ചില സാഹചര്യങ്ങളിൽ മറ്റൊരാൾ നമ്മെ പറ്റിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിനായി നമ്മൾ നിന്ന് കൊടുക്കുവാറുണ്ട്

0
127

Lal Kishor

ഒരു നേട്ടത്തിന് വേണ്ടി കപടമാർഗങ്ങളിലൂടെ അല്ലെങ്കിൽ സത്യസന്ധമല്ലാതെ അന്യായമായി പ്രവർത്തിച്ചുകൊണ്ട് മറ്റൊരാളിൽ നിന്നും അവർക്ക് വേണ്ടപ്പെട്ട ഒന്ന് കവർന്നെടുക്കുന്നതിനെ വിശ്വാസവഞ്ചന, ചതി, തട്ടിപ്പ് എന്നൊക്കെ നമ്മൾ വിളിക്കുന്നു.”അവരെന്നെ പറ്റിച്ചു ” എന്ന് പൊതുവായി നമ്മൾ ഇതിനെ പറയുവാറുണ്ട്.ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റൊരാളാൽ പറ്റിക്കപ്പെട്ടിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ലാ. ചിലർക്ക് ചെറിയ രീതിയിലും മറ്റുചിലർക്ക് തീരാനഷ്ട്ടങ്ങളായും അത് നമ്മെ തേടിയെത്തുവാറുണ്ട്. രണ്ട് രീതികളിൽ നമ്മൾ പറ്റിക്കപ്പെടാറുണ്ട്.

ചില സാഹചര്യങ്ങളിൽ മറ്റൊരാൾ നമ്മെ പറ്റിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിനായി നമ്മൾ നിന്ന് കൊടുക്കുവാറുണ്ട്. അവരുടെ ജീവിത സാഹചര്യങ്ങളും കഷ്ട്ടപ്പാടുകളും ബുദ്ധിമുട്ടുകളും തിരിച്ചറിഞ്ഞുകൊണ്ട് അവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതും. നമ്മളെ പറ്റിക്കുകയാണെന്ന ഒരു കുറ്റബോധം അവരെ വേട്ടയാടുവാൻ ഒരു സാഹചര്യം കൂടിയാണ് ഇവിടെ നമ്മൾ ബാക്കിവെയ്ക്കുന്നത്.
രണ്ട് അനുഭവങ്ങൾ ഞാൻ ഇവിടെ പങ്കുവെയ്ക്കാം.ഞാൻ ജോലിചെയ്യുന്ന വീട്ടിലെ രോഗിയുടെ മകന് വീഡിയോ ഗെയിം എന്നാൽ ഭ്രാന്താണ്. വിപണിയിൽ വരുന്ന എല്ലാ പുതിയ ഗെയിമുകളും പുള്ളിയുടെ പക്കലുണ്ട്. കുശലാന്വേഷണത്തിനിടയ്ക്ക് എന്നോട് അദ്ദേഹം ചോദിച്ചു.

Your Wife Is Cheating On You, Do This! (+ 11 Signs She's Cheating)“ഗെയിം കളിക്കുവാൻ ഇഷ്ടമാണോ”
“പണ്ടൊക്കെ കളിക്കുമായിരുന്നു ഇപ്പോൾ അത്രയും താൽപ്പര്യമില്ലാ”.
“ഇടയ്ക്കൊക്കെ കളിക്കണം നല്ല നേരംപോക്കാണ്, രസമാണ്”.
“അതേ” എന്ന് പറഞ്ഞുകൊണ്ട് ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു എന്റെ മറുപടി.
അദ്ദേഹം വീണ്ടും തുടർന്നു..
” മകന് എത്ര വയസ്സായിരുന്നു എന്നാണ് പറഞ്ഞത് ? ”
“ഒന്നരവയസ്സ് കഴിഞ്ഞു”
” ഹ്ഹും, അവനൊരു പ്ലേസ്റ്റേഷൻ വാങ്ങികൊടുക്കേ, അവനും കളിച്ചു വളരട്ടെ. കുട്ടികൾക്ക് ഇതൊക്കെ വളരെ താൽപ്പര്യം ആയിരിക്കും”
വീണ്ടും ഒന്ന് ചിരിച്ചു.
ഈ ചെറുപ്രായത്തിൽ തന്നെ അവനെ ഇതിലേയ്ക്ക് ആകർഷിച്ച് ചുറ്റുപാടുമായി ഇടപഴകുവാനുള്ള അവന്റെ കഴിവിനെ കുറയ്ക്കുവാൻ എനിക്ക് താല്പര്യമില്ലായിരുന്നു. എന്തായാലും ഒരെണ്ണം വാങ്ങി കൊടുക്കണം, അതിപ്പോൾ വേണ്ടാ എന്നായിരുന്നു എന്റെ മനസ്സിൽ.
അദ്ദേഹം വീണ്ടും തുടർന്നു..
“എന്റെ ഒരു സുഹൃത്തിന്റെ കയ്യിൽ ഒരു പ്ലേസ്റ്റേഷൻ വിൽക്കുവാനുണ്ട്. പഴയ മോഡലാണ്, എങ്കിലും മികച്ചതാണ് ഞാൻ ഒരിക്കൽ അത് കാണുകയുണ്ടായി”.
“നമുക്ക് അത് മോന് വേണ്ടി വാങ്ങിച്ചാലോ ?
ഞാൻ പറഞ്ഞാൽ അവനെന്തെങ്കിലും കുറയ്ക്കാതിരിക്കില്ലാ. ഇഷ്ട്ടപ്പെട്ടാൽ വാങ്ങിച്ചാൽ മതി, വെറുതെ ഒന്ന് കണ്ട് നോക്കുന്നതിൽ കുഴപ്പമില്ലല്ലോ”
“വേണ്ടാ” എന്ന് പറയുവാൻ എന്റെ മനസ്സ് അനുവദിച്ചില്ലാ.

