മക്കളെ മനുഷ്യരായി വളർത്തിയാലെന്താ?

152

കുരീപ്പുഴ ശ്രീകുമാർ

മക്കളെ മനുഷ്യരായി വളർത്തിയാലെന്താ?

മത പ്രസംഗ വേദികളിൽ സ്ഥിരമായി കേൾക്കുന്ന ഒരു പല്ലവിയാണ് മക്കളെ മതബോധം ഉള്ളവരായി വളർത്തണമെന്നത്. കേരളത്തിൽ പ്രചാരത്തിലുള്ള മൂന്നു മതക്കാർക്കും ഇതിൽ അഭിപ്രായവ്യത്യാസമില്ല.

ഏതുമതം എന്ന കാര്യത്തിലും അവർക്ക് അഭിപ്രായവ്യത്യാസം ഇല്ല. അവരവരുടെ മതം. ഒരു കുട്ടി, ഏതു മതവിശ്വാസികളുടെ കുഞ്ഞായിട്ടാണോ ജനിക്കുന്നത്, ആ മതബോധത്തിൽ വളർത്തണം.

മതം മാറണമെന്നു തോന്നിയാലോ? അതിനെ എല്ലാമതക്കാരും സ്വാഗതം ചെയ്യുന്നുമുണ്ട്. അപ്പോൾ തെരഞ്ഞെടുക്കേണ്ട മതം ഏതാണ്? ഇസ്ലാം മതത്തിൽ ജനിച്ച ഒരാൾ ഹിന്ദുമതം സ്വീകരിച്ചാൽ ഹിന്ദുമതക്കാർക്ക് ഇഷ്ടവും ഇസ്ലാം മതക്കാർക്ക് അനിഷ്ടവുമാണ്. ക്രിസ്തുമതത്തിൽപ്പെട്ട ഒരാൾ ഇസ്ലാം മതം സ്വീകരിച്ചാൽ ക്രിസ്തുമതക്കാർക്ക് അനിഷ്ടവും ഇസ്ലാം മതക്കാർക്ക് ഇഷ്ടവുമാണ്.

സ്നേഹത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന മതങ്ങൾ മതാതീത വിവാഹങ്ങളെയോ പ്രണയത്തെയൊ അംഗീകരിക്കുന്നുമില്ല. അപ്പോൾ മതത്തിന്റെ നിഘണ്ടുവിൽ സ്നേഹത്തിന്റെ അർത്ഥം എന്താണ്? അവരവരുടെ മതം എന്നത് മാത്രമാണ്. ദൈവത്തെക്കുറിച്ചും ഇതേ കാഴ്ചപ്പാടാണ് മതങ്ങൾക്ക് ഉള്ളത്. അവരവരുടെ മതമാണ് ശരി.

നാരായണഗുരുവിന്റെ മിക്ക സൂക്തങ്ങളും ശരിയെന്നു സമ്മതിക്കുന്ന മതങ്ങൾ, മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന കാഴ്ചപ്പാട് അംഗീകരിക്കുകയില്ല. അവരവരുടെ മതത്തിൽ കൂടിമാത്രമേ നന്നാവൂ. അതുകൊണ്ടാണ്, ആളുകൊള്ളാം എങ്കിലും ഗാന്ധിക്ക് മതങ്ങൾ നരകം അലോട്ട് ചെയ്തിട്ടുള്ളത്.

അവരവരുടെ മത ഗ്രന്ഥങ്ങളിൽ എല്ലാം ഉള്ളതിനാൽ മറ്റൊരു ഗ്രന്ഥവും വായിക്കരുതെന്നു നിർബന്ധിക്കുന്നവർ പോലുമുണ്ട്. മനുഷ്യന്റെ വായനാസക്തിക്ക് മതങ്ങൾ വിലങ്ങുവയ്ക്കുന്നു. ശാസ്ത്രഗ്രന്ഥങ്ങൾ മതബോധനത്തിന് പുറത്താണ്. മതഗ്രന്ഥങ്ങൾ പ്രചരിപ്പിക്കാനുള്ള അച്ചടിവിദ്യ പോലും ശാസ്ത്രത്തിന്റെ സംഭാവനയാണെന്ന കാര്യം അവർ ബോധപൂർവം മറക്കുന്നു.

