ലോക് ഡൌൺ : ഇന്ത്യ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങൾ

14

Kunjaali Kutty

ദ ഗ്രേറ്റ് ഇന്ത്യൻ ലോക്ക്ഡൗൺ

പോഷകാഹാരക്കുറവ് – പോഷകാഹാരക്കുറവനുഭവിക്കുന്ന ലോകത്തെ മൂന്നിലൊന്ന് കുട്ടികളും ഇന്ത്യയിലാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഏകദേശം 44% വും പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. അഞ്ചിലൊന്ന് പേർക്ക് വളർച്ചക്കുറവ് ഉണ്ട്, ഏകദേശം നാലരക്കോടി കുട്ടികൾക്ക്. 2019 സെപ്തംബറിൽ പുറത്തു വന്ന യുണിസെഫിന്റെ ഒരു റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ 67%ത്തിനും കാരണം പോഷകാഹാരക്കുറവാണെന്നാണ്.

മുതിർന്നവരുടെ കാര്യവും വ്യത്യസ്തമല്ല. പ്രത്യുൽപ്പാദന പ്രായത്തിലുള്ള സ്ത്രീകളിൽ 51% പേർക്ക് വിളർച്ചയുണ്ട്. ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (IFPRI) ഗ്ലോബൽ ഹംഗർ ഇൻഡക്സ് (GHI) പ്രകാരം ഇന്ത്യയുടെ സ്ഥാനം 117 രാഷ്ട്രങ്ങളിൽ വെച്ച് 102 മതാണ്. ഉത്തരകൊറിയക്കും സുഡാനും പിന്നിൽ. ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ സ്ഥാനം മൂന്നാമത്, മുന്നിലുള്ളത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും മാത്രം. ലോകത്തെ വിശന്നു ജീവിക്കുന്ന ആളുകളിൽ 25%വും ഇന്ത്യയിലാണ്.

ഇതൊരു വിഷ്യസ് സൈക്കിളാണ്. പോഷകാഹാരക്കുറവുള്ള അമ്മമാർ തൂക്കക്കുറവുള്ള ശിശുക്കളെ പ്രസവിക്കുന്നു. ഈ കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവും വിളർച്ചയും വളർച്ചക്കുറവും അനുഭവിച്ചു വളരുന്നു, കുറേപ്പേർ മരിക്കുന്നു, മരിക്കാതെ ബാക്കിയാവുന്നവർ അടുത്ത തലമുറയിലേക്ക് ഇത് കൈമാറുന്നു. ഗർഭാവസ്ഥയിൽ അമ്മയിൽ ഉണ്ടാകുന്ന പോഷകാഹാരക്കുറവ് കുഞ്ഞുങ്ങളിൽ കുറവായ രോഗപ്രതിരോധവും ശാരീരിക വളർച്ചക്കുറവും ബുദ്ധിവികാസക്കുറവും ഉണ്ടാക്കുമെന്ന് പഠനങ്ങൾ.

ഇന്ത്യയിൽ ഒരു വർഷം ഒന്നരലക്ഷം കുഞ്ഞുങ്ങൾ വയറിളക്ക രോഗങ്ങൾ മൂലം മരിക്കുന്നു. നാലരലക്ഷം ആളുകൾ ക്ഷയരോഗം (ടിബി) വന്നു മരിക്കുന്നു. ടിബിയുടെ ഒരു പ്രധാന കാരണം കുറയുന്ന ഇമ്മ്യൂണിറ്റി ആണ്. നാടുനീളെ ടിബി ഉണ്ട്, പക്ഷേ ആളുകൾക്ക് ടിബി ഒരസുഖമായി വരാൻ (ആക്ടിവേറ്റഡ് ആകാൻ) ഇമ്മ്യൂണിറ്റി കുറയണം. ഇന്ത്യയിൽ ഇതിനൊരു പ്രധാന കാരണം പോഷകാഹാരക്കുറവാണ്. പോഷകാഹാരക്കുറവും വിശപ്പുമുള്ള ജനത ആരോഗ്യസംവിധാനങ്ങൾക്കും രാജ്യത്തിന്റെ പ്രൊഡക്ടിവിറ്റിക്കും ഉണ്ടാക്കുന്ന ക്ഷതം കണക്ക്കൂട്ടിയാൽ ബില്യൺ കണക്കിന് ഡോളർ വരും. അനുഭവിക്കുന്നവരുടെ കഷ്ടപ്പാട് വേറെ, അതിന് നമ്മൾ വലിയ പ്രാധാന്യം അല്ലെങ്കിലും കൊടുക്കാറില്ലല്ലോ.

