ബോൾഡ് എന്ന സങ്കൽപ്പത്തിൽ ഇടം നേടാതെ പോയ ചില സ്ത്രീകളല്ലേ യഥാർത്ഥത്തിൽ ബോൾഡ് ?

0
83

Lal Chand

എന്താ നിന്റെ ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം?

എനിക്ക് ഇങ്ങനെ കൺട്രോളിങ് ആയ ആൾക്കാരെ ഒന്നും ഇഷ്ടം അല്ല, എന്നെ റെസ്‌പെക്ട് ചെയ്യുന്ന, സ്വാതന്ത്ര്യം തരുന്ന ആൾ വേണം. ഇത് പറഞ്ഞിട്ട് പോയവളെ പിന്നീട് കാണുന്നത് അവളുടെ കല്യാണം കഴിഞ്ഞു 1 വർഷത്തിന് ശേഷമാണ്.

എന്തായെടി സിവിൽസ് പ്രിപ്പറേഷൻ ?
ആ അത് ഞാൻ വിട്ടെടാ ഇക്ക പറേണത്, അത് അത്ര സുഖം ഇല്യാന്നാ, കൊറേ ഹൈപ്പ് ഉണ്ടെന്നേ ഉള്ളൂ, ലൈഫ് വലിയ സുഖം ഇണ്ടാവില്ല. ഞാൻ നാട്ടിൽ കിട്ടണ വല്ല ജോലി നോക്കാ, അപ്പൊ ഞങ്ങക്ക് ഒരുമിച്ച് ഉണ്ടാവുകേം ചെയ്യാലോ

ഏഹ്, ഇതൊക്കെ ബാക്കിള്ളോർ പറഞ്ഞപ്പോ, നീ ഇങ്ങനൊന്നും അല്ലല്ലോ പറഞ്ഞേ, കഷ്ടപ്പെട്ടിട്ടായാലും നിനക്ക് ജനസേവനം ചെയ്യണം എന്നൊക്കെ ആർന്നല്ലോ
ബാക്കിള്ളോരെപ്പോലാണോ ഇക്ക, പുള്ളി നീ വിചാരിക്കണ പോലല്ല. ഇതിനെപ്പറ്റിയൊക്കെ ഭയങ്കര വിവരമാണ് .

അതെന്താ അങ്ങേരാണോ ഇതിന്റെ ഡയറക്ടർ, അങ്ങേര് സിവിൽ എഞ്ചിനീയർ അല്ലേ, ഇതിന്റെ പ്രിപറേഷൻ പോലും ചെയ്തിട്ടില്ലല്ലോ ?
നീ കൂടുതലൊന്നും ചോയ്ക്കണ്ട, ഇക്കാക്ക് അറിയാം ഏതാ നല്ലത് ഏതാ പൊട്ട എന്ന്.
ആറാം തമ്പുരാനിലെ ഉണ്ണിമായയുടെ കഥാപാത്രത്തെപ്പറ്റിയുള്ള ഒരു പോസ്റ്റ് വായിക്കുമ്പോഴാണ് ഈ സംഭവം ഓർമയിലേക്ക് വരുന്നത്. ‘

ബോൾഡ്’ പലപ്പോഴും വളരെയധികം തെറ്റായി മനസ്സിലാക്കുന്ന ഒരു സങ്കല്പമാണിതെന്ന് തോന്നിയിട്ടുണ്ട്. ഒരു പെൺകുട്ടി അത്യാവശ്യം ഉച്ചത്തിൽ സംസാരിച്ചാൽ, മോഡേൺ ഡ്രസ്സ് ധരിച്ചാൽ, ലഹരി ഉപയോഗിച്ചാൽ, തട്ടിക്കയറിയാൽ ഒക്കെ അവൾ നല്ല ബോൾഡ് ആണ് എന്ന് വിളിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. തീർച്ചയായും ഇതെല്ലം ബോൾഡ് പെൺകുട്ടികൾ ചെയ്യുന്ന കാര്യങ്ങളൊക്കെയാണ്. പക്ഷെ ഇത്രോം ആയാൽ ഒരു പെൺകുട്ടി ബോൾഡ് ആയി എന്ന് വിചാരിക്കുന്നത് പലപ്പോഴും വലിയ മണ്ടത്തരമല്ലേ
പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം വേണം സ്വന്തമായി ശബ്ദം വേണം എന്നൊക്കെ പറഞ്ഞു വാദിച്ചിരുന്ന പെൺകുട്ടികൾ ഇത്തരം ഇക്കമാരെ കിട്ടുമ്പോൾ, അയാളുടെ നിഴലിൽ തണൽ കണ്ടെത്തി, അയാളുടെ വാക്ക് വേദ വാക്യം എന്ന നിലയിലേക്ക് ചുരുങ്ങുന്നത് കണ്ടു പലപ്പോഴും നിരാശ തോന്നിയിട്ടുണ്ട്. കലിപ്പന്റെ മറ്റൊരു മുഖം മാത്രമാണ് കാന്താരി എന്നാരോ പറഞ്ഞത് വളരെ ശരിയാണെന്ന് തോന്നുന്നത് ഇത്തരം കാന്താരിമാരാവുന്ന കലിപ്പത്തികളെ കാണുമ്പോഴാണ്.

