ലൈല മജ്നു എന്ന അനശ്വരമായ അറബ് – പേര്‍ഷ്യന്‍ പ്രണയ കാവ്യത്തിലെ കഥയുടെ പിന്നാമ്പുറത്തേക്ക് ⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ലൈല മജ്നു എന്ന അനശ്വരമായ അറബ് – പേര്‍ഷ്യന്‍ പ്രണയം ഏഴാം നൂറ്റാണ്ടിലെ ഉമയ്യദ് കാലഘട്ടത്തില്‍ വടക്കേ അറേബ്യയുടെ മരുഭൂമികളില്‍ ജീവിച്ചിരുന്ന ഖൈസ് ഇബ്നുല്‍ മുലവ്വയെന്ന യുവാവിന്‍റെയും , അവന്‍റെ പ്രണയിനി ലൈലയുടെയും ചരിത്രമാണ്.ലൈല മജ്നു പ്രണയ കാര്യങ്ങൾ ഇന്നത്തെ സൗദി അറേബ്യയിലെ അഫ് ലാജ് എന്ന മരുഭൂമിയില്‍ സംഭവിച്ച ഒരു കഥയാണ് എന്ന് പറയപ്പെടുന്നു . ലൈല രാജകുമാരി ആയിരുന്നെന്നും , ഗ്രാമമുഖ്യന്‍റെ മകള്‍ ആയിരുന്നു എന്നുമൊക്കെ നാട്ടുകാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
അതുപോലെ മജ്നു പേര്‍ഷ്യനോ , മിസ്‌രിയോ ആയിരുന്നു എന്നുമൊക്കെ സംസാരമുണ്ട്. പക്ഷെ അവരുടെ പ്രണയം സത്യമായിരുന്നു. ലൈലയെ നഷ്ടപ്പെട്ട ഖയസ് മരുഭൂമിയിലൂടെ അലഞ്ഞു ഭ്രാന്തനായി എന്നാണ് പറയപ്പെടുന്നത്. ആ അര്‍ത്ഥത്തിലാവണം ഭ്രാന്തന്‍ എന്ന അറബി പദമായ മജ്നൂന്‍ എന്ന പേര് വന്നതും പിന്നെ മജ്നു ആയി തീര്‍ന്നതും. ഖയസ് എന്നാണ് മജ്‌നുവിന്റെ യഥാര്‍ത്ഥ പേര് . ലൈലയോടുള്ള അടങ്ങാത്ത സ്‌നേഹം ഭ്രാന്തമായതിനാല്‍ മജ്‌നു എന്ന് ഖയസിനെ വിളിക്കപ്പെടുകയായിരുന്നു. മജ്‌നു എന്നാല്‍ ഭ്രാന്തന്‍ എന്നാണര്‍തഥം.
ഒരു കഥാപാത്രത്തിന്‍റെ പേരില്‍ നില നില്‍ക്കുന്ന ഏക നാട് സൗദി അറേബ്യയിലെ റിയാദിന് അടുത്തുള്ള ലൈല അഫ് ലാജ് മാത്രമായിരിക്കും. വറ്റിപ്പോയ ഒരു പുഴയുണ്ട് ഇവിടെ. ലൈല കുളിക്കാന്‍ വന്നിരുന്നു എന്ന് പറയുന്ന ലൈലാക്കുളം എന്ന വിളിപ്പേരുള്ള പുഴ. ഇരുപതു വര്‍ഷം മുമ്പ് വരെ ഈ പുഴ ഒഴുകിയിരുന്നു .മലയാളികള്‍ അടക്കമുളവര്‍ ഇവിടെ കുളിക്കാന്‍ വന്നിരുന്നു എന്നും പറയുന്നു. ലൈലയുടെയും , മജ്നുവിന്‍റെയും ദുരന്തമായ പ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയായിരിക്കുമോ ഈ പുഴയും വരണ്ടുണങ്ങിയത്…?
