പൃത്വിയെ ഒരു ഹീറോ എന്നതിനപ്പുറത്തേക്ക് മലയാളികളുടെ ഹൃദയത്തിലേക്ക് ഇറക്കി പ്രതിഷ്ഠിച്ച പടം

Lal Chand

നിനക്ക് ഡോക്ടറാവണോ എൻജിനീയറാവണോ?

ഏതാണ്ട് പത്തു പതിനഞ്ചു വർഷങ്ങൾക്കു മുൻപ്‌ പത്താം ക്ലാസ്സ്‌ കഴിഞ്ഞു നിൽക്കുന്ന ഒരു ശരാശരി മലയാളി വിദ്യാർത്ഥി മിക്കവാറും കേട്ടിരിക്കാനിടയുള്ള ചോദ്യം.പറഞ്ഞു കേട്ടാൽ തോന്നും ഇത്രേം വലിയ ലോകത്തിൽ ഇതു രണ്ടും മാത്രമേ ഒരു പ്രൊഫഷൻ ആയിട്ട് ഉള്ളൂ എന്ന് .ഇത് പറഞ്ഞു ബിടെക് എടുത്തവരിൽ 90 ശതമാനവും എൻജിനീയറിങ് അല്ലാത്ത ജോലി തേടിപ്പോയി എന്നത് മറ്റൊരു കഥ
ആ അതവിടെ നിക്കട്ടെ, നമുക്ക് ഇപ്പോഴത്തെ കഥയിലോട്ട് വരാം, ഏതൊരു ശരാശരി മലയാളിയെപ്പോലെ എന്നോടും ചോദിച്ചിരുന്നു ഈ ചോദ്യം
“ഡോക്ടർ വേണ്ടേ വേണ്ട
എന്തൊന്നിനാണ്, ഫുൾ ടൈം വിഷമം. എല്ലാരും വന്നിട്ട് മുട്ടുവേദന, പനി, ചൊറി, എന്ന് വേണ്ട എല്ലാരും വന്ന് പറേണത് സങ്കടം അല്ലേ? ഇനി കൂടിയ വല്ല ഡോക്ടർ ആണേൽ കൊറേക്കൂടി ആള് തീർന്നു പോവാൻ ചാൻസുള്ള ക്യാൻസർ, എയ്ഡ്സ് ഒക്കെ. ഈ കളിക്ക് ഞാനില്ല. എനിക്ക് കൊറേക്കൂടി സന്തോഷമായിട്ട്, സന്തോഷമുള്ള കാര്യങ്ങൾ കേട്ട് ജീവിക്കണം.കഷ്ടപ്പെട്ട് പഠിച്ച് സങ്കടം കേക്കാൻ പോണതെന്തിനാണ്, എനിക്ക് എൻജിനീയർ മതി

അന്നത്തെ 15 വയസ്സുകാരനെ സംബന്ധിച്ച് അഭിപ്രായങ്ങൾ കൃത്യമായിരുന്നു.ആ തീരുമാനം പക്ഷെ മാറിയേനെ, ഒരു സിനിമ ഒരു മൂന്നു കൊല്ലം മുൻപ് ഇറങ്ങിയിരുന്നെങ്കിൽ. ഒരു സിനിമക്ക് ഒരു മനുഷ്യന്റെ തീരുമാനത്തെ ഒക്കെ ഇത്രമാത്രം ഒരു സ്വാധീനിക്കാൻ കഴിയുമെന്ന്, അവൻ ലോകത്തെ നോക്കിക്കാണുന്ന രീതി തന്നെ മാറ്റാൻ പറ്റുമെന്ന് മനസ്സിലാവുന്നത് ആ സിനിമയിലൂടെ ആണ്. ഒരുപക്ഷെ നിങ്ങൾക്ക് ഇതിനോടകം സിനിമ കിട്ടിക്കാണും, അതെ അതുതന്നെ പലരുടെയും ഏറ്റവും ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള ലാൽ ജോസിന്റെ ‘അയാളും ഞാനും തമ്മിൽ’.

Ayalum Njanum Thammil Reviewസ്കൂളിൽ പഠിക്കുമ്പോ ഈ സിനിമ ഇറങ്ങിയിരുന്നെങ്കിൽ ഇഷ്ടപ്പെട്ട സിനിമയെപ്പറ്റി എഴുതാൻ പറയുമ്പോൾ തിരഞ്ഞെടുക്കാൻ അധികം ആലോചിക്കേണ്ട ആവശ്യം വേണ്ടിവരുമായിരുന്നില്ല എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ലാൽ ജോസിന്റെ ഏറ്റവും മികച്ച സിനിമകളിലൊന്ന്, ബോബി സഞ്ജയ് ടീമിന്റെ മാസ്റ്റർപീസ്. പൃത്വിയെ ഒരു ഹീറോ എന്നതിനപ്പുറത്തേക്ക് മലയാളികളുടെ ഹൃദയത്തിലേക്ക് ഇറക്കി പ്രതിഷ്ഠിച്ച പടം. ഇനി ഇതിനൊക്കെ പുറമെ ഒരു തലമുറയിലെ പ്രണയ പരാജയം വന്ന യുവാക്കളുടെ ഒക്കെ ദേശീയ ഗാനമായി മാറിയ ഒരു പാട്ട് സമ്മാനിച്ച പടം.

