വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ കാടു വെട്ടിക്കൊണ്ടിരിക്കുകയാണ് കുഞ്ഞാപ്പുവും പിതാവും. സ്വതവേ കര്‍ക്കശ സ്വഭാവക്കാരനും മക്കളോട് തുറന്നു സംസാരിക്കുകയും ഇടപഴകുകയും ചെയ്താല്‍ ബാപ്പ എന്ന നിലക്ക് ലഭിക്കേണ്ട ബഹുമാനവും സ്വന്തം നെലയും വെലയും നഷ്ടപ്പെടും എന്ന ചിന്താഗതിക്കാരനുമാണ് കുഞ്ഞാപ്പുവിന്റെ പിതാവ്. പത്തോ നൂറോ കൊടുത്തിട്ടെങ്കിലും അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കാണണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ നാട്ടുകാര്‍, പക്ഷെ ആ സൌഭാഗ്യം നാട്ടുകാര്‍ക്കുണ്ടായിട്ടില്ല. എപ്പോഴും അടക്കാകുണ്ടിലെ ആകാശം പോലെ മഴക്കാറ് മൂടിയ മുഖമായിരുന്നു അദ്ദേഹത്തിന്.
കുഞ്ഞാപ്പു നിശബ്ദനായി മുന്നേറുകയാണ്, മുന്നില്‍ കാണുന്ന ഓരോ കമ്മ്യൂണിസ്റ്റപ്പയും നിഷ്കരുണം വെട്ടി വീഴ്ത്തികൊണ്ടിരിക്കുന്നു. താഴത്തെ പ്ലാറ്റുഫോമില്‍ ബാപ്പയും നല്ല ഫോമില്‍ തന്നെ. ഇരുവര്‍ക്കുമിടയില്‍ ഒരു ശ്മശാന മൂകത ഉറഞ്ഞു കിടക്കുന്നുണ്ടെങ്കിലും കത്തി കമ്മ്യൂണിസ്റ്റപ്പയില് ചെന്നു പതിക്കുന്ന ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. കുഞ്ഞാപ്പു ബാപ്പാനോടോ, ബാപ്പ കുഞ്ഞാപ്പുവിനോടോ ഒന്നും തന്നെ ഉരിയാടുന്നില്ല. ഇരുവരേയും ശരിക്കറിയുന്ന നാട്ടുകാര്‍ക്ക് അതിലൊട്ട് അതിശയവുമില്ല. ഇരുവരുടെയും വെട്ടി വീഴ്ത്തല് കര്‍മ്മം മത്സരബുദ്ധിയോടെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പിന്നില്‍ നിന്നുള്ള വിളി കുഞ്ഞാപ്പു കേട്ടത്. “കുഞ്ഞാപ്പ്വോ…” തിരിഞ്ഞ് നോക്കുമ്പോള്‍ ബാപ്പയാണ്. വളരെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യമാകും, അല്ലെങ്കില്‍ ബാപ്പ ഇങ്ങനെ വിളിച്ച് ജോലി സമയം നഷ്ടപ്പെടുത്തില്ല. കുഞ്ഞാപ്പു എന്തേ എന്ന അര്‍ഥത്തില്‍ തലപൊക്കി നിവര്‍ന്നു നിന്നു. ബാപ്പ പതിവില്‍ കവിഞ്ഞ സൌമ്യതയോടെ “ ഞമ്മക്കൊരു പെണ്ണിനെ വേണ്ടീര്ന്നല്ലോ…” ബാപ്പാന്റെ സംസാരം കേട്ട കുഞ്ഞാപ്പുവിന്റെ മനസ്സില്‍ ഒരായിരം കമ്പിത്തിരികള്‍ ഒന്നിച്ചു കത്തി, രണ്ടായിരം അമിട്ടുകള്‍ ഇടതടവില്ലാതെ പൊട്ടി. സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യേ എന്നു പറഞ്ഞ് തുള്ളിച്ചാടാന്‍ തോന്നിയെങ്കിലും ബാപ്പാനെ ശരിക്കറിയാവൂന്നതുകൊണ്ട് മനസ്സില്‍ ചെറുതായൊന്നു ചാടി സന്തോഷം പ്രകടിപ്പിച്ചു. പ്ത്തൊമ്പത് – ഇരുപത് വയസ്സെ കുഞ്ഞാപ്പുവിനായിട്ടൊള്ളുവെങ്കിലും, വീട്ടില്‍ വല്ല്യുമ്മയും അമ്മായിയും ഒക്കെ ഒരുമിച്ച് കൂടുമ്പോള്‍ പല നാട്ടു വര്‍ത്തമാനങ്ങളും പറയുന്നതിനിടക്ക് തന്റെ ‘പെണ്ണ്കെട്ടല്‍’ വിഷയവും സംസാരിക്കുന്നത് കുഞ്ഞാപ്പു ഉള്കുളിരോടെ കേട്ടിരിക്കാറുണ്ട്. അതിനെ അടിസ്ഥാനമാക്കി ഒരുപാട് പകല്‍ കിനാവും രാത്രി കിനാവും പുലര്‍ച്ച കിനാവുമൊക്കെ കണ്ടിട്ടുണ്ട്. ഭാവി നാരിയെക്കുറിച്ച് ഒരുപാട് സങ്കല്പങ്ങളും മനസ്സില്‍ നെയ്ത്കൂട്ടിയിട്ടുണ്ട്. പെണ്ണ്കാണല്‍ ചടങ്ങില്‍ നാണിച്ച് മുഖം താഴ്ത്തി കാല് വിരല്‍ കൊണ്ട് നിലത്ത് ചിത്രം വരച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയോട് ചോദിക്കേണ്ട പല കാര്യങ്ങളും മനസ്സില്‍ ഓരുപാടാവര്ത്തി ചോദിച്ചിട്ടുണ്ട്.