ദരിദ്രനായൊരു കവിയായിരുന്ന ഖൈസിനോട് ലൈലക്ക് പ്രണയം മൊട്ടിട്ടു. ഖൈസിനും ലൈല തന്‍റെ പ്രിയപ്പെട്ടവളായി മാറി. അവള്‍ക്ക് വേണ്ടി അവന്‍ കവിതകള്‍ എഴുതിയിരുന്നു. ആ കവിതയിലെല്ലാം അവളോട് അവനുള്ള പ്രണയമായിരുന്നു നിറഞ്ഞത്.ഇതറിഞ്ഞ വീട്ടുകാര്‍ ലൈലയെ വീട്ടുതടങ്കലിലാക്കി. ലൈലയെക്കുറിച്ചുള്ള ചിന്തകളില്‍ വിരഹാതുരനായ ഖയസ് വിലപിച്ചു നടന്നു.
ഖൈസിനെ അറിയുന്നവര്‍ക്ക് അവനു ലൈലയോടുള്ള പ്രണയം അറിയുമായിരുന്നു. അവരൊക്കെയും ഖൈസിനെയും അവന്‍റെ കവിതകളെയും കളിയാക്കി.എന്നാല്‍ ഇതൊന്നും ഖൈസില്‍ ഒരു മാറ്റവും കൊണ്ടു വന്നില്ല.ഒടുവില്‍ ഖൈസ് തന്‍റെ ലൈലയെ ജീവിതത്തില്‍ ഒരുമിച്ച് കൂട്ടാന്‍ ആഗ്രഹിച്ച് ലൈലയുടെ വീട്ടുകാരോട് അവരുടെ മകളെ തനിക്ക് തരുമോ എന്ന് ചോദിച്ചു. എന്നാല്‍ ദരിദ്രനായ ഖൈസിനു തന്‍റെ മകളെ വിവാഹം ചെയ്ത് കൊടുക്കാന്‍ ലൈലയുടെ പിതാവ് തയ്യാറായില്ല. ലൈലയുടെ പണത്തിനും , പദവിക്കുമൊത്ത ഒരു ധനികനെ കൊണ്ടേ കെട്ടിക്കൂ എന്നയാള്‍ക്ക് വാശിയായിരുന്നു.
പതിവുപോലെ ലൈലയെ കാണാനെത്തിയ മജ്‌നുവിനെ ലൈലയുടെ സഹോദരന്‍ തബ്‌രേശ് കാണാനിടയായി. ധനികനും , ബഹുമാന്യനുമായിരുന്ന ലൈലയുടെ പിതാവിനും , ജേഷ്ഠനും മജ്‌നു ലൈല ബന്ധം അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു. അയാള്‍ കുപിതനായി ആര്‍ത്തു വിളിച്ചു വാളെടുത്തു വീശാന്‍ തുടങ്ങി .വാളില്‍ നിന്നും ഓരോ മുറിവുണ്ടാകുമ്പോളും മജ്‌നു ലൈല തന്റേതാണെന്ന് ഉച്ചത്തില്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഇത് തബ്രേശനെ കൂടുതല്‍ ക്ഷുഭിതനാക്കി . അയാള്‍ മജ്‌നുവിനെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങി.
മജ്‌നുവിനേല്‍ക്കുന്ന ഓരോ മുറിവുകളും ലൈലയെ വേദനിപ്പിച്ചു. ഇതറിയാമായിരുന്ന മജ്‌നു അങ്ങനെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ലൈലയുടെ സഹോദരനെ വധിക്കേണ്ടി വന്നു. മജ്‌നുവിന് മരണം വരെ കല്ലേറു ശിക്ഷയായി വിധിക്കപ്പെട്ടു.ലൈലക്ക് സഹിക്കാവുന്നതിലും വലുതായിരുന്നു അത്. അവള്‍ മജ്‌നുവിനെ കല്ലെടുത്തെറിയാതിരിക്കാന്‍ കരഞ്ഞപേക്ഷിച്ചു . ആരും കേട്ടില്ല… അവസാനം പിതാവിനരികില്‍ പോയി മജ്‌നുവിനെ കാണുകയോ , സംസാരിക്കുകയോ ഇല്ല ;ജീവനോടെ വിട്ടയച്ചാല്‍ മതിയെന്ന് അപേക്ഷിച്ചു. പിതാവ് മറ്റൊരാളെ വിവാഹം കഴിക്കുമെങ്കില്‍ വിട്ടയക്കാം എന്ന് പറഞ്ഞു.
