കോൺഗ്രസിലെ ആദർശ ശൂന്യരായ നേതാക്കൾ സ്വാഭാവികമായി ചാണകക്കുഴിയിലേക്ക് എടുത്തു ചാടും

90

Sreeja Neyyattinkara

“രാജ്യത്തെ ശരിയായ ദിശയിൽ കൊണ്ടു പോകാൻ നരേന്ദ്ര മോദിയെ പോലുള്ള ഒരാളെ ആവശ്യമാണെ”ന്ന് താൻ തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവച്ച് ബി ജെ പി അംഗത്വം സ്വീകരിച്ച ഖുശ്ബു പറഞ്ഞത്.അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ വക്താവായിരുന്ന ഒരു വനിതാ നേതാവ് ഇത്തരമൊരു പ്രസ്താവനയിലൂടെ സംഘ് പരിവാർ പാളയത്തിൽ എത്തണമെങ്കിൽ അവരുടെ രാഷ്ട്രീയാദർശം എത്രമാത്രം പരിതാപകരമായിരിക്കും.. കോൺഗ്രസിന്റെ രാഷ്ട്രീയാദർശ ചട്ടക്കൂട് എത്രമാത്രം ദുർബലമായിരിക്കും .കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്കുള്ള ദൂരം കുറയുന്നതിന്റെ കാരണം കോൺഗ്രസിനെ ആകെ മൊത്തം ഗ്രസിച്ചിരിക്കുന്ന മൃദു ഹിന്ദുത്വ നയങ്ങൾ ആണെന്ന് തിരിച്ചറിയാത്തിടത്തോളം സ്ഥാനമാനങ്ങൾക്കും പണത്തിലും നോട്ടമിട്ടിരിക്കുന്ന ആദർശ ശൂന്യരായ നേതാക്കൾ ചാണകക്കുഴിയിലേക്ക് എടുത്തു ചാടും…. സ്വാഭാവികം. ദയവായി മാധ്യമ പ്രവർത്തകർ രമേശ് ചെന്നിത്തലയോട് ഖുശ്ബു ബി ജെ പിയിലേക്ക് പോയതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നൊന്നും ചോദിച്ചേക്കരുത് സി പി എമ്മുകാർക്ക് മാത്രേ ബി ജെ പിയിൽ പോകാവൂ എന്നുണ്ടോ ഞങ്ങൾക്കും പൊയ്ക്കൂടെ എന്ന മറുപടി കേട്ട് അന്തം വിടേണ്ടി വരും… എന്തിനാ വെറുതേ.

നമ്മൾ ചവിട്ടി നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാടുകളോട് നമുക്ക് വിയോജിപ്പുണ്ടാകാം..ആ വിയോജിപ്പുമായി നമുക്ക് ഒരു തരത്തിലും പ്രസ്ഥാനവുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ലെന്നും വരാം…. പക്ഷേ ആ വിയോജിപ്പ് നമ്മളെ വംശഹത്യ പ്രത്യയ ശാസ്ത്രം തെരെഞ്ഞെടുക്കുന്നിടം വരെ എത്തിക്കുന്നു എങ്കിൽ നമ്മുടെ രാഷ്ട്രീയ ബോധത്തിന് എന്തോ സാരമായ തകരാറുണ്ട്…

എന്ത് പ്രത്യയ ശാസ്ത്ര ആകർഷണീയത കണ്ടിട്ടാണ് മനുഷ്യർ സംഘ് പരിവാറിലേക്ക് ചേക്കേറുന്നത് എന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്…. വംശഹത്യ ലക്‌ഷ്യം വയ്ക്കുന്ന അഥവാ ആഭ്യന്തര ശത്രുക്കളെ നിർണ്ണയിച്ചു വച്ച് പച്ചയ്ക്ക് മനുഷ്യരെ കൊല്ലുകയും സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിലേക്ക്, മനുഷ്യരെ തമ്മിൽ ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കുന്ന ആശയം മുന്നോട്ടു വയ്ക്കുന്ന ഒരു പ്രസ്ഥാനത്തിലേക്ക്, ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുന്ന, അതുവഴി ജനാധിപത്യത്തേയും മതേതരത്വത്തേയും വെല്ലുവിളിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്ക് , ഇത്രകാലവും മതേതര പാർട്ടികളിൽ നിന്നിരുന്ന മനുഷ്യർ പോലും ചെന്നു കയറുന്നതിനു പിന്നിലെ രാഷ്ട്രീയമെന്താകും എന്ന് പല തവണ ആലോചിച്ചിട്ടുണ്ട്…. പണം ആയിരിക്കുമോ? അധികാരവും സ്ഥാന മാനങ്ങളും ആയിരിക്കുമോ? പക്ഷേ അതിനൊക്കെ വേണ്ടി ഇത്രയും അപകടകരമായ ഒരു പ്രത്യയ ശാസ്ത്രത്തെ സ്വീകരിക്കാൻ ജനാധിപത്യ – മതേതര ബോധമുള്ള ആർക്കെങ്കിലും കഴിയുമോ? കഴിയുമായിരിക്കും!!! ഉദാഹരണങ്ങൾ ഏറെയുണ്ട് താനും….

എന്നാൽ അതിനേക്കാളൊക്കെ ആകർഷണീയമായ പ്രധാനപ്പെട്ട ഒന്നുണ്ട് എന്നാണ് എന്റെ രാഷ്ട്രീയ വിലയിരുത്തൽ … അതാണ് ഹിന്ദു എന്ന ബോധം…. ആ ബോധം മറ്റെന്തിനേയും റദ്ദ് ചെയ്യും… ആ ബോധം നൽകുന്ന അപകടകരമായ ഊർജ്ജം വംശഹത്യകളിൽ അഭിരമിക്കും … തങ്ങളുടെ ആവശ്യങ്ങൾ ആരെക്കൊന്നും നടപ്പിലാക്കി തരുമെന്ന് ഹിന്ദുത്വ നൽകുന്ന ജനാധിപത്യ വിരുദ്ധമായ ഉറപ്പാണ് ബി ജെ പിയിലേക്കുള്ള പ്രധാന ആകർഷണീയത…. ഉള്ളിലുറങ്ങി കിടക്കുന്ന മുസ്‌ലിം വിരുദ്ധത ഉണർത്താൻ കഴിയുന്ന രാഷ്ട്രീയം… ആ ബോധത്തെ ഇല്ലായ്മ ചെയ്യാൻ കഴിയുന്ന രാഷ്ട്രീയ വിദ്യാഭ്യാസം മതേതര പാർട്ടികളിലെ നേതാക്കൾക്ക് പോലും ആർജ്ജിച്ചെടുക്കാൻ കഴിയുന്നില്ല എങ്കിൽ അണികളുടെ കാര്യം പറയാനുണ്ടോ? നമ്മുടെ മതേതര ബോധം പോലും ഹിന്ദുത്വ ബോധത്തിലൂന്നി നിൽക്കുന്ന ഒരുതരം ഉഡായിപ്പ് തന്നല്ലേ…?

സംഘ് പരിവാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസം ജർമ്മനിയിൽ ഹിറ്റ്‌ലർ നടപ്പാക്കിയ ഫാസിസത്തെക്കാൾ എത്രയോ അപകടകരമായ ഒന്നാണ്…ഒരിക്കലും ഒരു സംഘി ആകില്ല എന്ന, ബി ജെ പി ആകില്ല എന്ന രാഷ്ട്രീയ തീരുമാനവും ഒരു മഹത്തായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ്…