് കുറച്ചായെങ്കിലും അതിനുശേഷം നമുക്കുലഭിച്ച മനോഹരമായ റിയലിസ്റ്റിക് സിനിമകളിൽ ഒന്നാണ് കുമ്പളങ്ങി നെറ്റ്‌സ്. പടം കണ്ടിറങ്ങുമ്പോൾ ഓരോ പ്രേക്ഷകനും മന്ത്രിക്കും കുമ്പളങ്ങി ‘ഗുഡ് ‘നെറ്റ്‌സ്. ടൂറിസ്റ്റ് ഗ്രാമമായ കുമ്പളങ്ങിയിലെ നാല് സഹോദരന്മാരിലൂടെ മുന്നേറുന്ന സിനിമയാണ് കുമ്പളങ്ങി നെറ്റ്‌സ്. തികച്ചും അരാജകാവസ്ഥയിലുള്ള ജീവിതം നയിക്കുന്ന അവർക്കു ഓരോരുത്തർക്കും മാതാപിതാക്കളുടെ സ്നേഹവും അന്യമായിരുന്നു. അച്ഛൻ നെപ്പോളിയൻ നേരത്തെ മരിച്ചു അമ്മയാണെങ്കിൽ ദൈവവിളികിട്ടി പള്ളിയുടെ വഴിയേ. പരസ്പരം ഉത്തരവാദിത്തമില്ലാതെ, സ്നേഹമില്ലാതെ ഒരു കൂരയ്ക്കുകീഴിൽ തല്ലുകൂടിയും ഗുസ്തിപിടിച്ചും ദാരിദ്ര്യാവസ്ഥയുടെയും അരക്ഷിതാവസ്ഥയുടെയും സന്തതികളായി നാല് സഹോദരങ്ങൾ.
ആളുകൾ പട്ടിയെയും പൂച്ചയേയും കൊണ്ടുകളയുന്ന, സമൂഹത്തിനുതന്നെ ആവശ്യമില്ലാത്ത ഒരു തുരുത്തിൽ അവയേക്കാൾ ഗതികെട്ട് ജീവിക്കുന്ന -സജി, ബോണി, ബോബി, ഫ്രാങ്കി. അവരുടെ അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതത്തിലേക്ക് ചിലർ കടന്നുവരുന്നവരിലൂടെ അവരുടെ വീടൊരു യഥാർത്ഥ വീടാകുന്നു. എല്ലാ മാനുഷികവികാരങ്ങളും തിരിച്ചറിയുന്ന അവർ ജീവിതമെന്തെന്നു പഠിക്കുന്നു. സുഡാനിയിലെ മജീദ് എന്ന കഥാപാത്രത്തിന് ശേഷം സൗബിന് ലഭിച്ച മനോഹരമായ കഥാപാത്രമാണ് സജി. ഒരു ജോലിയും ചെയ്യാതെ ഓസിനു കള്ളുമടിച്ചു നടക്കുന്ന കഥാപാത്രം. സൗബിന്റെ കൈകളിൽ ഭദ്രമായിരുന്നു ആ കഥാപാത്രം. സംസാരിക്കാൻ കഴിയാത്ത ബോണിയെ അവതരിപ്പിച്ചത് ശ്രീനാഥ്‌ ഭാസിയാണ്. ഫ്രീക്കൻ കഥാപാത്രങ്ങളിലൂടെ മാത്രം നമ്മൾ കണ്ടിട്ടുള്ള ഭാസിയുടെ കരിയിലെ മികച്ച കഥാപാത്രമാണ് ബോണി. പ്രണയരസങ്ങളോടെ ബോബിയെ അവതരിപ്പിച്ചിരിക്കുന്നത് ഷൈൻ നിഗമാണ്. ലഹരിയുടെ ലോകത്തു നിന്നും പ്രണയത്തിന്റെയും ജീവിതത്തിന്റെയും ലോകത്തെത്തുന്ന കഥാപാത്രം. ആ കുടുംബത്തിൽ അല്പമെങ്കിലും കാര്യപ്രാപ്തിയുള്ള കഥാപാത്രം ഏറ്റവും ഇളയവനായ ഫ്രാങ്കിയാണ് . മാത്യുവാണു ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. നായിക ബേബിമോളായി വേഷമിട്ടത് പുതുമുഖതാരം അന്നാബെൻ ആണ്. ബേബിയുടെ ചേച്ചിയായ സുമിയെ അവതരിപ്പിച്ചത് ഗ്രേസ്.