ഇത് കേട്ട ലൈല അവള്‍ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന മജ്‌നുവിന്റെ ജീവനുവേണ്ടി ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന് വാക്ക് കൊടുത്തു.സുന്ദരനും , ധനികനുമായ തക്വിഫ് എന്ന വ്യാപാരിയായ യുവാവുമായി ലൈലയുടെ വിവാഹം നടത്തുകയും മജ്‌നുവിനെ മരുഭൂമിയിലേക്ക് കൊണ്ടുപോയി തള്ളുകയും ചെയ്തു ലൈലയുടെ പിതാവ് .
മജ്നു നാട്ടില്‍ നിന്നും , സമൂഹത്തില്‍ നിന്നും അകന്ന് മരുഭൂമികളില്‍ അലയാന്‍ തുടങ്ങി. മരുഭൂമിയിലൂടെ മജ്‌നു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു . ലൈലക്കു വേണ്ടി കണ്ണില്‍ പെടുന്ന കല്ലുകളിലെല്ലാം കവിതകള്‍ കുറിച്ചിട്ടു. അവന്‍റെ കുടുംബക്കാരിലും അവന്‍ തിരികെ വരുമെന്ന പ്രതീക്ഷ ഇല്ലാതെയായി തുടങ്ങി. അവര്‍ അവനു വേണ്ടി വിജനമായ ഇടങ്ങളില്‍ ഭക്ഷണം കൊണ്ടു വെക്കുമായിരുന്നു. ചില നേരങ്ങളില്‍ അവൻ ഒരു കമ്പു കൊണ്ട് മണല്‍ തരികളില്‍ തന്റെ ലൈലയുടെ പേരെഴുതികൊണ്ട് അവൾക്കായി താനെഴുതിയ കവിതകള്‍ പാടിപ്പറഞ്ഞ് നടക്കുന്നതായി കാണാം.അവന്‍ ലൈലയെ ഓര്‍ത്ത് അഗാധമായ ദുഖത്തിലായി കഴിഞ്ഞിരുന്നു.എങ്കിലും ലൈലയേയും , മജ്നുവിനേയും അകറ്റാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാവുകയായിരുന്നു. ലൈല താന്‍ മജ്നുവിന്റേതാണെന്ന് ഹൃദയത്തില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഖൈസില്‍ നിന്ന് വേര്‍പ്പെട്ട ലൈലയുടെ ജീവിതയും ദുഖങ്ങള്‍ നിറഞ്ഞതായിരുന്നു. അവനെ ഓര്‍ത്ത് ലൈലയുടെ മനസും , ശരീരവും , ആത്മാവും തകര്‍ന്നു പോയിരുന്നു. മജനു ലൈലയുടെ വിവാഹത്തിന് ശേഷം ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നു.തക്വിഫ് ലൈലയെ മൊഴി ചൊല്ലി. മജ്നുവിനോടുള്ള പ്രണയത്തിന്റെ വിഭ്രാന്തിയില്‍ ലൈല കാടുകള്‍ തോറും മജ്നു എന്നു വിലപിച്ചു നടന്നു. ഏതാനും ദിവസങ്ങള്‍ക്കകം മജനു മരണമടഞ്ഞു. മജ്‌നു ജീവന്‍ കൈവിട്ട സമയം ലൈലയുടെ ഹൃദയവും നിലച്ചിരുന്നു.മജ്‌നുവിനോടുള്ള വേര്‍പാട് സഹിക്കാനാകാതെ ലൈല ഹൃദയാഘാതം മൂലം മരണമടഞ്ഞു,
മരണശേഷമാണ് ലോകം ഇവരുടെ യഥാര്‍ത്ഥ പ്രണയത്തിന്റെ ശക്തി തിരിച്ചറിഞ്ഞത്.