ഒരാളോട് “നോ” എന്ന് പറയുവാൻ പണ്ടേ മടിയായിരുന്നു.
വേണ്ട സമയങ്ങളിൽ ” നോ ” എന്ന് പറയുവാൻ കഴിയാത്തതിന്റെ നഷ്ടങ്ങൾ ജീവിതത്തിൽ ഏറെയാണ്.
ആ സംഭാഷണം അങ്ങനെ അവിടെ അവസാനിച്ചു, അദ്ദേഹം മുറിവിട്ട് പുറത്തേയ്ക്ക് പോയി.
പുള്ളിക്കാരൻ പോയി കഴിഞ്ഞപ്പോൾ ഞാൻ ആലോചനയിൽ മുഴുകി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയുണ്ടായി.ഈ പ്ലേസ്റ്റേഷൻ പുള്ളിയുടെ തന്നെ ആയിരിക്കും. അതെനിക്ക് വിൽക്കുകയാണെങ്കിൽ അടുത്ത മാസം സാലറി എനിക്ക് അത്രയും കുറച്ച് തന്നാൽ മതിയല്ലോ. പുള്ളി പറഞ്ഞ വിലയും പുതിയതിന്റെ വിലയും ഞാൻ ഗൂഗിൾ ചെയ്തു നോക്കി, വലിയ മാറ്റം ഒന്നുമില്ലാ.

എന്റെ മകന് വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പുള്ളി അത് എനിക്ക് വിൽക്കുന്നത്. ഞാൻ ഉടനെ ഇവിടുന്ന് ജോലിവിട്ട് പോവാൻ പോകുന്നില്ലാ എന്നുള്ളത് അദ്ദേഹത്തിനും അറിവുള്ള കാര്യമാണ്. അങ്ങനെയെങ്കിൽ ഇതിപ്പോൾ എന്റെ മേൽ അടിച്ചേല്പിക്കണമെങ്കിൽ പുള്ളിയുടെ സാമ്പത്തിക പ്രശ്നം തന്നെ ആയിരിക്കും കാരണം.
ഒരു രീതിയിൽ ഞാൻ പറ്റിക്കപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി, എങ്കിലും അദ്ദേഹത്തിന്റെ നിസ്സഹായത എനിക്ക് കണ്ടില്ലാ എന്ന് നടിക്കുവാനായില്ലാ. ( അത് വാങ്ങിക്കുന്ന പൈസയുണ്ടെങ്കിൽ എനിക്ക് നാട്ടിൽ പലിശക്കാരുടെ പലിശയെങ്കിലും കൊടുക്കാം )
അടുത്ത ദിവസം പുള്ളി അതിന്റെ സകലമാന സാധന സാമഗ്രികളുമായി എത്തി, അത് വർക് ചെയ്ത് കാണിച്ച് തരികയും ചെയ്തു.
ഇവിടെ “എനിക്കിത് വേണ്ടാ” എന്ന് പറയുവാൻ മനസ്സ് അനുവദിച്ചില്ലാ. നാട്ടിലേയ്ക്ക് പോകുവാൻ കുറഞ്ഞത് ഒരുവർഷമെങ്കിലും എടുക്കും എന്ന് നന്നായി അറിയുന്ന ഞാൻ അത് വാങ്ങിച്ചു. വാങ്ങിച്ചു എന്ന് പറഞ്ഞാൽ അതിന്റെ പൈസ കുറച്ചിട്ടുണ്ട് ബാക്കി ശമ്പളം അദ്ദേഹം എനിക്ക് തന്നു.

