ഹൃദയം നമുക്ക് ആരാണ് ?

0
122

How Heart Disease Affects Your BodyLal Kishor

ഹൃദയം നമുക്ക് ആരാണ് ?

നമ്മുടെ ശരീരത്തിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അവയവം ഏതാണെന്ന് ചോദിച്ചാൽ കൂടുതൽ പേരുടേയും മറുപടി ഹൃദയം എന്നാകും. മനഃസാക്ഷി സൂക്ഷിപ്പുകാരനായും സ്നേഹത്തിന്റെ പ്രതീകമായും നാം ഹൃദയത്തെ കണക്കാക്കുന്നു. ഓരോ വ്യക്തിയുടേയും ഹൃദയത്തിന് അവരുടെ മുഷ്ടിയോളം വലിപ്പമാണുള്ളത്. ഏകദേശം 250 മുതൽ 300ഗ്രാം ഭാരവും ഉണ്ടാകും. മനുഷ്യ ശരീരത്തിൽ ഏറ്റവും ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളിൽ ഒന്നാണ് ഇത് ( മറ്റേത് തലച്ചോർ ആണ് ).ഹൃദയത്തിന് നാല് അറകൾ ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും തന്നെ അറിയുന്ന ഒരു കാര്യമാണ്.ഈ അറകളിൽ പ്രണയവും,വിരഹവും,ജീവിതവും എല്ലാം നാം സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണല്ലോ ഹൃദയം നമുക്കിത്രയും പ്രിയപ്പെട്ടതായി മാറിയതും ജീവിതത്തിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷയാകാണമെന്നും നമ്മൾ പറയാറുള്ളത്.

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും രക്തം പമ്പ് ചെയ്യുക എന്നുള്ളതാണ് യാഥാർഥ്യത്തിൽ ഹൃദയത്തിന്റെ ധർമ്മം. ഈ പമ്പ് ചെയ്യപ്പെടുന്ന രക്തം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കിട്ടാതെ വന്നാൽ ആ ഭാഗങ്ങളിലെ കോശങ്ങൾ നശിച്ചു തുടങ്ങുന്നു. കോശങ്ങൾ കൂടിച്ചേർന്ന് രൂപംകൊണ്ട ആ പ്രത്യേക അവയവത്തിന്റെ പ്രവർത്തനം ക്രമേണ നിലയ്ക്കുകയും ചെയ്യുന്നു.ഞാൻ ഇവിടെ വിശദീകരിക്കുവാൻ ശ്രമിക്കുന്ന ആ പ്രത്യേക അവയവം ഹൃദയം തന്നെയാണ്.ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കാര്യക്ഷമതയോടെ പ്രവർത്തിക്കുവാൻ ഹൃദയം രക്തം എത്തിച്ച് കൊടുക്കുന്നു എന്നത് ശരിതന്നെ.എന്നാൽ രക്തം പമ്പ് ചെയ്യുവാനുള്ള എനർജി ഹൃദയത്തിന് എവിടെ നിന്ന് ലഭിക്കുന്നു ?

ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതും ഹൃദയം തന്നെയാണ്. കോശങ്ങളാൽ മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവത്തിനും ജോലി ചെയ്യണമെങ്കിൽ രക്തം ആവശ്യം തന്നെ. ഹൃദയം തന്നെയാണ് ഹൃദയത്തിനും രക്തം എത്തിച്ച് കൊടുക്കുന്നത്. കൊറോണറി ആർട്ടറി എന്നറിയപ്പെടുന്ന രക്തക്കുഴലുകളാണ് ഈ ജോലി നിർവ്വഹിക്കുന്നത്. എന്ത് സങ്കീർണ്ണമാണ് മനുഷ്യ ശരീരത്തിലെ ഓരോ പ്രവർത്തികളും അല്ലേ. ബാഹ്യലോകത്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന തിരക്കുകളിലാണ് നമ്മൾ, എന്നാൽ ആന്തരിക ലോകത്ത് നമ്മുടെ കോശങ്ങൾ ജീവൻ നില നിർത്തുവാനുള്ള സാങ്കേതികമായ ജോലി തിരക്കുകളിലാണ്. ഈ ജോലികൾ നമുക്കുള്ളിൽ തന്നെ നടക്കുന്ന ഒന്ന് തന്നെയാണെങ്കിലും അവരുടെ ജോലി തിരക്കുകളെ കുറിച്ച് നമ്മൾ പലപ്പോളും ബോധവാന്മാരാകാറില്ലാ. ഇതിനെക്കുറിച്ച് നല്ല ധാരണകൾ ഇവർക്ക് അറിവുള്ളത് കൊണ്ട് തന്നെ ചെറിയ ചെറിയ അസുഖങ്ങളായി വന്ന് ചില ഓർമ്മപ്പെടുത്തലുകൾ അവർ നമുക്ക് നൽകാറുണ്ട്.

ഹൃദയസംബന്ധമായ രോഗങ്ങളിൽ നമ്മൾ എപ്പോളും കേൾക്കുന്ന ഒന്നാണ് ഹൃദയാഘാതം ( Heart attack). ഹൃദയാഘാതം സംഭവിച്ചവർക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു ബൈപ്പാസ് സർജറി ചെയ്തു എന്നും നമ്മൾ കേട്ടിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനത്തിനായി രക്തം എത്തിച്ചു കൊടുക്കുന്നത് കൊറോണറി ആർട്ടറി എന്നറിയപ്പെടുന്ന ചെറിയ ധമനികൾ വഴിയാണ്. ഹൃദയത്തിന് നാല് അറകൾ ഉണ്ടെന്ന് നമ്മൾ കണ്ട് കഴിഞ്ഞു. ഈ നാല് അറകളിലേയ്ക്കും കൊറോണറി ആർട്ടറി രക്തം എത്തിക്കുന്നത് ശാഖകളായി പിരിഞ്ഞാണ്.

നമ്മുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം വഹിച്ചുകൊണ്ട് പോകുന്നത് മഹാധമനി( Aorta )വഴിയാണ്. ഹൃദയത്തിന്റെ ഇടത് വശത്തുള്ള അറകളിൽ ഒന്നായ വെൻട്രിക്കിളിൽ (Left ventricle) നിന്നാണ് മഹാധമനിയുടെ ഉദ്ഭവം. ഇവ ചെറിയ ശാഖകളായി പിരിഞ്ഞ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്നു.നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ധമനിയാണ് മഹാധമനി( Aorta ).മഹാധമനി( Aorta )യുടെ ഉദ്ഭവഭാഗത്ത്നിന്നുതന്നെ ഇടത്തേയ്ക്കും( Left main coronary artery)വലത്തേയ്ക്കും (Right main coronary artery) രണ്ട് ശാഖകൾ ആയി പിരിഞ്ഞുകൊണ്ട് ഈ ശാഖകൾ ഹൃദയത്തെ ആവരണം ചെയ്യുന്നു. ധമനികൾ വീണ്ടും ചെറിയ ശാഖകൾ ആയി വേർപിരിഞ്ഞ് കൊണ്ടാണ് ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളിലെ മാംസപേശികൾക്കും രക്തം എത്തിക്കുന്നത്. ഈ ധമനികളിൽ എവിടെയെങ്കിലും ഒരു ബ്ലോക്ക് ഉണ്ടാകുമ്പോൾ ഹൃദയപേശികളിലേയ്ക്ക് ആവശ്യത്തിന് രക്തം എത്താതെ വരുന്നു. ആവശ്യത്തിന് രക്തം എത്താതിരിക്കുന്നത് കാരണം ഹൃദയപേശികൾ നശിക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്.
നമ്മൾ സാധാരണയായി കേട്ട് വരുന്ന ചില കാര്യങ്ങൾ.