രണ്ടാളേയും സമീപത്തു തന്നെ സംസ്ക്കരിച്ചു. ലൈലയുടേയും , മജ്നുവിന്റെയും കബറിടങ്ങള്‍ ഇന്നും ലോകം മുഴുവനുള്ള പ്രണയികളുടെ വിശുദ്ധ ക്ഷേത്രമാണ്.കാലം ഈ കബറിടങ്ങളുടെ മാറ്റിന് മരവേല്പിച്ചെങ്കിലും പ്രപഞ്ചത്തില്‍ പരിശുദ്ധ പ്രേമം നിലനില്‍ക്കുന്ന കാലത്തോളം ലൈലയും മജ്നുവും അനശ്വരരായി തന്നെ തുടരും.ലൈലയുടെയും മജ്നുവിന്‍റെയും പേര് പറയുന്നവര്‍ അവരെ “ലൈലാമജ്നൂ” എന്ന് ചേര്‍ത്തേ പറയൂ. കാരണം ശരീരമാണവരെ രണ്ടാക്കിയത്. മനസിന്‍റെ ഉള്ളില്‍ നിറച്ച ഇഷ്ടം കൊണ്ടവര്‍ ഒന്നായി കഴിഞ്ഞിരുന്നു.അങ്ങനെ മരണത്തിലൂടെ സ്വര്‍ഗ്ഗത്തിലവര്‍ ഒന്നിച്ചു എന്നാണ് കഥ. മജ്‌നു ലൈല കഥകള്‍ ആയിരത്തിലധികം ഉണ്ട്. പല കഥകളിലും മജ്‌നു ലൈല പ്രണയം പലതായാണ് വിവരിച്ചിരിക്കുന്നത്.ഇവര്‍ വിവാഹം ചെയ്യുകയോ ആഗ്രഹങ്ങളോ , വികാരങ്ങളോ നിറവേറ്റുകയോ ചെയ്യാത്തതിനാല്‍ ഇത്തരം കഥകളെ Virgin Love Stories എന്നാണ് വിളിക്കപ്പെടുന്നത്.
പ്രണയം അനശ്വരമാണെന്ന സന്ദേശം നമ്മളിലെത്തിച്ച ലൈലാ, മജ്നു കഥ എക്കാലത്തും പ്രണയിക്കുന്നവരുടെ ആവേശമാണ്. ഏത് എതിര്‍പ്പിനെയും അതിജീവിക്കാനുള്ള ശക്തി പ്രേമത്തിനുണ്ടെന്ന് ലൈല-മജ്നുവിന്റെ കഥ വെളിപ്പെടുത്തുന്നു. ലൈല, മജ്‌നു എന്നിവരുടെ പ്രണയം ദാരുണമായ അന്ത്യമുള്ളതായിരുന്നിട്ടും പ്രണയത്തിന്റെ അനശ്വര പ്രതീകങ്ങളായി ഇരുവരുടേയും പേര് പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നത്.
നാടോടിക്കഥയെന്നു പിൽക്കാലത്തു പലരും തിരുത്തിയപ്പോഴും ലൈലയും , മജ്നുവും ലോകത്തെവിടെയോ ജീവിച്ചിരുന്ന മനുഷ്യരാണെന്നു കരുതാനാണ് പലർക്കും ഇഷ്ടം.അഫ്‌ലാജിലെ ഒരു ഗുഹയിലാണത്രേ മജ്നു താമസിച്ചിരുന്നത്. ഗുഹയ്ക്കു സമീപത്തുള്ള പാറ നിറയെ ലൈലയുടെ പേര് എഴുതി വച്ചിട്ടുണ്ട്. മോഹഭംഗത്തിന്റെ വേദനയിൽ മജ്നുവാണ് അത് എഴുതിയതെന്നു കരുതപ്പെടുന്നു. ‘സൗദി അറേബ്യ’ രാഷ്ട്രമായി രൂപീകരിക്കുന്നതിനു മുൻപ് ചെങ്കടലിനും , പേർഷ്യൻ ഉൾക്കടലിനും നടുവിൽ അറേബ്യയെന്ന ഒറ്റവിലാസത്തിൽ മരുഭൂമി അറിയപ്പെടുന്ന കാലത്തുണ്ടായിരുന്ന ഗ്രാമമാണു നജ്ദ്.
