കുഞ്ഞുലക്ഷ്മിയോട് പറയാനുള്ളത്

231

കൃഷ്ണൻ ബാലേന്ദ്രന്റ ഹുദയസ്പര്ശിയായ എഴുത്ത്‌

കുഞ്ഞുലക്ഷ്മിയോട് പറയാനുള്ളത്.

എനിക്കും പാറൂനും കൂടി ഒരു മകനാണുള്ളത്. കുറച്ച് നാൾക്ക് മുന്പ്, കൃത്യമായി പറഞ്ഞാൽ പാർലമെന്റ് ഇലക്ഷന്റെ റിസൽട്ട് വരുന്നതിന്റെ തൊട്ട് തലേന്ന് പെട്ടെന്ന് പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെയാണ് അവൻ പറഞ്ഞ് വച്ചത്. അമ്മാ…I don’t see any future for me in this country. Its fast becoming a sick state. I don’t see myself here in the near future. I want to leave.

ഞാൻ ഒന്നും പറഞ്ഞില്ല. അവനെ തിരുത്താനും പോയില്ല. പണ്ടേ രാജ്യഭക്തിയും ദേശസ്നേഹവും എനിക്കിച്ചിരി കുറവാണ്. ഡോക്ടർമാർ തമ്മിലുണ്ടാവണമെന്നും ഉണ്ടാകുമെന്നും പൊതുവേ കരുതപ്പെടുന്ന സഹോദരത്വ വികാരം പോലും തീരെ കുറവാണ്. വല്യ ബോണ്ടിങ്ങൊന്നും അധികം ആരോടുമില്ലെന്ന് തന്നെ പറയാം.അത് കൊണ്ട് തന്നെ അവനെങ്ങനെ പറഞ്ഞപ്പോൾ മകൻ പിരിഞ്ഞ് പോകുന്നതിലൊന്നും എനിക്ക് വല്യ വിഷമമൊന്നും തോന്നിയില്ല. ലോകത്ത് എവിടെ വേണേലും പോയി ജീവിക്കട്ടെ. കൊള്ളാവുന്ന വല്ലിടത്തുമാണെങ്കിൽ അങ്ങോട്ട് ഒരു ട്രിപ് പോകാല്ലോന്ന് വിചാരിച്ചു. അത്ര തന്നെ.ഞാനുങ്കൂടി ജിവിക്കുന്ന സമൂഹത്തേക്കുറിച്ചാണ് അവനെങ്ങനെ പറഞ്ഞെങ്കിലും അന്നേരം അതിനേക്കുറിച്ച് വലുതായിട്ട് ചിന്തിക്കാനും പോയില്ല.

എന്നാലും തൊഴിൽ മേഖല ഫോറെൻസിക്ക് മെഡിസിനായത് കൊണ്ടും ജോലി സ്ഥലം മോർച്ചറിയായത് കൊണ്ടും, അവിടെ എന്റെ ടേബിളിൽ കിടന്ന് എന്നോട് സംസാരിച്ചിടപഴകുന്നവർ സത്യം മാത്രം പറയുന്നവരുമായത് കൊണ്ടും ഈ സംഭാഷണങ്ങള്‍ ഞാൻ ജീവിക്കുന്ന സമൂഹത്തിന് നേർക്ക് നിർദാക്ഷണ്യം പിടിച്ച കണ്ണാടികളാകും.എലൂഫായി കഴിയുന്നത് വല്യ പാടാണ്.

എന്നാലും അവൻ പറയുന്നതിലും കാര്യമുണ്ട്.
ഹി ഹാസ് എ പോയിന്റ്.

