Literature
സ്ത്രീകൾ തുറന്നെഴുതുമ്പോൾ അസഹിഷ്ണുതയെന്തിന് ?

ദിവ്യാ ദിവാകരന്റെ (Divya Divakaran)പോസ്റ്റ്
നൂററാണ്ടുകളായി പുരുഷ സാഹിത്യത്തില്‍ നിറഞ്ഞ് നില്ക്കുന്ന ഒന്നാണ് പുരുഷന്റെ ലെെംഗീകത. അവന് ആസ്വദിച്ചതും അനുഭവിച്ചതും ആഗ്രഹിക്കുന്നതും എല്ലാം പച്ചക്ക് തന്നെ എഴുതിയിട്ടുണ്ട്. സ്ത്രീയെ വെറും ലെെംഗിക വസ്തു മാത്രമാക്കിക്കൊണ്ടുളള ശരീരവര്‍ണനകള്‍ വേറെ. അപ്പോഴൊന്നും ആരും വിലപിച്ച് കണ്ടില്ല. പുരുഷന്മാര് സാഹിത്യത്തെ വികലമാക്കുന്നു എന്ന് ആരും പരാതിയും പറഞ്ഞിട്ടില്ല. സ്ത്രീ സ്വന്തം ലെെംഗീക ആസ്വാദനം തുറന്നെഴുതുമ്പോള്‍ മാത്രമാണല്ലോ ഈ അസ്വസ്ഥതകളും സദാചാര ചര്‍ച്ചകളുമൊക്കെ.
മരുഭൂമിയിലെ തന്റെ ഏകാന്ത ജീവിതത്തില്‍ ലെെംഗികതക്ക് മററു മാര്‍ഗങ്ങളൊന്നുമില്ലാത്ത നജീബ് ഒരു ആടുമായി ലെെംഗികവേഴ്ച നടത്തുന്ന കാര്യം ബെന്ന്യാമിന് വിശദീകരിക്കുന്നുണ്ട് ‘ആടുജീവിത’ത്തില്‍. നജീബ് നോവലിസ്ററിനോട് തന്റെ ജീവിതകഥ മുഴുവന്‍ പറഞ്ഞപ്പോള്‍ എന്തിനാണ് ഈ ‘മൃഗഭോഗം ‘ ഒക്കെ വിശദീകരിച്ചത് എന്ന് ആരും ചോദ്യം ചെയ്ത് കണ്ടില്ല. ഇനി നജീബ് അത് പറഞ്ഞിട്ടില്ലെങ്കില്‍ ബെന്ന്യാമിന് എന്തിന് അതൊക്കെ സങ്കല്പിച്ച് എഴുതി എന്നും ആരും ചോദിച്ചിട്ടില്ല. പുരുഷന്റെ ലെെംഗികതയെ , അത് ഇനി ‘സ്വയംഭോഗ’മായാലും ‘മൃഗഭോഗ’മായാലും അനുതാപത്തോടെ നോക്കിക്കാണുന്ന അതേ സമൂഹം തന്നെയാണ് ഒരു പെണ്ണിന്റെ ലെെംഗിക ആസ്വാദനത്തെക്കുറിച്ചുളള തുറന്നെഴുത്തില്‍ അസ്വസ്ഥരാകുന്നതും.
അരുന്ധതി റോയിയുടെ God of small things ല്‍ അമ്മുവിന്റെ സഹോദരനായ ചാക്കോ, പണിക്ക് വരുന്ന സ്ത്രീകളെ മുറിയില്‍ കയററി അവരുമായി ലെെംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്. മമ്മാച്ചിക്ക് ( ചാക്കോയുടേയും അമ്മുവിന്റേയും അമ്മ ) ഇത് ഒരു വിഷയമേ അല്ല. ‘To satisfy his men ‘s needs’ എന്ന് അവര്‍ അതിനെ നിസ്സാരവത്കരിക്കുന്നു. എന്നാല്‍ അമ്മുവിന്റെ വെളുത്തയുമായുളള ലെെംഗികബന്ധം
മമ്മാച്ചിയിലോ കുടുംബത്തിലോ ഒതുങ്ങാത്ത ഒരു സാമൂഹിക പ്രശ്നമായിത്തന്നെ മാറുന്നു.