പേർഷ്യൻ കവി നിസാമിയുടെ വരികളിൽ ‘നജ്ദ്’ എന്നൊരു ഗ്രാമത്തെ കുറിച്ചു പറയുന്നുണ്ട്. അതു ലൈലയുടേയും , മജ്നുവിന്റേയും നാടാണ്. നജ്ദ് പിൽക്കാലത്ത് ലൈല അഫ്‌ലജ് എന്നു പേരു മാറിയെന്നു കഥ. റിയാദിൽ നിന്നു വാദിദവാസിർ വഴി സഞ്ചരിച്ചാൽ ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത്. അബഹയിലേക്കു പോകുന്ന പ്രധാനപാതയിലുള്ള ഈ പട്ടണം കഴിഞ്ഞാൽ അഫ്‌ലാജ്. സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നു 350 കി.മീ. അകലെയാണ് ലൈല അഫ്‌ലാജ്. അഫ്‌ലാജ് പട്ടണത്തിന്റെ ഹൃദയഭാഗം ‘ലൈല’ എന്നാണ് അറിയപ്പെടുന്നത്. ലൈലയും അഫ്‌ലാജും കൂട്ടിച്ചേർന്ന് ഇവിടം ‘ലൈല അഫ്‌ലാജ് ‘ എന്നറിയപ്പെടുന്നു. അരുവിയുടെ അറബിക് പദമാണ് അഫ്‌ലാജ്. ലൈല എന്ന വാക്കിനർഥം രാത്രി. അറബിക് കവിതകളുടെ പശ്ചാത്തലത്തിൽ രാവിനു പ്രണയവും , അരുവിക്കു സാന്ത്വനവുമെന്നു പര്യായം. ഗൗർ ആഷിഖീൻ ലൈല അഫ്‌ലാജ് പട്ടണം എത്തുന്നതിനു 10 കി. മീ മുൻപാണു അൽഗൈൽ ഗ്രാമം.
അവിടെ നിന്നു നാട്ടുപാതയിലേക്കു തിരിഞ്ഞ് കുറച്ചു ദൂരം സഞ്ചരിച്ചാൽ തബൗദ. തണലില്ലാത്ത മലകളുടെ നിരയാണു തബൗദ. പൊരിവെയിലത്തു തലയുയർത്തി നിൽക്കുന്ന മലകളിലൊന്നിലാണു മജ്നുവിന്റെ ഗുഹ. ലൈല ഗുഹയ്ക്ക് പ്രാദേശികമായി ‘ഗൗർ ആഷിഖീൻ’ എന്നൊരു പേരുമുണ്ട്. ഗുഹയുടെ മുന്നിൽ നിന്നാൽ അഫ്‌ലാജ് പട്ടണം മുഴുവൻ കാണാം. ഈന്തപ്പനത്തോട്ടം, മരുഭൂമി, കുന്നുകൾ, ഗ്രാമവീഥി, വീടുകൾ.സൗദിയിലെ ആദിമ ഗോത്രമാണു ബദുക്കൾ (ബദവി). ലൈല അഫ്‌ലാജ് ഉൾപ്പെടുന്ന ജനവാസ മേഖലയിൽ ഭൂരിപക്ഷം ദോസരികളാണ്.ബദുക്കളുടെ ശാഖയിൽപെട്ടതാണു ദോസരി വിഭാഗം. ‘വാദിദവസീർ’ എന്ന സ്ഥലപ്പേരിന് അർഥം ദോസരികളുടെ താഴ്‌വരയെന്നാണ്.