പറഞ്ഞല്ലോ.എനിക്ക് ഒരു മകനാണ്.ഒരു കുട്ടി മാത്രം മതി എന്നത് ഞങ്ങളുടെ രണ്ട് പേരുടേയും തീരുമാനമായിരുന്നു.പാറു ഗർഭിണിയാവുന്നതിനുമൊക്കെ മുമ്പ് തന്നെ, പ്രണയം കൊടുമ്പിരി കൊണ്ടിരുന്നപ്പോഴേ മനസ്സിൽ തീരുമാനിച്ചിരുന്നതാണ് കുഞ്ഞുലക്ഷ്മിയുടെ കാര്യം. ഒരു മകളുണ്ടാവണമെന്നും അവളുടെ പേര് ലക്ഷ്മി എന്നിടണമെന്നും. നടന്നില്ല. കുഞ്ഞുലക്ഷ്മി അങ്ങനെ പിറക്കാതെ പൊയ മകളായി.. ജീവിത തിരക്കും കാലവുമൊക്കെ അവളെ ചിന്തകളിൽ നിന്നും മൊത്തത്തിൽ മായ്ച്ചു കളയുകയും ചെയ്തു. (തിരുത്ത്-ഏതാണ്ട് മൊത്തത്തിൽ).

Image may contain: one or more people, ocean, sky, twilight, cloud, outdoor, water and natureമെഡിക്കൽ ഫോറെൻസിക്ക്സിന്റെ പ്രധാന പരിപാടി മരണത്തേക്കുറിച്ചുള്ള അന്വേഷണങ്ങളാണെങ്കിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളുടെ ഗുണഭോക്താക്കൾ സമൂഹത്തിലവശേഷിക്കുന്ന ജീവിച്ചിരിക്കുന്നവരാണ്. മരിച്ചവർക്ക് നീതി എന്നൊക്കെ നമ്മളിങ്ങനെ നെഞ്ചത്തടിച്ച് അലറുമെങ്കിലും കൂവി വിളിക്കുന്ന നമുക്കറിയാം മരിച്ചവർക്കിനി ഇവിടെ ഒരു കാര്യവുമില്ലെന്ന്. പറയുന്ന നാവുകളുടെ ഒരു സുഖത്തിനപ്പുറം ആ പറച്ചിലിനെത്രത്തോളം സത്യസന്ധതയും ആത്മാർതഥതയുമുണ്ടെന്ന് പറയുന്നവർ തീരുമാനിച്ചോട്ടേ. ഞാനില്ല.

പണ്ടൊരു കോടതി ഡ്യൂട്ടി കഴിഞ്ഞ് attendance certificateനായിട്ട് കാത്ത് നിന്ന സമയം പ്രോസിക്യൂട്ടറും പ്രതിഭാഗം വക്കീലുമാരുമായി ഒരു സൗഹൃദ സംഭാഷണം നടന്നു. എല്ലാവരും ഹാപ്പിയായിരുന്നു. മരണകാരണത്തിന്റെ വളരെ കേവലമായ ഏതോ ഒരു സാങ്കേതികത്വത്തിലായിരുന്നു വിസ്താരസമയത്തെ ധിഷണാവിലാസമുള്ള പ്രൊഫഷണൽ വടംവലി. രണ്ട് പേർക്കും അവരവരുടെ റോളുകൾ ഫലപ്രദമായി നിറവേറ്റി പൂർത്തിയാക്കിയ ആത്മസംതൃപ്തി. മേമ്പൊടിയായി ഇത്തിരി നർമ്മവും. നർമ്മബോധം കുറവാണെന്ന ഒരു അപവാദം ഞാനിത് വരെ ആരും എന്നേക്കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല. കണ്ട് കണ്ട് ശീലിച്ചത് കൊണ്ടാവണം മരണത്തേപ്പോലും ഇത്തിരി നർമ്മത്തോടെയാണ് കണ്ടിട്ടുള്ളത്. എന്നാലും എനിക്കിതുവരെ ഞാൻ ചെയ്ത ഒരു പോസ്റ്റ്‌മോര്‍ട്ടത്തിലും നർമ്മം കണ്ടെത്താനായിട്ടില്ല. അത് കൊണ്ടുതന്നെ ഈ സെൽഫ് കൺഗ്രാചുലേറ്ററി നർമ്മസംഭാഷണത്തിന് തീരെ politically correct അല്ലാത്ത ഒരു വർത്തമാനം പറഞ്ഞ് ഞാനവിടുന്ന് പിരിഞ്ഞു.