നീ ഒരു മണ്ടനാണോ എന്ന് നിങ്ങൾക്ക് ചോദിക്കാം, പക്ഷേ ചില സാഹചര്യങ്ങളിൽ ചിലരുടെ അവസ്ഥകൾ കാണുമ്പോൾ അറിഞ്ഞുകൊണ്ട് നമുക്ക് മണ്ടന്മാർ ആകേണ്ടി വന്നേക്കാം.
ഇനി നമുക്ക് വേറൊരു കഥയിലേക്ക് കടക്കാം, യഥാർത്ഥ വിശ്വാസവഞ്ചനയുടെ കഥ.
ആറു വർഷങ്ങൾക്ക് മുൻപ് നടന്നത്.
ഏതൊരു നഴ്സിന്റെയും ആഗ്രഹമാണ് വിദേശത്തൊരു ജോലി. പോകുന്നുണ്ടെങ്കിൽ ദുബായ്ക്ക് മാത്രമേ പോകുന്നുള്ളൂ എന്ന് മനസ്സിൽ ഒരു വാശിയായിരുന്നു.
ആ ആഗ്രഹം ഇടയ്ക്കിടയ്ക്ക് എല്ലാവരുമായി പങ്കുവെയ്ക്കുകയും ചെയ്യുമായിരുന്നു. ജോലിയിൽ
നാല് വർഷത്തെ പരിചയ സമ്പന്നത ഉണ്ടിപ്പോൾ, പുറത്തേയ്ക്ക് പോകുവാൻ ഇത് തന്നെ ധാരാളം.
ദുബായിൽ ജോലി ലഭിക്കുന്നതിന് അവിടുത്തെ ലൈസൻസ് എടുക്കുവാൻ ഒരു പരീക്ഷ എഴുതേണ്ടതുണ്ട്, അതിനായുള്ള ഇരുപത് ദിവസത്തെ ഒരു ക്രാഷ് കോഴ്സിന് ചേരുകയുണ്ടായി.
പരീക്ഷ എഴുതുന്നതിന് നല്ലൊരു തുകതന്നെ വേണമായിരുന്നു, അതുകൊണ്ട് രണ്ട് മാസം കൂടി കഴിഞ്ഞിട്ട് പരീക്ഷ അറ്റൻഡ് ചെയ്യാം എന്ന്‌ കരുതി.
ഈ സമയത്താണ് എന്റെ ഒരു സുഹൃത്ത് വിളിക്കുന്നത്. പുള്ളിക്കാരിയുടെ ഫ്രണ്ട് ദുബായ്‌ക്ക് പോകുവാനുള്ള നടപടിക്രമങ്ങൾ ചെയ്ത് കൊണ്ടിരിക്കുകയാണെന്ന്.
“ഇനിയും വേക്കൻസി ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത്, അവനെ വിളിച്ച് സംസാരിച്ചിട്ട് നിനക്ക് താല്പര്യം ഉണ്ടെങ്കിൽ വേണ്ട കാര്യങ്ങൾ ചെയ്യൂ”
ദുബായ് മോഹങ്ങൾ പൂവണിയാൻ ഒരവസരമായിരിക്കും മുന്നിൽ വന്ന് നിൽക്കുന്നത്. താമസിയാതെ തന്നെ ആ നമ്പറിലേക്ക് വിളിച്ചു. ആ സുഹൃത്ത് എനിക്ക് മറ്റൊരാളുടെ നമ്പർ തന്നു. അവൻ പോകുവാനുള്ള കാര്യങ്ങളൊക്കെയും ചെയ്ത് തുടങ്ങിയെന്ന് പറഞ്ഞു.
ഞാൻ അടുത്ത നമ്പറിലേക്ക് വിളിച്ചു.
സ്വയം പരിചയപ്പെടുത്തി, വേക്കൻസി ഉണ്ടെന്ന് അറിഞ്ഞിട്ട് വിളിക്കുകയാണെന്ന് അറിയിച്ചു.
മറു തലയ്ക്കൽ നിന്നും വളരെ ഫോർമൽ
ആയിട്ടുള്ള സംസാരം.
വേക്കൻസി ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞത് ശരിയാണ്, പക്ഷേ ഇപ്പോൾ അതെല്ലാം തന്നെ ഫിൽ ആയി കഴിഞ്ഞിരിക്കുന്നു. താങ്കൾ ഒരു കാര്യം ചെയ്യൂ, നിങ്ങളുടെ ബയോഡാറ്റ മറ്റ് സർട്ടിഫിക്കേറ്റുകൾ എനിക്ക് മെയിൽ അയക്കൂ. ഇനി അവസരങ്ങൾ എന്തെങ്കിലും വരികയാണെങ്കിൽ നിങ്ങളെ വിളിച്ച് അറിയിക്കാം.
ചെറിയ വിഷമം തോന്നിയെങ്കിലും അതത്ര കാര്യമാക്കിയില്ലാ, അവസരങ്ങൾ ഇനിയും ഉണ്ടാകും.
രണ്ട് ദിവസം കഴിഞ്ഞ് ആ നമ്പറിൽ നിന്നും വീണ്ടും കാൾ വന്നു. അയാൾ പറഞ്ഞു തുടങ്ങി..
നമ്മൾ മുൻപ് പറഞ്ഞിരുന്ന ഹോസ്പിറ്റലിൽ ഇനി വേക്കൻസി ഇല്ലാ, ഇനി ഒരു അവസരം ഉള്ളത് എന്റെ സർ മുഖേനെയാണ്. സർ അവയവമാറ്റ ശസ്ത്രക്രിയയിലെ സ്‌പെഷ്യലിസ്റ്റ് ആണ്, ഞാൻ അദ്ദേഹത്തിന്റെ കീഴിൽ വർക് ചെയ്യുന്നു.ഇന്ത്യയിൽ അദ്ദേഹം ഫ്രീലാൻസ് ആയിട്ടും കേസുകൾ ചെയ്യുന്നുണ്ട്. സാറിന്റെ പേർസണൽ സ്റ്റാഫ് ആയിട്ട് രണ്ട് പേരെ ആവശ്യമുണ്ട്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ പറയൂ.
എന്റെ മനസ്സിൽ ലഡു പൊട്ടി.
“താല്പര്യമാണ്, താല്പര്യമാണ് നമുക്ക് മുൻപോട്ട് വേണ്ടുന്ന കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്യാം”
“എനിക്ക് ഹൃദ്രോഗ വിഭാഗത്തിലാണ് പ്രവൃത്തി പരിചയം, അതൊരു പ്രശ്നം ആകില്ലേ ?”
” അതൊന്നും നിങ്ങൾ പേടിക്കേണ്ടതില്ലാ, വേണ്ട പരിശീലനം നിങ്ങൾക്ക് നൽകും”
അങ്ങനെ ദുബായ് സ്വപ്നം കൈയ്യെത്തും ദൂരത്ത് എത്തിയിരിക്കുന്നു. വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു എല്ലാവർക്കും സന്തോഷമായി.
അടുത്ത ദിവസങ്ങളിൽ വീണ്ടും അയാൾ വിളിക്കുകയുണ്ടായി, ഇപ്പോൾ ഔപചാരികമായുള്ള സംസാരം അവസാനിച്ചിരിക്കുന്നു. കുറച്ചു കൂടി സാധാരണ രീതിയിലേയ്ക്കുള്ള സംസാരത്തിലേയ്ക്ക് എത്തി. അവയമാറ്റ ശസ്‌ത്രക്രിയ മേഖലയിൽ എനിക്ക് വലിയ പരിചയം ഇല്ലാതിരുന്നത് കൊണ്ട് എനിക്ക് കൂടുതൽ സംശയങ്ങൾ ആയിരുന്നു. അതെല്ലാം അയാൾ വളരെ നന്നായി മാറ്റിത്തരികയും ചെയ്തു. പ്രൊഫെഷനുള്ളിൽ നിന്ന് കൊണ്ടുള്ള സംഭാഷണം ആയതിനാൽ ചിലപ്പോളൊക്കെ ഒരു മണിക്കൂർ വരെ അയാളുമായി സംസാരിക്കുകയുണ്ടായി.

