ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും നീ എന്തിനാണ് അവളേം മനസ്സിലിട്ടോണ്ട് നടക്കുന്നത്?

51

Lal Chand

“ഇത്ര മനോഹരമായിട്ട് നഷ്ടപ്രണയത്തെപ്പറ്റി കവിതയെഴുതാൻ നിനക്കെങ്ങനെ കഴിഞ്ഞു. നിന്റെ പ്രണയം വിജയമല്ലേ? നീ അവളെ കല്യാണം കഴിച്ചില്ലേ?”

വേറെ ഒരു മുഖം ഉണ്ടായിരുന്നെടാ, ഒന്ന് കണ്ണടച്ചാൽ ഇപ്പോഴും മനസ്സിൽ തെളിഞ്ഞു കാണാൻ പറ്റുന്ന ഒരു മുഖം, കവിതയായും കഥയായും, ചിലദിവസങ്ങളിൽ രാത്രി ഉറക്കത്തിൽ സ്വപ്നമായും വരുന്ന ഒരു മുഖം.പിന്നെ നീ പറഞ്ഞപോലെ നഷ്ടപ്രണയം ഒന്നുമല്ല. അല്ലെങ്കിൽ തന്നെ പ്രണയത്തിലെവിടെയാ നഷ്ടം. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അത് നിനക്കൊരു സ്വപ്‌നം കാണിച്ചു തരുന്നുണ്ടെങ്കിൽ, വെറുതേ ഇരിക്കുമ്പോൾ ഒരു പുഞ്ചിരി നിന്റെ മുഖത്തു വിരിയിക്കാൻ അതിനു കഴിയുന്നുണ്ടെങ്കിൽ, ചിലപ്പോഴെങ്കിലും ഒരിറ്റു കണ്ണുനീരായ് അടരാൻ അതിനു കഴിയുന്നുണ്ടെങ്കിൽ. പ്രണയത്തിൽ നഷ്ടവും നേട്ടവുമൊന്നും ഇല്ല, പ്രണയം മാത്രമേ ഉളളൂ. പ്രണയം മാത്രം.
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യങ്ങളായ സിനിമകളെടുത്താൽ അതിൽ നിസ്സംശയം ചേർത്ത് വെക്കാവുന്ന ഒരു പേരാണ് മേഘമൽഹാർ. കമലിന്റെ സംവിധാനത്തിൽ, പ്രണയം ഫീൽ ചെയ്യിക്കുന്നതിൽ എന്നും അസാധ്യമായ വൈഭവം തോന്നിയിട്ടുള്ള ബിജുമേനോനും അദേഹത്തിന്റെ പിൽക്കാല ജീവിതസഖിയും ഒന്നിച്ച മനോഹരമായ ഒരു കൊച്ചു ചിത്രം.

