എംടി മുതല്‍ ഇളയിടം വരെ

508

എംടി മുതല്‍ ഇളയിടം വരെ

കുരീപ്പുഴശ്രീകുമാർ (Kureeppuzha Sreekumar)എഴുതുന്നു

നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ കൊന്നത് സംഘപരിവാര്‍ സംസ്‌കാരമാണെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരെ നവമാധ്യമങ്ങളിലൂടെയും നേരിട്ടും വളഞ്ഞിട്ടാക്രമിക്കുന്നതും സംഘപരിവാര്‍ തന്നെയാണ്. സാംസ്‌കാരിക ദാരിദ്ര്യരേഖയ്ക്കു താഴെ പേശീബലവും തെറിമലയാളവുമായി ജീവിക്കുന്ന ഭീകരസംഘമാണ് സംഘപരിവാര്‍.

നേതൃത്വനിരയിലുള്ളവര്‍ മുതല്‍ താഴെത്തട്ടിലുള്ളവര്‍ വരെ ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭയാണ് എം ടി വാസുദേവന്‍ നായര്‍. പ്രധാനമന്ത്രിയുടെ നോട്ടുപിന്‍വലിക്കല്‍ തുഗ്ലക്കുപരിഷ്‌കാരമായിപ്പോയി എന്ന് അഭിപ്രായപ്പെട്ടതിനാണ് എം ടി ഭര്‍ത്സിക്കപ്പെട്ടത്. ജനാധിപത്യ ഇന്ത്യയിലെ ഒരു പൗരന്‍ എന്ന നിലയില്‍ ഭരണാധികാരിയുടെ ചെയ്തികളെക്കുറിച്ച് പ്രതികരിക്കാനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. ജ്ഞാനപീഠ പുരസ്‌കാര ജേതാവാണെന്നോ നിര്‍മാല്യവും പെരുന്തച്ചനും ഒരു വടക്കന്‍ വീരഗാഥയും നമുക്കു നല്‍കിയ സാഹിത്യ പ്രതിഭയാണെന്നോ കണക്കാക്കാതെയാണ് എം ടിക്കെതിരെ സംഘപരിവാര്‍ രംഗത്തുവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിലെ പല സ്ഥാനാര്‍ഥികളും എം ടിയെ പോയി കണ്ടു. എന്നാല്‍ അദ്ദേഹം പത്രക്കാരോട് മനസ് തുറന്നത് ഇടതുപക്ഷ സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രം. സാംസ്‌കാരിക പ്രവര്‍ത്തകരെ ആക്രമിച്ച സംഘപരിവാറിനും ഗ്യാലറിയിലിരുന്ന് നിശബ്ദത പാലിച്ച യുഡിഎഫിനും മഹാനായ എം ടി നല്‍കിയ മറുപടി കൂടിയായിരുന്നു ആ പ്രതികരണം.

സംഘപരിവാര്‍ ആക്രമണത്തിനു വിധേയനായ മറ്റൊരാള്‍ കോഴിക്കോട് സര്‍വകലാശാലയിലെ മലയാള വിഭാഗം തലവനായിരുന്ന ഡോ. എം എം ബഷീര്‍ ആണ്. മഹാപണ്ഡിതനായ അദ്ദേഹം ബഷീര്‍ ആയിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രാമായണം വായിക്കരുത് എന്നായിരുന്നു വിലക്ക്. മാപ്പിളപ്പാട്ടുകളുടെ ഈണത്തില്‍ ശാസ്താംപാട്ടുകളും മാപ്പിള രാമായണവും ഒക്കെയുണ്ടായ മലയാള നാട്ടിലാണ് ഈ വിലക്ക് സംഭവിച്ചത്. രാമായണ മാസത്തില്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതി വന്നിരുന്ന മനോഹരമായ കുറിപ്പുകള്‍ അദ്ദേഹത്തിന് അവസാനിപ്പിക്കേണ്ടതായി വന്നു.

ചലച്ചിത്ര സംവിധായകന്‍ കമല്‍ ആക്ഷേപിക്കപ്പെട്ടത് അദ്ദേഹം കമാലുദ്ദീന്‍ ആയിപ്പോയതു കൊണ്ട് മാത്രമാണ്. ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ബംഗ്ലാദേശിന്റെ കൂടി ദേശീയഗാനം രചിച്ച വിശ്വമഹാകവിയായ രവീന്ദ്രനാഥ ടാഗോറിന്റെ ജനഗണമനയെ സ്പര്‍ശിക്കാന്‍ കമാലുദ്ദീന് എന്തവകാശമെന്നുപോലും ചോദ്യമുയര്‍ന്നു. കമല്‍ ആക്ഷേപിക്കപ്പെട്ടതോടുകൂടി മതേതര കേരളം പൂര്‍ണമായും ആക്ഷേപിക്കപ്പെടുകയായിരുന്നു.

കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന പ്രഭാഷകരില്‍ ഏറ്റവും സൗമ്യനാണ് അറിവിന്റെ കാവല്‍ക്കാരനായ സുനില്‍ പി ഇളയിടം. അദ്ദേഹത്തേയും സംഘപരിവാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചെളിവാരിയെറിഞ്ഞു. കാലടി ശ്രീശങ്കരാ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഇരിപ്പിടം പോലും ആക്രമിക്കപ്പെട്ടു.

ഹരിഹര പുത്രന്റെ കഥ പ്രതിപാദിച്ച ഭാഷ അതിരു കടന്നുപോയതിനാല്‍ പോസ്റ്റ് പിന്‍വലിച്ച പ്രിയനന്ദനനെ ശാരീരികമായി ആക്രമിച്ചു. ഹരിഹരസുതന്റെ ഭക്തകളെ രണ്ടായി വലിച്ചുകീറണം എന്നു പറഞ്ഞ സംഘപരിവാര്‍ താരം കേരളത്തില്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കുന്നുണ്ട്. നെയ്ത്തുകാരനടക്കമുള്ള സിനിമകളിലൂടെ ലോകശ്രദ്ധ നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ സംവിധായകനാണ് പ്രിയനന്ദനന്‍. തൊഴിലാളി സമൂഹത്തില്‍ നിന്നും സിനിമയിലേക്ക് നടന്നു കയറിയ പ്രിയനന്ദനനെ സ്വന്തം സിനിമയെക്കുറിച്ച് വിശദീകരിക്കാന്‍ പോലും സംഘപരിവാര്‍ അനുവദിച്ചില്ല.

പുലയ സമൂഹത്തില്‍പ്പെട്ട വാവച്ചന്‍ എന്ന ചെറുപ്പക്കാരന്‍ മീശവച്ച കഥയെഴുതിയ എസ് ഹരീഷും ആക്രമിക്കപ്പെട്ടു. മീശയിലെ തീര്‍ത്തും അപ്രധാനമായ രണ്ടു കഥാപാത്രങ്ങള്‍ നടത്തുന്ന നിരാകരിക്കപ്പെട്ട സംഭാഷണത്തിന്റെ പേരിലാണ് സുപ്രീം കോടതി വരെ സംഘികള്‍ പോയി തോറ്റത്. എന്നാല്‍ ഹരീഷിന്റെ നോവല്‍ മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിക്കുന്നത് മുടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ദളിതരോടുള്ള സംഘപരിവാര്‍ അസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ് എസ് ഹരീഷിനു നേരെ നടത്തിയ കണ്ണുരുട്ടലുകള്‍.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ഫിലോസഫി പഠിച്ച് ഒന്നാം റാങ്കോടെ പാസായ പ്രഭാഷകനും ദളിത് ഭൂസമരങ്ങളുടെ നായകനുമായ സണ്ണി എം കപിക്കാടിനെ പച്ചയ്ക്ക് കത്തിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

വടയമ്പാടിയില്‍ പുലയ സമൂഹത്തിനെതിരെ ജാതിമതില്‍ കെട്ടിയതും അശാന്തന്റെ മൃതശരീരത്തെ അപമാനിച്ചതും പറഞ്ഞതിനാണ് ഞാന്‍ ആക്രമിക്കപ്പെട്ടത്. അതിന്റെ ഒന്നാം വാര്‍ഷിക ദിവസം സംഘപരിവാര്‍ വീട്ടിലേക്ക് തെറി മാര്‍ച്ച് നടത്തുകയും മുപ്പത്താറു ദിവസം എനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണയില്‍ കഴിയേണ്ടിവരികയും ചെയ്തു.

സാംസ്‌ക്കാരിക രംഗത്തെ ആക്രമിച്ച സംഘപരിവാറിന്റെയും വാഴപ്പിണ്ടിയുമായി നടന്ന് കണ്ടാനന്ദിച്ച യുഡിഎഫിന്റെയും പരാജയം കലയിലും സംസ്‌കാരത്തിലും താല്‍പര്യമുള്ള എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.