കുറ്റിപ്പുറം ബസ് സ്റ്റാന്റിലെ തിരക്കിനിടയിലൂടെ നടക്കുമ്പോള്‍ കുഞായിശു ആകെ നട്ടം തിരിഞ്ഞു. തൃശൂര്‍ , ഗുരുവായൂര്‍ , കോഴിക്കാടന്‍ ബസ്സുകള്‍ വന്നു ആളെ വിളിച്ചു പകുതി കയറ്റിയും, പകുതി തൂക്കിയുമെടുത്തു സ്ഥലം വിടുമ്പോള്‍ കുഞായിശു അങ്ങനെ അന്തം വിട്ടു നിന്നു.. ‘ന്റെ റബ്ബേ..’ ന്നൊരു വിളിയായിരുന്നു പിന്നെ..

‘വാഴക്കൊല കൊണ്ടോകുണ പോലെണല്ലോ പടച്ചോനെ ഓല് ബസ്സില് ആള്‍ക്കാരെ കൊണ്ടോണതു..’ കുഞായിശു തൊട്ടടുത്തു നില്‍ക്കുന്ന സ്കൂള്‍ കുട്ടികളോടായി പറഞ്ഞു.

ബസ്സുകള്‍ കുറെ വന്നു പോകുന്നു എന്നല്ലാതെ തനിക്കു യാത്ര ചെയ്യാനുള്ള ബസ്സിനെ കുറിച്ച് കുഞായിശുവിനു യാതൊരു വിവരവുമില്ല, കൂറ്റനാട് വഴി പോകുന്ന ബസ്സാണോ എന്ന് നോക്കാന്‍ വായിക്കാനും അറിയില്ല, സൂപ്പര്‍ ഫാസ്റ്റിലും, ലിമിറ്റഡിലും ഒക്കെ കയറാന്‍ ചെന്നാല്‍ കിളികള്‍ എങ്ങോട്ടാന്നു ചോദിക്കും, കൂറ്റനാട്ടുക്കാണ് എന്ന് കുഞായിശു പറയുമ്പോഴേക്കും കിളി ഡോറടച്ചു ബസ്സ് പറന്നിട്ടുണ്ടാവും.

‘ആകെ കൊയങ്ങിന്റെ മക്കളെ..നേരം മൈപ്പാകാനായി, ബാങ്ക് കൊടുക്ക്നെയ്ന്റെ മുമ്പ് ഇന്‍ക്ക്‌ ഇന്റെ പെരീക്കു എത്തണം കൂറ്റനാട്ടുക്ക് ബസ്സ്‌ ഇപ്പം ബര്വോ ..കുഞായിശു ദയനീയമായി കുട്ടികളോടായി ചോദിച്ചു..

‘ഹാ താത്ത ആ ചട്ടിപ്പീട്യെന്റെ അടുതുക്ക് നിന്നോളീ …’ സ്കൂള്‍ കുട്ടികളില്‍ ആരോ അങ്ങനെ പറഞ്ഞതും കുഞായിശു ധൃതിയില്‍ ചട്ടിപ്പീടികയുടെ അടുത്തേക്ക് നടന്നു.
കൂറ്റനാട് വഴി പട്ടാമ്പിയിലേക്ക്‌ പോകുന്ന ബസ്സ് കുറ്റിപ്പുറം ബസ്സ്‌ സ്റ്റാണ്ടിലേക്കു തിരിച്ചതും വന്നു നിന്നതും ഒപ്പമായിരുന്നു.

‘ഹേയ് താത്ത ങ്ങക്ക് പോകാന്ള്ള ബസ്സാണ് ആ വന്നക്ക്ണതു..പിന്നെ വേറെ ബസ്സില്ല്യട്ടോ..’

കുട്ടികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ബസ്സില്‍ കയറാനുള്ള തത്രപ്പാടില്‍ കുഞായിശു കയ്യിലുള്ള സഞ്ചിയും തൂക്കി വേഗം ബസ്സിനടുത്തെക്കു നടന്നു, പെട്ടന്നായിരുന്നു അത്.. സഞ്ചി ആഞ്ഞു വീശി ധൃതിയിലുള്ള നടത്തത്തിനിടയില്‍ കുഞായിശുവിന്റെ സഞ്ചിയില്‍ തട്ടി ചട്ടിപ്പീടികയിലെ അഞ്ചു ചട്ടികള്‍ വീണു, തത്സമയം തവിടു പൊടിയുമായി, എന്താ ചെയ്യാന്ന് അറിയാതെ കുഞായിശു തരിച്ചു പോയി.. ചട്ടികള്‍ വീണുടയുന്ന ശബ്ദം കേട്ട പാടെ കടയുടെ ഉള്ളില്‍ നിന്നും കടയുടമ മാന്വോക്ക ഓടി വന്നു…

‘ഹാ താത്ത ഒരു ചട്ടിക്കു ഇരുപതു ഉറുപ്പ്യ ബെച്ചു അഞ്ചെണ്ണത്തിനു നൂറുറുപ്യ കൊടുത്തുട്ടു പോയാ മതി’