“ഐം സോറി. ഐ ഡോന്റ് ഫൈന്റ ദിസ് അമ്യുസിങ്ങ് അറ്റോൾ. നോക്കൂ… ഒരാൾ മരിച്ച് പോയത് കൊണ്ടാണ് നമ്മളീ സംസാരിക്കുന്നത്. അതിൽ പ്രഫഷണലായി മാത്രമാണ് നമ്മളെല്ലാവരും ഇടപെട്ടതെങ്കിലും എനിക്കതിൽ ഒരു പ്രത്യേകതയുണ്ട്. ഞാൻ മാത്രമേ മരണശേഷം അവളെ ആശ്വസിപ്പിച്ചതൊള്ളു. എന്റെ കൈകളിൽ മാത്രമാണ്… ഞാൻ മാത്രമാണ് മരിച്ച്മരവിച്ചതണുത്ത അവളുടെ വിരലുകൾ തലോടിയിട്ടുള്ളത്…തണുത്ത് പോയെങ്കിലും എന്റെ കൈകളേ മാത്രമാണ് അവളുടെ രക്തം നനച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ എനിക്ക് ചിരിക്കാൻ കഴിയുന്നില്ല. ഒന്നോർത്താൽ ഇങ്ങനൊന്നും വേണ്ടതില്ല. പക്ഷെ ഐ കാന്റ് ബി ഹ്യുമറസ് ഹിയർ. Pardon”.

മരിച്ചവർക്ക് ഇനിയൊന്നും ജീവിച്ചിരിക്കുന്ന നമ്മിൽ നിന്നു കിട്ടാനില്ല. ഇനി അങ്ങോട്ടെന്തിങ്കിലും കൊടുക്കാനാണെങ്കിൽ, അത് നീതിയാണെങ്കിൽ അതുൾപ്പടെ, സ്വീകരിക്കാൻ അവർക്കിത്തിരി അസൗകര്യം കാണും. Absence is not convenient, you see. അത് കൊണ്ട് നീതിയും വിധിയും ന്യായവുമൊക്കെ നമ്മൾ ജീവിച്ചിരിക്കുന്നവർക്ക് സംസാരിക്കാം. മരിച്ചവരേ അങ്ങ് വിടൂ. എവിടേലും പോകട്ടെ. എവിടെങ്കിലും പോയി സന്തോഷമായിട്ടിരിക്കട്ടെ. എന്നായാലും ഒരു ദിവസം നമ്മളെല്ലാം പോകുമല്ലോ ആ സോളോ ട്രിപ്പ്. അത്ര തന്നെ.

പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്നവരിൽ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് കുഞ്ഞി കുട്ടികളാണ്. അതിന് എല്ലാവർക്കും ഊഹിക്കാൻ കഴിയുന്നതിനു അപ്പുറം കാരണങ്ങളുണ്ടെനിക്ക്. അസഹനീമായ വേദന ഉണ്ടാക്കുന്ന കാര്യങ്ങളിൽ ഒന്ന് അവരുടെ ശാന്തതയാണ്. മുതിർന്നവരോപ്പോലെയല്ല കുട്ടികൾ. ഉറക്കമാണൈന്ന് തോന്നും. തൊട്ടാൽ പോലും ഉറക്കമുണർന്നെങ്കിലോ എന്നോർത്ത് നിൽക്കുന്ന ഞാനാണ് ഈ കുഞ്ഞിന്റെ മൃദുത്വം നിറഞ്ഞ വിരലുകളിൽ തൊടേണ്ടത്. ആ ഉറക്കം തടസ്സപ്പെടുത്തുന്നത് തന്നെ വല്യ ബുദ്ധിമുട്ടായി തോന്നുന്നിടത്താണ് ഞാൻ സ്കാൽപെൽ കൊണ്ട് മുറിവേൽപ്പിക്കേണ്ടത്. മുറിയ്ക്കുന്നത് എന്നേ തന്നെയാണ്, എന്റെ കുഞ്ഞുലക്ഷ്മിയേയാണ് എന്ന് തോന്നും മിക്കപ്പോഴും.ഇത്രയും വർഷമായി. ഇതുവരേയും മുക്തി നേടിയിട്ടില്ല ആ വേദനയിൽ നിന്നും. ഒന്നുണങ്ങി തുടങ്ങുമ്പോൾ അടുത്തത്.

