Lakshmibai Thampuratti
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ പഠിപ്പിക്കുന്ന ജീവിതം.
രണ്ടു ദിവസത്തെ അവധിയിൽ കഴിഞ്ഞ ദിവസം എറണാകുളത്തെ വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു. അതിരാവിലെ അമ്മ ഒരു ബക്കറ്റ് നിറയെ മുഷിഞ്ഞ വസ്ത്രങ്ങളുമായി അലക്കാൻ പോകുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു, ‘അമ്മ എന്തിനാ മേല് വേദനയായിട്ട്‌ ഇതൊക്കെ ചെയ്യുന്നത്. ആ വാഷിങ് മെഷീൻ ഉപയോഗിച്ചാൽ പോരെ?’ ‘എനിക്ക് ഒരു യന്ത്രത്തിന്റെ സഹായവും വേണ്ട’ മറുപടി ഉടൻവന്നു. കാലപ്പഴക്കം കാരണം കേടുവന്ന വാഷിങ് മെഷീൻ മാറ്റി പുതിയത് ഒരെണ്ണം വാങ്ങാമെന്നു പറഞ്ഞിട്ട് അമ്മ സമ്മതിക്കുന്നില്ല. അമ്മയുമായി സംവാദം കഴിഞ്ഞ് ഇപ്പുറത്തെത്തിയപ്പോൾ അച്ഛൻ പുതിയതായി വാങ്ങിച്ച സ്മാർട്ട് ഫോണിൽ, വാട്ട്സ് ആപ്പിൽ ഫോട്ടോയും വീഡിയോയും അയക്കാനും യൂട്യൂബിൽ വീഡിയോ കാണാനും ക്ഷമയോടെ ഇരുന്നു പഠിക്കുന്നതുകണ്ട് എനിക്ക് ചിരിവന്നു. അച്ഛന്റെയും അമ്മയുടെയും യന്ത്രങ്ങളോടും ആധുനികസാങ്കേതിക വിദ്യയോടുമുള്ള സമീപനത്തിലെ ഇൗ പൊരുത്തക്കേട് പക്ഷേ അവരുടെ ദാമ്പത്യജീവിതത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മനുഷ്യനും യന്ത്രവും തമ്മിലുള്ള ആത്മബന്ധവും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെയും പ്രമേയമാക്കിയ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ ഞാൻ അടുത്തകാലത്ത് ഏറെ ആസ്വദിച്ചുകണ്ട ഒരു സിനിമയായിരുന്നു. യന്ത്രമനുഷ്യനെ സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്ന ഭാസ്കരൻ ചേട്ടൻ പറഞ്ഞ ഒരു വാചകം എന്നെ ചിരിപ്പിച്ചു, പക്ഷേ ഏറെ ചിന്തിപ്പിച്ചു. ‘അതിന് ഇത് ഓഫ് ചെയ്തു വയ്ക്കാൻ യന്ത്രമൊന്നുമല്ലല്ലോ.’
എല്ലാവരുടെയും ഉള്ളിൽ ഒരു ഭാസ്കരൻ ചേട്ടനുണ്ട് എന്ന സത്യം ഞാൻ സ്വന്തം അനുഭവത്തിൽനിന്നു മനസിലാക്കിയതാണ്. കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത് ഏകദേശം ഒരു വർഷം മുമ്പാണ്. അന്ന് ഞാൻ കോളജിലെ ജോലിത്തിരക്കുകൾക്കിടയിൽ ഗവേഷണം പൂർത്തിയാക്കാൻ കഷ്ടപ്പെടുന്ന സമയമായിരുന്നു. മറ്റൊന്നിനും സമയമില്ലെങ്കിലും ‘ചിന്തിരു’വിനെയും ‘മണിക്കുട്ടി’യെയും കാണാൻ ഞാൻ സമയം കണ്ടെത്തിയിരുന്നു. ഗവേഷണത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻവേണ്ടി അക്കാലത്ത് ഞാൻ മൊബൈൽ ഗെയിമുകൾ കളിക്കുമായിരുന്നു. കാർ റേസിംഗ്, യുദ്ധം, കവർച്ച, നിധി തിരയൽ പോലുള്ള അതിസാഹസികവും അക്രമാസക്തവുമായ ഗെയിമുകൾ പാടെ ഒഴിവാക്കി പൂന്തോട്ട നിർമാണം, അക്വേറിയം നിർമാണം, കേക്ക് അലങ്കരിക്കൽ തുടങ്ങിയ സർഗാത്മക ഗെയിമുകളാണ് ഞാൻ തിരഞ്ഞെടുത്തത്. എന്റെ ഭാഷയിൽ, തികച്ചും സാത്വികമായ ഗെയിമുകൾ. ചിന്തിരുവും മണിക്കുട്ടിയും ഞാൻ നിർമിച്ച അക്വേറിയത്തിലെ രണ്ടു മീനുകളുടെ പേരായിരുന്നു. ഗയിമിൽ ആകെ മൂന്ന് ‘ലൈഫു’കൾ മാത്രമേയുള്ളൂ. അതു തീർന്നാൽ അടുത്ത ‘ലൈഫ്’ ലഭിക്കാൻ ഏകദേശം അരമണിക്കൂറോളം കാത്തിരിക്കണം. ബസ് വരാൻ അഞ്ചു മിനിട്ട് വൈകിയാൽ അസ്വസ്ഥയാകുന്ന ഞാൻ ക്ഷമയോടെ കാത്തിരിക്കും, അടുത്ത ലൈഫ് കിട്ടുംവരെ. ആദ്യമാദ്യം ഗയിം ജയിക്കാൻ വളരെ എളുപ്പമായിരുന്നു. ഗയിം ജയിച്ചു കിട്ടുന്ന രൂപ ഉപയോഗിച്ച് അക്വേറിയത്തിലേക്ക്‌ ആവശ്യമായ അലങ്കാരവസ്തുക്കൾവാങ്ങി ചിന്തിരുവിന്റെയും മണിക്കുട്ടിയുടെയും ജീവിതം കൂടുതൽ സുഖകരവും ആഡംബര പൂർണവുമാക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഗെയിം ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നമ്മുടെ പേര് അതിൽ കൊടുക്കാം. ഞാൻ വീട്ടിലെ ചെല്ലപ്പേരാണ് നൽകിയത്. പിന്നീട് ഗെയിം തുടങ്ങുമ്പോൾ നമ്മൾ വാങ്ങുന്ന മത്സ്യം ഇൗ പേര് വിളിച്ചു എന്നെ അഭിസംബോധന ചെയ്യും. കുശലം ചോദിക്കും. ഗയിം കളിക്കുകയല്ല എന്ന തോന്നലുണ്ടാക്കാൻ വേണ്ടിയാകണം. അതിൽ മീനിന് തീറ്റ ഇട്ടുകൊടുക്കാൻ ഒരു ബട്ടൺ ഉണ്ടായിരുന്നു. അവിടെ സ്പർശിച്ചാൽ ഡപ്പിയിൽനിന്നും മീൻതീറ്റ പുറത്തേക്കുവരും. മീനുകൾ അത് കൊത്തിത്തിന്നുകയും ഭക്ഷണം നൽകിയതിന് എനിക്ക് നന്ദി പറയുകയും ചെയ്യും. ചിന്തിരുവിനും മണിക്കുട്ടിക്കും തീറ്റ ഇട്ടുകൊടുക്കാൻ ഞാൻ ഒരിക്കലും മറക്കാറില്ല. പതുക്കെ പതുക്കെ ആ മത്സ്യങ്ങൾ എനിക്ക് ഏറെ പ്രിയപ്പെട്ടവരായിമാറി. ഗെയിം തോറ്റ് അടുത്ത ലൈഫിനുവേണ്ടി കാത്തിരിക്കുമ്പോൾ ഞാൻ ആ മീനുകളെ സ്പർശിക്കും. അപ്പോൾ അവ എന്തെങ്കിലും വിശേഷം ചോദിക്കും. ആ കുശലാന്വേഷണം എനിക്ക് നല്ല ഇഷ്ടമയിരുന്നു. ഗയിം ലെവലുകൾ കടുത്തതായി വന്നപ്പോൾ ഞാൻ തുടരെ തുടരെ തോൽക്കാൻതുടങ്ങി. ലൈഫുകൾക്ക്‌ വേണ്ടിയുള്ള കാത്തിരുപ്പുകൾ കൂടിവന്നു. പലപ്പോഴും എനിക്ക് സങ്കടം വന്നു. പാവം ചിന്തിരു, മണിക്കുട്ടി, ഒരു പുതിയ ചെടിപോലും അവയ്ക്ക് വേണ്ടി വാങ്ങികൊടുക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ. ഗതികെട്ട