“ആരുടെ പാപമാണ് ഒരിക്കലും കിട്ടാത്ത ഒരു മകനെ ഒരച്ഛന് നൽകിയത് ?”

84

Lakshmi P

“ആരുടെ പാപമാണ് ഒരിക്കലും കിട്ടാത്ത ഒരു മകനെ ഒരച്ഛന് നൽകിയത്?” (അഥവാ അനവസരോചിതമായ ഒരു കാഴ്ച)

Pierre Assouline-ന്റെ കഥയെ അടിസ്ഥാനമാക്കി രഘുനാഥ് പലേരിയും ഷാജി. എൻ. കരുണും ചേർന്നെഴുതിയ തിരക്കഥയിൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഇന്തോ- ഫ്രഞ്ച് മനശ്ശാസ്ത്ര സിനിമയാണ് വാനപ്രസ്ഥം (1999). മോഹൻലാലും (കുഞ്ഞുട്ടനാശാൻ) സുഹാസിനിയും (സുഭദ്ര) മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ അതിപ്രശസ്തരായ ഒട്ടേറെ കഥകളി കലാകാരന്മാർ അഭിനയിച്ചിരിക്കുന്നു. കഥകളിയുടെ ദൃശ്യ-ശ്രാവ്യസാധ്യതകൾ ഏറ്റവും നന്നായി ഉപയോഗിച്ച മലയാള സിനിമ വാനപ്രസ്ഥമായിരിക്കും. സക്കീർ ഹുസൈൻ ഒരുക്കിയ പശ്ചാത്തല സംഗീതവും Renato Berta, സന്തോഷ് ശിവൻ എന്നിവർ ഒപ്പിയെടുത്ത ദൃശ്യഭംഗികളും മനോജ് കുറൂർ രചിച്ച കഥകളിപ്പദങ്ങളും ഇഴചേരുമ്പോൾ വാനപ്രസ്ഥം അനിതരസാധരണമായ അനുഭവമായിത്തീരുന്നു.

കഥകളിയും അതിന്റെ സവിശേഷമായ സംസ്കാരവും ഇവിടെ വെറുമൊരു പശ്ചാത്തലമായി നിൽക്കുകയല്ല. കണ്ടുതീർന്നത് സിനിമയായിരുന്നോ കഥകളിയായിരുന്നോ ജീവിതമായിരുന്നോ എന്ന് വേർതിരിച്ചു പറയാനാകാത്ത ഒരനുഭവമാണ് വാനപ്രസ്ഥം. കഥകളി ആസ്വാദനം ശീലിച്ചിട്ടുള്ളവർക്ക് കൂടുതൽ തീവ്രമായ സംവേദനം സാധ്യമാകുമ്പോഴും സാധാരണക്കാരനായ പ്രേക്ഷകനോടും സിനിമ സംവദിക്കുന്നുണ്ട്. അഭിനയം, ചിത്രീകരണം, സംഗീതം എന്നിവയുടെ മികവ് തന്നെയാണ് അത് സാധ്യമാക്കുന്നത്.
‘അനുഗൃഹീത’ കലാകാരനായ കുഞ്ഞുക്കുട്ടന്റെ ശപ്തജന്മത്തിന്റെ കഥയാണ് വാനപ്രസ്ഥം. വലിയൊരു മനയ്ക്കലെ ആശ്രിതനായാണ് അയാൾ വളർന്നത്. മനയ്ക്കലെ അടിച്ചുതളിക്കാരിക്ക് വലിയ നമ്പൂതിരിയിൽ പിറന്ന മകനായിട്ടും അച്ഛനാരെന്ന് അറിയാത്തവനെന്ന അപമാനത്താൽ നീറി ജീവിച്ചു. ജന്മസിദ്ധമായി ലഭിച്ച കലാവാസനയെ സ്വന്തം പിതാവുതന്നെ തള്ളിപ്പറഞ്ഞു. മനയ്ക്കലെ കുട്ടികളുടെ ഒപ്പം കളരിയിൽ കഥകളി പഠിക്കാൻ ‘അശ്രീകര’മായ കുഞ്ഞുകുട്ടന് വിലക്കുകളുണ്ടായിരുന്നു. എന്നിട്ടും വാത്സല്യനിധിയായ ആശാന്റെയും ഷാരോടി മാഷ് എന്ന മാർഗ്ഗദർശിയുടെയും കരുണയിൽ വളർന്നു. നടന്റെ പ്രശസ്തി ദേശദേശാന്തരങ്ങളിൽ പടർന്നു. വലിയ കളിക്കാരനായി. ആശാൻ എന്ന് നാട്ടുകാർ വിളിച്ചുതുടങ്ങി.

