സോപ്പിട്ട് , മാസ്ക്കിട്ട്, ഗ്യാപ്പിട്ട പുതിയ ഓണത്തിൽ പഴയ ഓർമ
ഓണത്തെസംബന്ധിച്ചു പറയുമ്പോള്‍ എനിയ്ക്ക് ഒരിയ്ക്കലും മറക്കാനാവാത്ത അനുഭവം എന്നു പറയുന്നത് അന്നത്തെ പൂവിടല്‍ ചടങ്ങുതന്നയാണ്.കുട്ടിക്കാലത്തെ എന്റ ഓണം .ആഘോഷിയ്ക്കുകയല്ലായിരുന്നു. അനുഭവിയ്ക്കുകയായിരുന്നു.ഇന്ന് ചടങ്ങുകളൊന്നുമില്ലാതെ പൂവിടല്‍ പോലും അന്യം നിന്ന് പോയ എന്റെ ഗ്രാമത്തിന്റെ നിര്‍ജ്ജീവമായ മുഖമാണ് കാണാന്‍ കഴിയുന്നത്.
ഓരോ ഓണം വരുമ്പോളും നഷ്ടപ്പെട്ടു പോയആ നല്ല നാളുകള്‍ ഇങ്ങിനി വരാത്തവണ്ണം പോയി മറഞ്ഞല്ലോ എന്ന ദുഃഖം മനസ്സില്‍ തിങ്ങി നിറയുന്നു. മധ്യ തിരുവിതാം കൂറിലെ ആലപ്പുഴജില്ലയിലെ പുന്നപ്ര എന്ന ഗ്രാമത്തില്‍ ആണ് ഞാന്‍ ജനിച്ചത്. വേറെങ്ങും ഇല്ലാത്ത കുറച്ച് ആചാരങ്ങളോടു കൂടിയായിരുന്നു അവിടെ ഓണംആഘോഷിച്ചിരുന്നത്.അമ്മയും കുഞ്ഞമ്മയും അമ്മുമ്മയും അടങ്ങിയ ഒരു കൂട്ടു കുടുംബത്തിലെ നാലു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടങ്ങിയ വീട്ടിലായിരുന്നു എന്റെ ഓണം . വീട്ടിലെ പ്രായമാകാത്ത പെണ്‍കുട്ടികളായിരുന്നു പൂവിടുന്നത്. ഇളയ പെണ്‍കുട്ടി ആയതിനാല്‍എനിയ്ക്ക് പൂവിടാന്‍ കുറെ വര്‍ഷങ്ങള്‍ കിട്ടി എന്നു സന്തോഷത്തോടുകൂടി പറയട്ടെ.
വട്ടത്തില്‍ ചാണകം മെഴുകിയഒരു തറയിലാണ്പൂവിടുന്നത്.വെളുപ്പിനെ തന്നെ മുറ്റവും തൂത്തു് ചാണക വെള്ളം തളിയ്ക്കും .ഇന്നത്തെപ്പോലെ നിലം പറ്റിയുള്ള അത്തപ്പൂവിടലായിരുന്നില്ല അന്ന്. വീട്ടിലെ അമ്മുമ്മ ഉള്‍പ്പടെ എല്ലാവരുംവെളുപ്പിനെ തന്നെ എണീറ്റ് പൂവിടാനുള്ള അറവാതുക്കലെ ചാണകത്തറയുടെ മുന്പില് നില്ക്കും തേച്ചു മിനുക്കിയ നിലവിളക്ക് കത്തിച്ചുവെച്ച് സൂര്യനുദിച്ചു വരുമ്പോളേയ്ക്ക് സൂര്യനെ നോക്കി ചാണകം മെഴുകിയ തറയുടെ ഒത്ത നടുക്കായി മൂന്നു പ്രാവശ്യം തുളസിയും തുമ്പപ്പൂവും ഇട്ടു തൊഴുതു പ്രാര്‍ത്ഥിക്കുന്നു. അതിന്റെ നടുക്കായി വായ്ക്കുരവയുടെ അകമ്പടിയോടെ ഈര്‍ക്കിലിയില്‍ കോര്‍ത്ത പൂക്കുട എടുത്ത് കുത്തുന്നു. സാധാരണ കോളാംമ്പിപ്പൂവും ചെമ്പരത്തിപ്പൂവുമാണ് പൂക്കുടയ്ക്ക് ഉപയോഗിക്കുന്നത്.പൂക്കുടയുടെചുറ്റിനും പലനിറത്തിലുള്ള നാട്ടു പൂവ് കൊണ്ട് കലാപരമായി അലങ്കരിക്കുന്നു. പൂക്കളം അലങ്കരിയ്ക്കാന്‍ തെച്ചിയും ചെമ്പരത്തിയും തുമ്പപ്പൂവും നന്ത്യാര്‍വട്ടവും ഒക്കെയാണ് ഉപയോഗിക്കുന്നത്.
