കുമ്പളങ്ങിയിലെ അമ്മ

0
84

Lal Chand

കുമ്പളങ്ങിയിലെ അമ്മ

സൈക്കോ ഷമ്മി ആയുള്ള ഫഹദിന്റെ അസാമാന്യമായ പ്രകടനത്തിന്റെ പേരിലും ഫഹദിനെക്കാൾ മികച്ചത് എന്ന് ചിലർ വാഴ്ത്തിയ സൗബിന്റെ അഭിനയമികവുകൊണ്ടും ഒരുപാട് ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ. പ്രേക്ഷകന് ഇഷ്ടപ്പെടുന്നത് എന്ന കപടന്യായീകരണം നിരത്തി സിനിമകളിൽ സാധാരണ കാണുന്ന ഒരുപാട് ക്ളീഷേകളെ തകർത്തെറിഞ്ഞ സിനിമ എന്ന നിലയിൽ സിനിമാനിരൂപകാരും ട്രോളന്മാരും ഇഴ കീറി പരിശോധിച്ച പടം. എന്നാൽ അതിൽ കൊറേപ്പേരെങ്കിലും അത്ര കണ്ട് ശ്രദ്ധിക്കാതെ പോയ കഥാപാത്രമാണ് കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മ. ഒരു കൂട്ടുകാരി പറഞ്ഞതിൽ പിന്നെയാണ് അതിന്റെ പ്രാധാന്യം ഞാൻ ശ്രദ്ധിക്കുന്നത്. സിനിമകളിൽ എന്നല്ല ഒരുപാട് മനുഷ്യരുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ അമ്മ സങ്കല്പത്തിന്റെ നെഞ്ചിലേക്കാണ് ഈ കഥാപാത്രത്തിലൂടെ ശ്യാം പുഷ്ക്കരൻ തന്റെ തൂലിക കുത്തിയിറക്കിയത്.

May be an image of 1 person and standingസ്നേഹവും ത്യാഗവും കൊണ്ട് സ്വയം ഇല്ലാതെ കുടുംബത്തിന് വേണ്ടി സ്വയം ത്യജിക്കുന്ന ആൾ എന്ന നിലയിൽ നിന്ന് അമ്മ ഒരുപാട് മുന്നേറിയിട്ടുണ്ട്. രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ട് IAS നേടിയ സ്ത്രീയെയും, കുഞ്ഞിന് മുലയൂട്ടിക്കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന അര്ജന്റീന പ്രസിഡന്റിനേയും കുഞ്ഞിനെ ഒക്കെത്തെടുത്ത് വെച്ച് കൊണ്ട് മറുകയ്യിൽ റാക്കറ്റുമായി പരിശീലനത്തിറങ്ങിയ സാനിയ മിർസയെയും നമ്മൾ നെഞ്ചിലേറ്റി വാഴ്ത്തിയത് അതൊക്കെക്കൊണ്ടാണ്.

എന്നാൽ മറ്റൊരിടത്ത് ഇതേ നമ്മൾക്കാണ് കുഞ്ഞിനെ കൊന്ന് കാമുകനൊപ്പം ഒളിച്ചോടിയ അമ്മയുടെ കഥ. കൂട്ടക്കൊലപാതകത്തേക്കാളും കൂട്ടബലാത്സംഗത്തേക്കാളും പൈശാച്ചികവും ഹൃദയഭേദകവുമായി തോന്നുന്നത്. കുഞ്ഞിനെ നോക്കാൻ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ ഹോസ്പിറ്റലിൽ ഉപേക്ഷിച്ചു പോകുന്ന അമ്മമാരെ കുറിച്ച് കേൾക്കുമ്പോൾ ഹൃദയം ഉരുകി ഒലിക്കുന്നത്. അവരെ ശപിക്കുന്നത്. അതൊന്നും ക്രൂരത അല്ലെന്നല്ല, പക്ഷേ അതിനേറ്റവും കൂടുതൽ പ്രാധാന്യം കൈവരുന്നത് അമ്മ എന്ന വാക്കിന് നമ്മളായിട്ട് കല്പ്പിച്ചു കൊടുത്ത ദിവ്യത്വം കാരണമാണ്.

ഇങ്ങനെയൊക്കെയുള്ള നമ്മളെപ്പോലുള്ള പ്രേക്ഷകരുടെ ഇടയിലേക്കാണ് മക്കളുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു സാഹചര്യത്തിൽ അവർ ആവശ്യപ്പെട്ട സഹായം നിരസിച്ച് കൂളായി കുമ്പളങ്ങിയിലെ അമ്മ നടന്നു പോയത്. ഒരു പ്രേക്ഷകനും പ്രതീക്ഷിക്കാൻ ഇടയില്ലാത്ത വേണമെങ്കിൽ അതിവൈകാരികമാക്കാമായിരുന്ന ആ സീൻ എത്ര സ്വാഭാവികമായാണ് ആ സിനിമയിൽ അവതരിപ്പിച്ചത്. ഒരുവേള അത്ര പ്രാധാനപ്പെട്ടതല്ലെന്ന് തോന്നാവുന്ന ആ സീൻ ശരിക്കും ഒരു വിപ്ലവമാണ്. നമ്മുടെയെല്ലാം ഉള്ളിൽ ആഴത്തിൽ വേരൂന്നി വളർന്ന അമ്മ സങ്കല്പമെന്ന വട വൃക്ഷത്തിന്റെ കടക്കലാണ് ശ്യാം തന്റെ കത്തി വെച്ചത്.

അത് കൊണ്ട് അമ്മമാരെ നിങ്ങളുടെ മേൽ ചൊരിയപ്പെടുന്ന സ്നേഹത്തിന്റെ പനിനീർ പുഷ്പങ്ങൾ പലപ്പോഴും നിങ്ങളുടെ ചുറ്റും ലക്ഷ്മണരേഖ തീർക്കുകയാണെന്ന് തിരിച്ചറിയുക. അമ്മ ആവുമ്പോൾ കല്പ്പിച്ചു തരുന്ന ദിവ്യത്വം പലപ്പോഴും മുൾക്കിരീടം ആണെന്നറിയുക .വാർദ്ധക്യം ബാധിച്ച വടവൃക്ഷങ്ങൾ കടപുഴകി വീഴട്ടെ. മനസ്സിലെ വിഗ്രഹങ്ങൾ തകർന്ന് വീഴട്ടെ.
Happy Mothers day