Jyo Pixel സംവിധാനം ചെയ്ത ‘കുമിൾ’ നല്ലൊരു സാമൂഹ്യാവബോധം നൽകുന്ന ഷോർട്ട് ഫിലിം ആണ്. ഈ നൂറ്റാണ്ടിൽ മനുഷ്യൻ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയാണ് എയിഡ്‌സ് എന്ന മാരകരോഗം. ഈ രോഗം ബാധിച്ചവർക്ക് ശാരീരിക പീഡകൾ എന്നതിലുപരി സമൂഹം നൽകുന്ന മാനസിക പീഡകൾ ആയിരുന്നു എന്നും അസഹനീയമായിരുന്നത്. ഭൂരിഭാഗവും ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമായതുകൊണ്ടുതന്നെ സമൂഹത്തിന്റെ സദാചാര വേട്ടയാടലും നടക്കുന്നുണ്ട്. AIDS എന്ന മഹാവ്യാധിക്കെതിരെ ഇത്തരത്തിലൊരു അവബോധ ചിത്രം അണിയിച്ചൊരുക്കിയത് ഉചിതം എന്ന് തന്നെ പറയണം. കാരണം യുവത്വത്തിന്റെ എടുത്തുചാട്ടങ്ങൾ പലപ്പോഴും പിടിച്ചാൽ കിട്ടാതെയാകുമ്പോൾ തെറ്റായ വഴികളിൽ നിന്നും രോഗം ശരീരത്തിലേക്ക് കുടിയേറി പാർക്കുന്നു.
“കഥകൾക്കും കഥാപാത്രങ്ങൾക്കുമായി മാറ്റിവച്ച ഈ ജീവിതത്തിൽ എന്നും എനിക്കൊരു പ്രാർത്ഥന മാത്രമേയുള്ളൂ. യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ ഇടവരുത്തരുതേ എന്ന്. എനിക്കറിയാം നിങ്ങളും അതുതന്നെയാണ് ആഗ്രഹിക്കുന്നത്., കാരണം സ്നേഹം അഭിനയിക്കാൻ ഉള്ളതല്ലല്ലോ. അതുകൊണ്ടുതന്നെ ബന്ധങ്ങൾ എപ്പോഴും സുരക്ഷിതമാക്കണം. ജീവൻ പകരുന്ന നിമിഷങ്ങളിൽ ജാഗ്രത പുലർത്തുക. ഓർക്കണം നമ്മുടെ മുൻകരുതൽ മാത്രമാണ് ‘HIV’ ക്കെതിരെയുള്ള ഏക പ്രതിവിധി. ജീവിതത്തിൽ റീടേക്കുകൾ ഇല്ല. “
മേലുദ്ധരിച്ച വാചകങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകും . കാരണം അത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പറയുന്നതുകൂടി ആകുമ്പോൾ ഒന്ന് കേൾക്കാതെ ആരും പോകില്ല എന്നുറപ്പ്. KSACS (കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി) ക്കുവേണ്ടി മോഹൻലാൽ അഭിനയിച്ച അവബോധ പരസ്യത്തിലെ വാചകമാണ്. അതിലൊരു വാചകമാണ് എടുത്തുപറയാനുള്ളത് .
“ജീവിതത്തിൽ റീടേക്കുകൾ ഇല്ല”
മനുഷ്യന്റെ പ്രധാന ദൗര്ബല്യങ്ങളിൽ ഒന്നാണ് ലൈംഗികത അഥവാ സെക്സ്. ഏതെങ്കിലും ഒരു ഇണയിൽ മാത്രം സംതൃപ്തൻ ആകാത്ത ജീവികൂടിയാണ് മനുഷ്യൻ. പിന്നെ നമ്മുടെ ദുഷിച്ച സദാചാര ബോധവുംകൂടിയാകുമ്പോൾ സ്വാഭാവികമായും അടക്കിവയ്ക്കാനാകാത്ത തൃഷ്ണകളുടെ പൂർത്തീകരണം തേടി മനുഷ്യർക്ക് പലവഴി തേടേണ്ടിവരുന്നു. പ്രകൃതിപറയുന്ന പ്രായപൂർത്തിയും മനുഷ്യ നിയമങ്ങളിലെ പ്രായപൂർത്തിയും തമ്മിൽ അന്തരമുണ്ട്. പലരും വിവാഹം കഴിക്കുന്നതുതന്നെ വിവാഹപ്രായം കഴിഞ്ഞിട്ടും പിന്നെയും ഏറെ വർഷങ്ങൾ കഴിഞ്ഞാണ്. ജീവിതപ്രാരാബ്ധങ്ങളും കുടുംബസാഹചര്യങ്ങളും ശരീരത്തോടോ മനസിനോടോ പറഞ്ഞിട്ടെന്തുകാര്യം. ലൈംഗികതാത്പര്യങ്ങൾ പൂർത്തീകരിക്കാൻ സ്വാഭാവികമായും തേടുന്ന വഴികൾ സുരക്ഷിതം അല്ലെങ്കിൽ പിന്നെ പശ്ചാത്തപിച്ചിട്ടു എന്തുകാര്യം ?