ഒരാഴ്ച്ചയ്ക്കുള്ളിൽ അയാളെക്കുറിച്ച് നല്ലൊരു വിശ്വാസം എന്നിൽ ഉണ്ടാക്കിയെടുക്കാൻ അയാൾക്ക് സാധിച്ചു. വിസയ്ക്ക് വേണ്ടി തൊണ്ണൂറായിരം രൂപ വേണ്ടി വരുമെന്ന് എന്നോട് നേരത്തേ തന്നെ പറഞ്ഞിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് പെട്ടന്ന്
ഒരു ദിവസം വിളിച്ചിട്ട് പറയുന്നത്.
“സർ ഡൽഹിയിൽ ഒരു ഹോസ്പിറ്റലിൽ ശസ്‌ത്രക്രിയ ചെയ്യുവാനായി വരുന്നുണ്ട്.
നീ റെഡിയായി ഇരുന്നോ, ആ കേസിൽ നീയും ഉണ്ടായിരിക്കണം. മുൻപോട്ട് ഉള്ള കാര്യങ്ങൾ ഞാൻ വഴിയേ വിളിച്ച് പറയാം”
ഞാൻ വളരെ ആവേശത്തിലായി, കുറച്ച് ടെൻഷനുണ്ട്. മനസ്സ് പറഞ്ഞു ഒന്നും കാര്യമാക്കേണ്ട, ആത്മവിശ്വാസത്തോടെ ധൈര്യമായിരിക്കുന്ന്.അടുത്ത പ്രാവിശ്യം വിളിച്ചപ്പോൾ പെട്ടെന്ന് ആയിരുന്നു അയാൾ പണം ആവശ്യപ്പെട്ടത്. വിസയുടെ പകുതി പൈസ ഉടനെ തന്നെ ശരിയാക്കണം. വിസ റെഡിയാക്കുവാനുള്ള നടപടിക്രമങ്ങൾ ചെയ്യുവാൻ സമയം ആയെന്ന്.
ഞാൻ ‘പെട്ടുപോയ’ അവസ്ഥയിലായി.വിസയുടെ പകുതി എന്ന് പറയുമ്പോൾ നാൽപ്പത്തി അയ്യായിരം രൂപ. പൈസയുടെ കാര്യം വന്നപ്പോൾ കൂടുതൽ ചോദ്യങ്ങൾ മനസ്സിലുദിച്ചു.അയാളെ ഞാൻ നേരിട്ട് കണ്ടിട്ടില്ലാ,നേരത്തേ പറഞ്ഞിരുന്നത് നാട്ടിൽ ചെന്നിട്ട് പൈസ നേരിട്ട് കൈമാറാം എന്നായിരുന്നു. ഇപ്പോൾ പെട്ടന്ന് അക്കൗണ്ട് നമ്പർ തന്നിട്ട് അതിലേയ്ക്ക് പൈസ ഇടുവാനാണ് പറഞ്ഞിരിക്കുന്നത്.
കയ്യിൽ ആണെങ്കിൽ പൈസ ഒന്നുമില്ലാ, കടം വാങ്ങിക്കണം.മനസ്സിൽ ഒരു വിശ്വാസക്കുറവും വന്നുപെട്ടു.