വീടിനകത്ത് സ്വന്തം ഭാര്യയുടെ പിറുപിറുപ്പുകളും അമ്മയുടെ നിശ്ശബ്ദതകളും മാത്രം അയാളെ കാത്തിരുന്നു. അച്ഛനെ അകമഴിഞ്ഞ് സ്നേഹിക്കുകയും വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മകൾ – ശാരദ മാത്രം അയാളുടേതായിരുന്ന, ആട്ടവിളക്കണയും വരെയും.
ജീവിതത്തിലാദ്യമായി അയാൾ പ്രണയം അറിഞ്ഞത് ദിവാന്റെ മരുമകളും വിദുഷിയുമായ സുഭദ്രയെ പരിചയപ്പെട്ടപ്പോഴാണ്. കുഞ്ഞുട്ടനെന്ന നിന്ദിതനായ മനുഷ്യനായാണ് അയാൾ അവളെ സ്നേഹിച്ചത്. പക്ഷേ അവൾ സ്നേഹിച്ചതും കാമിച്ചതും കുഞ്ഞുട്ടനെയായിരുന്നില്ല, അയാൾ കെട്ടിയാടിയ വേഷത്തിലെ അർജ്ജുനനെയായിരുന്നു. അവർക്ക് പിറന്ന മകൻ സുഭദ്രയ്ക്ക് അർജ്ജുനപുത്രനായ അഭിമന്യു മാത്രമായിരുന്നു. സ്വന്തം മകന്റെ നിഴലു പോലും കാണാനാകാതെ, അന്തമില്ലാതെ എഴുതിയ കത്തുകൾക്കൊന്നും മറുപടി കിട്ടാതെ, ഒരിക്കൽ സ്വന്തം അച്ഛന് മുന്നിലെന്നപോലെ ഇപ്പോൾ മകന് മുന്നിലും തിരസ്കൃതനായി, നിഷേധിക്കപ്പെട്ട വാത്സല്യം നെഞ്ചിൽ കെട്ടിനിന്നുനിന്നൊടുവിൽ കുഞ്ഞുട്ടൻ ഹൃദയം നിലച്ച് മരിച്ചുവീഴുന്നു.

