പുരുഷവിരോധിയെന്ന് വരുത്തിതീർക്കുവാൻ ശ്രമിക്കുന്നിടത്ത് ഫെമിനിസം എന്ന ആശയം പരാജയപ്പെടുകയാണ്

44

Lal Kishor

പ്രണയം, വിരഹം, ലൈഗികത【പുരുഷാധിപത്യം】
പുരുഷവിരോധം, സ്ത്രീസമത്വം 【ഫെമിനിസം】

ഇത്‌ പ്രത്യക്ഷത്തിൽ ശരിയല്ലാ എന്ന് നിങ്ങൾക്കും അറിയാം എനിക്കും അറിയാം,എന്നാൽ പ്രത്യക്ഷത്തിൽ അല്ലാതെ പരോക്ഷമായി മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ ഇത് ശരിയും ആണ്. അതിനെ തിരിച്ചറിയുവാൻ കുറച്ച് ആഴത്തിൽ മുങ്ങി തപ്പണം എന്ന് മാത്രം. പ്രണയം, എത്രയോ കാലങ്ങളായി എഴുതിയും വായിച്ചും അനുഭവിച്ചറിഞ്ഞിട്ടും വീണ്ടും പുതുമകളോടെ നമ്മെ സമീപിക്കുന്ന സുഖമുള്ള വികാരം. മറ്റു ജീവികളിൽ പ്രണയം ഇണയെ അകർഷിക്കുന്നതിനുള്ള ചില ചേഷ്ടകൾ മാത്രമാണെങ്കിൽ മനുഷ്യനിൽ അത് ഭാവനകളുടെ മായികലോകമാണ്. പ്രണയത്തിന് കണ്ണില്ലാ മൂക്കില്ലാ വായില്ലാ പ്രായം ഒരു തടസ്സമല്ലാ എന്നുള്ളതെല്ലാം ഈ മായികലോകത്തിലെ ജാലവിദ്യക്കാർ ആണ്. ഒരുപാട് വർണ്ണകനകൾ കേട്ട് നമുക്ക് തഴക്കവും പഴക്കവും വന്നിരിക്കുന്നു. പ്രണയം സ്നേഹത്തിന്റെ മറ്റൊരു ഭാഷയാണ്.ഈ സ്നേഹത്തിന്റെ ഭാഷ എപ്പോഴാണ് ലൈഗികതയിലേക്ക് വഴുതിവീഴുന്നത്. സയൻസിന്റെ സഹായം ഇല്ലാതെ സാധാരണക്കാരന്റെ മനസ്സിന്റെ ഭാഷയിൽ ഇതിനെ നമുക്കൊരു ശസ്ത്രക്രിയ നടത്തിനോക്കാം. ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കണം എങ്കിൽ അതിന് മുൻപ് നമ്മൾ പാലിക്കേണ്ട അണുവിമുക്തമായ ചില നടപടി ക്രമങ്ങളുണ്ട്. ഇത്‌ പാലിച്ചില്ലെങ്കിൽ രോഗിക്ക് മരണം വരെ പിന്നീട് സംഭവിക്കാം.

പ്രണയം മനുഷ്യന്റെ ചിന്തകളെ ഭാവനയുടെ കൊടുമുടിയിൽ എത്തിക്കുമ്പോൾ അവനെ കൈകൾ കോർത്ത് അവിടെ എത്തിക്കുവാൻ സഹായിക്കുന്നത് അവന്റെ മനസ്സാണ്. ആ മനസ്സ് സ്നേഹം ആദ്യം തിരിച്ചറിഞ്ഞത് അവന്റെ അമ്മയിൽ നിന്നും ആയിരുന്നു. അവനെ ആദ്യമായി സ്നേഹിക്കുവാൻ പഠിപ്പിച്ചത് വിശപ്പ് തന്നെയായിരുന്നു. വിശപ്പ് മാറ്റിയ അമ്മിഞ്ഞയോട് അവന് തോന്നിയ വികാരം കാമം അല്ലായിരുന്നു. പിന്നീട് എപ്പോഴാണ് ആ സ്തനങ്ങൾ അവനെ ആകർഷിച്ചു തുടങ്ങിയത്.ഒരു കേരളീയൻ, മലയാളി എന്ന നിലയ്ക്ക് നമുക്ക് നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് കൊണ്ട് ചിന്തിക്കാം. നമ്മൾ വിദ്യാസമ്പന്നരാണ്, നമ്മുടെ കുട്ടികളെ അച്ചടക്കത്തോട് കൂടി വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെയധികം പ്രാധാന്യമർഹിക്കുന്നു എന്നുള്ളത് എല്ലാവർക്കും അറിവുള്ള ഒരു കാര്യമാണ്. ഇവിടെ ലൈംഗികത എന്ന വിഷയം ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കുറച്ച് കഷ്ണങ്ങൾ ഇട്ട് വേവിച്ചെടുക്കുന്ന ഒരു വിഭവം മാത്രമായി മാറുന്നു.