“അഴലിന്റെ ആഴങ്ങളിൽ” എന്ന പാട്ട് ഇവിടെ പലരും എത്ര പ്രാവശ്യം കേട്ടിട്ടുണ്ടെന്ന് എണ്ണിയാൽ തീരില്ല. ജീവിതത്തിൽ ഒരിക്കൽപ്പോലും പ്രണയിക്കാത്തവർ പോലും ഈ പാട്ട് കേട്ട് ഫീൽ അടിച്ച് കരയാറുണ്ടെന്നത് ഹോസ്റ്റൽ ചുമരുകൾക്കും , തലയിണകൾക്കും, പിന്നെ നമുക്കുമറിയാവുന്ന ഒരു രഹസ്യമാണ്.
ഇതിനേക്കാളൊക്കെ ആ സിനിമയെ പ്രിയപ്പെട്ടതാക്കുന്നത് ഒരു മനുഷ്യന്റെ ട്രാൻസ്ഫോർമേഷൻ ആണ്. കളിച്ചും ചരിച്ചും ആഘോഷിച്ചും പ്രണയിച്ചും, ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും ഇല്ലാതിരുന്ന, ജീവിതം തന്നെ ഒരു കളിയായി കണ്ടിരുന്ന വളരെ നിരുത്തരവാദപരമായി നടന്നിരുന്ന ചെറുപ്പക്കാരൻ ഒരു മനുഷ്യനായി മാറുമ്പോഴാണ്

Ayalum Njanum Thammil Movie Review: A Nostalgic Ride down Memory Lane – mad  about moviez.inഇത് പലപ്പോഴും നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിക്കാറുണ്ട്, വയസ്സ് കൂടുമ്പോഴോ, മീശ മുളക്കുമ്പോഴോ അല്ല നമുക്ക് പലപ്പോഴും പക്വത വരുന്നത്. അത് പലപ്പോഴും ചില സംഭവങ്ങളിലൂടെയാണ്, നമ്മുടെയൊക്കെ കണ്ണ്തുറപ്പിക്കുന്ന ചില സംഭവങ്ങൾ, ഹൃദയത്തെ തൊടുന്ന ചില സംഭവങ്ങൾ.
അതിൽ വേര്പിരിയലുകൾ ഉണ്ടാവും, ചില വേദനകൾ ഉണ്ടാവും, ഒരായിരം തവണ മനസ്സ് കൊണ്ട് കാലിൽ വീണു മാപ്പിരന്നിട്ടുള്ള ആ തെറ്റ് ഉണ്ടാവും. ജീവിതം പലപ്പോഴും അങ്ങിനെയാണ് നിനച്ചിരിക്കാത്ത നേരത്ത് നിമിഷനേരം കൊണ്ട് നടന്ന ചില സംഭവങ്ങളിലൂടെ അത് മനുഷ്യനെ മറ്റൊരു മനുഷ്യനാക്കി മാറ്റും.
പാതയോരത്തെ ആ ബെഞ്ചിൽ ഡോക്ടർ എന്ന പ്രൊഫഷന്റെ യഥാർത്ഥ അർഥം മനസ്സിലാക്കിയ രവി തരകൻ ജനിക്കും.

“രോഗികൾ നിന്നോട് വന്ന് സങ്കടം പറയുമ്പോൾ ഉണ്ടാവുന്ന സങ്കടമേ നീ കണ്ടുള്ളൂ, അവരെ ചികിൽസിച്ചു അതിൽ നിന്ന് രക്ഷപ്പെടുത്തുമ്പോൾ, ചിലരെയൊക്കെ മരണത്തിൽ നിന്ന് രക്ഷിക്കുമ്പോൾ അവരുടെ ഉള്ളിൽ ഉണ്ടായ ആശ്വാസത്തിന്റെ വസന്തം നീ കണ്ടില്ല, അലയടിച്ച സന്തോഷത്തിന്റെ കടൽ നീ കണ്ടില്ല. അതൊക്കെ കാണുമ്പോൾ നിന്റെയുള്ളിൽ വിടരുന്ന സന്തോഷത്തിന്റെ പാരിജാതവും”
ചിലപ്പോഴൊക്കെ ഇപ്പോഴത്തെ ഞാൻ ഇതുപോലെ പഴയ എന്നോട് സംസാരിക്കാറുണ്ട്