💢 വാൽ കഷ്ണം💢
ലൈലയും , മജ്‌നുവും അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യയിലെ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?ഇരുവരെയും അടുത്തടുത്താണ് അടക്കം ചെയ്തിരിക്കുന്നത്. അവിടെ ഒരു സ്മാരകം ഉയര്‍ന്നു വന്നു. രാജസ്ഥാനിലെ ഗംഗനഗര്‍ ജില്ലയിലെ അനൂപ്ഗഡ് എന്ന സ്ഥലത്തു നിന്ന് 11 കിലോമീറ്റര്‍ തെക്ക് മാറി ബിന്‍ജോര്‍ എന്ന ഗ്രാമത്തിലാണ് ലൈലയുടെയും , മജ്‌നുവിന്റെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇരുവരും ഇന്നത്തെ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന സിന്ധിലേക്ക് ഓടിപ്പോവുകയും , ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ രാജസ്ഥാനിലെ ബിന്‍ജോര്‍ മേഖലയില്‍ എത്തിപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.
ഇവര്‍ മരിച്ചപ്പോള്‍ തൊട്ടുത്തായി ഇവരെ അടക്കുകകയും ചെയ്തു. മറ്റൊരു കഥയനുസരിച്ച് മരുഭൂമിയിലൂടെ ഓടിരക്ഷപ്പെടുകയായിരുന്ന ഇവര്‍ ഒരു തുള്ളി വെള്ളം ലഭിക്കാതെ ദാഹിച്ചു വലഞ്ഞ് മരിച്ചെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് ഇരുവരെയും അവിടെ അടക്കം ചെയ്യുന്നു. ഇന്ന് പ്രണയിക്കുന്നവര്‍ വന്നു പോകുന്ന സ്ഥലമാണ് ലൈലയുടെയും , മജ്‌നുവിന്റെയും കബറിടം. പ്രണയം സഫലീകരിക്കാന്‍ നിരവധിപേര്‍ ഇവിടെ എത്താറുണ്ട്. ജൂണ്‍ മാസം ഇവിടെ പ്രത്യേക ചടങ്ങുകള്‍ നടക്കാറുണ്ട്.
ഇവിടെ സ്ഥിതി ചെയ്യുന്ന ശവകല്ലറ ലൈലയുടെയും , മജ്‌നുവിന്റെയുമല്ലെന്നും ഒരു
പുരോഹിതനെയും , അദ്ദേഹത്തിന്റെ ശിഷ്യനെയുമാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നതെന്നും കഥയുണ്ട്. അതേസമയം ഇന്തോ-പാക് അതിര്‍ത്തിയില്‍ തന്നെ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. അതിനാല്‍ ഇവിടത്തെ ശവകല്ലറകള്‍ ലൈലയുടെയും മജ്‌നുവിന്റെയും തന്നെയാണെന്ന് മറുകൂട്ടര്‍ ഉറപ്പിച്ചു പറയുന്നു.
ഒരു പഴയ സെമിത്തേരിയുടെ ഭാഗത്താണ് ലൈലയുടെയും , മജ്‌നുവിന്റെയും ശവകല്ലറകള്‍ അടങ്ങുന്ന സ്മാരകം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഒരു ഷെഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ പേര്‍ ഇവിടേക്ക് വരാന്‍ തുടങ്ങി. അത്ഭുതകഥകള്‍ കേട്ടാണ് ആള്‍ക്കാര്‍ എത്തിത്തുടങ്ങിയത്. ഇവിടെയെത്തുന്നവര്‍ക്കായി സൗജന്യം ഭക്ഷണം വിതരണം ചെയ്യുന്നു. ലൈലയുടെയും , മജ്‌നുവിന്റെയും സ്മരണയ്ക്കു മുന്നില്‍ സൂഫി നൃത്തമടക്കമുള്ളവ സംഘടിപ്പിക്കാറുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ളവര്‍ക്കും ഇവിടെയെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം സുരക്ഷ കണക്കിലെടുത്ത് അവരുടെ പ്രവേശനം വിലക്കിയിട്ടുണ്ട്.