നിങ്ങൾ അറിഞ്ഞോ ?അപ്പുറത്തെ ചേട്ടന് ഇന്ന് വെളുപ്പിന് നെഞ്ചുവേദന വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഹാർട്ട് അറ്റാക്ക് ആണെന്നാണ് പറയുന്നത്. ആൻജിയോഗ്രാഫി എന്ന് പറയുന്ന എന്തോ ടെസ്റ്റ് ചെയ്തെന്നൊക്കെ പറഞ്ഞു. ഹാർട്ടിന് ബ്ലോക്ക് ആണത്രേ.രണ്ട് ബ്ലോക്ക് ഉണ്ടന്ന്, ഒരെണ്ണം ഇടത് വശത്തും ഒരെണ്ണം വലത് വശത്തും. ഇടത് വശത്തുള്ള ബ്ലോക്ക് ഉടനേ നീക്കിയില്ലെങ്കിൽ ജീവന് വരെ ആപത്തുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞുവത്രേ. ആൻജിയോപ്ലാസ്റ്റി അങ്ങനെ എന്തോ ചെയ്തെങ്കിൽ മാത്രമേ രക്ഷപെടുത്താൻ കഴിയുള്ളൂ എന്നാണ് പകുറയുന്നത്. അവർ ആകെ ടെൻഷനിലാണ്, ഉടനെ തീരുമാനം അറിയിക്കുവാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്.കുറേ കാശ് ചിലവുണ്ടെന്നാ പറഞ്ഞ് കേട്ടത്. പാവങ്ങൾ എന്ത് ചെയ്യുമോ എന്തോ ?

ഹാർട്ട് ബ്ലോക്ക് എന്ന് പൊതുവേ ഇതിനെ വിളിക്കാറുണ്ടെങ്കിലും അത് മറ്റൊരവസ്ഥയാണ്. പേസ്മേക്കർ പോലെയുള്ള മെഷീനെ കുറിച്ച് നിങ്ങൾ കെട്ടിട്ടുണ്ടെങ്കിൽ അതിനെ ബന്ധപെട്ടിട്ടുള്ളതാണ് ഹാർട്ട് ബ്ലോക്ക്. നമ്മൾ ഇവിടെ സംസാരിച്ചു കൊണ്ടിരിക്കുന്നത് ഹൃദയാഘാതത്തെ കുറിച്ചാണ്.ഹാർട്ട്‌ ബ്ലോക്ക്, ഹൃദയാഘാതം, ഹൃദയസ്തംഭനം ഇതൊക്കെയും ഒന്നാണെന്ന് പലപ്പോളും നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്.ഹൃദയത്തിന് രക്തം കൊടുക്കുന്ന രക്തധമനികളിൽ തടസ്സം നേരിടുന്നത് കാരണം ഹൃദയപേശികളിലേയ്ക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുകയും ഹൃദയപേശികൾ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം.
സാധാരണകാർക്ക് മനസ്സിലാകുന്ന രീതിയിൽ ഇതിനെ വിശദീകരിക്കുവാൻ ഞാൻ ഒന്ന് ശ്രമിക്കാം.ഈ ഉദാഹരണം തിയറിയുമായി യോജിച്ചു പൊകുന്നതല്ലാ അതുകൊണ്ട് ആഴത്തിൽ ചിന്തിക്കരുത്.നമ്മുടെ വീടിനെ ഹൃദയമായി സങ്കൽപ്പിക്കുക. ഈ വീട്ടിലെ ദൈനംദിന കാര്യങ്ങൾ നടന്ന് പോകണമെങ്കിൽ വെള്ളം ആവശ്യമാണ്.