അവർ കലിപ്പത്തിയാവുന്നത് തന്നെക്കാൾ മുകളിൽ കലിപ്പ് കാണിക്കാൻ പറ്റുന്ന ഒരുത്തനെ കിട്ടുന്ന വരെ മാത്രമാണ്, തന്നെക്കാൾ താഴെ കലിപ്പ് കാണിക്കാൻ പറ്റുന്ന ആരുടെ മുൻപിലും അവർ അസാധ്യ ബോൾഡ് ആയി കാണപ്പെടും. എന്നാൽ തന്നെക്കാൾ മുകളിൽ എന്ന അവർക്ക് തോന്നുന്ന ഒരുത്തന്റെ മുന്നിൽ അരുമയായ ആട്ടിന്കുട്ടിയായി മാറുകയും ചെയ്യും.

ജഗന്നാഥനോട് ആദ്യം ദേഷ്യത്തിൽ ഉറഞ്ഞു തുള്ളുന്ന, തട്ടിക്കയറാണ് ചങ്കൂറ്റം കാണിക്കുന്ന, എന്നാൽ പിന്നീട് കൈകൾ കൂപ്പി നമ്രമുഖിയായി മാറിയ ഉണ്ണിമായ പല കഥാപാത്രങ്ങളായി പല സിനിമകളിൽ മലയാളികളുടെ മുൻപിൽ അവതരിച്ചിട്ടുണ്ട്.

സിനിമയിലെന്നല്ല, യഥാർത്ഥ ജീവിതത്തിൽ പോലും ഏറ്റവും കിടിലനായ ട്രാൻസ്ഫോർമേഷൻ സീനുകളിലൊന്നാണ് അത്. ഇത്രയും കലിപ്പൊന്നും കാണിക്കാതെ വളരെ സൗമ്യമായ ചില സ്ത്രീകളുണ്ട്, അവരെ ബോൾഡ് എന്ന് സമൂഹം അത്രയെളുപ്പം അംഗീകരിക്കാറില്ല. പക്ഷെ അവർക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ടാവും തീരുമാനങ്ങളുണ്ടാവും, അപ്പുറത്തുള്ളവൻ എത്ര വലിയ കലിപ്പനായാലും അയാളെ ദൈവമാക്കാതെ ഈക്വൽ പാർട്ണർ ആയി കാണുന്ന ചില സ്ത്രീകൾ.

അപ്പുറത്തുള്ളത് ആരായാലും അവർ അവരുടെ അഭിപ്രായത്തെ പണയം വെക്കാറില്ല, ചില കലിപ്പത്തികളെപ്പോലെ തന്റെ അഭിപ്രായം അയാളുടെ മുകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറുമില്ല. പരസ്പര ബഹുമാനം നിലനിർത്തി, പരസ്പരമുള്ള സ്വാതന്ത്ര്യത്തിൽ ഒരുപരിധിയിൽ കൂടുതൽ ഇടപെടാതെ, ഇടപെടാൻ അനുവദിക്കാതെ മുന്നേറുന്ന പലപ്പോഴും ബോൾഡ് എന്ന സാമൂഹിക സങ്കൽപ്പത്തിൽ ഇടം നേടാനാവാതെ പോയ ചില സ്ത്രീകളല്ലേ യഥാർത്ഥത്തിൽ ബോൾഡ്