ഇന്ന് കുതിരവട്ടം പപ്പുവിന്റെ ജന്മദിനവാർഷികം…..
Muhammed Sageer Pandarathil
1937 ഡിസംബർ 24 ആം തിയതി പാങ്ങോട് രാമന്റെയും ദേവിയുടെയും മകനായി പദ്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു കോഴിക്കോട് ഫറൂക്കിൽ ജനിച്ചു. പപ്പുവിന്റെ കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിന്റെ കുടുംബം കുതിരവട്ടത്തേയ്ക്ക് താമസം മാറ്റി. തന്റെ ചെറുപ്രായത്തിൽ തന്നെ പപ്പു അഭിനയത്തിലുള്ള തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു. നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങുമ്പോൾ പപ്പുവിന്റെ പ്രായം പതിനേഴ് വയസ്സായിരുന്നു . ആ സമയത്ത് അദ്ദേഹം കോഴിക്കോട് സെന്റ് ആന്റണി സ്കൂളിൽ പഠിയ്ക്കുകയായിരുന്നു. തുടർന്ന് ആയിരത്തോളം ലഘു നാടകങ്ങളിലും രണ്ട് പ്രൊഫഷണൽ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. സമസ്യ എന്ന നാടകത്തിലെ അഭിനയത്തിന് പപ്പുവിന് മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.
1963 ൽ പി ഭാസ്കരന്റെ “അമ്മയെ കാണാൻ” എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് പപ്പു സിനിമാഭിനയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. സ്വതസിദ്ധമായ കോഴിക്കോടൻ ശൈലി മൊത്തമായി അവലംബിച്ച് സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിച്ച അതുല്യനായ കലാകാരൻ. നാടകനടനായ പദ്മദളാക്ഷൻ പപ്പുവാകുന്നത് ഭാർഗവി നിലയത്തിൽ അഭിനയിക്കുമ്പോൾ ആണ്. ഈ പേരുവരാൻ മുഖ്യ കാരണക്കാരൻ വൈക്കം മുഹമ്മദ് ബ്ഷീർ ആയിരുന്നു. കുതിരവട്ടം പപ്പു എന്നായിരുന്നു ഭാർഗ്ഗവി നിലയത്തിൽ പദ്മദളാക്ഷൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
പപ്പുവിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവുകളായിരുന്നു ചെമ്പരത്തി/ അങ്ങാടി/ അവളുടെ രാവുകൾ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ.കോമഡി റോളുകളായിരുന്നു പപ്പു ചെയ്തിരുന്നവയിൽ ഭൂരിഭാഗവും. മലയാളസിനിമ അതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കൊമേഡിയനായി ഇദ്ദേഹം മാറി. കോഴിക്കോടൻ ശൈലിയിലുള്ള പപ്പുവിന്റെ സംഭാഷണം സിനിമാപ്രേക്ഷകർക്ക് അദ്ദേഹത്തോടുള്ള പ്രിയം വർദ്ധിപ്പിയ്ക്കുവാൻ സഹായകരമായി. ഇന്നും മലയാളിയുടെ ചിരിയുടെ ഭാഗമായ “ടാസ്കി വിളിയെടാ”, “ഇപ്പൊ ശരിയാക്കിത്തരാം”, “താമരശ്ശേരിചുരം….. എന്നിവ ഇദ്ദേഹത്തിന്റെ സംഭാവനയാണ്.
മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ഇദ്ദേഹത്തിന്റെ കഥാപാത്രം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ഇദ്ദേഹം, തളരുന്ന നാടകകലയെ വളർത്തുക എന്ന ലക്ഷ്യത്തോടെ 1999 ൽ അക്ഷര തിയ്യേറ്റേഴ്സ് എന്ന നാടക സമിതി രൂപീകരിച്ചിരുന്നു. അഞ്ഞൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 2000 ഫെബ്രുവരി 25 ആം തിയതി ഹൃദയസ്തംഭനത്തെ തുടർന്ന് തന്റെ 63 ആം വയസ്സിൽ അന്തരിച്ചു.പത്മിനിയാണ് ഭാര്യ. ബിന്ദു, ബിജു, നാടനായ ബിനു എന്നിവരാണ് മക്കൾ.