ഫ്രാങ്കിയുടെ നാട്ടിലേക്കു പോകാമെന്നു ഹോസ്റ്റൽ സുഹൃത്തുക്കൾ പറയുകയും അത് സാധിക്കില്ല അവിടിപ്പോൾ എല്ലാരും ചിക്കൻപോക്സ് പിടിച്ചു കിടക്കുകയാണെന്ന് ഫ്രാങ്കി നുണ പറയുകയും ചെയുന്നതിലൂടെയാണ് ആ വീടിന്റെ ദുരവസ്ഥയെ പ്രേക്ഷകർക്ക് കാണിച്ചു തരുന്നത്. ബോബിയും ബേബിയും തമ്മിലുള്ള പ്രണയമാണ് ആ വീടിന്റെ മാറ്റത്തിനു തുടക്കമിടുന്നത്. പിന്നീട് മറ്റുള്ളവരുടെ ജീവിതത്തിലും ഓരോ സ്ത്രീകൾ കടന്നുവരുന്നു. പെണ്ണാണ് ഒരു കുടുംബത്തെ വാർത്തെടുക്കുന്നതെന്നു കാണിച്ചുതരുന്നു. ഏതൊരു അരാജകത്വത്തിന്റെയും ഗോപുരങ്ങൾ തച്ചുടയ്ക്കാൻ അവളുടെ സ്നേഹത്തിനു സാധിക്കും. പുരുഷന്റെ കൊമ്പുകളെ ചിലയിടങ്ങളിലെങ്കിലും സ്ത്രീകൾ പറിച്ചെടുക്കുന്നുണ്ട്.
ബോബിയുടെയുടെ ബേബിയുടെയും പ്രണയത്തിലൂടെയാണ് ബേബിയുടെ വീടും അവളുടെ ചേച്ചിയായ സുമിയും ഭർത്താവും പ്രേക്ഷകരിലേക്കെത്തുന്നത്. മലയാളത്തിന്റെ പൂർണ്ണനടനായി വളർന്നുകഴിഞ്ഞ ഫഹദ് ഫാസിൽ ആണ് സുമിയുടെ ഭർത്താവായ ഷമ്മിയെ അവതരിപ്പിക്കുന്നത്. ആ നടൻ ഇന്നോളം നമുക്കുതന്നെ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രം. ആ കഥാപാത്രത്തെ ഇവിടെ സസ്പെൻഡ്‌സ് ആക്കി നിർത്തേണ്ടതുകൊണ്ടുതന്നെയാണ് തുറന്നുപറയാത്തത്. ഒരു മലയാളിയുടെ തനിപ്പകർപ്പ് ആണ് ഷമ്മി. ആ കഥാപാത്രത്തിന്റെ ആവാഹിച്ചുകൊണ്ടുള്ള ഫഹദിന്റെ മാനറിസങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. തികച്ചും ഉദ്വേഗജനകമായ ഒരു സസ്പെൻസ് ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഫഹദും സൗബിനും ആണ് സിനിമയിലെ യഥാർത്ഥ താരങ്ങൾ.