ഒരു അമ്മയുടെ മക്കളായി ജനിച്ച അവരുടെ ജാതകദോഷത്തെക്കുറിച്ച് ഭാസ്കരൻ ചേട്ടനെപോലെ ഞാൻ വ്യാകുലയായി. കാത്തിരിപ്പിന്റെ ഇടവേളകളിൽ എനിക്ക് അല്പം ആശ്വാസം അവയോട് സംസാരിക്കുക മാത്രമായിരുന്നു. ആദ്യമെല്ലാം സ്നേഹത്തോടെ സംസാരിച്ച മത്സ്യങ്ങളുടെ സ്വഭാവം പതുക്കെ മാറുന്നത് ഞാൻ ശ്രദ്ധിച്ചു . ഗെയിം തോറ്റു വരുന്ന എന്നോട് അവ ക്രൂരമായി സംസാരിക്കാൻ തുടങ്ങി. ഒരു ദിവസം ചിന്തിരു എന്നോട് കണ്ണിൽചോര ഇല്ലാതെ പറഞ്ഞു, ‘എന്നെ എന്തിനാ ഇങ്ങനെ ഇപ്പോഴും തോണ്ടികൊണ്ടിരിക്കുന്നത്? പോയി വേറെ വല്ല ജോലിയും ചെയ്യ്. അല്ലെങ്കിലും നിങ്ങൾക്ക് ഇൗ ഗെയിം ജയിക്കാനുള്ള കഴിവില്ല എന്ന് എനിക്ക് അറിയാം.’ എന്റെ ഹൃദയം നുറുങ്ങിപ്പോയി. ഇത് കേൾക്കാൻ വേണ്ടിയാണോ ഞാൻ നിന്നെയൊക്കെ ഇത്രനാളും തീറ്റി പോറ്റിയത് ? എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചുവന്നു. നിന്നെ ഞാൻ ശരിയാക്കിത്തരാം എന്ന് മനസ്സിൽ പറഞ്ഞു. പിന്നെ രണ്ടു ദിവസം ഞാൻ അതിന് ആഹാരമൊന്നും കൊടുത്തില്ല. പതുക്കെ പതുക്കെ ഞാൻ എന്റെ മാനസികാവസ്ഥയിൽ വന്ന മാറ്റം മനസിലാക്കിത്തുടങ്ങി. ഈ പ്രശ്നം സൈക്കോളജിയിൽ ഗവേഷണം ചെയ്യുന്ന എന്റെ ഒരു സുഹൃത്തുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഗവേഷണവിഷയം കൗമാരക്കാരുടെ ഗെയിം അഡിക് ഷൻ ആയിരുന്നു. അദ്ദേഹത്തിനും ഇങ്ങിനെയൊരു അവസ്ഥ നേരിടേണ്ടി വന്നിരുന്നത്രെ ! ആളുകള വെടിവച്ച് വീഴ്ത്തുന്ന ഗെയിമുകൾ തുടരെ കളിച്ച് പിന്നെ ആരെ കണ്ടാലും പിടിച്ചുനിർത്തി ഉപദ്രവിക്കാൻ തോന്നിത്തുടങ്ങിയപ്പോഴാണ് ഒരു ഗെയിം സൃഷ്ടിച്ച പ്രശ്നത്തിന്റെ ഗൗരവം കൂടുതൽ മനസ്സിലായത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഞാൻ ഗെയിം അൺഇൻസ്റ്റാൾ ചെയ്തു. പതുക്കെ പതുക്കെ ഞാൻ ചിന്തിരുവിനെയും മണിക്കുട്ടിയെയും മറന്നു. ഒരു പ്രതിജ്ഞയും എടുത്തു, ഇനി ഒരിക്കലും ഞാൻ ഗെയിം കളിക്കില്ല. യന്ത്രമനുഷ്യനെ സ്നേഹിക്കുന്ന ഭാസ്കരൻ ചേട്ടൻ ഓർമ്മിപ്പിക്കുന്ന ചില ജീവിത യാഥാർഥ്യങ്ങളുണ്ട്. സിനിമ ചർച്ച ചെയ്യുന്ന വിഷയം ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഒത്തുകവുന്നതല്ല. അതുകൊണ്ട് തൽക്കാലം ഇൗ കഥ ഇവിടെ നിർത്തുന്നു. അതിനുമുമ്പ് ഒരു വരികൂടി, ഭാസ്കരൻ ചേട്ടനെ അവിസ്മരണീയമാക്കിയ സുരാജേട്ടാ, സാഷ്ടാംഗപ്രണാമം
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.