ബസ്റ്റാന്റില്‍ ആളുകള്‍ വഴി നടക്കുന്ന സ്ഥലത്തേക്ക് ചട്ടി നിരത്തി വെച്ചത് തന്നെ മാന്വോക്കയുടെ ഒരു സ്ഥിരം നംബറായിരുന്നു, ചട്ടിക്കൊന്നും ഇപ്പോള്‍ വേണ്ടത്ര ആവശ്യക്കാരില്ലാതായതോടെ മന്വോക്ക തുടങ്ങിയ ഒരുഗ്രന്‍ സൂത്രപ്പണി. എന്നും അഞ്ചോ പത്തോ പേര് ഇങ്ങനെ ബസ്സ് കാത്തു നിന്നും, ഓടിയും, ചാടിയും ചട്ടി പൊട്ടിച്ചു പോകും.. അതാണ്‌ മാന്വോക്കയുടെ കച്ചോടം..

അന്ന് കുഞായിശുവിന്റെ ദിവസമായിരുന്നു.. മാന്വോക്ക വന്നു കുഞായിശുവിനോട് തര്‍ക്കിക്കാന്‍ തുടങ്ങിയതോടെ തൊട്ടടുത്ത കടകളില്‍ നിന്നും മറ്റും ആളുകള്‍ ഓടിക്കൂടി,

‘ഹാ താത്താന്റെ കയ്യില്‍ നൂറു ഉറുപ്യ ഒന്നും ഉണ്ടാകൂല ജ്ജ് ഒന്ന് താത്തിപുടിക്കിന്റെ മാന്വോ.. താത്താ ങ്ങള് ഒരയ്മ്പത് ഉറുപ്യ കൊടുത്തെക്കി..’ എപ്പോഴും മധ്യസ്ഥനായി വന്നു സംഗതി ഒപ്പിക്കുന്ന തൊട്ടടുത്ത കടക്കാരന്‍ കുഞ്ഞാലിയുടെ വാക്കില്‍ കുഞായിശു വീണു.. പിന്നെ തര്‍ക്കത്തിനൊന്നും നിന്നില്ല, ബസ്സ് പോയാല്‍ പിന്നെ വേറെ ബസ്സില്ല്യാന്നാ കുട്ട്യേള് പറഞ്ഞത്, തന്റെ അരഞ്ഞാണത്തിനുള്ളില്‍ തിരുകിയ പാക്കെട്ടില്‍ നിന്നും അയ്മ്പത് ഉറുപ്യ എടുത്തു കുഞായിശു മന്വോക്കയുടെ നേര്‍ക്ക്‌ നീട്ടി..

‘പിന്നെ ഇജ്ജു ഈ ചട്ടീം പീട്യേം ബേണെങ്കില്‍ കൊറച്ചും കൂടി റോട്ട്മ്മക്ക് എറക്കി ബെച്ചോ, അനക്ക് ഞും കച്ചോടം കിട്ടും..’മാന്വോക്കയോടായി പിറ് പിറുത്തു കൊണ്ട് കുഞായിശു നടന്നു.

കൂറ്റനാട് വഴി പട്ടാമ്പി..കൂറ്റനാട് വഴി പട്ടാമ്പി…കിളി ഉച്ചത്തില്‍ വിളിക്കുന്നത്‌ കേട്ടതോടെ കുഞായിശു ഓടി; ബസ്സില്‍ കേറാന്‍..
ബസ്സിന്റെ ഫുട് ബോര്‍ഡില്‍ കാലെടുത്തു വെക്കുമ്പോള്‍ കിളിയുടെ ചോദ്യം ‘താത്ത എങ്ങട്ടുക്ക്വോ.. ‘ കുഞായിശുവിനു അരിശം കൂടി ,
‘എടാ ഇത് അബൂദാബീക്കൊന്നും പോകൂലല്ലോ, ഏറി ബന്നാല്‍ പട്ടാമ്പി ബരേ ല്ലേ..ജ്ജ് ഞമ്മളെ കൂറ്റനാട് എറക്കി തന്നാല്‍ മതി.’
മാന്വോക്കയോടുള്ള അരിശം കുഞായിശു ആ കിളിയോട് തീര്‍ത്തു.

ബസ്സ്‌ നീങ്ങാന്‍ തുടങ്ങി..നേരം ഇരുട്ട് മൂടുന്നുണ്ട്‌..കുഞായിശുവിനു ബേജാര് കൂടുകയാണ്. കുഞായിശുവിന്റെ നേര്‍ക്ക്‌ ചൂണ്ടി കിളി പിറകിലെ കിളിയോട് ഒറ്റക്കയ്യില്‍ എന്തോ ആംഗ്യം കാണിക്കുന്നു. ‘ഒരൊന്നൊന്നര’ സാധനമായി തന്നെ പിറകിലേക്ക് ചൂണ്ടിക്കാട്ടുന്ന പോലെയാണ് കുഞായിശുവിനു തോന്നിയത്. യാത്രക്കാര്‍ ഇറങ്ങുന്ന സ്ഥലം നോട്ടു ചെയ്യുന്നതിന് ബസ്സിലെ കിളികള്‍ പിറകിലെ കിളിയോട് സാധാരണ ഇങ്ങനെ കൈ കൊണ്ട് പലതും കാണിക്കാറുണ്ട്. കുഞായിശുവിനു ദേഷ്യം കൂടി വന്നെങ്കിലും..’പണ്ടാരപ്പഹയാ അനക്കൊന്നും ഉമ്മിം പെങ്ങളോന്നൂല്ല്യെ ‘ന്നു കുഞായിശു മനസ്സില്‍ പിറ് പിറുത്തു. ഇഞ്ഞു എന്തെങ്കിലും ഉണ്ടായാല്‍ ഇതും കൂടി കൂട്ടി കൊടുക്കാം എന്ന് കരുതി അപ്പോഴത്തേക്കു ക്ഷമിച്ചു.

