“വേണ്ട മോളെ, വിപ്ലവം ഒക്കെ പറയാൻ എളുപ്പമാണ് പക്ഷേ പുലയ സമുദായം എന്നൊക്കെ പറയുമ്പോ…”

69

Lal Chand ന്റെ പോസ്റ്റ്

ജാതി ഒക്കെ ഇക്കാലത്തു നോക്കേണ്ട കാര്യമില്ല. നല്ല പയ്യൻ ISRO യിൽ സയന്റിസ്റ്. നല്ല കോളേജിൽ പഠിച്ചത്, നല്ല ഫാമിലി, അത്യാവശ്യം സാമ്പത്തികവും ഉണ്ട്. സംസാരിച്ചപ്പോഴും എനിക്ക് നന്നായി തോന്നി ഇതുതന്നെ അങ്ങ് ഉറപ്പിച്ചാലോ?

വേണ്ട മോളെ, വിപ്ലവം ഒക്കെ പറയാൻ എളുപ്പമാണ് പക്ഷേ പുലയ സമുദായം എന്നൊക്കെ പറയുമ്പോ, ഞങ്ങൾ ഒരുപക്ഷേ നോക്കില്ലായിരിക്കും. പക്ഷേ കുടുംബം മൊത്തം അങ്ങനെ കരുതുമെന്ന് തോന്നുന്നുണ്ടോ? കുടുംബത്തിലെ പല സന്ദർഭങ്ങളിലും, ചടങ്ങുകളിലും ആൾക്കാർ ഒരു കളിയാക്കണ പോലെ നോക്കും. ഈ വിപ്ലവം പറയണത്ര സുഖം ഒന്നും ഇണ്ടാവില്ല അപ്പൊ. ഇതിപ്പോ മാട്രിമോണി വന്നതല്ലേ, അവനില്ലെങ്കി നിനക്ക് പറ്റില്ലാന്ന് പറയണ പ്രേമം ഒന്നും ഇല്ലല്ലോ. നീ ഈ കേസ് അങ്ങ് വിട്ടേക്ക് നമുക്ക് വേറെ നോക്കാം.

ഞാൻ അറിയുന്ന ഒരു അത്യാവശ്യം പ്രോഗ്രസ്സീവ് ആയ വീട്ടിൽ നടന്ന ഒരു സംഭാഷണമാണിത്. ഈ പറഞ്ഞ കക്ഷിക്ക് ജോലിയോ പറയത്തക്ക സാമ്പത്തികമോ ഇല്ലെന്നോർക്കണം. കേരളത്തിൽ ഇന്ന് ജാതിപ്രശ്നം ഇല്ലെന്ന് പറയുന്നവർക്ക് ഏറ്റവും വ്യക്തമായ തെളിവാണ് വിവാഹകമ്പോളം( കമ്പോളം എന്നുപയോഗിച്ചത് തികച്ചും മനഃപൂർവം ആണ്). അവസാനം അമ്മയുടെയും അച്ഛന്റെയും തീരുമാനത്തിന് അവൾ വഴങ്ങുകയായിരുന്നു. ചുറ്റുപാടും ശരിക്ക് കണ്ണൊന്നു തുറന്നു നോക്കാനും, കാതോന്നു തുറന്ന് കേൾക്കാനും തയ്യാറായാൽ നിങ്ങൾക്ക് ജാതിവിവേചനം കാണാൻ കഴിയും, പലപ്പോഴും നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്തിടത്തു പോലും.

പി എസ് സി പരീക്ഷക്ക്‌ വേണ്ടിയെങ്കിലും കേരള നവോത്ഥാനം പഠിച്ചവർ, നമ്മുടെ ഒരു ഇരുണ്ട ഭൂതകാലത്തെപ്പറ്റി കേട്ടുകാണും. മൃഗങ്ങൾക്ക് സുഗമായി സഞ്ചരിക്കാവുന്ന വഴികളിലൂടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട, വസ്ത്ര ധാരണ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട, ദൃഷ്ടിയിൽ പോലും പെടാൻ അവകാശമില്ലാത്ത കുറേ മനുഷ്യ ജന്മങ്ങൾ. അന്ന് കേരളത്തിൽ നവോത്ഥാനം എന്ന വലിയൊരു കാലഘട്ടമുണ്ടായി. മനുഷ്യമനസ്സിനെ മാറ്റുന്നതിൽ വിപ്ലവങ്ങളെപ്പോലെത്തന്നെ പങ്കു വഹിച്ചവയായിരുന്നു അന്നത്തെ കലകൾ.