വാട്ടർ ടാങ്കിൽ നിന്ന് വരുന്ന പൈപ്പുകളിൽ നിന്നുമാണ് നമുക്ക് വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും വെള്ളം ലഭിക്കുന്നത്. വാട്ടർ ടാങ്കിൽ നിന്ന് വരുന്ന പൈപ്പ് വലത് വശത്തേയ്ക്കും, ഇടത് വശത്തേയ്ക്കും രണ്ടായി തിരിയുന്നു. ഇടത് വശത്തേയ്ക്ക് തിരിയുന്ന പൈപ്പുകൾ വെള്ളം നൽകുന്നത് അടുക്കള, ശുചിമുറി എന്നീ ഭാഗങ്ങളിലേയ്ക്കും വലത് വശത്തേയ്ക്ക് തിരിയുന്ന പൈപ്പുകൾ വെള്ളം നൽകുന്നത് വീടിന്റെ മറ്റ് വശങ്ങളിലേയ്ക്കും ആണെന്ന് കരുതുക.വീട് വെച്ച് കഴിഞ്ഞ് കുറേ നാളുകൾ ആയിട്ടുംനമ്മുടെ ജോലി തിരക്കുകൾ കാരണം പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ ഒന്നും നടത്തുവാൻ സാധിച്ചിട്ടില്ലാ. ഒരു ദിവസം ശുചിമുറിയിലേയ്ക്ക് ഉള്ള ടാപ്പിൽ നിന്നും വെള്ളം പഴയപോലെ ശക്തിയായി വരുന്നില്ലാ. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അടുക്കളയിലും ഇതേ അവസ്ഥ തന്നെ. എങ്കിലും കുഴപ്പമില്ലാ ശക്തി കുറവാണെങ്കിലും വെള്ളം വരുന്നുണ്ടല്ലോ. കിട്ടുന്ന വെള്ളം കൊണ്ട് വീട്ടിലെ കാര്യങ്ങൾ നടക്കുന്നുമുണ്ട്. നമ്മൾ പൊതുവേ ഇതിനെ വലിയ കാര്യമായി എടുക്കാറില്ലാ. പെട്ടെന്നൊരു ദിവസം ടാപ്പിൽ വെള്ളം വരുന്നത് നിന്നു. കിട്ടിയില്ലേ എട്ടിന്റെ പണി. ആഹാരം ഉണ്ടാക്കാനും പറ്റിയില്ലാ, കുളിക്കാനും പറ്റില്ലാ എല്ലാം ബുദ്ധിമുട്ടിലായി. ഉടനെ നമ്മൾ പ്ലംബറെ തിരക്കി ഓടും.പ്ലംബർ വന്ന് ചില പരിശോധനകൾ ഒക്കെ നടത്തിയ ശേഷം പറഞ്ഞു. അടുക്കള വശത്തെ പൈപ്പുകൾ വേറെ പിടിപ്പിക്കേണ്ടി വരും, കുറച്ച് നാളിന് മുൻപ് ഇത് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രയും കുഴപ്പം ഉണ്ടാകില്ലായിരുന്നു. ശുചി മുറിയിലെ അവസ്ഥയും ഏകദേശം ഇങ്ങനെയൊക്കെ തന്നെ.

വലത് വശത്തേയ്ക്ക് പോകുന്ന പൈപ്പിലും ചെറിയ പായൽ ഒക്കെ പിടിച്ചിട്ടുണ്ട് എങ്കിലും കുഴപ്പം ഇല്ലാ, അതിൽ ഇപ്പോൾ ഒന്നും ചെയ്യേണ്ട.പക്ഷേ അടുക്കളയിലെ ഇപ്പോ ശരിയാക്കിയെ പറ്റൂ, അല്ലെങ്കിൽ കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ ബിദ്ധിമുട്ട് ആകും.ഹൃദയവും കൊറോണറി ആർട്ടറികളും തമ്മിലുള്ള ബന്ധവും ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്. ഈ ധമനികളിൽ വരുന്ന ബ്ലോക്ക് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ലാ. നമ്മുടെ ജീവിതശൈലിയും, ശീലങ്ങളും, പാരമ്പര്യവും എല്ലാം ഇതിന് കാരണം ആകാം.ഇടവിട്ടുള്ള മെഡിക്കൽ ചെക്കപ്പുകൾ നടത്താതെ ഒരു പ്രശ്നം വരുമ്പോൾ മാത്രം ആശുപത്രികളെ സമീപിക്കുന്നത് ഇങ്ങനെയുള്ള അസുഖങ്ങളുടെ മൂർച്ച കൂട്ടുകയും ചെയ്യുന്നു.