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, മമ്മാച്ചിയുടെ അതേ മനശ്ശാസ്ത്രം തന്നെയാണ് ഈ കാലത്തും മിക്കവരിലും കാണാന്‍ കഴിയുന്നത്. പുരുഷന്റെ ലെെംഗിക അനുഭവങ്ങളെ ആരാധനയോടെയോ അനുതാപത്തോടെയോ കാണുന്ന അതേ വായനക്കാര്‍ക്ക് സ്ത്രീയുടെ സ്വയംഭോഗാനുഭവങ്ങള്‍ വായിക്കുമ്പോള്‍ പൊളളലേററതുപോലെ തോന്നുന്നു.
സ്ത്രീ സ്വന്തം ശരീരത്തേയോ മറ്റൊരു ശരീരത്തേയോ ലെെംഗികമായി ആസ്വദിക്കാന്‍ കഴിവുളളവളാണ് എന്ന തിരിച്ചറിവ് പലരെയും ഭയപ്പെടുത്തുന്നുണ്ട്.പുരുഷന് ആസ്വദിക്കാനുളള ഒരു വസ്തു മാത്രമായി സ്ത്രീ
ശരീരത്തെ കണ്ടു ശീലിച്ചവര്‍ക്ക് ഇത്തരം എഴുത്തുകള്‍ ഞെട്ടലുണ്ടാക്കും. തീര്‍ച്ച.
Sreelakshmi Arakkal ന്റെ ധീരമായ എഴുത്ത് ഒരു മാററത്തിന്റെ തുടക്കം തന്നെയാണ്. ‘ഞങ്ങള്‍ക്ക് ഇതൊന്നും വിളിച്ചു പറയാന്‍ യാതൊരു പേടിയുമില്ല ‘ എന്ന് എഴുത്തിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രഖ്യാപിക്കുന്ന പുതുപെണ്തലമുറയെ എന്ത് പറഞ്ഞാണ് ഇനി ഈ പുരുഷാധിപത്യ സമൂഹത്തിന് ഭയപ്പെടുത്താന്‍ കഴിയുക ?
അനേക വർഷങ്ങളോളം അങ്ങനെനിലത്ത് നോക്കി കളംവരപ്പിച്ച് നിർത്തിയിരുന്ന പെൺകുട്ടികളിൽനിന്ന് മാറി ഇന്നത്തെ പെൺകുട്ടികളിതാ സ്വന്തം ലൈംഗികതയെക്കുറിച്ച് ചിന്തിക്കാനും ,എഴുതാനും ചർച്ച ചെയ്യാനും അഭിപ്രായങ്ങൾ പറയാനും തുടങ്ങിയിരിക്കുന്നു. എല്ലാം കൈവിട്ടുപോയില്ലോ…ഇനിയിപ്പം ന്താ ചെയ്യാ….. ഒന്നും ചെയ്യാനില്ല. പണ്ടിവർ പറഞ്ഞ് വെച്ച സ്ത്രീസങ്കൽപങ്ങൾക്ക് പകരം സ്ത്രീകൾ പുരുഷസങ്കൽപ്പങ്ങൾ മെനയും. രസം അവിടെയാണ്. അപ്പോ അഞ്ചിഞ്ചിലോ ആറിഞ്ചിലോ കാര്യം നിൽക്കില്ല. കാര്യങ്ങൾ ഇനിയും കൈവിട്ടുപോകും. പെൺകുട്ടികൾ തുല്യതയും അംഗീകാരവും സ്നേഹവും മാനവികതയുമെല്ലാം നിരന്തരം ആവശ്യപ്പെടും, കിട്ടുന്നില്ലെങ്കിൽ അവരവരുടെ വഴിക്ക് പോവും.ശ്രദ്ധിക്കുക…പെണ്ണിന്റെ പ്രണയത്തിന്റെയും ലൈംഗികതയുടെയുമെല്ലാം പ്രത്യയശാസ്ത്രങ്ങൾ അവൾ തന്നെ രചിക്കട്ടെ.. വഴി മാറി നിൽക്കൂ..
1,298 total views, 4 views today