എന്ത് കാരണം കൊണ്ടാണെങ്കിലും പ്രായമായവർ അമ്മയാവുന്നതിനോട് യോജിപ്പില്ല

158

Lakshmi Narayanan

പ്രസവിക്കുക, മുലയൂട്ടുക എന്നത് മാത്രമല്ല മാതൃത്വം!  2 ദിവസങ്ങളായി ടൈംലൈൻ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് 71 വയസിൽ അമ്മയായ സ്ത്രീയുടെ വാർത്തകളാണ്..അമ്മയും കുഞ്ഞും ദീര്ഘായുസോടെയും പൂർണ ആരോഗ്യത്തോടെയും ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.മെഡിക്കൽ സയൻസ് ഏറെ വികാസം പ്രാപിച്ച ഗൈനിക് – ഇൻഫെർട്ടിലിറ്റി മേഖലയിൽ ഈ വാർത്ത അത്ര പ്രാധാന്യമേറിയ ഒന്നാവണം എന്നില്ല.ആന്ധ്രാപ്രദേശിൽ 2019 ൽ 74 കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു..തുടർച്ച പോലെ ആന്ധ്രയിൽ 73 കാരിയും അമ്മയായി..അതിനും കുറച്ചുകാലം മുൻപ് 66 കാരിയായിരുന്ന ബദരി ദേവി ഒറ്റ പ്രസവത്തിൽ മൂന്ന്‌ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

കുഞ്ഞുങ്ങൾ വേണം എന്ന് ആഗ്രഹിക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല. എന്നാൽ എന്ത് കാരണം കൊണ്ടാണെങ്കിലും പ്രായമായവർ അമ്മയാവുന്നതിനോട് എനിക്ക് യോജിപ്പില്ല. പ്രസവിക്കുക, മുലയൂട്ടുക എന്നത് മാത്രമല്ല മാതൃത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അമ്മയാകുക, അല്ലെങ്കിൽ അച്ഛനാകുക എന്ന സ്വാർത്ഥ ചിന്തക്ക്മുന്നില് കുഞ്ഞുങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കരുത്.
കുഞ്ഞിന് വളർച്ചയുടെ ഓരോ ഘട്ടത്തിലും മാനസികമായ പിന്തുണ നൽകാൻ മാതാപിതാക്കൾക്ക് കഴിയണം..അതിനുള്ള മാനസികവും ശാരീരികവുമായ ആരോഗ്യം അവർക്കുണ്ടാകണം..ഒരു വശത്ത് പൂർണ ആരോഗ്യവതിയായ അമ്മയ്ക്ക് പ്രസവ ശേഷം ഉണ്ടാകുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷനുകൾ ചർച്ചയാകുമ്പോൾ എന്ത്കൊണ്ട് ഇത്തരം കേസുകളിലെ അമ്മയുടേയും കുഞ്ഞിന്റെയും മാനസികാരോഗ്യം ചർച്ചയാകുന്നില്ല!?

69.4 വർഷമാണ് ഒരു ശരാശരി ഇന്ത്യൻ പൗരന്റെ നിലവിലെ ലൈഫ് എക്സ്പെക്റ്റൻസി റേറ്റ്..എന്ന്‌ കരുതി അതിന് മുൻപ് ആരും മരിക്കില്ല എന്നോ, 70 വയസിനപ്പുറം ആരും ജീവിക്കില്ല എന്നോ അർത്ഥമില്ല..എന്നിരുന്നാലും പ്രായം ഇവിടെ ഒരു പ്രധാന ഘടകമാണ്..കൃത്രിമ ഗര്ഭധാരണത്തിലൂടെ 62 ആം വയസിൽ അമ്മയായ ഭവാനി ടീച്ചറെ ആരും മറന്നു കാണില്ല. അവർക്ക് ജനിച്ച കണ്ണൻ എന്ന മകൻ കുരുന്ന് പ്രായത്തിൽ തന്നെ മരണപ്പെട്ടു..പിന്നീട് അവർ ഗർഭധാരണത്തിന് ശ്രമിച്ചു വിജയത്തിൽ എത്തിയില്ല..77 വയസിലാണ്‌ ഭവാനി ‘അമ്മ മരണപ്പെടുന്നത്. മരണപ്പെടുന്നതിനും ഏതാനും മാസങ്ങൾക്ക് മുൻപ് വയനാട്ടിൽ പരിചരണത്തിൽ കഴിഞ്ഞിരുന്ന അവരോട് ഞാൻ സംസാരിച്ചിരുന്നു..77 വയസിൽ അവർ മരിക്കുമ്പോൾ, കണ്ണൻ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ പ്രായം 15 മാത്രം..പിന്നീട് എന്താണ് അവന്റെ ജീവിതം? പലപ്പോഴും ആ ചിന്ത അലട്ടിയിട്ടുണ്ട്.