ഞാനും നിങ്ങളുമൊക്കെ ഏതാണ്ട് ഒരിടത്തെത്തിയതാണ്. ഇനി നമ്മളോക്കെ എന്തായിത്തീരും എന്നുള്ളതിനൊക്കെ ഒരു തീരുമാനമൈക്കെ ഏതാണ്ടായിക്കഴിഞ്ഞു. ഒരു കുഞ്ഞ് മരിക്കുമ്പോ മരിക്കുന്നത് നമ്മുടെ ഭാവിയാണ്. സമൂഹത്തിന് സംബന്ധിച്ചിടത്തോളം ഒരു വാഗ്ദാനമാണ് മരിക്കുന്നത്. A part of our future dies. വ്യക്തികൾ എങ്ങനെ മരിക്കുന്നു എന്ന് ഒരു സമൂഹം അന്വേഷിക്കുന്നതിന് പല കാരണങ്ങളുണ്ടാവാം. അതിൽ ഏറ്റവും പ്രധാനം മനുഷ്യ ജീവന്റെ വിലയറിയുന്ന ഒരു സമൂഹം നടത്തുന്ന കാരണം തിരക്കലാണ്. മരണം എന്നത് എല്ലാവർക്കും എന്നെങ്കിലും സംഭവിക്കുന്നതാണെങ്കിലും ഒഴിവാക്കാനാവുന്ന കാരണങ്ങളാലുണ്ടാവുന്ന മരണങ്ങളുണ്ടെന്നുള്ള തിരിച്ചറിവിൽ നിന്നാണ് മരണകാരണത്തിലേക്കുള്ള ശാസ്ത്രീയ അന്വേഷണങ്ങളുടെ തുടക്കം. To prevent avoidable deaths.
ഇനി മരിക്കാനും ജീവിക്കാനും ഉള്ളത് ഇപ്പോ ജീവിച്ചിരിക്കുന്നവരായത് കൊണ്ട് മരണകാരണങ്ങൾ അനേഷിക്കുന്നത് ജീവിക്കുന്നവർക്ക് വേണ്ടിയാകുന്നു. മരിച്ചവർ മരിച്ച് തരുന്നത് ജീവിച്ചിരിക്കുന്ന നമുക്ക് വേണ്ടിയാണെന്ന് ചുരുക്കം.

പക്ഷെ കുഞ്ഞുങ്ങളുടെ മരണങ്ങൾ അതിനുമപ്പുറം പോകും. ഒരു സമൂഹമെന്ന നിലയിൽ ആദ്യം ചെയ്യേണ്ടത് ഓരോ കുഞ്ഞിന്റെയും മരണത്തിന്റെയും ഉത്തരവാദിത്തം ആ സമൂഹം ഏറ്റെടുക്കുക എന്നതാണ്. കാരണം, മുതിർന്നവരുടെ ലോകത്ത്‌ അവരുടെ സംരക്ഷണം ആവശ്യമായി വരുന്നവരാണ് കുഞ്ഞുങ്ങൾ. നിസ്സാഹായവസ്ഥയിലുള്ളവർ. പരാശ്രിതർ.

പാലക്കാട്ടെ രണ്ട് കുഞ്ഞുങ്ങളുടെ മരണങ്ങളും ആ കേസിന്റെ വിധിയും വന്ന് കഴിഞ്ഞല്ലോ. എല്ലാ വിധികളും മൊത്തവും വായിച്ചു കഴിഞ്ഞു. എന്നിട്ടാണ് ഇത് എഴുതുന്നത്. ഫോറെൻസിക്ക് മെഡിസിൻ യഥാർത്ഥത്തിൽ പ്രാക്ടീസ് ചെയ്യുന്നത് കോടതികളിലാണല്ലോ. അത് കൊണ്ട് തന്നെ കോടതികൾ ഫോറെൻസിക്ക് തെളിവുകൾ (പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടുകൾ ഉൾപ്പടെ) എങ്ങനെ വിലയിരുത്തി എന്നത് മനസ്സിലാക്കുമ്പോഴാണ് നീതി നിർവഹിക്കാൻ നമ്മുടെ പ്രവർത്തികളുടെ ഫലവും പ്രയോജനവും ഒക്കെ മനസ്സിലാക്കുവാന്‍ പറ്റുന്നത്. ഞാൻ ഒരു നിയമ വിദഗ്ധനല്ല. എന്നാലും പറയാം. ചങ്ക് തകർന്ന് പോകുന്ന നിരാശയാണ് വിധികളോക്കെ വായിച്ച് കഴിഞ്ഞപ്പോൾ തോന്നിയത്. പതിമൂന്നും ഒമ്പതും വയസ്സ് മാത്രമുള്ള രണ്ട് കുഞ്ഞുങ്ങളാണ് മരിച്ചു പോയത്. എന്റെ വ്യക്തിപരമായ അഭിപ്രായം പറയാം. ഈ കുഞ്ഞുങ്ങൾ, പ്രത്യേകിച്ചും ഒമ്പത് വയസ്സുകാരിയുടെ മരണം ഒരൂ കൊലപാതകമാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ആഗ്രഹം. കേട്ടത് ശരിയാണ്,  ആഗ്രഹം എന്ന് തന്നെയാണ് പറഞ്ഞത്. അതിന് കാരണവുമുണ്ട്. വിശദമാക്കാം.