എന്താണ് എച്ച്.ഐ.വി. ( ഹ്യുമൻ ഇമ്യുണോ ഡിഫിഷ്യൻസി വൈറസ് ) എന്നോ AIDS എന്നോ അറിയാത്തവർ ആരും ഉണ്ടാകില്ല. HIV രോഗാണു ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും അതുകാരണം മറ്റു മാരകമായ രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് Acquired Immune Deficiency Syndrome എന്ന AIDS . ഈ രോഗം ആഫ്രിക്കൻ രാജ്യങ്ങളിൽ നേരത്തെ കാണപ്പെട്ടിരുന്നെന്ന് പറയപ്പെടുന്നു. എങ്കിലും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത് 1981 ലാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ശീലമാക്കിയ ചില അമേരിക്കൻ യുവാക്കളിലാണ് ആദ്യമായി ഇത്തരമൊരു അവസ്ഥ സ്ഥിരീകരിച്ചത്.
HIV യുടെ ഉത്ഭവത്തെപ്പറ്റി പല നിരീക്ഷണങ്ങളും നിലവിലുണ്ട്. പരീക്ഷണശാലയിൽ ജന്മം പ്രാപിച്ചതാകാമെന്നും അവിടെ നിന്നും രക്ഷപ്പെട്ട കുരങ്ങിൽ നിന്നും മനുഷ്യരിലേക്കോ മറ്റോ പടർന്നതാവാം എന്നുമാണ് പഠനങ്ങൾ പറയുന്നത്.
അങ്ങനെ ആഫ്രിക്കയിൽ നിന്നും സമുദ്രങ്ങൾ താണ്ടി HIV ലോകമെങ്ങും അതിന്റെ ജൈത്രയാത്ര നടത്തി. ജനലക്ഷങ്ങളെ നരകിപ്പിച്ചു നിർദ്ദയം കൊന്നൊടുക്കി. ഇന്ത്യയിലും നമ്മുടെ കേരളത്തിലും അതിനു കുറവൊന്നും ഉണ്ടായില്ല. മുംബൈയിലെ കാമാത്തിപ്പുരയും കൽക്കത്തയിലെ സോനാഗച്ചിയും അതുപോലെ മാംസവ്യാപാരം പൊടിപൊടിക്കുന്ന ഇന്ത്യൻ നഗരങ്ങൾ എല്ലാം HIV യുടെ മൊത്തവിതരണം ഏറ്റെടുത്തു നടപ്പിലാക്കി. ഇത്രയൊക്കെ ആയിട്ടും കുറെ മനുഷ്യർ ഒന്നിനെയും കൂസാതെ നടന്നു രോഗപ്രചാരകർ ആയപ്പോൾ കുറേപേർ ഭയം കാരണം ലൈംഗികബന്ധങ്ങളിൽ സുരക്ഷിത മാർഗ്ഗങ്ങൾ അവലംബിക്കാൻ തുടങ്ങി. കാലക്രമത്തിൽ രണ്ടാമത് പറഞ്ഞവരുടെ സംഖ്യ വളരെ കൂടുതൽ ആയപ്പോൾ AIDS ഭീഷണി ഒന്ന് ശമിച്ചു. കാരണം രോഗം ഭീകരമെങ്കിലും നമ്മൾ രോഗാണുവിനെ നമ്മുടെ ശരീരത്തിലേക്ക് ആനയിക്കാതെ അത് പിടിപെടില്ല എന്ന ബോധം പലരെയും വളരെ ശ്രദ്ധാലുവാക്കി. മാത്രമല്ല, പൂർണ്ണമായൊരു മരുന്നിന്റെ അഭാവം ഉണ്ടെങ്കിലും AIDS നെ ഒന്ന് മെരുക്കി നിർത്താൻ പോന്ന ചികിത്സകൾ ഇന്നുണ്ട്. എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആചരിക്കപ്പെടുന്നത്.