megha malhar.mp4 | Movies, Couple photos, Imageപ്രണയത്തിനു രണ്ട് തീരുമാനങ്ങളെ സാധാരണ സിനിമയിൽ ഉണ്ടാവാറുള്ളൂ. ഒന്നുകിൽ പ്രണയതാക്കൾ ഒന്നിക്കുന്ന വിജയം, അല്ലെങ്കിൽ അവർ തമ്മിൽ ഒന്നിക്കാനാകാതെ പോകുന്ന പരാജയം. അങ്ങനെ വിജയത്തിന്റെയും പരാജയത്തിന്റെയും കള്ളികളിൽ ഒതുക്കാൻ പറ്റുന്ന ക്രിക്കറ്റ്‌ മാച്ച് ആവാറില്ല ജീവിതത്തിൽ പലപ്പോഴും പ്രണയം.അത് ഒരു സാഡ് എൻഡിങ് അല്ലേ? അതോണ്ട് എനിക്ക് കാണണ്ട എന്ന് പറയുന്നവരുണ്ട്. പക്ഷേ അതിനു സങ്കടവും സന്തോഷവും എന്താണെന്ന് വേറെ നിർവചിക്കേണ്ടി വരും. പേരിലെ ഹിന്ദുസ്ഥാനി രാഗം പോലെ മനോഹരമായ ആ കൊച്ചുചിത്രം സങ്കടമാണോ, സന്തോഷമാണോ എന്ന് പ്രേക്ഷകന് വിട്ടുകൊടുത്തുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല, ഒരുപാട് വർഷങ്ങൾക്ക് ശേഷം ജീവിതത്തിന്റെ മധ്യാഹ്‌ന വേളയിൽ ഒന്ന് കണ്ടുമുട്ടണം. ഒരു കാപ്പിക്ലബ്ബിൽ ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്നുകൊണ്ട് പരസ്പരം നോക്കി ഒരു കാപ്പി കുടിക്കണം. അച്ഛനോ ബന്ധുക്കളോ കണ്ടാൽ പ്രശ്നമാണ് എന്ന് പറഞ്ഞു നീ അന്ന് വരാതിരുന്ന ബീച്ചിലെ ബെഞ്ചിൽ പോയി കുറച്ചു നേരം വെറുതേ കടൽക്കാറ്റ് കൊള്ളണം. പഴയ ഓർമകളുടെ നേരെ തിരിഞ്ഞു നിന്ന് ഒന്ന് കൊഞ്ഞനം കുത്തണം. പറ്റിയാൽ അന്ന് ഏറെ മോഹിച്ചു പറ്റാതിരുന്ന ഒന്നിച്ചൊരു യാത്ര, ഒരു കെഎസ്ആർടിസി ബസിൽ. അവിടന്ന് പരസ്പരം പിരിഞ്ഞു സ്വന്തം ജീവിതത്തിലേക്ക്. ഇനിയൊരിക്കൽ കൂടി കണ്ടുമുട്ടണം ജീവിതസായാഹ്ന വേദിയിൽ ഏതെങ്കിലും ഹോസ്പിറ്റൽ വാർഡിൽ, ശരീരത്തിലേക്ക് ഒരുപാട് കുഴലുകൾ പിടിപ്പിച്ച രണ്ട് ശരീരങ്ങൾ പരസ്പരം കാണുമ്പോൾ ഒന്ന് ചിരിക്കണം. ഒരു നിമിഷത്തേക്ക് വേദന മറക്കണം. ഇത്രയും മതി, ഇതിനേക്കാൾ വലിയ വിജയമൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഇതാണ് എന്റെ ഹാപ്പി എൻഡിങ് സുഹൃത്ത് പറഞ്ഞു നിർത്തി

വിജയവും പരാജയവുമൊക്കെ നിങ്ങൾ കൊടുത്ത പേരാണ്. രാജീവന്റെയും നന്ദിതയുടെയും അല്ല ശ്രീക്കുട്ടിയുടെയും ഏറ്റവും വിജയകരമായ പ്രണയത്തിനെ നിങ്ങളിൽ ചിലരെങ്കിലും സാഡ് എൻഡിങ് എന്ന് വിളിക്കുന്നത് പോലെ
രാജീവന്റെ വാക്കുകളിൽ പറഞ്ഞാൽ
“ഇനിയൊരിക്കലും കാണാതിരിക്കാൻ ശ്രമിച്ചോളാം, എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയാൽ തന്നെ പരിചയം ഭാവിക്കാതിരിക്കാൻ ശ്രദ്ധിച്ചോളാം. പക്ഷേ അന്ന് കാഴ്ച്ചയിൽ നിന്ന് മറയണ വരെ കരഞ്ഞോണ്ട് നോക്കി നിന്ന ആ പെൺകുട്ടിയെ മാത്രം മനസ്സീന്ന് പറിച്ചുകളയാൻ പറയരുത്. അത് മാത്രം പറ്റില്ലെനിക്ക്, അതെന്റെ അവകാശാ, ആരുമറിയാതെ എന്നും കൊണ്ടുനടന്നിരുന്ന ഒരു സ്വകാര്യസ്വപ്‌നം”
ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും നീ എന്തിനാണ് അവളേം മനസ്സിലിട്ടോണ്ട് നടക്കുന്നത്? അതിപ്പോ എന്നെങ്കിലുമൊക്കെ മരിക്കുമെന്നുറപ്പുണ്ടായിട്ടും നമ്മളൊക്കെ ജീവിക്കണില്ലേ, പലപ്പോഴും സന്തോഷമായിട്ട്