ടൂറിസവും കായലും മത്സ്യബന്ധനവും ഉള്ള, കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമമായ  കുമ്പളങ്ങിയിലെ മനോഹരമായ രാത്രികൾ നമുക്ക് സമ്മാനിക്കുന്നതു നവാഗത സംവിധായകൻ മധു.സി.നാരായണനാണ്. സമീപകാലത്തു മലയാളം സിനിമയ്ക്ക് ലഭിച്ച പ്രതിഭാധനനായ ഈ സംവിധായകനിൽ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. ആദ്യസംരംഭം തന്നെ മികവുറ്റതാക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. സിനിമയ്‌ക്കൊരു കഥയില്ലെന്നത് പോരായ്മയാണെങ്കിലും ജീവിതത്തിനെന്തു കഥയാണ് വേണ്ടത്. ഓരോ നിമിഷത്തെയും സന്തോഷവും ദുഖവും കൊണ്ട് നിറയ്ക്കുന്ന മുത്തുകളായി കോർത്ത മാലപോലെ ഏവരും അത് കഴുത്തിൽ അണിയുന്നു. ഓരോ ജീവിതവും ഓരോ കഥയാണ്. കഥയില്ലായ്മ അനുഭവപ്പെട്ടെങ്കിൽ ജീവിതത്തെ അത്രമനോഹരമായി പകർത്തിയതുകൊണ്ടു തന്നെയാകും. കരയുക എന്നത് മോശമായ കാര്യമല്ലെന്നും കരയേണ്ടിടത്തു കരയണം എന്ന് സിനിമ നമ്മെ പഠിപ്പിക്കുന്നു. ഒരേ സമയത്തു സജിയുടെയും ബോണിയുടെയും രണ്ടു സാഹചര്യങ്ങളിലുള്ള കരച്ചിൽ . ആ കണ്ണുനീരിനു അവരുടെ അതുവരെയുള്ള ജീവിതത്തിന്റെ നഷ്ടങ്ങളും നൊമ്പരങ്ങളുമുണ്ട്.
കുടുംബമെന്നാൽ ഉത്തരവാദിത്തങ്ങൾ കൊണ്ട് കൈകോർക്കപ്പെട്ട കണ്ണികൾ ആണെന്നും സ്നേഹമാണ് അവിടെ ദീപമായി തെളിഞ്ഞുനിൽക്കേണ്ടതെന്നും സിനിമ പഠിപ്പിക്കുന്നു. ഇതിൽ തെളിമയുള്ള സ്നേഹവും കപടതയും കഥാപാത്രങ്ങളാകുന്നു. പരുക്കൻ ജീവിതങ്ങൾ പലതും അങ്ങനെയല്ലെന്നും കള്ളിമുള്ളിലെ പൂക്കൾപോലെ അവരിലും വസന്തം വിരുന്നുവരും. പുറമെ ചിരിച്ചുനിൽക്കുന്ന കപടതയുടെ വേഷങ്ങൾ കാര്യത്തോടടുക്കുമ്പോൾ വെളിപ്പെടുക തന്നെ ചെയ്യുമെന്നും സിനിമ പറയുന്നു.
നാച്വറൽ ആയ സംഭാഷണങ്ങൾ കൊണ്ട് തിരക്കഥാകൃത്തു ശ്യാംപുഷ്കരൻ മികച്ചുനിൽക്കുന്നു. ആ സംഭാഷങ്ങൾക്കൊപ്പം അത്രയും സ്വാഭാവികമായി അഭിനയിച്ചു ഓരോ അഭിനേതാക്കളും നീതിപുലർത്തി. അതീവസുന്ദരമായ കുമ്പളങ്ങിയെ നന്നായി പകർത്തിയ ഷൈജു ഖാലിദും അടിപ്പൊളിയാക്കി. സംഗീതം കൊണ്ട് സുശീൻ ശ്യാമും മികച്ചുനിന്നു. ഒരു നല്ല സിനിമ മലയാളിക്ക് തന്നെ നിർമ്മാതാക്കളായ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, നസ്‌റിയ നസീം ഇവർക്കും നന്ദിപറയുന്നു. ഇതിലെ മറ്റു കഥാപാത്രങ്ങളും മികച്ചുനിന്നു. നിങ്ങളുടെ ജീവിതം നാടകീയമല്ലെങ്കിൽ ധൈര്യമായി ടിക്കറ്റെടുത്തുകയറാം ഈ സിനിമയ്ക്ക്. ചിലയിടങ്ങളിൽ നിങ്ങളുടെ കണ്ണുകൾ നിറയും ചിലയിടങ്ങളിൽ നിങ്ങൾ പൊട്ടിച്ചിരിക്കും. ഒരൊറ്റ സീനും അനാവശ്യമായതില്ല. …. എന്ന്,
നിലാവണിഞ്ഞ കുമ്പളങ്ങിയിലെ ഒരു രാത്രിയിൽ നിന്നുകൊണ്ട് രാജേഷ് ശിവ.