കുട്ടിക്കാലം, ആണെന്നോ പെണ്ണെന്നോ ഇല്ലാതെ നമ്മൾ ഒരുമിച്ച് കളിച്ച് നടക്കുന്ന പ്രായം. കല്യാണം കഴിക്കുകയും രണ്ട് പേർ അച്ഛൻ ‘അമ്മ ആവുകയും മറ്റുള്ളവർ മക്കൾ ആവുകയും ചെയ്ത് കൊണ്ട് കളികളിൽ ഇഴുകിചേർന്ന കുട്ടിക്കാലം നമുക്ക് എല്ലാവർക്കും തന്നെ ഉണ്ടായിരുന്നു എന്ന് പറയാം. അച്ഛനും അമ്മയും ആകുമ്പോൾ കെട്ടിപിടിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്യുമെന്ന് അവർ എവിടെ നിന്നൊക്കെയോ കണ്ട് പഠിക്കുക ആയിരുന്നു. അന്ന് ആ സ്പർശങ്ങളിൽ തെറ്റായ വികാരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു, അല്ലെങ്കിൽ അത് എന്തെന്ന് അവർക്ക് തിരിച്ചറിയുവാനുള്ള മാനസിക വളർച്ച ഉണ്ടായിരുന്നില്ലാ എന്ന് വേണമെങ്കിൽ പറയാം.

അവൻ വളർന്നു അവന്റെ ചുറ്റുപാടുകളും വളർന്നു. സ്ത്രീപുരുഷ വികാരങ്ങൾ എന്തെന്ന് അവൻ തിരിച്ചറിഞ്ഞു. പല സംശയങ്ങൾക്കും ഉത്തരം അവൻ സ്വയം കണ്ടെത്തുകയായിരുന്നു. ഉത്തരങ്ങൾ പലതും തെറ്റായിരുന്നു എന്നവൻ തിരിച്ചറിഞ്ഞിരുന്നില്ലാ. ഇഷ്ടങ്ങൾ പലതും വികാരങ്ങളുടെ ഉദ്ധാരണങ്ങളായി മാറി.സമൂഹത്തിന്റെ നല്ല നടത്തിപ്പുകൾ എങ്ങനെ സ്വയം നിയന്ത്രിക്കാമെന്ന് അവനെ പഠിപ്പിച്ചു. ഇതുവരെ കണ്ടെട്ടില്ലാത്തതിനെ കാണുവാനുള്ള കൗതുകം അവനിൽ വർദ്ധിച്ചു കൊണ്ടേയിരുന്നു, അത് പിന്നീട് ലൈംഗികതയുടെ മറ്റൊരു ഭാവമായി വളരുകയായിരുന്നു. ഇണയോടുള്ള ആകർഷണം അവനിൽ അവൻ അറിയാതെ തന്നെ എപ്പോഴോ വന്നു ചേരുകയായിരുന്നു. പ്രകൃതി അവന് നൽകിയ വരദാനം ആയിരുന്നു പ്രണയം. കണ്ണുകൾ കൊണ്ട് ആകർഷിക്കുകയും, മനസ്സുകൾ തമ്മിൽ കഥ പറയുകയും, സ്പർശനം കൊണ്ട് അനുഭവിക്കുകയും, ശരീരം കൊണ്ട് ഒന്നുചേരുകയും ചെയ്തിരുന്ന വികാരങ്ങളുടെ ഒരു പൂന്തോട്ടം തന്നെ അവൻ പണിത്തുയർത്തി. മുകളിലേയ്ക്ക് വാരിയെറിഞ്ഞ പൂക്കൾ അവനിലേക്ക് വന്ന് പതിക്കുമ്പോൾ അവൻ അനുഭവിച്ച അനുഭൂതിയിൽ, ഒന്ന് മറ്റൊന്നിനോട് ഇഴുകി ചേർന്നപ്പോൾ അവർ യഥാർത്ഥത്തിൽ പ്രണയത്തിന്റെ കൊലയാളികൾ ആവുകയായിരുന്നു. ആദ്യാനുഭവത്തിന് ശേഷം പ്രണയത്തിൻ ആത്മാവ് മാത്രം അവർക്ക് കൂട്ടായി. പിന്നീടുള്ള ജീവിതത്തിൽ പ്രണയത്തിന്റെ ജീവപര്യന്തത്തിൻ വ്യത്യസ്തതകളാണ് അവർ കണ്ടത്.

ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നമുക്ക് കിട്ടറില്ലാ, അതുകൊണ്ട് തന്നെ നഷ്ടങ്ങൾ പലപ്പോളും നമുക്ക് തീരാദുഃഖങ്ങൾ സമ്മാനിക്കാറുണ്ട്. പ്രണയം ഏൽപ്പിക്കുന്ന മുറിവുണക്കുവാൻ കുറച്ച് പ്രയാസങ്ങളോട് കൂടിയാണെങ്കിലും അത് നമുക്ക് സാധ്യമാണ്, പക്ഷേ ആ വേദനയെ കുറച്ച് കൂടി തീക്ഷ്ണതയോടെ അനുഭവിക്കുവാനാണ് പലർക്കും ഇഷ്ട്ടം. ആഗ്രഹിച്ചതിനെക്കാൾ വലുത് കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷമോ അല്ലെങ്കിൽ കിട്ടിയത് കൊണ്ട് പൊരുത്തപ്പെടുവാനുള്ള മനസ്സോ ആണ് അവൻ ഈ മുറിവുണക്കുവാൻ പിന്നീട് കണ്ടെത്തുന്ന മരുന്ന്.വിരഹം പലപ്പോളും വൈരാഗ്യമായി മാറുന്നു. തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടുവാൻ പാടില്ലാ എന്ന മനോഭാവം ആസിഡ് ആക്രമണങ്ങൾക്കും കൊലപാതകത്തിനും വരെ കാരണം ആക്കുന്നു. ഇവിടെ തനിക്ക് കിട്ടാത്തത് എന്തോ നേടിയെടുക്കുവാൻ ശ്രമിക്കുകയാണ്. പ്രണയത്തിലെ സ്നേഹമോ, ലൈഗികതയിൽ നിന്ന് കിട്ടുന്ന ആത്മസംതൃപ്തിയോ അവൻ നേടിയെടുക്കുവാൻ ശ്രമിക്കുന്നത്. പ്രണയത്തിലൂടെ ലൈഗികതയെ പറിച്ചെടുക്കുന്നവൻ പ്രണയത്തിന്റെ കൊലയാളി ആകുന്നുണ്ടെങ്കിലും ജീവപര്യന്തത്തെക്കാൾ ഏറെ വധശിക്ഷ ചോദിച്ചു വാങ്ങിക്കുകയാണ് ചെയ്യുന്നത്‌.പ്രണയം,വിരഹം,ലൈഗികത ഇവിടെയെല്ലാം ഒരു പുരുഷാധിപത്യം പ്രത്യക്ഷമാണ്. ചരിത്രത്തിലേക്ക് എത്തി നോക്കുമ്പോൾ ഇതിനെ അതിശയമായി കണേണ്ടതില്ലാ, പക്ഷേ ചരിത്രത്തെ വർത്തമാന കാലത്തിലും അതേ രൂപത്തിലും ഭാവത്തിലും കൊണ്ട് നടക്കുന്നത് മാറ്റങ്ങളെ ഉൾക്കൊള്ളുവാൻ കഴിയാത്ത ഒരു സമൂഹത്തിനെയാണ് വരച്ച് കാട്ടുന്നത്.

സ്ത്രീയെക്കാൾ ഏറെ കായിക ക്ഷമത ഉണ്ടായിരുന്ന പുരുഷൻ അവന്റെ ആധിപത്യം ആദിമയുഗത്തിൽ നിന്ന് തന്നെ ആരംഭിച്ചിരുന്നു. അവൻ വേട്ടയാടി കൊണ്ട് വരുന്നതിനെ പാകം ചെയ്യുവാനും തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും വളർത്തുകയും ചെയ്യുക എന്ന ചുമതലകളിൽ ഒതുങ്ങി തുടങ്ങുകയായിരുന്നു സ്ത്രീ ജീവിതം.അവന്റെ ലൈഗികവേഴ്ചയ്ക്കായി ബഹുഭാര്യത്വം സ്വീകരിച്ചു. ലൈഗിക ആസ്വാദനത്തിൽ സ്ത്രീ ഒരു ഭോഗവസ്തുവായി മാറുക ആയിരുന്നു.മനുഷ്യാവകാശങ്ങൾ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെയാണെങ്കിലും അത് തിരിച്ചറിയുവാൻ കാലങ്ങൾ ഏറെ വേണ്ടി വന്നു, അപ്പോളേക്കും ഈ സമൂഹം ഒരു പുരുഷ മേൽക്കോയ്മ ഉള്ള സമൂഹമായി മാറി കഴിഞ്ഞിരുന്നു. പ്രണയം, വിരഹം, ലൈഗികത ഈ അടിസ്ഥാന വികാരങ്ങൾ പോലും പുരുഷനാൽ അടിച്ചമർത്തപ്പെട്ടിരിക്കുന്നു, ഇത്‌ പലപ്പോളും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്ക് വരെ കാരണമാകുന്നു. പുരുഷാധിപത്യത്തിൽ നിന്നും പുരുഷവിരോധം എന്നേ പിറവിയെടുത്തിരുന്നു.

