പരിചയത്തിലുള്ള ആരെങ്കിലും മരണശേഷം ബോഡി മെഡിക്കൽകോളേജിന് വിട്ടുകൊടുക്കുന്നതിനെപ്പറ്റി അന്വേഷിച്ചാൽ ഞാൻ നിരുത്സാഹപ്പെടുത്താറുണ്ട്, അതിനൊരു കാരണമുണ്ട്

  0
  152
  Kunjaali Kutty
  പരിചയത്തിലുള്ള ആരെങ്കിലും മരണശേഷം ബോഡി മെഡിക്കൽകോളേജിന് വിട്ടുകൊടുക്കുന്നതിനെപ്പറ്റി അന്വേഷിച്ചാൽ ഞാൻ നിരുത്സാഹപ്പെടുത്താറുണ്ട്. അതിന് കാരണം മെഡിക്കൽ കോളേജുകളിലെ അനാട്ടമി വിഭാഗങ്ങളിൽ മൃതശരീരങ്ങളോട് (കഡാവർ എന്ന് സാങ്കേതികഭാഷ) കാണിക്കുന്ന അനാദരവിന് സാക്ഷിയായിട്ടുള്ളത് കൊണ്ട് തന്നെ. മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന അറ്റൻഡർമാർ മുതൽ അദ്ധ്യാപകരും പിന്നെ ഇവരെയൊക്കെ കണ്ടു പഠിക്കുന്ന വിദ്യാർത്ഥികളുമൊക്കെ എങ്ങനെയാണ് മൃതദേഹങ്ങളോട് പെരുമാറുന്നതെന്ന് മെഡിക്കൽ കോളേജിൽ പഠിച്ചിട്ടുള്ളവർക്കറിയാം.
  ഒരിക്കൽ ജീവിച്ചിരുന്ന, തങ്ങളെപ്പോലെ തന്നെ വികാരവിചാരങ്ങൾ ഉണ്ടായിരുന്ന ഒരു മനുഷ്യന്റെ ഭൗതികദേഹമാണ് തങ്ങളുടെ മുൻപിലെന്നും ആ മനുഷ്യന് ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ടോ അല്ലെങ്കിൽ അയാളുടെയും അയാളുടെ വീട്ടുകാരുടെയും മഹാമനസ്കത കൊണ്ടോ ആണ് ആ ഭൗതികദേഹം തങ്ങൾക്ക് പഠിക്കാനായി ലഭ്യമായതെന്നും, ആ ഒരു ആദരവോടെ വേണം ആ ശരീരത്തിനോട് പെരുമാറേണ്ടതെന്നും ആരും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കാറുമില്ല. വിദ്യാർത്ഥികളുടെ പഠനം കഴിഞ്ഞ മൃതദേഹങ്ങൾ എങ്ങനെയാണ് ഡിസ്പോസ് ചെയ്യുന്നതെന്നും അന്വേഷിക്കേണ്ട കാര്യമാണ്.
  ഇതിപ്പോൾ പറയാൻ കാരണം, കഴിഞ്ഞയാഴ്‌ച അറിഞ്ഞൊരു കാര്യമാണ്. അകലെയുള്ളൊരു നഗരത്തിലെ യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിൽ പഠിക്കുന്ന മകൾ രണ്ടോ മൂന്നോ ആഴ്‌ച കൂടുമ്പോൾ വീക്കെൻഡിൽ വീട്ടിൽ വരാറുണ്ട്. കഴിഞ്ഞയാഴ്ച വരേണ്ടതായിരുന്നു. പക്ഷെ ഒരു ഫ്യൂണറലിന് പോകേണ്ടതുണ്ട്, അതിനാൽ വരുന്നില്ലെന്ന് ഫോൺ ചെയ്തു പറഞ്ഞു. ആരുടെ ഫ്യുണറൽ എന്ന് ചോദിച്ചപ്പോൾ, അവർ അനാട്ടമി പഠിച്ച മൃതശരീരത്തിന്റെ ഫ്യുണറൽ ആണത്രേ. യൂണിവേഴ്‌സിറ്റിയാണ് ഫ്യുണറൽ അറേഞ്ച് ചെയ്യുന്നത്. ആ ഭൗതികശരീരത്തിന്റെ ഉടമയായ വ്യക്തിയോടുള്ള ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്നതിനായി ആ ശരീരത്തിൽ പഠനം നടത്തിയ വിദ്യാർത്ഥികൾ ഫ്യുണറലിൽ പങ്കെടുക്കാൻ ശ്രമിക്കണമെന്ന് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് അറിയിപ്പ് കിട്ടി. അത് കൊണ്ട് വരാൻ പറ്റില്ലെന്നറിയിക്കാൻ വേണ്ടിയാണ് വിളിച്ചത്.
  ഫ്യുണറൽ കഴിഞ്ഞ ശേഷം വിളിച്ചപ്പോൾ വിവരങ്ങൾ അന്വേഷിച്ചു. എൻഎച്ച്എസിൽ തന്നെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു ആ ശരീരത്തിന്റെ ഉടമ. അവരുടെ ആഗ്രഹപ്രകാരമാണ് മരണശേഷം ബോഡി മെഡിക്കൽ സ്‌കൂളിന് ദാനം ചെയ്തത്. ഫ്യുണറലിന് അവരുടെ ബന്ധുക്കളായ ഒരഞ്ചാറു പേരെക്കൂടാതെ ആ ശരീരത്തിൽ പഠനം നടത്തിയ പന്ത്രണ്ടോളം കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണ ഒരു മരണം നടന്നു കഴിഞ്ഞാലുള്ള എല്ലാ ചടങ്ങുകളോടെയും ആണ് ഈ ഫ്യുണറലും നടന്നത്. ഫ്യുണറലിൽ പങ്കെടുത്തപ്പോൾ എന്ത് തോന്നി എന്ന് ചോദിച്ചപ്പോൾ അടുത്ത ഒരു ബന്ധുവിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തത് പോലെയാണ് ആ വിദ്യാർത്ഥികൾക്കെല്ലാം അനുഭവപ്പെട്ടതെന്നാണ് പറഞ്ഞത്.
  ഇത്തരം പ്രവൃത്തികൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ഒരു സന്ദേശമുണ്ട്. ജീവനോടെയായാലും മരണശേഷമായാലും മറ്റൊരു വ്യക്തിയെ അവരുടെ ഡിഗ്നിറ്റി കാത്തുസൂക്ഷിച്ചു, ആദരവോടെ വേണം ഇടപെടാനെന്ന വലിയൊരു സന്ദേശം. സ്വന്തം ശരീരവും ജീവനും വിശ്വാസത്തോടെ ഡോക്ടർമാരുടെ കയ്യിലേൽപ്പിക്കുന്ന രോഗികളോട് വിശ്വസ്തതയോടെയും റെസ്പെക്ടോടെയും പെരുമാറാനുള്ള പരിശീലനത്തിന്റെ ഒരു ഭാഗം കൂടിയാവാം ഇത്.
  പി എസ്: തിരുവനന്തപുരം മെഡി. കോളേജിൽ പഠനശേഷം മൃതദേഹങ്ങൾ രണ്ടു ഫാക്കൽട്ടിയുടെ മേൽനോട്ടത്തിൽ സംസ്കരിക്കുകയാണ് ചെയ്യുകയെന്ന് ഒരു ഫേസ് ബുക്ക് സുഹൃത്ത് വിശ്വസനീയമായ സോഴ്സിൽ അന്വേഷണം നടത്തി അറിയിച്ചു.