ഒരു മുതിർന്ന വ്യക്തിയെ എനിക്ക് ഒറ്റയ്ക്ക് ഒരു എൻറ്ററ്റിയായി സങ്കൽപ്പിക്കാൻ കഴിയും. കൊച്ചു കുഞ്ഞുങ്ങളേ അങ്ങനെ കഴിയാറില്ല. എപ്പോഴും അച്ഛനമ്മമാരോടൊപ്പമായിരിക്കും കുഞ്ഞ് എന്നതാണ് മനസ്സിലേ ഇമേജ്. അത് കൊണ്ട് തന്നെ ഒരു മുതിർന്നയാൾ എന്റെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിൽ കിടന്ന് കാണുമ്പോഴുണ്ടാവുന്ന ഫീലല്ല ഒരു കുഞ്ഞിനെ അവിടെ കാണുമ്പോ. വല്ലാത്ത ഒരു “aloneness” തോന്നും. മുതിര്‍ന്നവരുടെ ഈ ലോകത്ത് നീ ഒറ്റയ്ക്കായി പോയല്ലോ കുഞ്ഞേ എന്ന് അറിയാതെ മനസ്സിരുന്ന് വിങ്ങാറുണ്ട്. (ഇന്നലെയും ഉണ്ടായിരുന്നു ടേബിളിൽ ഒരു വയസ്സിൽ താഴെ പ്രായമുള്ള ഒരു കുഞ്ഞ്. അത് നേരിടേണ്ടി വരുന്നത് ഞാൻ തിരഞ്ഞെടുത്ത എന്റെ സ്വന്തം വിധി. അതല്ല ഇവിടെ വിഷയം).

വിധി പകർപ്പുകൾ വായിച്ചതിൽ നിന്നും മനസ്സിലാക്കിയാണ് ഇനി പറയുന്നത്.

ആദ്യത്തെ മരണം പതിമൂന്ന് വയസ്സ് മാത്രമുള്ള അവളുടെ ചേച്ചിയുടേതായിരുന്നു. ആ മരണം മറ്റുള്ളവർ അറിയുന്നത് ഈ കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില് കേട്ടിട്ടാണ്. ചേച്ചിയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ ലൈംഗീകമായി ആക്രമിക്കപ്പെട്ടതിന്റേതെന്ന് വ്യാഖ്യാനിക്കാനാവുന്ന ലക്ഷണങ്ങളുണ്ടായിരുന്നു. എന്നിട്ട് ആ മരണം നടന്നിട്ട് 50 ദിവസം കഴിഞ്ഞാണ് ഒമ്പത് വയസ്സുകാരിയായ ഈ കുഞ്ഞ് “തൂങ്ങി മരിച്ചത്”. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ ഡോക്ടർ ഇത് ഒരു കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്നും, സ്വയഹത്യയെന്ന അനുമാനത്തിലെത്തുന്നതിന് മുമ്പ് കൊലപാതകത്തിന്റെ സാധ്യത ഇല്ലെന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തണം എന്നും എഴുതിയിരിക്കുന്നു.
വിധിയിൽ പറയുന്നത് ഡോക്ടർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും കൊലപാതകമാകാനുള്ള സാധ്യത സ്ഥാപിക്കാനുള്ള തെളിവുകൾ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ അദ്ദേഹം കണ്ടെത്തിയിട്ടുമില്ല എന്നും. ആകെയുള്ള നിരീക്ഷണങ്ങൾ തൂങ്ങി മരണത്തിന്റെയും പിന്നെ പണ്ടെപ്പോഴോ ലൈംഗിക അതിക്രമം നടന്നിരുന്നുവെന്നതിന്റെയും ശേഷിപ്പുകൾ.