“വാദ്യമാണെങ്കിലും ആരെങ്കിലുമൊന്ന് കൊട്ടിപ്പാടിയാലേ അതിന് മോക്ഷം ഉണ്ടാവൂ” എന്ന് പറയുന്നുണ്ട് സിനിമയുടെ തുടക്കത്തിൽത്തന്നെ കുഞ്ഞൂട്ടൻ. ശാസ്താംകോട്ടയിലെ കളിയ്ക്ക് പോകാൻ കൂട്ടുകാരന് ചെണ്ടയില്ലാതെ വന്നപ്പോൾ മനയ്ക്കലെ കളപ്പുരയിൽ പൊടി പിടിച്ച് കിടന്ന ചെണ്ടയന്വേഷിച്ച് പോവുകയാണ് അവർ. ആരെങ്കിലുമൊക്കെ കൊട്ടിപ്പാടിയാൽ മാത്രം മോക്ഷം കിട്ടുന്ന വാദ്യത്തിന്റെ മനസ്സ് അയാൾക്കുമുണ്ടായിരുന്നു. ഉപയോഗിക്കപ്പെടാതെ പൊടിപിടിച്ചു കിടക്കുന്ന ചെണ്ട അയാൾ തന്നെയായിരുന്നു. സ്നേഹിക്കപ്പെടുമ്പോൾ മാത്രം സംഗീതമായി മാറുന്ന മനുഷ്യമനസ്സിന്റെ സാർവ്വലൗകികകഥയായി വാനപ്രസ്ഥം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു.
ചെണ്ടയ്ക്ക് മാത്രമല്ല കുഞ്ഞുട്ടനും മോക്ഷമായിരുന്നു വേണ്ടത്. പൂതനാമോക്ഷം എന്ന കഥയുടെ നിരവധി ദൃശ്യ- സംഭാഷണ സൂചനകൾ തമ്മിൽ കോർത്തെടുത്താണ് കുഞ്ഞൂട്ടന്റെ മോക്ഷകഥ സിനിമ അവതരിപ്പിക്കുന്നത്. പൂതനയുടെ വേദനയിലാണ് സിനിമ തുടങ്ങുന്നത് – പുഴക്കരയിൽ മരിച്ചു വീഴുന്ന പൂതനയുടെ ദൃശ്യം ചെണ്ടക്കാരനായ രാമൻ ഒരു ഭ്രമക്കാഴ്ചയെന്നവണ്ണം കാണുന്നതായി കുഞ്ഞൂട്ടൻ സ്വപ്നം കണ്ടുകൊണ്ട് ഞെട്ടി ഉണരുന്നു. തൊട്ടടുത്ത സീനിൽ ചെണ്ടക്കാരൻ തന്റെ ചെണ്ട പൊട്ടാൻ ഉണ്ടായ കാരണം പറയുന്നു – കൃഷ്ണനോട് മോക്ഷം ചോദിച്ച് വാങ്ങിയപോലെയാണ് തലേന്ന് രാത്രി കുഞ്ഞുട്ടൻ പൂതനയായി ആടിയത്. അപ്പോൾ സ്വയം മറന്ന് കൊട്ടിയപ്പോൾ പൊട്ടേണ്ട ചെണ്ടയായിരുന്നു. പക്ഷേ, പൊട്ടിയത് വെറുമൊരു കൈയബദ്ധത്തിലാണ്. കുഞ്ഞുട്ടന്റെ പൂതനാവേഷത്തിന് കൊട്ടുന്നതിനിടെ പൊട്ടിപ്പോയിരുന്നെങ്കിൽ അത് ആ വാദ്യത്തിനു പോലും മോക്ഷം നൽകുമായിരുന്നു എന്നയാൾ വിശ്വസിക്കുന്നുണ്ടാകണം.
പിറ്റേന്ന് മുതൽ പൂതനാവേഷം ഉപേക്ഷിച്ച് പുരുഷവേഷം ആടാൻ പോകുകയാണ് കുഞ്ഞുട്ടൻ. ഒന്നാം ദിവസത്തെ നളനായാണ് തുടക്കം. “പുരുഷന്റെ മുഖം മുഖത്തെഴുതിക്കിട്ടണത് വല്യ അനുഗ്രഹാ” എന്ന് പിഷാരടി മാഷും അയാളോട് പറയുന്നു. അനുഗ്രഹമെന്ന ധാരണയിൽ അയാൾ ഇറങ്ങിപ്പോയത് പക്ഷേ ശാപങ്ങളിലേക്കായിരുന്നു.

ദിവാന്റെ മരുമകളായ സുഭദ്രയുടെ തീവ്രമോഹം അർജ്ജുനന്റെ സർവ്വവീര്യവും കടഞ്ഞെടുത്ത സുഭദ്രാഹരണം ആട്ടക്കഥ രചിക്കുക എന്നതായിരുന്നു. സുഭദ്ര എന്ന് പേര് നൽകപ്പെട്ട, ഇതിഹാസകഥകൾ കേട്ടും വായിച്ചും വളർന്ന അവളുടെ ജീവിതം അർജ്ജുനനോടുള്ള അഭിനിവേശം മാത്രമായിരുന്നു. ഈ ജന്മത്തിൽ ഒരിക്കലും സാധിക്കില്ല എന്നവർ വിശ്വസിച്ച ഒരു മോഹമായിരുന്നു അർജ്ജുനന്റെ മകനെ പ്രസവിക്കുക എന്നത്. ആ മോഹം ഭാവനാത്മകമായി സാധിച്ചെടുക്കുകയായിരുന്നു കുഞ്ഞുട്ടനെ അർജ്ജുന വേഷത്തിൽ സ്വീകരിക്കുന്നതിലൂടെ അവൾ ചെയ്തത്.