….എന്നാലും ബാപ്പ… അതും തന്റെ ബാപ്പ… അതും തന്നോട് നേരിട്ടിങ്ങനെ കല്ല്യാണക്കാര്യം സംസാരിക്കുമെന്ന് താന്‍ പലപ്പോഴായി കണ്ട സ്വപ്നത്തില്‍ പോലും കരുതിയതല്ല… നിമിഷങ്ങള്‍ക്കുള്ളില്‍ ഇങ്ങനെ ഒരുപാട് ചിന്തകള്‍ കുഞ്ഞാപ്പുവിന്റെ മനസ്സില്‍ പൊട്ടിക്കൊണ്ടിരിക്കുന്ന അമിട്ടുകള്‍ക്കും കത്തിക്കൊണ്ടിരിക്കുന്ന കമ്പിത്തിരികള്ക്കുമിടയിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു… തന്റെ ബാപ്പ വല്ലാത്തൊരു ബാപ്പ തന്നെ… ബാപ്പ ആരാ മോന്… ബാപ്പാനെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്താലൊ എന്നൊക്കെ ആലോചിച്ചെങ്കിലും തന്റെ സ്വന്തം ബാപ്പയായതുകൊണ്ടും ബാപ്പാനെ ശരിക്കറിയാവുന്നതുകൊണ്ടും വേണ്ടെന്നു വെച്ചു. ബാപ്പ എവിടെയങ്കിലും പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ടോ ആവോ… ബാപ്പാന്റെ അടുത്ത ഡയലോഗിനായി പുതുമണവാളന്റെ നാണത്തോടെ കുഞ്ഞാപ്പു തലകുനിച്ച് നിന്നു.
ഇമ്പമാര്‍ന്ന ചിന്തകളാല്‍ കുളിരു കോരുന്ന മനസ്സിലേക്ക് തിളച്ചുമറിയുന്ന ചുടുവെള്ളമൊഴിക്കുന്നതുപോലെയാണ് ബാപ്പാന്റെ അടുത്ത ഡയലോഗ് കുഞ്ഞാപ്പു കേട്ടത്. “ഞമ്മക്ക് ഈ റബ്ബറിന്റെ മൊരട്ടുള്ള പുല്ലൊക്കെയൊന്നു ചെത്തിക്കണം… പിന്നെ കൊറച്ച് വളപ്പൊടീം ഇടണം പണിക്ക് പോണ പെണ്ണുങ്ങളൊക്കെ ഇപ്പൊ വല്ല്യ തെരക്കിലാ… ആരെയാപ്പൊ ഞമ്മളെ പണിക്ക് കിട്ട്വാ…” ബാപ്പ പറഞ്ഞത് മുഴുവന്‍ കുഞ്ഞാപ്പു കേട്ടില്ല. മനസ്സില്‍ സന്തോഷത്താല്‍ പൊട്ടിക്കൊണ്ടിരിക്കുന്ന അമിട്ടുകള്ക്കിടയിലേക്ക് കൂറ്റന്‍ പേമാരി പെയ്തിറങ്ങി എല്ലാം നനഞ്ഞതുപോലെയാണു കുഞ്ഞാപ്പുവിനു തോന്നിയത്. സങ്കല്പത്തിലെ പുതുമണവാട്ടിയുടെ മുഖം മനസ്സില്‍ നിന്നും മാഞ്ഞുപോയി പകരം നാട്ടിലെ പണിക്കാരികളായ പെണ്ണുങ്ങളുടെ രൂപം തെളിഞ്ഞ് വരാന്‍ തുടങ്ങി. കൂലിപ്പണിക്ക് പെണ്ണുങ്ങളെ കിട്ടാനുള്ള പ്രയാസത്തെ കുറിച്ചും വര്‍ദ്ധിച്ച കൂലിയെപ്പറ്റിയുമൊക്കെ ബാപ്പ പറഞ്ഞുകൊണ്ടിരിക്കുന്നത് കുഞ്ഞാപ്പു കേട്ടില്ല. മങ്ങിയ കാഴ്ചയിലും നിവര്‍ന്നു നില്ക്കുന്ന കമ്മ്യൂണിസ്റ്റപ്പകളെ കുഞ്ഞാപ്പു കണ്ടു… കത്തിയെടുത്ത് ആഞ്ഞു വെട്ടി.. വീണ്ടും… വീണ്ടും…!!!