ഇനി ‘കുമിളി’ലേക്കു വരാം
കഥാനായകനായ ശ്യാം തന്റെ സുഹൃത്തുമെത്തു ബീച്ചിൽ സംഭാഷണത്തിലേർപ്പെടുന്ന രംഗത്തിൽ നിന്നാണ് തുടക്കം. ശ്യാമിന്റെ സുഹൃത്ത് പോകാൻ ഉദ്ദേശിക്കുന്ന ‘അടിച്ചുപൊളി’ യാത്രയെ കുറിച്ച് ആണ് അവർ സംസാരിക്കുന്നതു. കൂടെ വരാൻ സുഹൃത്ത് ശ്യാമിനെ നിര്ബന്ധിക്കുന്നുണ്ട്. എന്നാൽ ശ്യാം ആ ക്ഷണത്തെ നിരസിക്കുകയും തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു ഭൂതകാല ‘അടിച്ചുപൊളി’ യാത്രയെ കുറിച്ച് പറഞ്ഞു സുഹൃത്തിനു മുന്നറിയിപ്പ് നൽകുകയാണ്.
ശ്യാം പോയ ആ യാത്രയിൽ അയാൾക്കും സുഹൃത്തുക്കൾക്കും ഒരു ലൈംഗികത്തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത ഒരു ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടി വരികയാണ്. പിന്തിരിപ്പിക്കാൻ ശ്രമിച്ച മറ്റൊരു സുഹൃത്തിന്റെ അപേക്ഷകളെ അവഗണിച്ചുകൊണ്ടാണ് ശ്യാമും സുഹൃത്തുക്കളും ആ പ്രവർത്തിയിൽ ഏർപ്പെടുന്നത്. എന്നാൽ നാളുകൾ കഴിഞ്ഞപ്പോൾ ശ്യാമിൽ ചില ഗുഹ്യരോഗങ്ങൾ കണ്ടുതുടങ്ങിയപ്പോൾ അയാൾ അക്ഷരാർത്ഥത്തിൽ ഭയക്കുകയാണ്. ആ മഹാരോഗം തന്നെയും പിടികൂടിയെന്നു അയാൾ സംശയിക്കുന്നു.
അയാളുടെ ജീവിതത്തിൽ നിന്നും പ്രതീക്ഷകളും നിറങ്ങളും പടിയിറങ്ങിപോകുന്നു. അയാൾ ജീവിതത്തിലും മരണത്തിനും ഇടയിലെ ഒരു നൂല്പാലത്തിലെ സഞ്ചാരിയായി അങ്ങോട്ടുമിങ്ങോട്ടും അലയുന്നു. റീടേക്കുകൾ ഇല്ലാത്ത ജീവിതത്തിലെ ആ ദൗർബല്യ നിമിഷങ്ങളെ മനസിന്റെ സംയമനം കൊണ്ട് തരണം ചെയ്യാൻ സാധിക്കാതെ പോയതിൽ അയാൾ പശ്ചാത്തപിക്കുന്നു. ഒടുവിൽ എലിസ ടെസ്റ്റിന്റെ റിസൾട്ടുമായി അയാൾ ഡോക്ടറുടെ സമീപത്തു എത്തുന്നു. എന്താകും റിസൾട്ട് ? നെഗറ്റിവോ പോസിറ്റിവോ ?
പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇത്തരമൊരു വിഷയം പറയാൻ സാധിച്ചതിൽ സംവിധായകനും തിരക്കഥാകൃത്തിനും അഭിമാനിക്കാം. ഇല്ലെങ്കിൽ സാധാരണ ഇത്തരം ചിത്രങ്ങൾ ഒരു ഡോക്ക്യൂമെന്ററിയുടെ വിരസ സ്വഭാവത്തിലേക്ക് പോകാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഒരു സാമൂഹ്യാവബോധ ചിത്രമായാലും ശരി… ഇതുപോലെ വേണം എടുക്കേണ്ടത്. ആ കഥാപാത്രത്തിന് രോഗവുമായി ബന്ധപ്പെട്ടുള്ള ടെൻഷനുകളും ഭയങ്ങളും നിരാശയും ആസ്വാദകരിലേക്കു പകർന്നാൽ മാത്രമേ ആ അവബോധം ഫലപ്രദമാകുകയുള്ളൂ. ഇവിടെ ശ്യാം എന്ന കഥാപാത്രത്തിലൂടെ എത്രയോപേർ അവരെ തന്നെ കണ്ടിട്ടുണ്ടാകും എന്നതാണ് സത്യം. കാരണം ശ്യാമിന്റെയും കൂട്ടുകാരുടെയും ആ യാത്ര നടത്തിയിട്ടുളളവർ തന്നെയാണ് അധികവും.
വിവാഹത്തിന് മുൻപായാലും ശേഷമായാലും ഒരു സുരക്ഷിത പങ്കാളിയുമായി മാത്രം സുരക്ഷിതമായി ബന്ധപ്പെടാൻ ശ്രമിക്കുക. മൂത്തുനരച്ചാലും വിഹാഹംകഴിക്കാൻ സാധിക്കാത്ത നിങ്ങളുടെ ജീവിത സാഹചര്യം ഉള്ളപ്പോൾ വിവാഹശേഷം മാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നുപറയാൻ മാത്രം കപട സദാചാരബോധങ്ങളോ പിന്തിരിപ്പൻ മതശാസനകളോ കൊണ്ടുനടക്കുന്നവർ അല്ല ഞങ്ങൾ. എന്നാൽ നിങ്ങൾ നിങ്ങളെ ശ്രദ്ധിക്കുക തന്നെ വേണം. നിങ്ങളുടെ മൊബൈൽ ഫോണും കാറും സുരക്ഷിതമാക്കാനും മറ്റും കവറുകൾ കൊണ്ട് മൂടുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ സ്വന്തം ജീവനെ സുരക്ഷിതമാക്കാൻ തലയിൽ ഹെൽമറ്റ് വയ്ക്കാനും ലിംഗത്തിൽ ഉറയിടാനും മറന്നുപോകുന്നത് ? ഒരു ഭൂതകാല സംഭവത്തെയും തിരിച്ചെടുക്കാൻ ആകില്ല. അതായതു ജീവിതത്തിൽ റീടേക്കുകൾ ഇല്ല… ജാഗ്രതൈ.
മികച്ച സംവിധാനം കൊണ്ട് Jyo Pixel , മികച്ച എഴുത്തുകൊണ്ട് Janesh Karupara, മികച്ച ക്യാമറകൊണ്ട് Abhijith Abhilash മികച്ച മ്യൂസിക് കൊണ്ട് Sushanth എന്നിവരെല്ലാം തന്നെ പ്രേക്ഷകമനസുകളിൽ ഇടം പിടിക്കുന്നു. ഇത്തരമൊരു മൂവി നിർമ്മിച്ച Mohan Das പ്രത്യകം അഭിനന്ദനം അർഹിക്കുന്നുണ്ട്. കൂടാതെ പ്രൊഡക്ഷൻ കൺഡ്രോളർ Santhosh Nair, ചീഫ് അസോസിയേറ്റ് ഡയറക്ടർ Vishnu Raj, അസോസിയേറ്റ് ഡയറക്ടർ Rahul K M, മേക്കപ്പ് Dinesh Calicut, ആർട്ട് ചെയ്ത Nishal, Faizal, സ്റ്റിൽ ചെയ്‌ത Dinesh , ഡിസൈൻ ചെയ്ത Abhi Govind .. എന്നീ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.
സംവിധായകൻ Jyo Pixel ബൂലോകം ടീവിയോട് സംസാരിക്കുന്നു
ഞാനൊരു എഡിറ്റർ ആണ്, വെഡിങ് വീഡിയോസ്, ഷോർട് ഫിലിം, ഡോക്യൂമെന്ററി തുടങ്ങിയ കാര്യങ്ങളൊക്കെ എഡിറ്റ് ചെയ്യുന്ന ആളാണ്. കുമിൾ മൂവി എന്റെ ആദ്യത്തെ സ്വതന്ത്ര വർക്ക് ആണ്. കുമിൾ എന്ന പേരിനു കാരണം , ഞങ്ങൾ ഉദ്ദേശിച്ചത് ഫംഗസ് എന്നാണു. അതിലെ കഥാപാത്രത്തിന് ഫംഗസ് ആയിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്.