“കണ്ടു ഞാൻ തോഴി എൻ കാമാനുരൂപനെ..
കണ്ടു ഞാൻ തോഴീ
കൺകളിൽ കാണ്മത് ഇളകാത്ത മിന്നൽ
ആ.. കൈകളിൽ വിണ്ണിനെ വെല്ലുന്ന പൗരുഷം
വന്ധ്യമാവുകയില്ല കാമിതം..
അന്തരംഗമറിഞ്ഞതിൽ..
പിന്നെന്തു വീണ്ടുമൊരന്തരായം..
പിന്തിരിഞ്ഞിടുകില്ല ഞാൻ
കണ്ടു ഞാൻ തോഴി…”

എന്ന് അവൾ രചിക്കുന്ന പദങ്ങളിൽ അവളുടെ അർജ്ജുനസങ്കല്പത്തിന്റെ വലുപ്പവും സൗന്ദര്യവും നിറഞ്ഞു നിൽക്കുന്നുണ്ട്.
ഇല്ലത്തെ കുട്ടികളോടൊപ്പം കഥകളി പഠിക്കുന്നത് വിലക്കപ്പെട്ട, കളരിയിൽ വച്ച് അപമാനിക്കപ്പെട്ട ആൺകുട്ടി പക്ഷേ അർജ്ജുനനായിരുന്നില്ല, കർണ്ണനായിരുന്നു. അയാളെ സ്നേഹിക്കുകയും ശിക്ഷിക്കുകയും ചെയ്ത ആശാൻമാരുണ്ടായി – പരശുരാമനെപ്പോലെ; അന്നം കൊടുത്തവരുണ്ടായി – അതിരഥനെപ്പോലെ; ജീവനായിക്കരുതിയ സുഹൃത്തുക്കളുണ്ടായി – ദുര്യോധനനെപ്പോലെ; അയാൾ തന്റെ കൂട്ടുകാരനുവേണ്ടി ചങ്കുനീറിക്കരഞ്ഞു – കർണ്ണനെപ്പോലെ.

വലിയ നമ്പൂതിരി തിരസ്കരിച്ച ആശ്രിതനെ രാജകൊട്ടാരത്തിലെ തമ്പുരാട്ടിയും കുരങ്ങുകളിപ്പിക്കുക തന്നെ ചെയ്തു. അവൾക്കിഷ്ടമുള്ള വേഷമാടിച്ച് ആട്ടം കഴിഞ്ഞപ്പോൾ ഇറക്കിവിട്ടു. തമ്പുരാന്റെ കൊട്ടാരത്തിലും പൈങ്കുനി ഉത്സവങ്ങളിലുമാടിയ എല്ലാ വേഷങ്ങൾക്കും ദാരിദ്ര്യമായിരുന്നു. അവർക്കാക്കും സമ്പന്നയും പ്രതാപിയുമായ സുഭദ്രയുടെ ഭാവനകളിലെ അർജ്ജുനനാകാൻ പറ്റുമായിരുന്നില്ല.
സുഭദ്ര അർജ്ജുനനെ വർണ്ണിക്കുന്നത് ‘ദേവേന്ദ്രപുത്രൻ’, ‘മനുഷ്യശരീരത്തോടെ സ്വർഗ്ഗത്തിൽ പോയവൻ’, ‘പൗരുഷത്തിന്റെ മൂർത്തിമദ്ഭാവം’, ‘സകലജ്ഞാനിയായ കൃഷ്ണൻ തന്നോടെന്നപോലെ സംസാരിച്ച ഒരേ ഒരാൾ’ എന്നെല്ലാമാണ്. യഥാർത്ഥത്തിൽ കുഞ്ഞുട്ടൻ ഈ വിശേഷണങ്ങൾക്കെല്ലാം വിപരീതാവസ്ഥയിലുള്ളവനായിരുന്നു. അച്ഛനാരെന്നറിയാത്തവൻ, രാജസദസിൽ തലകുമ്പിട്ട് മാത്രം നിൽക്കേണ്ടവൻ, സ്ത്രീവേഷമാടേണ്ടവൻ, ജ്ഞാനം പകർന്ന ഗുരുവായ തന്റെ കൃഷ്ണനു മുമ്പിൽ വിലപിച്ചവൻ.
ആദ്യം, സ്വപിതാവ് എല്ലാ അവകാശങ്ങളും നിഷേധിച്ചുകൊണ്ട് അവനെ ഓരോ ആൾക്കൂട്ടങ്ങൾക്കിടയിലും അപമാനിച്ചുകൊണ്ടിരുന്നു. ഒടുവിൽ സ്വന്തം മകനെ ഒരു നോക്ക് കാണാൻ അനുവദിക്കാതെ, അയാളുടെ വാത്സല്യത്തിനും പ്രണയത്തിനും നേരെ കൊട്ടാരവാതിലുകൾ അടച്ചിട്ട് സുഭദ്രയും അപമാനിച്ചു. ഒരു ദേവലോകവും അയാൾക്കുമുന്നിൽ വാതിൽ തുറന്നിട്ടില്ല. ജീവിതത്തിൽ തനിക്ക് പാകമാകാത്ത കിരീടം വെച്ച് ആടേണ്ടിവന്ന വേഷക്കാരനായിരുന്നു അയാൾ.

