പിഷാരടിക്ക് അറിയാത്തതും, വെട്ടിയാർജിക്ക് അറിയുന്നതും

118

പിഷാരടിക്ക് അറിയാത്തതും, വെട്ടിയാർജിക്ക് അറിയുന്നതും

നിങ്ങൾ ഏത് നാട്ടുകാരനാണെന്ന് എനിക്കറിയില്ല, ഏത് സ്കൂളിലാണ് പഠിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ നിങ്ങൾ കേരളത്തിലാണ് പഠിച്ചതെങ്കിൽ പഠിച്ചോണ്ടിരുന്ന സ്കൂളിലോ കോളേജിലോ തോട്ടി എന്നു ഇരട്ടപ്പേരുള്ള ഒരുത്തനോ ഒരുത്തിയോ ഉണ്ടായിരിക്കും, ഉണ്ടപ്പനെന്നോ തടിയനെന്നോ വിളിപ്പേരുള്ള ഒരുത്തനുണ്ടായിരിക്കും, പൊക്കം കുറഞ്ഞതിന്റെ പേരിൽ ലുട്ടാപ്പി എന്നു വിളിച്ച ഒരുത്തനൊരുപക്ഷെ ഉണ്ടായിരിക്കും, എല്ലാപ്പി സോഡാക്കുപ്പി, ചാന്ത്പൊട്ട്, കരി എന്ന് വിളിപ്പേരുള്ള ഒരു ഹരീഷ്, അങ്ങനെ അങ്ങനെ എണ്ണിയെടുത്താൽ നിങ്ങളുടെ കൂട്ടുകാർക്കിടയിൽ ഉണ്ടായിരുന്ന ഇരട്ടപ്പേരുകളിൽ വലിയൊരു ശതമാനവും അവരുടെ ശരീരികമായ പ്രത്യേകതകളുമായി ബന്ധപ്പെട്ടവയായിരിക്കും.

രമേഷ് പിഷാരടി ധർമജൻ കോമ്പിനേഷൻ ഒരുപാട് തമാശ പ്രോഗ്രാമുകളിലൂടെ മലയാളികൾക്കിടയിൽ വലിയരീതിയിൽ പ്രേക്ഷകപ്രീതി നേടിയവരാണ്. ബോഡി ഷെമിങ് തമാശകൾക്ക് വേണ്ടി മാത്രം ഇന്ദ്രൻസ്, കലാഭവൻ മണി തുടങ്ങിയവരെ ഉപയോഗിച്ചിരുന്ന ഒരു മലയാള സിനിമയുടെ ഒരു നശിച്ച പാരമ്പര്യം പിന്നീട് നിലനിർത്തിക്കൊണ്ട് പോയതിൽ ഇത്തരം കോമ്പിനേഷനുകൾക്ക് വലിയ പങ്കുണ്ട്
പാന്റും ഷർട്ടും ഇട്ട് കണ്ട ധർമജനെ കാണുമ്പോൾ പഴംപൊരിക്ക് റബ്ബർബാൻഡ് ഇട്ട പോലെയുണ്ടെന്ന പിഷാരടിയുടെ തമാശകൾക്ക് ഒരു കാലത്ത് ചിരിച്ചിരുന്നു എന്ന് ആലോചിക്കുമ്പോൾ സ്വയം അവജ്ഞ തോന്നാറുണ്ട്. പേർളി മാണിയുടെ മുടിയെക്കുറിച്ചും മറ്റും ഒരു കാലത്ത് ബോഡി ഷെമിങ് തമാശകൾ വളരെ സമൃദ്ധമായ രീതിയിൽ പറഞ്ഞിരുന്ന പിഷാരടി ഇപ്പോൾ അത് വളരെയധികം കുറച്ചിട്ടുണ്ട് എന്നത് പ്രതീക്ഷവഹമായ ഒരു കാര്യമാണ്.

എന്നാലും പലപ്പോഴും ധർമജൻ ഒക്കെ അത് സൗഹൃദത്തിന്റെ ഭാഗമാണെന്ന് പറയാറുള്ളത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യമാണ്. സുഹൃദ് വലയങ്ങളിലാണ് ഇത്തരം ഇരട്ടപ്പേരുകൾ കൂടുതലായി ഉപയോഗിക്കാറുള്ളത്. അതുകൊണ്ട് തന്നെ സൗഹൃദത്തിന്റെ ഭാഗമായാണ് വിളിക്കുന്നവനും വിളികേൾക്കുന്നവനും അതിനെ കാണാറുള്ളത്. അത് തീർത്തും നിരുപദ്രവകരമാണെന്നാണ് നമ്മൾ പലപ്പോഴും കരുതിപ്പോന്നിട്ടുള്ളതും.

ഈയടുത്താണ് ശ്രീകാന്ത് വെട്ടിയാരുടെ ജോഷ് ടോക്സ് കേൾക്കാനിടയായത്, അതിൽ അദ്ദേഹം പ്രതിരോധത്തിന്റെ മാർഗം എങ്ങനെ ചളിയടിയായി മാറി, എന്നതിനെക്കുറിച്ച് വളരെ സീരിയസ് ആയി സംസാരിക്കുന്നുണ്ട്. ഇത്തരം ബോഡി ഷെമിങ് തമാശകൾക്ക് വിധേയനായിട്ടുള്ളത് കൊണ്ട് അത് എങ്ങിനെയാണ് ഫീൽ ചെയ്യുക എന്നത് കൃത്യമായി അറിയാമെന്നും അതുകൊണ്ട് തന്റെ തമാശകളിൽ നിങ്ങൾക്ക് ഒരിക്കലും ബോഡി ഷെയ്മിങ്ങോ, സ്ത്രീവിരുദ്ധതയോ കണ്ടെത്താനാവില്ലെന്ന് വെട്ടിയാർജി പ്രഖ്യാപിക്കുമ്പോൾ അതൊരു പ്രതീക്ഷയാണ്. ഏതൊരു സൗഹൃദമായാലും ചിലതൊന്നും തമാശയല്ലെന്നും, അതിനെയൊക്കെ തമാശയായി കാണുന്നതിനെ സൗഹൃദമായി കാണേണ്ടതില്ലെന്നും നമുക്ക് ഉറക്കെ വിളിച്ചു പറയാൻ ധൈര്യം തരുന്ന പ്രതീക്ഷ.

(നമ്മുടെ അടുത്ത തലമുറയുടെ സൗഹൃദക്കൂട്ടായ്മകളിലെങ്കിലും രൂപ ശരീരികപ്രത്യേകതകളുടെ പേരിലുള്ള ഇരട്ടപ്പേരുകൾ ഇല്ലാതിരിക്കട്ടെ, അതൊക്കെ സൗഹൃദത്തിന്റെ പേരിലുള്ള തമാശകളായി അവർ കാണാതിരിക്കട്ടെ )