അഭിമുഖത്തിന്റെ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Jyo Pixel” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/11/kumil-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
‘കുമിൾ’ മൂവിയെ കുറിച്ച് ?
കുമിളിന്റെ കഥ Janesh Karupara യുടേതാണ്. കുമിളിന്റെ കഥ ഒരാളുടെ തന്നെ അനുഭവമാണ്. ഇതിലെ കഥാപാത്രമായ ശ്യാം പോയതുപോലൊരു യാത്രയും അതുമായി ബന്ധപ്പെട്ടുള്ള അനുഭവവും ആണ്. നമ്മുടെ തന്നെ ചില സുഹൃത്തുക്കൾ തന്നെ ഗുണ്ടൽപേട്ടിൽ പോകുന്നതും പ്രശ്നങ്ങളിൽ അകപ്പെടുന്നതും അനുഭവത്തിലുണ്ട് . പലരും പറയാൻ മടിക്കുന്നൊരു സത്യം ഞങ്ങൾ കഥയിലൂടെ വിളിച്ചു പറഞ്ഞു എന്നേയുള്ളൂ. ഇതിലെ ശ്യാം എന്ന കഥാപാത്രം തന്നെ ചെറുപ്പത്തിന്റെ ആ ആവേശത്തിൽ അവിടെ പോകുകയും ചെയ്തു പിന്നെ വരുന്നൊരു ഫംഗൽ ബാധയിൽ പേടി തുടങ്ങുകയും ചെയുകയാണല്ലോ . പിന്നെ എയിഡ്സ് ആണോ എന്നപേടി..ആശുപത്രിയിൽ പോയാൽ അറിയാല്ലോ..പിന്നെ എല്ലാ ടെസ്റ്റുകളും ചെയ്യണം. ശ്യാമിന്റെ ആ ഒരു മാനസികാവസ്ഥയാണ് ആ മൂവിയിൽ ഉടനീളം. ജീവിതത്തിൽ റീടേക്കുകൾ ഇല്ല സൂക്ഷിച്ചാൽ നന്ന്… എന്ന മോഹൻലാലിന്റെ ആ പരസ്യവാചകം ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നെ മദ്യപാനവും ഇതിനൊക്കെ ഒരു കാരണമാണ് എന്ന് ചിത്രത്തിൽ പറയുന്നുണ്ട്. അതിന്റെ ആ ഒരു ലഹരി ആവേശത്തിൽ ചാടിക്കേറി പോയി പലതും സംഭവിക്കുന്നതാണ്. മദ്യലഹരിയിൽ എന്താണ് ചെയ്യുന്നതെന്ന് ഒരു പിടുത്തവും ഇല്ലല്ലോ. പിന്നെ മദ്യലഹരി ഒക്കെ വിട്ടുപോകുമ്പോൾ ആണ് നമ്മൾ ചിന്തിക്കുക.ഇത് അഞ്ചുദിവസത്തെ വർക്ക് ആണ് . പക്ഷെ നമ്മൾ അത്രമാത്രം കഷ്ടപ്പെട്ടാണ് ചെയ്തത്. അങ്ങനെ വലിയ എഫേർട്ട് എടുത്തു ചെയ്തതുകൊണ്ട് തന്നെ അതിന്റെ റിസൾട്ടും കിട്ടി. ഇത് കണ്ടിട്ട് നാലുപേർക്കെങ്കിലും നല്ല ചിന്ത വന്നാൽ അത്രയും നന്ന്.
vote for kumil
ആരോഗ്യവകുപ്പിൽ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു എന്ന് കേട്ടല്ലോ, എന്താണ് പറയാനുള്ളത് ?