ലോക്ക്ഡൗൺ മുകളിൽ വിവരിച്ച പ്രശ്നങ്ങളെ ഏത് വിധത്തിലൊക്കെ വഷളാക്കാം എന്നൊന്നാലോചിച്ചു നോക്കൂ. ഇതിന്റെ ആഘാതം ഒന്നും രണ്ടും വർഷമല്ല രാജ്യം അനുഭവിക്കാൻ പോകുന്നത്. ഇതിന്റെ ഫലമായുണ്ടാകുന്ന പട്ടിണിയും അനാരോഗ്യവും അസുഖങ്ങളും മരണവുമെല്ലാം കാലങ്ങളോളം ഉണ്ടാവും. രാജ്യത്തിന് ഇതുണ്ടാക്കാൻ പോകുന്ന സാമ്പത്തികഭാരം ആലോചിക്കാൻ പറ്റാത്തതാവും. പക്ഷെ ഇത് മൂലമുള്ള മരണങ്ങൾ സ്കോർബോർഡിൽ കയറാത്തത് കൊണ്ട് കോവിഡിന്റെ കാര്യത്തിൽ നമുക്ക് നെഞ്ചുവിരിച്ചു നിൽക്കാം. സ്കോർബോർഡ് പെർഫെക്ട് ആയിരിക്കും. അമേരിക്കയെയും യൂറോപ്പിനെയും തോൽപ്പിച്ചേ എന്ന് ഡംഭ് കാണിക്കാം. സ്കോർബോർഡിന് പുറത്ത് മരിക്കുന്നവരെ നമ്മളോർക്കേണ്ട കാര്യമേയില്ല.

പട്ടിണിയും പോഷകാഹാരകുറവുമൊക്കെ പാവങ്ങളുടെ പ്രശ്നങ്ങളാണ്. ലോക്ക്ഡൗൺ വേണോ വേണ്ടയോ എന്നതൊക്കെ അപ്പർക്ളാസിന്റെയും മിഡിൽക്ലാസിന്റെയും ചർച്ചകളും തീരുമാനങ്ങളുമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളോട് ആരും ചോദിക്കുന്നില്ല അവരുടെ പ്രശ്നങ്ങൾ, അതിനുള്ള പരിഹാരങ്ങളും ആരും ആലോചിക്കുന്നില്ല. അപ്പർക്ലാസിനും മിഡിൽ ക്ലാസിനും ലോക്ക്ഡൗൺ ഇനിയൊരു നാലോ അഞ്ചോ മാസം നീട്ടിയാലും വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല, നീക്കിയിരിപ്പിൽ കുറച്ചു കുറവ് വന്നേക്കാമെന്നല്ലാതെ.

കോവിഡ് 19 നെ നേരിടുന്നതിൽ ലോക്ക്‌ഡൗൺ വേണോ വേണ്ടയോ, വേണമെങ്കിൽ തന്നെ എത്രത്തോളം നിയന്ത്രിതമായി വേണം എന്നൊക്കെ തീരുമാനിക്കാനുള്ള വിവരം എനിക്കില്ല. ലോകത്താർക്കും ഇത് കൺക്ലൂസീവായി പറയാനുള്ള വിവരമുണ്ടാകുമെന്നും കരുതുന്നില്ല. കാരണം നാല് മാസം പ്രായമായ ഈ രോഗം പലതരത്തിലാണ് ലോകത്തെ പലഭാഗങ്ങളിലും പെരുമാറുന്നതെന്നത് കൊണ്ട് തന്നെ. ഇതിനുള്ള കാരണവും ആർക്കുമറിയില്ല. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ എന്തെങ്കിലും രൂപം കിട്ടിയേക്കാം എന്നേ പറയാനാവൂ. പക്ഷെ ഒരു കാര്യമെനിക്ക് തീർച്ചയാണ്. ഈ ലോക്ക്ഡൗണിന്റെ പരിണിതഫലമായി ലക്ഷക്കണക്കിനാൾക്കാർ കൊടിയ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെടും. ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ മരിക്കും, ജനസമൂഹങ്ങൾ പട്ടിണിയിലേക്കും പോഷകാഹാരക്കുറവ് മൂലമുള്ള അനാരോഗ്യത്തിലേക്കും വീഴും.
And those who survive will be left to pick up the pieces.

Advertisements