മമ്മൂട്ടിയോ, മോഹൻലാലൊ, ആ ഡയലോഗ് പറഞ്ഞതെങ്കിൽ നിങ്ങൾക്ക് ചിരി വരുമായിരുന്നോ ? നമ്മുടെ ആ ചിരിയാണ് ബോഡി ഷെയ്മിങ്

73

Lal Chand

എടാ “നീ അനുവദിച്ചാലേ നിന്നെ വേദനിപ്പിക്കാൻ ആർക്കെങ്കിലും കഴിയൂ” എന്ന് കേട്ടിട്ടില്ലേ? വളരെ പ്രശസ്തമായ ഒരു വാചകമാണിത്. നിനക്ക് സാധാരണ ആളുകളെ സംബന്ധിച്ചു ഇച്ചിരി പൊക്കം കുറവാണ്. അപ്പൊ ആളുകൾ കളിയാക്കും. അതിനെല്ലാത്തിനും പ്രതികരിക്കാനും അവരെ പറഞ്ഞു ബോധ്യപ്പെടുത്താനും നിന്നാൽ എങ്ങനാ, പറയാണോർ എന്താച്ചാ പറയട്ടെ. നീ അതങ്ങ് അക്‌സെപ്റ് ചെയ്യുക. ശരിയാണ് എനിക്ക് പൊക്കം കുറവാണ്, അതിലെന്താണ് എന്ന് നീ ചോയ്ച്ചാൽ തീർന്നില്ലേ? നീ ഈ പണ്ടത്തെ സിനിമ ഒക്കെ കണ്ടിട്ടില്ലേ, സ്വന്തം രൂപത്തിന്മേൽ സ്വയം കളിയാക്കി ശ്രീനിവാസൻ, കലാഭവൻ മണി, സലിം കുമാർ ഇവരൊക്കെ എത്ര തമാശയാണ് ഉണ്ടാക്കിയത്, അതിന്ന് പൈസേം ഉണ്ടാക്കി. സ്വയം അക്‌സെപ്റ് ചെയ്താ മതി, പിന്നെ ഒരു പ്രശ്നവുമില്ല.

“മനോഹരമായിരിക്കിരുന്നു. ഞാൻ എന്താ അക്‌സെപ്റ് ചെയ്യേണ്ടത്? എനിക്ക് ഉയരം കുറവാണെന്നോ? അതോ അത് ഒരു കുറവാണെന്നോ? എനിക്ക് ഒരിക്കലും കുറവാണെന്നു തോന്നാത്ത ഒരു കാര്യം ഞാൻ കുറവായി അംഗീകരിക്കണമെന്നോ? മമ്മൂട്ടിക്ക് കുറേക്കൂടി ഭംഗിയാക്കി ഏറ്റവും സ്റ്റൈലിഷ് ആയി തന്റെ രൂപം മാർക്കറ്റ് ചെയ്യാമെങ്കിൽ, ശ്രീനിവാസന് അത് മാർക്കറ്റ് ചെയ്യണമെങ്കിൽ ഒന്നുകൂടി വികൃതമാക്കി അപ്പക്കാള ആക്കണമെന്നോ?മലയാള സിനിമക്ക് അടുത്ത കാലത്തായി സംഭവിച്ച ഏറ്റവും പോസിറ്റീവ് ആയ മാറ്റങ്ങളിലൊന്നാണ്, ബോഡി ഷെയ്മിങ് തമാശകൾ വളരെയധികം കുറഞ്ഞു എന്നത്.ഒരു കാലത്ത് ബോഡി ഷെയ്മിങ് തമാശകൾ ഇല്ലാത്ത മലയാള സിനിമകൾ തന്നെ കുറവായിരുന്നു. ശ്രീനിവാസൻ, കലാഭവൻ മണി, സലിംകുമാർ കോമഡി എന്ന് യുട്യൂബിൽ ഇപ്പോഴും ടൈപ്പ് ചെയ്ത് കൊടുത്താൽ അതെത്രത്തോളം ആയിരുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാവും.