അതെ..ഞങ്ങൾക്ക് ഈ ചിത്രത്തിന് ആരോഗ്യവകുപ്പിൽ നിന്നും നല്ലൊരു പിന്തുണ ലഭിച്ചിരുന്നു. അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർ ആയിരുന്നു അന്ന് ഈ മൂവി പ്രകാശനം ചെയ്തത്. ഇത് ഷൂട്ട് ചെയ്തത് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ ആണ്. അവിടത്തെ ഡോക്‌ടേഴ്‌സ് എല്ലാം കഥ കേട്ടു നല്ല ഇന്റെറസ്റ്റിംഗ് ആയിരുന്നു. അതിൽ അഭിയിച്ച നേഴ്സ് അവിടത്തെ ഹെഡ് നേഴ്‌സ് ആണ്. ഈ കഥയോടുള്ള താത്പര്യം കൊണ്ട് മാഡം ഒരു സീനിൽ അഭിനയിക്കാൻ തയ്യാറാകുകയായിരുന്നു. മാഡത്തിന് ഉച്ചവരെയെ ഡ്യൂട്ടി ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിങ്ങിനു വേണ്ടി വൈകുന്നേരം അഞ്ചുമണിവരെ വെയിറ്റ് ചെയ്തു.
കഥാപാത്രങ്ങളെ കണ്ടെത്തിയത് ?
കോമഡി ഉത്സവത്തിൽ ഉള്ള James devassy ആണ് പ്രധാനകഥാപാത്രമായ ശ്യാമിന്റെ വേഷം ചെയ്തത്. പുള്ളിയെ തന്നെയാണ് ഞങ്ങൾ ഉദ്ദേശിച്ചതും. എന്റെയും ഇതിന്റെ കഥയെഴുതിയ Janesh ചേട്ടന്റെയും മനസിൽ ജെയിംസ് തന്നെ ആയിരുന്നു. അങ്ങനെയാണ് ജെയിംസിലേക്ക് ഈ കഥ എത്തുന്നത്.
സംവിധാന താത്പര്യങ്ങൾ ?
ഞാൻ കുറെ ഷോർട്ട് ഫിലിം ഒക്കെ എഡിറ്റ് ചെയ്തിട്ടുണ്ട് എങ്കിലും ഞാൻ സംവിധാനം ചെയ്തൊരു മൂവി എനിക്ക് എഡിറ്റ് ചെയ്യാൻ സാധിച്ചില്ല എന്നതാണ് ഒരു

സങ്കടം. വൈഫ് പ്രഗ്നൻറ് ആയതുകൊണ്ടുള്ള ഹോസ്പിറ്റൽ തിരക്കുകൾ കാരണം ആണ് അത് സാധിക്കാത്തത്. എനിക്ക് സാധിക്കാത്തതുകൊണ്ടു എന്റെയൊരു സുഹൃത്ത് Jarshad ആണ് ഇത് എഡിറ്റ് ചെയ്തത് . സംവിധാനം ചെയ്യാനുണ്ടായ കാരണം, ഞാൻ മുകളിൽ പറഞ്ഞപോലെ ഒരുപാട് ഷോർട്ട് മൂവീസ് ഒക്കെ എഡിറ്റ് ചെയ്യാറുണ്ടായിരുന്നു. അപ്പോൾ തോന്നിയൊരു ആഗ്രഹമാണ്..ഒരു നല്ല വർക്ക് വന്നാൽ സംവിധാനം ചെയ്യണമെന്നു. സ്വന്തമായി ഒരു വർക്ക് ഡയറക്റ്റ് ചെയ്യണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു. രണ്ടുകൊല്ലം മുന്നേയുള്ള ആഗ്രഹമായിരുന്നു. അന്നേ തന്നെ ഈ കഥ Janesh ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. ഈ കഥ അങ്ങനെ മനസ്സിൽ ഉണ്ടായിരുന്നു. എന്നെകൊണ്ട് ഒരു പരസ്യം ചെയ്യാൻ ഒരു പ്രൊഡ്യൂസർ വന്നു … അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ജനേഷ് ചേട്ടനും അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ പ്രൊഡ്യൂസറോട് കഥ പറയുകയും പുള്ളിക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അത് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെയാണ് എന്റെ സംവിധാനത്തിൽ ഈ മൂവി ഉണ്ടാകുന്നതു.
ഈ മൂവി ഫെസ്റ്റിവൽസിൽ പോയിരുന്നോ ? അംഗീകാരങ്ങൾ ?