പ്രായമായവർക്ക് ഉണ്ടാകുന്ന കുട്ടികൾ കടന്നു പോകുന്ന മാനസീക -ശാരീരിക-വികാര പ്രയാസങ്ങൾ എത്രയെന്നു നേരിട്ട് അനുഭവിച്ചിട്ടുള്ള ഒരു കുട്ടിക്കാലം ഉണ്ട് എനിക്ക്. അമ്മയുടെ 44 ആം വയസിൽ ആണ് ഞാൻ ജനിക്കുന്നത്..’അമ്മ എന്നെ പൊന്നു പോലെ നോക്കിയിട്ടും ഉണ്ട്.എന്നാൽ തിരിച്ചറിവ് വന്ന പ്രായം മുതൽക്ക് നാളിതുവരെ ഞാൻ കേൾക്കുന്ന ചോദ്യം ഇതാണ്, കൂടെയുള്ളത് അമ്മൂമ്മയാണോ? ഇന്ന് ആ ചോദ്യം കേൾക്കുമ്പോൾ ചിരിച്ചുകൊണ്ട് അല്ലെന്നും അമ്മയാണ് എന്നും പറയാൻ എനിക്ക് പറ്റും..പക്ഷെ ചെറിയ കുട്ടി ആയിരുന്നപ്പോൾ ആ ചോദ്യം നൽകിയ വേദന വലുതായിരുന്നു..അമ്മയ്ക്കോ അച്ഛനോ ഓരോ ചെറിയ അസുഖങ്ങൾ വരുമ്പോൾ പോലും അവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തിൽ തള്ളി നീക്കിയ ദിനങ്ങൾ ഒത്തിരിയാണ്..ഇത് കൊണ്ടും തീർന്നില്ല, Generation gap കൊണ്ടും, emotional difference കൊണ്ടുംഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്…വാർധക്യത്തിൽ ഒറ്റപ്പെടൽ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.മനസ് എത്തുന്നിടത് കൈ എത്തണം എന്നില്ല.വാശിയും ദേഷ്യവും കൂടും.പ്രത്യേകിച്ചും പങ്കാളി മരണപ്പെടുക കൂടി ചെയ്താൽ, ആ അവസ്ഥയിൽ ,ഡിപെൻഡബിൾ ആകാതെ കുഞ്ഞിനെ നോക്കാനുള്ള മനക്കരുത്തും ശരീരികക്ഷമതയും വൈകി മാതാപിതാക്കളായ എത്രപേരിൽ ഉണ്ടാകും എന്നത് എന്റെ അനുഭവത്തെ മുൻനിർത്തി സംശയമാണ്.

എന്ത് കാരണം കൊണ്ടാണെങ്കിലും, പരമാവധി 45 വയസ്സിനു മുൻപ് എങ്കിലും അമ്മയാവുന്നതാണ് ജനിക്കുന്ന കുഞ്ഞിന്റെയും മാതാപിതാക്കളുടെയും ശാരീരിക -മാനസീക -വികാരപരമായ ആരോഗ്യത്തിനു നല്ലത് എന്നാണ് എന്റെ അഭിപ്രായം..മാതൃത്വം അല്ലെങ്കിൽ parenthood എന്നത് വലിയ ഒരു ഉത്തരവാദിത്വമാണ് എന്നത് വൈകാരികമായ ചിന്തകൾ മാറ്റിവച്ചു ചിന്തിക്കേണ്ട ഒന്നാണ്…മെഡിക്കൽ രംഗത്ത് സൃഷ്ടിക്കപ്പെടുന്ന റെക്കോര്ഡുകളേക്കാളും സ്വന്തം കുഞ്ഞിനെ തന്നെ ലാളിക്കണം എന്ന ചിന്തയേക്കാളും ഏറെ വലുതാണ് അനാഥത്വത്തിന്റെ ഭീതിയില്ലാതെ, മനസികാരോഗ്യത്തോടെ ജീവിക്കുന്ന ഒരു കുഞ്ഞ്!!വികാരപരമായി മാത്രം മാതൃത്വത്തെ കാണാതെ, വിചാരപരമായി കൂടി കുഞ്ഞിന്റെ ഭാവിയെപ്പറ്റി ചിന്തിക്കണം..അഭിപ്രായം വ്യക്തിപരം മാത്രം! ചിത്രം; 70 വയസിൽ അമ്മയായ ദലിന്തർ കൗർ, മകൻ അർമാൻ.