ബോഡി ഷെയ്മിങ് തമാശയാക്കുമ്പോൾ, അത് വെറുതെ കളിയാക്കുന്നതിനേക്കാൾ വലിയ അപകടമാണ് ചെയ്യുന്നത്. അത് അത്തരം പ്രവണതകളെ നോർമലൈസ് ചെയ്യുകയാണ്. നിങ്ങളെ ബോഡി ഷെയിം ചെയ്ത ഒരാൾക്ക് “അളിയാ ഇതൊക്കെയൊരു തമാശയല്ലേ, ആ സെൻസിൽ എടുത്താൽ പോരെ” എന്നു പറയാനുള്ള ഒരു ലൈസൻസ് കൊടുക്കുകയാണ് അത് ചെയ്യുന്നത്. ഒരാളുടെ ശരീരികമായ പ്രത്യേകതകൾ ഏത് വകുപ്പിൽ ആണ് തമാശയാകുന്നത്? അത് തമാശയാകുന്നതിലോളം വലിയ ട്രാജഡി വേറെ ഉണ്ടോ? സ്വയം പരിഹസിച്ചു പല സിനിമക്കാരും പൈസ സമ്പാദിച്ചു കൂട്ടിയിട്ടുണ്ടെങ്കിലും അത് നമ്മളൊക്കെ അറിയാതെ നമ്മളിൽ ചെലുത്തിയ വൃത്തികെട്ട സ്വാധീനം വളരെ വലുതാണ്.

നമ്മളെ ഏറ്റവുമധികം ചിരിപ്പിച്ച സിനിമകളിലൊന്നായ വടക്കുനോക്കിയന്ത്രത്തിൽ ഉള്ള നിലവിളക്കിന്റെയും കരിവിളക്കിന്റെയും ഒരു രംഗമുണ്ട്. കറുപ്പും പോക്കക്കുറവും വെളുപ്പിനെക്കാൾ കുറഞ്ഞ എന്തോ ആണെന്ന് പറഞ്ഞു വക്കുകയാണവിടെ.
അതായത് നീ കുറഞ്ഞവനാണ് എന്ന് പറഞ്ഞു വച്ച ശേഷം, അതിൽ നീ വിഷമിക്കേണ്ടതില്ല എന്നൊരു പറഞ്ഞുവെപ്പ് അക്കാലത്തെ സിനിമകളിൽ ഉടനീളം കാണാം.

ബോഡി ഷെയ്മിങ് തമാശകൾ പലപ്പോഴും വളരെയധികം നോർമലൈസ് ചെയ്യപ്പെട്ടതും, ആഘോഷിക്കപ്പെട്ടതുമാണ്.
“കാണാനൊരു ലൂക്കില്ലെന്നേ ഉളളൂ ഭയങ്കര ബുദ്ധിയാ”
അതിലെന്താണ് പ്രശ്നം എന്നല്ലേ, ബോഡി ഷെയ്മിങ് മാറ്റി നിർത്തിയാൽ അതിലൊരു തമാശയുമില്ല എന്നത് തന്നെ. സലിംകുമാർ അല്ലാതെ മമ്മൂട്ടിയോ, മോഹൻലാലൊ, സമൂഹസൗന്ദര്യങ്ങൾക്ക് വളരെയധികം യോജിച്ച ഏതെങ്കിലും യുവനടനോ ആയിരുന്നു ആ ഡയലോഗ് പറഞ്ഞതെങ്കിൽ നിങ്ങൾക്ക് ചിരി വരുമായിരുന്നോ?

ബോഡി ഷെയ്മിങ് തമാശകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, അതിനിത്ര കഴിവൊന്നും വേണ്ട, അതുകൊണ്ടായിരിക്കും ഇത്രയധികം അളവിൽ മലയാള സിനിമയിൽ അവ ഉപയോഗിക്കപ്പെട്ടത്. സിനിമയിൽ നിന്ന് പിന്മാറിയെങ്കിലും, ടിവി കോമഡി ഷോകളിലായി കുടുംബപ്രേക്ഷകരുടെ മുൻപിൽ ഇന്നും വലിയ തോതിൽ അവ കാണിക്കപ്പെടുന്നുണ്ട്. ബോഡി ഷെയ്മിങ് ഒരിക്കലും ഒരു തമാശയല്ല, ആവാനും പാടില്ല. ഒരാളുടെ ശരീരപ്രകൃതി നിങ്ങൾക്ക് ചിരിക്കാനുള്ള ഒരു കാരണമല്ല. അങ്ങനെ തമാശയുണ്ടാക്കുമ്പോൾ അത് കേട്ട് അക്‌സെപ്റ് ചെയ്യേണ്ടത് നിങ്ങളല്ല, മാറേണ്ടത് പറയുന്നവരാണ്, തമാശയുണ്ടാക്കുന്നവരാണ്.