ഇന്ന് മനുഷ്യൻ കുറച്ച് കൂടി സ്വതന്ത്രമായി ചിന്തിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഗർഭിണിയായ സ്ത്രീകൾ ജോലി ചെയ്യുന്നു. കുടുംബ ജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യപങ്കാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. പുരുഷന്മാരും അത് ആഗ്രഹിച്ച് തുടങ്ങുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരു വശത്ത് കാര്യങ്ങൾ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടങ്കിലും മറുവശത്ത് അവർക്കെതിരെയുള്ള ചൂഷണങ്ങൾ വർദ്ധിച്ചു വരികയും ചെയ്യുന്നു.ആദിമ യുഗത്തിൽ തുടങ്ങി ശീലിച്ച ശീലങ്ങൾ മാറുവാൻ ഇനിയും കാലങ്ങൾ വേണ്ടി വരും എന്നാണ് ഇത് തെളിയിക്കുന്നത്.

സ്ത്രീകളുടെ സമത്വത്തിന് വേണ്ടി വാദിക്കുവാൻ അവരിൽ നിന്നും തന്നെ ശബ്ദങ്ങൾ ശക്തമായി പുറത്തേക്ക് വരേണ്ടത്തത് ആവശ്യമായി തീർന്നിരിരുന്നു. ഇവിടെ ഫെമിനിസം എന്ന ആശയം പിറവി കൊള്ളുകയായിരുന്നു. സ്ത്രീയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും, ലൈംഗികമായ അതിക്രമങ്ങളും ഒരു പരിധിവരെ ഇതിലൂടെ ഇല്ലാതാക്കുവാൻ അവർ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫെമിനിസം എന്ന ആശയവും അതിലൂടെ നേടിയെടുക്കേണ്ട അവകാശങ്ങളും വളരെ വിപുലമാണ് അതുകൊണ്ട് തന്നെ ഇവിടെ അതിനെകുറിച്ച് കൂടുതൽ വിശദീകരിക്കുന്നില്ലാ.

പുരുഷാധിപത്യം ഉള്ളത് കൊണ്ടാണ് ഫെമിനിസം എന്ന ആശയം പിറവികൊണ്ടത്, അത് കൊണ്ട് തന്നെ ഇതിന്റെ അടിസ്ഥാനം പുരുഷവിരോധം എന്ന രീതിയിലേക്ക് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അല്ലെങ്കിൽ ഒരു വിഭാഗം ഇതിനെ പുരുഷന് നേരെ ശബ്ദം ഉയർത്തുവാനായുള്ള ഒരു ഉപാധിയായി കാണുകയും പ്രവർത്തിക്കുകയും ആയിരുന്നു. സ്ത്രീയും പുരുഷനും ഉൾപ്പെടുന്നതാണ് ഒരു സമൂഹം. സമൂഹത്തിന്റെ സഹായം ഇല്ലാതെ സമത്വത്തിനെ കുറിച്ച് വാദിക്കുവാൻ സാധിക്കുകയില്ലാ. ഈ നിലപാടുകൾ പലപ്പോളും കൂട്ടായ പ്രവർത്തങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. സ്ത്രീകൾ തന്നെ സ്ത്രീകളുടെ ശത്രുക്കൾ ആയി മാറുക ആയിരുന്നു.പുരുഷാധിപത്യം അവസാനിക്കേണ്ടതും സ്ത്രീ സമത്വം വരേണ്ടതും ഈ സമൂഹത്തിന്റെ നല്ല ഭാവിക്കായി നല്ലത് തന്നെ. പുരുഷാധിപത്യം നില നിൽക്കുന്നു എന്ന് ഒരു പുരുഷൻ തിരിച്ചറിയുകയും അവൻ സ്വയം മാറുവാൻ സന്നദ്ധൻ ആവുകയും ചെയ്യുമ്പോഴാണ് മാറ്റങ്ങളുടെ സൗന്ദര്യം കൂടുതൽ മനോഹരമാകുന്നത്. ഫെമിനിസം എന്ന ആശയത്തെ ഉൾകൊണ്ട് കൊണ്ട് സമത്വത്തിന് വേണ്ടി പോരാടുന്നവർ ആണ് ഫെമിനിസ്റ്റ്. ഞാൻ ഒരു ഫെമിനിസ്റ്റ് ആണ് എന്ന് പറയുമ്പോൾ ഞാൻ ഒരു പുരുഷവിരോധി അണെന്ന് കൂടി വരുത്തിതീർക്കുവാൻ ശ്രമിക്കുന്നിടത്ത് ഫെമിനിസം എന്ന ആശയം പരാജയപ്പെടുകയാണ്. ആ പരാജയങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെ. സമത്വത്തിന് വേണ്ടി നമുക്ക് കൂട്ടായി പ്രവർത്തിക്കാം.