ഫെസ്റ്റിവൽസിൽ ആകെ ഒന്നിൽ മാത്രമേ അയച്ചുള്ളൂ. പിന്നെ കൊറോണ വന്നതുകാരണം അയക്കാനും കഴിഞ്ഞില്ല. പുരസ്‌കാരങ്ങൾ അങ്ങനെ ലഭിച്ചില്ല .കൂടുതൽ വേദികളിലേക്ക്..കൂടുതൽ ജനങ്ങളിലേക്ക് എത്തിപ്പെട്ടില്ല. അതാകാം കാരണം.
അടുത്ത പ്രോജക്റ്റുകൾ ?
നല്ലൊരു വർക്ക് വന്നാൽ തീർച്ചയായും ചെയ്യും. ഇനിയൊരു വർക്ക് ചെയുമ്പോൾ നല്ലൊരു തീം തന്നെ വേണമല്ലോ. ഇപ്പോൾ ചെയ്‌തതിനെക്കാൾ കൂടുതൽ മികച്ചതും ആകണം.
ഷോർട്ട് മൂവി ഉൾപ്പെടുന്ന കലയെ ഒരു കലാകാരൻ എന്ന നിലയിൽ എങ്ങനെ കാണുന്നു ?
നമ്മളൊരു വർക്ക് ചെയ്താൽ സമൂഹത്തിനു അതിൽ നിന്നും എന്തെങ്കിലും കിട്ടണം. അങ്ങനെ ഒരു സന്ദേശം എന്തെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ മനസിന് വല്ലാത്തൊരു തൃപ്തിയാണ്. കണ്ടവർ എല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. അതാണ് ഏറ്റവും വലിയൊരു അവാർഡ്. പലരും എന്നെ വിളിച്ചു. നല്ലൊരു വർക്ക് ആണ് എന്ന് പ്രശംസിച്ചു. ഇപ്പോൾ എല്ലാരും ഷോർട് ഫിലിം എടുക്കുന്നൊരു കാലമാണ്. ഒരു മൊബൈൽ ഉണ്ടെങ്കിൽ അതിൽ പോലും . ചിലതൊക്കെ തട്ടിക്കൂട്ടലാകും.. ചിലർ എന്തെങ്കിലുമൊക്കെ എടുത്തുവയ്ക്കും. ..അതുകൊണ്ടൊക്കെ തന്നെ ആൾക്കാർ ഷോർട്ട് മൂവി എന്ന് കേട്ടാൽ തന്നെ വെറുതെ കണ്ടങ്ങു ഒഴിവാക്കുന്ന അവസ്ഥയാണ്. അതൊക്കെ വച്ചുനോക്കിയാൽ വ്യത്യസ്തമായി ചെയ്യാൻ സാധിച്ചു എന്ന് ഞാൻ കരുതുന്നു. ആദ്യമായി തന്നെ നല്ലൊരു വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നതിൽ സംതൃപ്തി എനിക്കുണ്ട്.
എയ്‌ഡ്‌സ് ബാധിച്ചവരോടുള്ള അവഗണനയും പുച്ഛവും ആണ് രോഗത്തെക്കാൾ രോഗിയെ തളർത്തുന്നത് അല്ലെ ?
അതെ..അതിനു എന്തൊക്കെ തന്നെ വന്നാലും അതിൽ മാറ്റം വരുന്നില്ല. സർക്കാർ എന്തൊക്കെ ബോധവത്കരണം ചെയ്താലും ഒരു എയ്‌ഡ്‌സ് രോഗിയെ മോശമായി തന്നെയാണ് സമൂഹം കാണുക. രോഗിയുടെ കൂടെ ഇടപഴകാനോ അവർക്കൊപ്പം ഒരു പാത്രത്തിൽ ഭക്ഷണം പങ്കിടാനോ ആരും തയ്യാറാകില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. നമ്മൾ പലതും പറയുകയൊക്കെ ചെയ്യും.. അങ്ങനെ ചെയ്യാം..ഇങ്ങനെ ചെയ്യാം എന്നൊക്കെ … പക്ഷെ നമുക്കൊക്കെ ആ ഒരു പേടിയുണ്ട്.
***
കുമിൾ
Director | Jyo Pixel
Producer | Mohan Das
Writer | Janesh Karupara
Dop | Abhijith Abhilash
Editor | Jarshad
Music | Sushanth
Production Controller | Santhosh Nair
Chief Asso Dir | Vishnu Raj
Associate Director | Rahul K M
Makeup | Dinesh Calicut
Art | Nishal,Faizal
Still | Dinesh
Design | Abhi Govind
******