കലാകാരൻ ആദരിക്കപ്പെടുന്നത് അവന്റെ കഥാപാത്രങ്ങൾ ജീവൻ വച്ച് മറ്റു മനസ്സുകളെ കീഴ്പ്പെടുത്തുമ്പോഴാണെന്ന് കുഞ്ഞുട്ടനിലെ കലാകാരൻ വിശ്വസിച്ചു. അയാൾ തന്റെ അർജ്ജുനവേഷത്തെയും അങ്ങനെയാണ് കണ്ടത്. “ഞാൻ സംസാരിക്കുന്നത് മഹാഭാരതത്തിലെ അർജ്ജുനനെ കുറിച്ചല്ല. ഈ വേഷത്തിനുള്ളിലെ കുഞ്ഞിക്കുട്ടനെ കുറിച്ചാണ്… ഉള്ള അറിവ് വെച്ച് ഞാൻ എന്തൊക്കെയോ ചെയ്യുന്നുവെന്നല്ലാതെ സത്യത്തിൽ അർജ്ജുനൻ എനിക്കന്യനാണ്” എന്ന് സുഭദ്രയോട് പലപ്പോഴായി അയാൾ പറയുന്നുണ്ട്.
പിന്നീട് മറ്റൊരു ദൃശ്യത്തിൽ സന്താനഗോപാലം കഥകളിയിൽ അർജ്ജുന വേഷത്തിലുള്ള കുഞ്ഞുട്ടനെ കാണാം. പത്ത് മക്കളെയും ബ്രാഹ്മണപിതാവിന് തിരിച്ചുനേടിക്കൊടുത്ത ‘വിജയ’നായി അയാൾ അരങ്ങത്ത് തിളങ്ങുന്നു. പക്ഷേ ജീവിതത്തിൽ മകനെ ഒന്നു കാണാനായില്ലെങ്കിൽ മരിച്ചു പോകുമെന്ന് വിലപിക്കുന്ന അബ്രാഹ്മണപിതാവാണയാൾ. അയാളുടെ മകനെ അയാളിൽ നിന്നകറ്റുന്നത് അയാൾക്കന്യനായ അർജ്ജുനനാണ്.

അർജ്ജുനൻ തളരുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന കൃഷ്ണൻ ഇവിടെയില്ല. കുഞ്ഞുട്ടൻ തന്റെ വേദനകൾ പറഞ്ഞുകരയുന്നത് തളർവാതം വന്നുകിടക്കുന്ന തന്റെ ആശാനോടാണ്. എഴുന്നേറ്റിരിക്കാൻ പോലുമാകാത്തത്രയും തളർന്നുപോയ അദ്ദേഹത്തെയാണ് കുഞ്ഞുട്ടൻ കൃഷ്ണനെന്ന് വിളിക്കുന്നത്.
“ചെയ്തതൊക്കെയും പുണ്യമാണെന്ന് വിശ്വസിക്കുന്ന പാപികൾക്ക് മുന്നിൽ എത്ര നാളാണ് കൃഷ്ണാ! നീയെനിക്ക് വിധിച്ചിട്ടുള്ളത്? അച്ഛനാരാണെന്ന് അറിയാതെ വളർന്ന ഞാൻ, പിതൃത്വം ആർക്കെല്ലാമോ സമർപ്പിച്ച എന്റെ അമ്മ, അനുഭവിച്ച കണ്ണീരിന്റെ പ്രതിഫലമായി ഒരു തുണ്ട് ഭൂമി. മകനെത്തൊട്ടാൽ കുളിച്ച് പാപം കളയുന്ന തമ്പുരാൻ എല്ലാവരുടെ മുമ്പിലും പുണ്യവാനായി. ഞാനെന്റെ ശാരദക്ക് വരെ നിഷേധിയായി. ഇതനുഭവിക്കുന്നതാണോ കൃഷ്ണാ നീയെനിക്ക് തന്ന സുകൃതം? ഈ സുകൃതം എനിക്ക് വേണ്ട.”
എന്റെ പാനപാത്രം തിരിച്ചെടുക്കുവെന്ന് പിതാവിനോട് പ്രാർത്ഥിച്ച യേശുവിനെപ്പോലെ ഒരു നീണ്ട വിലാപമായ തന്റെ ജന്മം കൃഷ്ണനോട് തിരിച്ചെടുക്കാനയാൾ പ്രാർത്ഥിക്കുന്ന ദൃശ്യമുണ്ട് സിനിമയിൽ. (ആത്മഗതത്തിൽ വന്നുപോയേക്കാമായിരുന്ന നാടകീയത ഒട്ടുമേ ബാധിക്കാതെ ജീവിതമെന്നവണ്ണം തന്മയത്വത്തോടെയാണ് മോഹൻലാൽ ആ രംഗം അഭിനയിച്ചിരിക്കുന്നത്) ഗംഗയിലെത്തി മകനായി നിന്നുകൊണ്ട് സ്വപിതാവിനും പുത്രനായി നിന്നുകൊണ്ട് തനിക്കും അയാൾ പിണ്ഡമർപ്പിക്കുന്നു. അച്ഛന്റെ മുന്നിൽ ജീവിതം യാചിച്ചു നിന്ന മകന് സ്വന്തം പുത്രന്റെ നിഴലുപോലും കാണാൻ കിട്ടാത്ത വിധിക്ക് അയാൾ കീഴടങ്ങുന്നു.

