കേമമാക്കണം കേരളപ്പിറവി

168

കുരീപ്പുഴ ശ്രീകുമാർ

കേമമാക്കണം കേരളപ്പിറവി
————————–

മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളുടെ പ്രകടനങ്ങള്‍ കേരളത്തില്‍ സാധാരണമാണ്. കുട്ടികളില്‍ ജാതി മത ചിന്തകളും അന്ധവിശ്വാസങ്ങളും മുളപ്പിച്ചെടുക്കുവാന്‍ ഈ പ്രകടനങ്ങള്‍ സഹായിക്കുന്നുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ മൂവര്‍ണ്ണക്കൊടിയുമേന്തി കുഞ്ഞുമക്കള്‍ നടത്തുന്ന പ്രകടനങ്ങള്‍ ദേശീയബോധം വളര്‍ത്താന്‍ ഉപകരിക്കും. സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ പരേഡുകളിലും മിഠായിവിതരണത്തിലും ഒതുങ്ങിയിട്ടുണ്ട്. കുട്ടികളുടെ മതഘോഷയാത്രകള്‍ക്ക് ഒരു കുറവും വന്നിട്ടുമില്ല.

കുട്ടികളില്‍ കേരളീയതയും മലയാണ്മയും ഊട്ടി വളര്‍ത്താന്‍ ഉതകുന്ന നല്ലൊരു സന്ദര്‍ഭമാണ് കേരളപ്പിറവിദിനാഘോഷം. കാസര്‍കോട്ടെ ടി ഉബൈദ് മുതല്‍ തിരുവനന്തപുരത്തെ ബോധേശ്വരന്‍ വരെ ഒറ്റക്കവിയായി നിന്ന് ആവശ്യപ്പെട്ട കാര്യമാണ് ഐക്യ കേരളം.

മലയാളം സംസാരിക്കുന്ന മൂന്നുരാജ്യങ്ങളാണ് അ­ന്നുണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ മലബാറും കൊച്ചി, തിരുവിതാംകൂര്‍ എന്നീ സ്വതന്ത്രരാജ്യങ്ങളും. ഐക്യകേരളത്തിനു വേ­ണ്ടി എഴുതപ്പെട്ട കവിതകളുടെ ഒരു സമാഹാരം തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഏക അഭിപ്രായവും ആയിരുന്നു. മൂന്നു പ്രദേശങ്ങളെയും ഒരു പോലെ പരിഗണിക്കാനും ആദരണീയരായ നേതാക്കള്‍ മടികാട്ടിയില്ല.

പാര്‍ട്ടി സെക്രട്ടറി തിരുവിതാംകൂറില്‍ നിന്നാണെങ്കില്‍ മുഖ്യമന്ത്രി മലബാറില്‍ നിന്ന് എന്നായിരുന്നല്ലോ കേരളപ്പിറവിക്കു ശേ­ഷമുണ്ടായ ആദ്യത്തെ മന്ത്രിസഭയുടെ പിന്നിലെ ചിന്ത. ഐക്യകേരളം എന്ന ആശയം നടപ്പിലാക്കുവാന്‍ സമരമാര്‍ഗങ്ങള്‍ പോലും അവലംബിക്കേണ്ടിവന്നു.

മലയാളം സംസാരിക്കുന്ന ജനതയുടെ വലിയ ആഗ്രഹം ആയിരുന്നു മലയാളനാട് എന്ന കേരളം. ആദ്യകാലത്തൊക്കെ കേരളപ്പിറവി കെങ്കേമമായി ആഘോഷിച്ചിരുന്നെങ്കിലും പിന്നീട് അതിന്റെ മാറ്റ് കുറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ പരേഡും മിഠായി വിതരണവും ഉണ്ടെങ്കില്‍ കേരളപ്പിറവി ദിനത്തില്‍ ഇതൊന്നും ഇല്ലാതായി. ഇംഗ്ലീഷും അമേരിക്കയുമാണ് മോ­ചനമാര്‍ഗ്ഗം എന്നു ചിന്തിക്കുന്ന മലയാളികളും ഉണ്ടായി.

കേരളപ്പിറവിദിനം സമുചിതമായി ആഘോഷിക്കേണ്ടതുണ്ട്. അന്ന് കുട്ടികളുടെ ഘോ­­­­ഷയാത്രകള്‍ ഉണ്ടാകണം. ആ യാത്രകളില്‍ അവര്‍ കെ കേളപ്പന്‍, വക്കം ഖാദര്‍, ക്യാപ്റ്റന്‍ ലക്ഷ്മി, കെ പി കേശവമേനോന്‍, പി കൃഷ്ണപിള്ള, എകെജി, കേളുനായര്‍, കെ മാധവന്‍ തുടങ്ങി ഭാരതസ്വാതന്ത്ര്യസമരപ്പോരാളികളുടെ വേഷങ്ങള്‍ അവതരിപ്പിക്കണം. മതപരമായ ആരാധനകള്‍ ഒന്നുമില്ലാത്ത ഐതിഹ്യ കഥാപാത്രമായ മഹാബലിയുടെ വേഷവും അവതരിപ്പിക്കാം. അയ്യാ വൈകുണ്ഡരും നാരായണഗുരുവും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനും പി കെ റോസിയും നങ്ങേലിയും ഒ­ക്കെ കുട്ടികളിലൂടെ പുനര്‍ജ്ജനിക്കുന്നത് നന്നായിരിക്കും. ചെറുശ്ശേരിയും എഴുത്തച്ഛനും നമ്പ്യാരും രാമപുരത്തുവാര്യരും മോയീന്‍കുട്ടി വൈദ്യരും അടക്കമുള്ള കവികളും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും ഒ ചന്തുമേനോനും സി വി രാമന്‍പിള്ളയും എസ് കെ പൊ­റ്റെക്കാട്ടും ബഷീറും പൊന്‍കുന്നം വര്‍ക്കിയും അടക്കമുള്ള കഥാകാരന്മാരെയും അവതരിപ്പിക്കണം. വാഗണ്‍ ട്രാജഡി, പുന്നപ്രവയലാര്‍ കയ്യൂര്‍ സമരങ്ങള്‍, മേല്‍മുണ്ട് സമരം, പഞ്ചമിയുടെ സ്കൂള്‍ പ്രവേശനം, കര്‍ഷകത്തൊഴിലാളി സമരം, പെരിനാട്ട് സമരം തുടങ്ങിയ കേരളീയമായ ചെറുത്തുനില്‍പ്പുകളുടെ ദൃശ്യങ്ങള്‍ അവതരിപ്പിച്ചു പുതിയ തലമുറയ്ക്ക് ചരിത്രാവബോധം ഉണ്ടാക്കുകയും വേണം.

ഐക്യകേരളം ഒരു ജനതയുടെ സ്വപ്നം ആയിരുന്നു. അതിലേക്കു നമ്മള്‍ നടന്നടുത്ത വഴികള്‍ മറവിയുടെ പാറമടയിലേക്ക് എറിഞ്ഞു കളയരുത്. സംസ്ഥാനത്തെ അയ്യായിരത്തോളം വരുന്ന ഗ്രന്ഥശാലകള്‍ക്ക് ഈ ഓര്‍മ്മപ്പെരുന്നാള്‍ ഗംഭീരമാക്കാനുള്ള എല്ലാ സംവിധാനവും ഉണ്ട്. അവരത് വിനിയോഗിക്കണം.

മലയാളപത്രങ്ങളും കേരളപ്പിറവിദിനം പ്രാധാന്യത്തോടെതന്നെ വായനക്കാരുടെ മനസില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്.