ഞാൻ എനിക്ക് നമ്പർ തന്ന സുഹൃത്തിനെ വിളിച്ചു. നിങ്ങൾ പൈസ കൊടുത്തിരുന്നോ എന്ന് ചോദിച്ചു. അവൻ പറഞ്ഞു,അവനും അവന്റെ ഒരു ഫ്രണ്ടും പുള്ളിയെ നേരിട്ട് കണ്ട് പൈസ കൊടുത്തു എന്ന്.വിശ്വാസത്തിനായി പുള്ളിയുടെ ഐഡന്റിറ്റി കാർഡ് , ആധാർ കാർഡ് എല്ലാ ഡീറ്റൈൽസും വാങ്ങി വെച്ചിട്ടുണ്ടെന്ന്.പുള്ളി മുൻപ് തന്നെ എന്റെ ഫേസ്ബുക്ക് ഫ്രണ്ടും ആയികഴിഞ്ഞിരുന്നു. പുള്ളിയുടെ ഒരുപാട് ഫോട്ടോസ് ഞാൻ അതിൽ കണ്ടു. ഫ്രണ്ട്‌സ് ലിസ്റ്റ് നോക്കി കുഴപ്പമില്ലാ. എല്ലാം സത്യമായ കാര്യങ്ങൾ തന്നെയെന്ന് തോന്നി.അങ്ങനെ കടം വാങ്ങിയ പൈസ അയാളുടെ അക്കൗണ്ട് നമ്പറിലേക്ക് ഇട്ട് കൊടുത്തു. ബാങ്കിൽ അന്വേഷിച്ചു ആ അക്കൗണ്ട്‌ ആക്റ്റീവ് തന്നെ, അയാളുടെ പേരിൽ ഉള്ളതും. ക്യാഷ് അടച്ച് രസീതും കയ്യിൽ സൂക്ഷിച്ചു. പുള്ളിയെ വിളിച്ച് പറഞ്ഞു. ഉടനെ നമുക്ക് എല്ലാം ശരിയാക്കാം എന്ന മറുപടിയും കിട്ടി.അടുത്ത ദിവസം വിളിച്ചു. നമ്പർ സ്വിച്ച് ഓഫ്. മനസ്സിൽ ഒരു ‘ഇടിമുഴങ്ങി’. പെട്ടന്ന് തന്നെ സുഹൃത്തിനെ വിളിച്ചു. അവിടെ നിന്നുള്ള മറുപടി ഇങ്ങനെ ആയിരുന്നു.