“സുകുമാരാ! നന്ദകുമാരാ!
വരിക അരികിൽ നീ മോദാൽ.” എന്ന് പൂതനയായി പകർന്നാടുന്ന കുഞ്ഞുട്ടനെയാണ് സുഭദ്ര ആദ്യമായി കാണുന്നത്. സുഭദ്രയെ കാണാനായി അയാൾ കൊട്ടാരത്തിലെത്തുമ്പോൾ ചുമരിലെ രവിവർമ്മാ ചിത്രത്തിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു. ചിത്രത്തിൽ അമ്മയുടെ വലിയ മുലകൾ കാണാം. ഒരു ആൺകിടാവിനെ മടിയിലിരുത്തി പാലൂട്ടുന്ന അമ്മ. തൊട്ടടുത്ത് ‘അച്ഛനിതാ വരുന്നു’ (There comes Pappa) എന്ന മറ്റൊരു രവിവർമ്മാ ചിത്രവും തൂക്കിയിരിക്കുന്നത് കാണാം. ഈ രണ്ടു ചിത്രങ്ങളും കുഞ്ഞുട്ടൻ പകർന്നാടാനൊരുങ്ങുന്ന ജീവിത വേഷങ്ങളെ വിപരീതാർത്ഥങ്ങളിൽ ധ്വനിപ്പിക്കുന്നവയാണ്. അയാൾക്ക് ഊട്ടാനാവാതെ പോയ പിതൃവാത്സല്യവും അയാൾക്കൊരിക്കലും അവകാശത്തോടെ കയറിച്ചെല്ലാനാവാത്ത അന്തപ്പുരങ്ങളും ആ ചിത്രങ്ങളിലുണ്ട്. ‘അച്ഛനിതാ വരുന്നു’ എന്ന് പറഞ്ഞുകൊണ്ട് അയാളുടെ മകന്റെ അമ്മ ഒരിക്കൽപ്പോലും കുഞ്ഞുകുട്ടനെ ചൂണ്ടിക്കാണിക്കാൻ പോകുന്നില്ല.