മതബോധം കുത്തിവച്ചു വളർത്തപ്പെടുന്ന ഒരു കുട്ടി, മതമൗലികവാദത്തിലേക്ക് എത്തപ്പെടും. മത തീവ്രവാദത്തിന്റെ മണ്ണ് അതാണ്. സൂക്ഷിച്ചില്ലെങ്കിൽ അതിവേഗം മതതീവ്രവാദത്തിൽ എത്താം. ഏതു മതതീവ്രവാദവും മനുഷ്യനും സമാധാനത്തിനും എതിരാണ്.

സ്വർഗപ്രാപ്തി എന്ന മൂഢവിശ്വാസത്തിനു അടിമയാകുന്ന തീവ്രവാദി, കൊല്ലാനും കൊല്ലപ്പെടാനും മടിക്കില്ല. അവിശ്വാസിയെ കൊല്ലുന്നതിനു കാരണമായി തീവ്രവാദികൾ പറയുന്നത് അവിശ്വാസികൾ മദ്യപാനികളും സ്ത്രീതൽപ്പരരും ആണ് എന്നൊക്കെയാണല്ലോ. കൊല്ലുന്ന തീവ്രവാദിക്ക് സ്വർഗം ഉറപ്പ്. അവിടെ എന്തുണ്ട്? ഇഷ്ടം പോലെ മദ്യവും സുന്ദരിമാരും. ഇതിൽപ്പരം ഫലിതം വേറെന്തുണ്ട്!

ഭാരതത്തിൽ ഒരു കുട്ടിയെ മതരഹിതമനുഷ്യനായി വളർത്തുവാൻ ഒരു ബുദ്ധിമുട്ടും ഇല്ല. രേഖകളിൽ ജാതിയും മതവും വേണമെന്ന് ഒരു നിർബ്ബന്ധവും ഇല്ല. രക്ഷാകർത്താക്കളുടെ മനസു മാത്രമാണ് പ്രശ്നം. കേരളത്തിലെ പല സമുന്നത രാഷ്ട്രീയ നേതാക്കളും സാഹിത്യപ്രവർത്തകരും അധ്യാപകരും തൊഴിലാളികളും ഒക്കെ കുഞ്ഞുങ്ങളെ മനുഷ്യരായി വളർത്തുന്നുണ്ട്. അവർ കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നു. ഇതിൽ വിവിധ മതവിദ്യാഭ്യാസം പോലുമുണ്ട്. ഏകമത വിദ്യാഭ്യാസത്തിന്റെ ഇടുങ്ങിയ കള്ളികൾക്ക് ഈ കുഞ്ഞുങ്ങളുടെ വിശാല വിദ്യാഭ്യാസം വഴങ്ങുന്നതല്ല.

ഈ കുട്ടികൾ ഒരിക്കലും ഒരു മതതീവ്രവാദ ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്യപ്പെടില്ല. ഈ കുട്ടികൾ ഒരിക്കലും സമത്വം ആഗ്രഹിക്കുന്ന സ്ത്രീയെ കുരുമുളക് പൊടി സ്പ്രേ ചെയ്യില്ല. കർത്താവു പോലും ഇടപെടാത്ത പള്ളിവസ്തു തർക്കത്തിൽ ഇടപെട്ടു ഗതാഗത തടസം ഉണ്ടാക്കില്ല. അവർ ഉത്തമ ഇന്ത്യൻ പൗരരായി വളരുകതന്നെ ചെയ്യും.

നമുക്ക് ആ വഴിക്കൊന്നു ആലോചിച്ചാലെന്താ?

*
കടപ്പാട് – ജനയുഗം