“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി
ചോദിക്കുന്നു നീർ നാവു വരണ്ടഹോ”
“വിത്തനാഥന്റെ ബേബിക്കു പാലും
നിർദ്ദനച്ചെറുക്കനുമിനീരും
ഈശ്വരേച്ചയാണെങ്കിലമ്മട്ടു
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ”

എന്നിങ്ങനെ ആശാനും ചങ്ങമ്പുഴയുമടക്കമുള്ള കവികൾ തുളഞ്ഞുകയറിയത് ആളുകളുടെ ഹൃദയത്തിലാണ്. അത്രയും അന്ധകാരത്തിൽ നിന്ന് മുന്നോട്ട് വരാൻ ഈ കവിതകളും പാട്ടുകളും, പ്രസംഗങ്ങളും, ഒക്കെ വഹിച്ച പങ്ക് വളരെ വളരെ വലുതാണ്. ഒരുപക്ഷേ തന്നെ ഉപയോഗിച്ച രീതി കണ്ട് കലക്ക് വരെ അഭിമാനം തോന്നിയ കാലഘട്ടം.ഇന്നാണ് വേടന്റെ റാപ്പ് മ്യൂസിക് കാണാനിടയായത്, ആ പാട്ടിനേക്കാൾ സന്തോഷം തോന്നിയത് അതിനു കിട്ടിയ സ്വീകര്യതയിൽ ആയിരുന്നു.

പ്രോഗ്രസ്സീവ് ആയ ആശയങ്ങൾ പറയുന്ന യുട്യൂബ്ഴ്സ്, മെല്ലെയെങ്കിലും പൊളിറ്റിക്കലി കറക്ട് ആവുന്ന സിനിമകൾ. ഫെമിനിസം ഒക്കെ സപ്പോർട്ട് ചെയ്യുന്ന ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ പോലുള്ള സിനിമകൾ ചെയ്യാൻ മുന്നോട്ട് വരുന്ന ആളുകൾ, അതിനൊക്കെ കിട്ടുന്ന സ്വീകാര്യത, ഈ ഗ്രൂപ്പ് അടക്കമുള്ള സിനിമാ ഗ്രൂപുകളിൽ വരുന്ന ചർച്ചകൾ, പൊളിറ്റിക്കലി കറക്ട് ആവാൻ ശ്രമിക്കുന്ന വെബ് സീരീസുകൾ, വേടനെപ്പോലെയുള്ളവരുടെ റാപ്പ് മ്യൂസിക്. നമ്മൾപോലും അറിയുന്നില്ലെങ്കിലും നമ്മൾ ഇപ്പോൾ നവോത്ഥാനത്തിന്റെ രണ്ടാമത്തെ ഫേസിൽ ആണ്. ഒരുപക്ഷേ ഇന്നിവിടെ നടന്നു കൊണ്ടിരിക്കുന്നത് ചരിത്രമാണ്, നമ്മുടെയൊക്കെ അടുത്ത തലമുറയുടെ ടെക്സ്റ്റ്ബുക്കുകളിൽ ഇടം പിടിക്കാൻ സാധ്യതയുള്ള ചരിത്രം.

ഒരു മഹത്തായ വാക്യം പോലെ “കേവലം നമുക്ക് സന്തോഷം തരുക എന്നതിലൊതുങ്ങുന്നതല്ല കല. കല ഏറ്റവും കൂടുതൽ സാർഥകമാകുന്നത്, മറ്റുള്ളവനെ മനസ്സിലാക്കാൻ അവനെ പരിഗണിക്കാൻ നമ്മളെ സഹായിക്കുമ്പോഴാണ്, നമ്മുടെ മനസ്സിനെ മാറ്റുമ്പോഴാണ്, നമ്മുടെ ഹൃദയങ്ങളിൽ വേരുകളൂന്നി നന്മയുടെ വടവൃക്ഷമായി അത് വളരുമ്പോഴാണ്. ഒരു പക്ഷേ വേടന്റെ ഒരു പാട്ടിന്റെ ടൈറ്റിൽ പോലെ ശബ്ദമില്ലാത്തവരുടെ ശബ്ദമാവുമ്പോഴാണ്.