പൂതനയുടെ ജന്മമാണയാളുടേത്. നെഞ്ചിനകത്ത് തിങ്ങിനിന്ന വാത്സല്യം കടുംവിഷമായി പരിണമിച്ചപ്പോൾ, സ്വന്തം മകളെ ആ വിഷമൂട്ടിക്കൊണ്ട് മോക്ഷം നേടിയവനാണ് അയാൾ. അച്ഛന്റെ വിലാപജന്മത്തിന് ഒരവസാനം നൽകാൻ അവൾക്കാവുമെന്ന് അയാൾ വിശ്വസിച്ചിരുന്നു. അതിനാലാണ് അവസാനമായി സുഭദ്രാർജ്ജുനം കഥ ആടുമ്പോൾ അയാൾ അർജ്ജുനനും മകൾ സുഭദ്രയുമായത്. മകളെ കഥകളി അഭ്യസിപ്പിച്ച്, അവളോടൊപ്പം ശൃംഗാരമാടി, അഭിശപ്തനായി തന്റെ പാപജന്മം അയാൾ അവസാനിപ്പിക്കുന്നു. അർജ്ജുന പ്രണയത്താൽ താൻ രചിച്ച ആട്ടക്കഥ ഒടുവിൽ ഒരു ശാപക്കാഴ്ചയായി മാറിയതിന് സുഭദ്രാമ്മയ്ക്കും സാക്ഷിയാകേണ്ടി വരുന്നു.
സിനിമയുടെ തുടക്കത്തിലെ ഒരു രംഗത്തിലേക്ക് തിരിച്ചുപോകാം. അവിടെ ചെറിയ കുട്ടിയായ ശാരദ അവളുടെ അച്ഛന്റെ ചുറ്റുമായി ഓടിക്കളിക്കുകയാണ്. അവളുടെ കുഞ്ഞുകണ്ണുകളിൽ മാത്രം അയാൾ മഹാരാജാവാണ്.
മകൾ ചിണുങ്ങിക്കൊണ്ട് അമ്മയോട് ചോദിക്കുന്നു : “അച്ഛനാ അമ്മേ പൂതന ?”

അമ്മ മറുപടി പറയുന്നില്ല.
കുഞ്ഞുട്ടന്റെ കവിളിൽ തൊട്ടുകൊണ്ട് മകളുടെ ചോദ്യം :
“ഉണ്ണിക്കൃഷ്ണനാരാ?”
“മോളന്നെ, അല്ലാതാരാ അച്ഛന്റെ കൃഷ്ണൻ”
അമ്മ മകളോട് ദേഷ്യത്തോടെ : “അപ്പടി വിഷാ പൂതനേടെ മുലയില്. നിനക്കും വേണോ വിഷം? ”
മകനെ കിട്ടാതെയലഞ്ഞ വാത്സല്യമാണ് പൂതന. ഒഴുകിപ്പോകാതെ കെട്ടിനിൽക്കുന്നതെന്തും വിഷമായി മാറും. കെട്ടിക്കിടന്ന വാത്സല്യത്തിന്റെ പാല് നെഞ്ചിലെ വിഷമായി മാറിയപ്പോൾ അതു കുടിച്ചതും മോക്ഷം കൊടുത്തതും അയാളുടെ ‘ഉണ്ണിക്കൃഷ്ണനായ’ മകൾ തന്നെയായിരുന്നു. മകളോടൊപ്പം ശൃംഗാരമാടിക്കൊണ്ട് ആ പാപവേഷത്തോടെയില്ലാതെയായി അയാൾ. ലോകത്തിന് കുഞ്ഞുട്ടൻ അവസാനമായി ആടിയവേഷം സുഭദ്രാർജ്ജുനത്തിലെ അർജ്ജുനനാകാം. പക്ഷേ അയാളുടെ ജീവിതത്തിന്റെ അവസാനവേഷം പൂതനയുടേതായിരുന്നു. കൃഷ്ണനെ പാലൂട്ടവെ മരിച്ചുവീണ പൂതനയിലും, മുലപ്പാലോടൊപ്പം ജീവനും വലിച്ചുകുടിച്ച ആൺകിടാവായ കൃഷ്ണനിലും മാതൃ -പുത്രരതി വായിച്ചെടുക്കാറുണ്ട് ആധുനികമനശ്ശാസ്ത്രം. ഒരിക്കലും കിട്ടാത്ത മകനെത്തേടിയുള്ള അലച്ചിലുകളിൽ, മകളോടൊപ്പം ശൃംഗാരമാടിയ പാപത്തിൽ അന്നാൾവരെയും വിലാപം മാത്രമായിരുന്ന തന്റെ ജീവിതം കുഞ്ഞുകുട്ടൻ അവസാനിപ്പിക്കുന്നു.
മനുഷ്യർ വാനപ്രസ്ഥം സ്വീകരിക്കുന്നത് കർമ്മങ്ങളെല്ലാമൊടുങ്ങി ഒടുവിലെ മോക്ഷം തേടി യാത്രയാകുമ്പോഴാണ്. കുഞ്ഞുകുട്ടനെന്ന പൂതനാജന്മം മോക്ഷം തേടി അലഞ്ഞതിന്റെയും തകർന്നതിന്റെയും കഥയാണ് വാനപ്രസ്ഥം. മനുഷ്യരുള്ളിടത്തോളവും കാലം പൂതനകളുടെ ഈ വാനപ്രസ്ഥവും തുടരും.