ഇന്നത്തെ പോലെ അന്യസംസ്ഥാനത്തുനിന്നും വരുന്ന ഒരുപൂവും ഉപയോഗിച്ചല്ല അന്ന് ഞങ്ങള്‍ പൂവിട്ടു കൊണ്ടിരുന്നത്. മുറ്റത്തുതന്നെകൊങ്ങിണിപൂവും വാടാമല്ലിപൂവും ഒക്കെ ഉണ്ടാകും.അങ്ങനെ അത്തം തുടങ്ങി ഉത്രാടം വരെ പൂക്കുടയുടെ എണ്ണവും കൂടിവരും ഉത്രാടം ആകുമ്പോള്‍ ഈര്‍ക്കിലിയില്‍ കോര്‍ത്ത പൂക്കുടയുടെ എണ്ണം ഒന്‍പതാകും . എന്നും വെളുപ്പിനെ ചാണകത്തറ പുതിയ ചാണകം ഇട്ട് ഒന്നു കൂടി മെഴുകി ചാണകവെള്ളത്തില്‍ തളിയ്ക്കും. എന്നിട്ട് ആദ്യത്തെ ദിവസത്തിലെ പരിപാടികള്‍ എല്ലാം ആവര്‍ത്തിക്കും. ഓണപ്പരീക്ഷ ഓണത്തിനു രണ്ടു ദിവസം മുന്‍പ് കഴിയും .പിന്നീടുള്ള രണ്ടു ദിവസം ഞങ്ങള്‍ കുട്ടികളുടെ ജോലി പൂ പറിയ്ക്കലാണ്. ഞാനും ചേട്ടനും കൂടി വലിയ മുപ്പറക്കുട്ടയും ഒരു തോട്ടിയും ആയി പൂ പറിയ്ക്കാന്‍ പോക്കാണ്.വീടിന്റെ ഏകദേശം നാലു കിലോമീറ്റര്‍ ചുറ്റളവില്‍ കോളാംമ്പി കാട്ടിലും പള്ളി സെമിത്തേരിയിലും ഒക്കെയുള്ള കാട്ടു പൂവും നാട്ടുപൂവും മൊട്ടും ഒക്കെ പറിച്ച് വീട്ടിലെ ഒരു മുറിയില്‍ ശേഖരിയ്ക്കും വാടാതിരിയ്ക്കുവാന്‍ വാഴയിലയില്‍ വെള്ളം തളിച്ച് അതിനു മുകളില്‍ നിരത്തിയിടും. അങ്ങനെ രണ്ടു ദിവസം മുഴുവനും ഇതു തന്നെയാണ് ജോലി.