ഒന്നാലോചിച്ചു നോക്കൂ, ഒരു ഒമ്പത് വയസ്സുകാരി. അവൾ താമസിക്കുന്ന ഒറ്റമൂറി വീടിന്റെ കഴുക്കോലിൽ സ്വന്തം സഹോദരിയേ തൂങ്ങി മരിച്ച നിലയിൽ കാണുക. അത് കണ്ട് ഭയന്ന് കരഞ്ഞ് വിളിക്കുക. പിന്നീട് അതേ മുറിയിൽ അതേ കഴുക്കോലിൽ അവളും. ഇതിനിടയിലുള്ള അമ്പത് ദിവസം ഈ ഒമ്പത് വയസ്സുകാരി എങ്ങനെ ജീവിച്ചു എന്ന് ആരെങ്കിലും ഒന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? ആത്മഹത്യാ പ്രേരണാക്കുറ്റമോ, കൊലപാതകമോ…ശിക്ഷാനിയമത്തിലെ ഏത് വകുപ്പുമായിക്കോട്ടെ…
ആ കേസിലേ നേരത്തേ മരിച്ച കുഞ്ഞിന്റെ അനിയത്തിയാണ്, കേസിന്റെ ഏറ്റവും നിർണായകമായ സാക്ഷിയാവേണ്ട ഒരാളായിരുന്നു അവൾ. ചേച്ചിയോടൊപ്പം പീഡനം ഏറ്റുവാങ്ങിയ വകയിലായാലും സംഭവങ്ങളുടെ ഒരു നേർ സാക്ഷിയെന്ന നിലയിലായാലും.

ചേച്ചിയുടെ മരണം കഴിഞ്ഞും അവൾ തൂങ്ങി നിന്ന അതേ വീട്ടിലെ അതേ ഒറ്റമുറിയുടെ അതേ കഴുക്കോലിന്റെ കീഴിൽ, ഒറ്റയ്ക്ക്. അച്ഛനും അമ്മയും പട്ടിണിയകറ്റാൻ ജോലിക്ക് പോകേണ്ടിവന്നപ്പോ അവൾ എത്ര തനിച്ചായി പോയിരുന്നിരിക്കണം. അതിഭീകരമായ ദാരിദ്ര്യത്തിന്റെയത്രയും ഭികരമായ അധസ്ഥിതാവ്സ്ഥ. ദാരിദ്ര്യം സ്നേഹത്തിന്റെ മാത്രമാകാനും തരമില്ലല്ലോ. എല്ലാതരത്തിലും അതിക്രൂരവും ഡിഹ്യുമനൈസിങ്ങുമായ ഒറ്റപ്പെടലും ഭയവും അവൾ അനുഭവിച്ചു കാണും ഈ അമ്പത് ദിവസങ്ങളിൽ.ആലോചിച്ച് നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇത്തിരി നേരം ഈ വായനയൊന്ന് നിർത്തി അതൊന്ന് ചെയ്യൂ.