ബസ്സ് നല്ല വേഗതയില്‍ കുതിക്കുകയാണ്.. ഓരോ സ്റ്റോപ്പ് എത്തുന്നതിനും മുമ്പ് തന്നെ അതാതു സ്റ്റോപ്പില്‍ ഇറങ്ങാനുള്ളവരെ കിളി വിളിക്കുന്നുണ്ട്..
അടുത്ത രണ്ടു സ്റ്റോപ് കഴിഞ്ഞാല്‍ പിന്നെ കൂറ്റനാട് എത്തും,
മഗ്രിബ് ബാങ്ക് കൊടുക്കുന്നെയുള്ളൂ, കുഞായിശു സമാധാനിച്ചു,

‘ഹാ കൂറ്റനാട് കേര്യെ താത്താ എണീറ്റൊളി..’ കിളി ഉച്ചത്തില്‍ വിളിക്കാന്‍ തുടങ്ങി..
സ്റ്റോപ് എത്തിയിട്ട് എഴുന്നേല്‍ക്കാമെന്നു കരുതിയ കുഞായിശു സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കിളി വീണ്ടും വിളിച്ചു..

‘കൂറ്റനാട് കേര്യ താത്താ ങ്ങട്ട് പോരിങ്ങള്..’ കുഞായിശുവിനു ക്ഷമ കെട്ടു,
കൂറ്റനാട് സ്റ്റോപ്പില്‍ ബസ്സ്‌ നിറുത്തിയ പാടെ ബസ്സില്‍ നിന്നിറങ്ങി,
കുഞായിശു ഉച്ചത്തില്‍ കിളിയോടായി പറഞ്ഞു ‘അന്റെ മ്മാനെ ആണെടാ കൂറ്റനാട് കേര്യേതു..’

ബസ്സിലെ മറ്റു യാത്രക്കാര്‍ ഇത് കേട്ട് ഉച്ചത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു.

You May Also Like

പഞ്ചവടിപ്പാലം പോലൊരു രംഗം അങ്ങ് ചൈനയിലും; നൂറുകണക്കിന് ആളുകള്‍ കയറിയ പാലം താഴോട്ട്

ചൈനയിലെ ജിയാക്സി പ്രവിശ്യയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം അരങ്ങേറിയത്. പാലം രാവിലെ തുറന്നതോടെ ഗേറ്റില്‍ കാത്തുനിന്ന നൂറുകണക്കിന് ജനങ്ങള്‍ ഒരുമിച്ച് അക്കരെ കടക്കാന്‍ നോക്കിയതാണ് പണിയായത്. ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്‌. പത്തു പേരോളം വിവിധ ആശുപത്രികളില്‍ ആയി ഉണ്ടത്രേ.

എന്ത് മനുഷ്യനാണ് സാർ താങ്കൾ ?

എന്തിനാണ് സാർ താനിയാവർത്തനത്തിലെ ബാലൻ മാഷിനെ ഭ്രാന്തനായി മുദ്രകുത്തി സ്വന്തം അമ്മയുടെ കൈകൊണ്ട് വിഷം നൽകി കൊല്ലിച്ചത്? എന്തിനാണ് സേതുമാധവന്റെയും അച്ചുതൻ

പറക്കുവാന്‍ മറന്ന്..

ഇന്നലെ മൂവന്തിനേരത്ത് നിലം പഴുത്ത് സ്വര്‍ണ്ണവര്ണ്ണമായി കിടക്കുന്നത് കണ്ടപ്പോഴേ കരുതിയതാ,,മാനത്തിന്‍റെ മനസ്സ് കലങ്ങിയിട്ടുണ്ട്,, കണ്ണുനീര്‍ ഇറ്റുവീഴാന്‍…

രാപ്പൂക്കള്‍ പറയാതെ പോയത് !

കുലം കുത്തിയെ കുത്തിയതില്‍ പങ്കില്ല. ഔദ്യോഗിക ചുകപ്പിന്റെ ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങി ദഹിച്ചപ്പോ വിശുദ്ധ ക്രൂരത . ഒരു പോര്‍ക്കാലം വീണ്ടും ഉണരുമ്പോള്‍ ജനകീയ നായകനും പ്രസ്ഥാന നായകനും വിപ്ലവ സ്വപ്നങ്ങളുടെ ചോരവീണ മണ്ണില്‍ കൊമ്പുകോര്‍ക്കുന്നു.