ആ പ്രദേശത്ത് പൂവിടുന്ന വീട്ടിലെ എല്ലാ കുട്ടികള്‍ക്കും ഇതു തന്നെയാണ് ഓണപ്പരീക്ഷ കഴിഞ്ഞാലുള്ള പണി.പിന്നീട് പൂമാറ്റുവാന്‍ വരുമ്പോഴേയ്ക്കും ഉള്ള ഒരുക്കങ്ങളാണ്. അതായത് ഉത്രാടത്തിന്റെന്ന് രാത്രികഴിഞ്ഞ് തിരുവോണം തുടങ്ങുന്ന വെളുപ്പിനെയാണ് പൂമാറ്റുവാന്‍ ആളു വരുന്നത്. കുഴിച്ചിട്ട വാഴപ്പിണ്ടി പൂക്കുട കൊണ്ട് അലങ്കരിച്ച് അവിടവിടെയായി ഇടിഞ്ഞിലു വിളക്കു
കത്തിച്ചു വെയ്ക്കും. പിണ്ടി ചുവട്ടിലുള്ള ചതുരത്തിനകത്ത് ചുവടോടെ പറിച്ച തുമ്പ ച്ചെടിയും മിച്ചം വന്ന പൂവും എല്ലാം കൂടി നിറയ്ക്കും. ഏകദേശം ഒരു പൂമെത്ത തന്നെ ആയിരിയ്ക്കും. പൂവട യുണ്ടാക്കി ഈ പൂവിനിടയില്‍ (പിണ്ടിച്ചുവട്ടിലെ) ഒളിപ്പിച്ചു വെയ്ക്കും . പൂവട എന്നു പറഞ്ഞാല്‍ അരിപ്പൊടി കൊണ്ടുള്ള അട. അകത്ത് ശര്‍ക്കരയും തേങ്ങയും ഒക്കെ വെച്ച് സ്വാദിഷ്ടമായ അടയാണ്. അത് 9,11,13 ഇതിലേതെങ്കിലും നമ്പരിലുള്ളതായിരിയ്ക്കും.
പൂവടയുണ്ടാക്കുന്നതും ഒരു ചടങ്ങുതന്നെയാണ്. അമ്മയോ കുഞ്ഞമ്മയോ ആരെങ്കിലും കുളിച്ചുവന്ന് ഉരലിലിട്ട് അരി ഇടിച്ചുപൊടിച്ച് വറുത്ത് അപ്പോഴുണ്ടാക്കുന്നതാണ്. എന്നു പറഞ്ഞാല്‍ ഉത്രാടത്തിന്റെന്ന് ഏകദേശം പന്ത്രണ്ടുമണി രാത്രി കഴിയുമ്പോളാണ് ഈ കലാ പരിപാടികളെല്ലാം എല്ലാ വീട്ടിലുംഅരങ്ങേറുന്നത്.പൂമാറ്റുവാന്‍വരുന്ന വരവാണ് ഏറെ രസകരം. അതിന് പ്രത്യേകം ആള്‍ക്കാരുണ്ട്. അവര്‍ ചെണ്ട ചേങ്കില മേളത്തില്‍ പൂവിട്ടിരിയ്ക്കുന്ന എല്ലാ വീട്ടിലും എത്തുന്നു.അവര്‍ വന്നു കഴിഞ്ഞാല്‍ആദ്യത്തെ ചടങ്ങ് പിണ്ടിയുടെ അല്‍പ്പം മാറി കിഴക്കോട്ടായി ഒന്‍പത് ചാണകം മെഴുകിയതറയില്‍ അത്തം മുതല്‍ പൂവിട്ടതുപോലെ പൂവിടലാണ്. അതായത് ഏറ്റവും കിഴക്കേ അറ്റത്ത് ഒരു പൂക്കുട പിന്നെ രണ്ട് അങ്ങനെ കണക്കില്‍ പിണ്ടി പത്താമത്തേത്.