“അളിയാ പണികിട്ടി, അവൻ മുങ്ങി.
അവൻ നമ്മളെപ്പോലെ വേറെ പത്തുപേരുടെ കയ്യിൽ നിന്ന് കൂടി പണം വാങ്ങിയിട്ടുണ്ട്. ചിലരൊക്കൊണ്ട് ഉള്ള ജോലി റിസൈൻ ചെയ്യിപ്പിക്കുക വരെ ചെയ്തു. അവൻ ഭൂലോക ഉടായിപ്പ് ആയിരുന്നു. ഞങ്ങൾ ഇപ്പോൾ നാട്ടിൽ ഉള്ളവർ എല്ലാവരും കൂടി പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുവാൻ പോവുകയാണ്.
നിനക്ക് നാട്ടിലേയ്ക്ക് ഇപ്പോൾ വരാൻ പറ്റുമോ”
എന്റെ പ്രതീക്ഷകൾ എല്ലാം നഷ്ട്ടപ്പെട്ടിരുന്നു.
ആ പൈസയുടെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി എന്ന് എനിക്ക് മനസ്സിലായി.
അടുത്ത മാസം മുതൽ കടം വാങ്ങിയ പൈസയ്ക്ക് പലിശ കൊടുത്ത് തുടങ്ങണം.
അവനെ ഇതുവരെയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ലാ. അവൻ തന്ന ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ് എല്ലാം ശരിയായിരുന്നു. അവന്റെ അഡ്രെസ്സിൽ സുഹൃത്തുക്കൾ തിരക്കിപ്പോവുകയും ഉണ്ടായി. ഭാര്യയെയും കുട്ടിയേയും അമ്മയെയും ഉപേക്ഷിച്ചിട്ടാണ് അവൻ നാട് വിട്ട് പോയത്.
കുറച്ച് നാൾ കഴിഞ്ഞ് എല്ലാവരും ഓരോ വഴിക്കായി, അവൻ വീണ്ടും തലപൊക്കി കാണുമോ എന്ന് അറിയില്ലാ. എന്നെങ്കിലും അവനെ കണ്ടെത്തുമ്പോൾ ചെയ്യുവാൻ രണ്ട് കാര്യങ്ങളാണ് ഞാൻ ബാക്കി വെച്ചിരിക്കുന്നത്.
കാണുന്ന സ്പോട്ടിൽ നല്ലൊരണ്ണം
കൊടുക്കണം. പിന്നെ അവനൊരു കൈകൊടുക്കണം.ഇത്രയും വിദഗ്ധമായി വിശ്വാസം പിടിച്ച് പറ്റി ആളുകളെ പറ്റിക്കുവാനുള്ള അവന്റെ കഴിവ്‌, അത് സമ്മതിച്ച് കൊടുക്കണം.
എത്ര നന്നായി ആയിരുന്നു അവൻ സംസാരിച്ചിരുന്നത്.

NB: ഈ അവസരങ്ങളിൽ നിങ്ങളുടെ പ്രതികരണം വ്യത്യസ്തമായിരിക്കും എന്ന് തിരിച്ചറിയുന്നു. എങ്കിലും ഇതുപോലെയുള്ള ചതിക്കുഴികളിൽ ആരും ചെന്ന് വീഴാതിരിക്കുക.