ഒരു സ്റ്റേറ്റ് എന്ന നിലയിൽ നമ്മളോരോത്തരും അതിന് ഉത്തരവാദിത്തം ഏറ്റെടുത്തേ പറ്റു. കൊലപാതകമാണെങ്കിലും അതെ സ്വയഹത്യയാണെങ്കിലുമതെ. ഒരു പിഞ്ച് കുഞ്ഞിനെ മരണത്തിലേക്ക് എടുത്ത് എറിഞ്ഞതിന് സമാധാനം പറഞ്ഞേ തീരൂ, നമ്മളോരൊരുത്തരും. നമ്മൾ എന്ന് പറഞ്ഞാൽ ബാറും ബെഞ്ചും അടങ്ങുന്ന ജ്യൂഡിഷ്യറിയും അതിൽ ഉൾപ്പെടും. ഇങ്ങനെ യാതോരു വിധ സംരക്ഷണവും നൽകാതെ നമ്മൾ ഉപേക്ഷിച്ചവഗണിച്ച് കളഞ്ഞ ഈ കുഞ്ഞ് വർഷങ്ങളോളം നീണ്ട് നിൽക്കുന്ന, നിരന്തരം അഭിമുഖീകരിക്കേണ്ടുന്ന എല്ലാ പ്രതിബന്ധങ്ങളെയും പ്രലോഭനങ്ങളേയും ഭീഷണികളേയും അതിജീവിച്ച് വർഷങ്ങൾ എടുത്ത് കോടതികളിൽ സാക്ഷി പറയുമ്പോ നീതി നടപ്പിലാക്കാൻ കാത്തിരിക്കുന്ന പ്രിവിലേജ്ടഡ് ക്ലാസ്.അവളുടെ സാക്ഷിമൊഴിയേയും കേവലമായ സാങ്കേതികത്വത്തെ ചൊല്ലി പ്രൊഫഷണൽ വടംവലിയൊക്കെ നടത്തിയിട്ട് നർമ്മ സംഭാഷണം നടത്തും, നമ്മൾ വക്കീലന്മാരും എക്സ്പെർട് വിറ്റനസ്സും.

നീതി നടപ്പിലാക്കാനായി നമ്മളെടുക്കുന്ന സമയമൊക്കെ പോട്ടെ.അദ്ഭുതം, ആ കുഞ്ഞ് ആ അമ്പത് ദിവസം എങ്ങനെ ജീവിച്ചിരുന്നു എന്നതാണ്. ആത്മഹത്യ ചെയ്യാനുള്ള കരുത്തൊക്കെ ആ കുഞ്ഞി മനസ്സിന് ഈ ദിവസങ്ങൾ കഴിഞ്ഞും ഉണ്ടായിരുന്നെങ്കിൽ അത് തന്നെയാണ് ഏറ്റവും വല്യ മിറക്കിൾ.
എന്നിട്ട് അവസാനം അവൾ സ്വയഹത്യ ചെയ്തത് തന്നെയാണെങ്കിൽ അതിന് തൊട്ട് മുൻപ് അവൾ കടന്നു പോയ മാനസിക അവസ്ഥയിൽ നിന്നും രക്ഷ നൽക്കുന്നയൊരു സൽപ്രവർത്തിയായി മാറിയേനേ ഒരു കൊലപാതകം. അത് കൊണ്ടാണ് അവൾ കൊല ചെയ്യപ്പെട്ടത് തന്നെയാകണേ എന്ന് ആഗ്രഹിക്കുന്നത്.
അങ്ങനെയെങ്കിലും ആ കുഞ്ഞി മനസ്സിന് ഇത്തിരി ആശ്വാസം. ഇത്രയുമൊക്കെ ആകാമെങ്കിൽ കൊന്ന് ഇത്തിരി കരുണ അവളോട് കാണിക്കണം. അതാണ് വേണ്ടത്.

അത് കൊണ്ട് പൊന്നു മോളേ കുഞ്ഞുലക്ഷ്മി,ആ കുഞ്ഞ് അനുഭവിച്ചതിന്റെ ഒരു അംശം പോലും സഹിക്കുവാൻ നിന്റെ അച്ഛനായ എനിക്കാവില്ലായിരുന്നു. നിനക്ക് ആ കഴിവ് പകർന്ന് തരാൻ എനിക്കൊരിക്കലും കഴിയുമായിരുന്നുമില്ല.ഇവിടെ ജനിച്ചവന് കാര്യങ്ങൾ മനസ്സിലായി അവന് പോകാൻ ധിറുതി. അവനാണ് ശരി.അത് കൊണ്ട്, നീ ജനിക്കാതിരുന്നത് തന്നെയാണ് നിന്റെ ഏറ്റവും വല്യ ഭാഗ്യം.

===========