മനുഷ്യൻ മനുഷ്യനോട് ചേരുമ്പോഴുള്ള അതിശയത്തിൻ്റെ പേരായി ഇനി പ്രീന ടീച്ചറുമുണ്ട്

0
294

കെ വി നദീർ

ചിത്രത്തിലുള്ളത് പ്രീന ടീച്ചർ. കൂട്ടായി എം എം എം ഹൈസ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപിക. കൂടെയുള്ളത് സുന്ദരൻ. കഴിഞ്ഞ കുറേ കാലങ്ങളായി ചമ്രവട്ടം പാലത്തിലെ കൈവരിയോട് ചേർന്ന സീറ്റിൽ സുന്ദരനുണ്ട്. ഇതുവഴി പോകുന്നവരുടെ പതിവു കാഴ്ച്ചയാണ് ഈ മനുഷ്യൻ. കൊടും വെയിലിലും മരം കോച്ചുന്ന തണുപ്പിലും തുണി മാത്രം ഉടുത്ത് ഇയാളെ കാണാം. രാത്രിയും പകലുമൊക്കെ ഈ സീറ്റിൽ തന്നെയാണ് കഴിച്ചുകൂട്ടുന്നത്. മഴയായതോടെ സുന്ദരൻ്റെ ഇരുത്തം പലത്തോട് ചേർന്ന ബസ് ഷെഡിലായി.

കഴിഞ്ഞ മാസത്തെ ഒരു പകലിൽ ബൈക്ക് യാത്രക്കിടെയാണ് പ്രീന ടീച്ചറുടെ കണ്ണിൽ സുന്ദരൻ ഉടക്കി നിന്നത്. പ്രായമായ ആ മനുഷ്യനെ കണ്ടിട്ടും കാണാതെ പോകാൻ ടീച്ചർക്കായില്ല. ബൈക്ക് നിറുത്തി ആ മനുഷ്യനു മുന്നിലെത്തി. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. പലരോടും തട്ടിക്കയറിയിരുന്ന അയാൾ ടീച്ചറോട് സൗമ്യമായി വർത്തമാനം പറഞ്ഞു. ചെറുപ്രായത്തിൽ നാടുവിട്ടതും, രാജ്യമാകെ ചുറ്റിക്കറങ്ങിയതും, ക്ഷേത്ര നടകളിൽ കാലം കഴിച്ചുകൂട്ടിയതുമൊക്കെ മനസ്സു തുറന്ന് പറഞ്ഞു തീർത്തു.

ടീച്ചർ പേഴ്സിൽ നിന്ന് പണമെടുത്ത് സുന്ദരനു നേരെ നീട്ടി. തനിക്കെന്തിന് പണമെന്നായി സുന്ദരൻ. ഭക്ഷണം മതിയൊ എന്ന ചോദ്യത്തിന് തല കുലുക്കി സമ്മതം മൂളി. അന്നത്തെ ഉച്ചഭക്ഷണം ടീച്ചർ വീട്ടിൽ നിന്നെത്തിച്ചു. ഭക്ഷണം നൽകിയപ്പോൾ സുന്ദരൻ്റെ മുഖത്തെ പുഞ്ചിരി ടീച്ചറെ വല്ലാതെ ആകർഷിച്ചു. ഏപ്രിൽ 30ന് മരണമടഞ്ഞ അമ്മയാണ് ടീച്ചറുടെ ഓർമ്മയിൽ വന്നത്. തമിഴ്നാട്ടിലായിരുന്നു ടീച്ചറും അമ്മയും. അവിടത്തെ വീട്ടിൽ ഓരോ ദിവസവും ഓരോ ഭിക്ഷാടകരെത്തും. സുഭിക്ഷമായി ഭക്ഷണം നൽകും. അമ്മക്ക് അത് സന്തോഷമായിരുന്നു.

അടുത്ത പകൽ ടീച്ചർ പ്രാതലുമായെത്തി. ഉച്ചക്ക് ചോറും കറിയും. വൈകീട്ട് ചായയും പലഹാരവും. പിന്നെ കുളിക്കാൻ വെള്ളവും. കഴിഞ്ഞ ഒരു മാസമായി പ്രീന ടീച്ചർ പതിവു തെറ്റാതെ തുടരുകയാണിത്. ആ മനുഷ്യൻ അവിടെ ഉള്ളിടത്തോളം തുടരാനാണ് തീരുമാനം. ടീച്ചറുടെ വീട്ടിലെ ഭക്ഷണ മെനുവൊക്കെ മാറിയിട്ടുണ്ട്. സുന്ദരൻ്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ഇപ്പോഴത്തെ ഭക്ഷണമൊരുക്കൽ. സുന്ദരന് ഇഷ്ടമില്ലാത്തത് അവരും വേണ്ടെന്ന് വെച്ചിട്ടുണ്ട്.

അമ്മയുടെ ഇഷ്ടമാണ് ടീച്ചർ തുടരുന്നത്. ഏറ്റവും പ്രിയപ്പെട്ടവരുടെ ഇഷ്ടങ്ങളെ അവരുടെ മരണശേഷവും തുടരുകയെന്ന പുണ്യത്തിനൊപ്പമാണ് അവരുള്ളത്. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത, അതുവരെയും അറിയാത്ത, ബന്ധങ്ങളുടെ നേരിയ കൊളുത്തു പോലുമില്ലാത്ത ഒരു മനുഷ്യനു മുന്നിൽ ടീച്ചർ വിളമ്പിയത് ഹൃദയം കൊണ്ട് പാകം ചെയ്ത അന്നമായിരുന്നു. ഒറ്റപ്പെടലിൻ്റെ വിഭ്രാന്തിയിൽ ചൂടും തണുപ്പും എന്തെന്ന് മറന്നിരുന്നു ആ മനുഷ്യൻ. പരിസരവും അന്തരീക്ഷവും ഒരുതരം മരവിപ്പായിരുന്നു അയാൾക്ക്. വെറുമൊരു മാംസ പിണ്ഢമായിരുന്ന അയാളിലേക്ക് കരുതലിൽ പാകപ്പെടുത്തിയ കൂട്ടുകറിയുമായാണ് ടീച്ചറെത്തിയത്. സുന്ദരന് അവരിപ്പോൾ പ്രീന മോളുവാണ്. മനുഷ്യൻ മനുഷ്യനോട് ചേരുമ്പോഴുള്ള അതിശയത്തിൻ്റെ പേരായി ഇനി പ്രീന ടീച്ചറുമുണ്ട്.ബിഗ് സല്യൂട്ട്…