അവസാനത്തെ ചടങ്ങ്. അതായത് വില്ലും അമ്പും ആയി പൂമാറ്റാനുള്ള ആള് നല്ലവണ്ണം ഒരുങ്ങിഒരു തലേക്കെട്ടും ഒക്കെയായി വന്ന് പിണ്ടിചുവട്ടില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പുവട അമ്പെയ്ത് എടുത്ത് എറിയും. സാമര്‍ത്ഥ്യമുള്ളവര്‍ അത് പിടിച്ചെടുത്ത് തിന്നും. ചിലപ്പോള്‍ ഈ പൂവട എല്ലാം കിട്ടണമെന്നില്ല.അപ്പോള്‍ വീട്ടുകാരോട് എത്രയെണ്ണം വെച്ചിട്ടുണ്ടായിരുന്നു എന്നു ചോദിയ്ക്കും കൃത്യ എണ്ണവും കുത്തിയെടുത്തിട്ടെ അടുത്ത വീട്ടിലോട്ട് പോകുകയുള്ളു.ഇതാണ് പൂമാറ്റല്‍ ചടങ്ങ്.അതുകഴിഞ്ഞ് പിണ്ടി പിഴുന്ന ചടങ്ങാണ്. നാലാം ഓണത്തിന്റെന്ന് ഏകദേശം രാത്രി പത്തുമണിയടുപ്പിച്ചാണ് വരുന്നത്. അതും ചെണ്ടമേളത്തോടെ തന്നെയാണ്. കൊട്ടുമാത്രം ദ്രുത താളത്തിലായിരിക്കും.
അടയ്ക്കാമരത്തിന്റെ തടിയുടെ ആപ്പടിച്ചുകേറ്റി ഭൂമിയില്‍ കുഴിച്ചിട്ടിരിക്കുന്ന പിണ്ടി പിഴുതെടക്കുവാന്‍ ഒരുകൂട്ടം ആള്ക്കാര് നല്ല വണ്ണംപണിപ്പെടും.പിണ്ടി പിഴുതു കഴിഞ്ഞാണ് പൂമാറ്റിയതിനും പിണ്ടി പിഴുതതിനും കൂടിയുള്ള ദക്ഷിണ കൊടുക്കുന്നത്.ഒന്നിനും കണക്കു പറഞ്ഞല്ല മേടിയ്ക്കുന്നത്.വീട്ടുകാര്‍ കൊടുക്കുന്നതെന്തും സന്തോഷത്തോടെ വാങ്ങി വീണ്ടും അടുത്ത ഓണത്തിനായിഅവര്‍ യാത്ര പറയുമ്പോള്‍ മനസ്സില്‍ അത്തവണത്തെ ഓണം പൊയ് പോയതിലുള്ള നല്ല വിഷമവും ഉണ്ടായിരിക്കും.പക്ഷെ ഇത്തവണത്തെ ഈ നഗര ഓണം എന്നെ സംബന്ധിച്ച് ഏറെ സന്തോഷവും അതോടൊപ്പം സങ്കടവും തരുന്നു. എന്തെന്നാല്‍ ആ കാര്യങ്ങളെല്ലാം പരസ്പരം പറഞ്ഞ് ആസ്വദിച്ച് ഓണം കൊണ്ടാടാന്‍എന്റെ അമ്മ കൂടെയില്ല.പക്ഷേ പുതിയ ഒരാള്‍ ഞങ്ങളുടെ വീട്ടില്‍ അംഗമായി വന്നു ചേര്‍ന്നു. എന്റെ മകന്റെ ഭാര്യ. ഇഡ്യയുടെ വടക്കേ അറ്റത്തുള്ള ലൂധിയാനയില്‍ നിന്നും ഞങ്ങള്‍ക്കു കിട്ടിയ മരുമകളുമൊത്ത് കൊറോണയോടൊപ്പം സോപ്പിട്ട് , മാസ്ക്കിട്ട്, ഗ്യാപ്പിട്ട് ഒരു പുതിയ ഓണം ആഘോഷിയ്ക്കുവാന്‍ മനസ്സാ തയ്യാറെടുത്തുകഴിഞ്ഞു.