ഹൃദയത്തിന്റെ നാല് അറകളിൽ ഇടത് വശത്തുള്ള ലെഫ്റ്റ് വെൻട്രിക്കിളിന് മറ്റ് അറകളെ അപേക്ഷിച്ച് ജോലിഭാരം കൂടുതലാണ്. ഇടത് വശത്തേയ്ക്ക് പോകുന്ന ധമനികൾ ആണ് ഇവിടേയ്ക്ക് രക്തം എത്തിച്ചു നൽകുന്നത്, അത് കൊണ്ട് തന്നെ
ഈ ധമനികളിലേയ്ക്ക് വരുന്ന ബ്ലോക്കുകൾ വളരെ പ്രധാനപ്പെട്ടതാണ്.
Left anterior descending ( LAD )
Left circumflex ( LCX)
ഈ പേരുകളിലാണ് ഈ ആർട്ടറികളെ അറിയപ്പെടുന്നത്.
വലത് വശത്തെ ആർട്ടറിക്ക്
Right coronory artery (RCA
എന്നും അറിയപ്പെടുന്നു.

ഈ ധമനികളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത് ചിലപ്പോൾ ഒന്നിൽ മാത്രം ആയിരിക്കും, ചില സാഹചര്യങ്ങളിൽ ഒന്നിൽ കൂടുതലും ആകാം.ഇടത് വശത്തുള്ള LAD വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ആർട്ടറി ആയത് കൊണ്ട് ബ്ലോക്ക് നീക്കം ചെയ്യുന്നതിന് മുൻഗണന കൊടുക്കുക ഈ ആർട്ടറികൾക്ക് ആയിരിക്കും.(എല്ലാ ധമനികളും അതിന്റേതായ പ്രധാന്യം ഉണ്ട്)
ബ്ലോക്കുകളുടെ സ്ഥാനവും, എണ്ണവും, ശതമാനവും, സങ്കീർണ്ണതയേയും കണക്കിൽ എടുത്താണ് ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് വേണമോ എന്ന് തീരുമാനിക്കുന്നത്.( ഓരോ വ്യക്തിയും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായത് കൊണ്ട് മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് ചില മാറ്റങ്ങൾ വന്നേയ്ക്കാം)ആൻജിയോപ്ലാസ്റ്റി
ഇത് ശരീര ഭാഗങ്ങൾ കീറിമുറിച്ചുകൊണ്ടുള്ള ഒരു ശസ്ത്രക്രിയ അല്ലാ. രക്തക്കുഴലുകൾ വഴി ശരീരത്തിന്റെ നാനാഭാഗങ്ങളിലും കടത്താവുന്ന നീണ്ട പ്ലാസ്റ്റിക് കുഴലുകളാണ് കത്തീറ്ററുകൾ.ഈ കത്തീറ്ററുകൾ കയ്യിലെയോ കാലിലെയോ ധമനികൾ വഴി ( Radial artery or Femoral artery) കടത്തി വിടുകയും ഇത് പ്രത്യേക തരം എക്സറേ മെഷീനിലൂടെ വീക്ഷിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് കുഴലിന്റെ അറ്റത്ത് ഒരു ചെറിയ ബലൂൺ ഘടിപ്പിച്ചാൽ അത് ആവശ്യമുള്ളപ്പോൾ വികസിപ്പിക്കുകയും വീണ്ടും ചെറുതാക്കുകയും ചെയ്യാം. ഇതാണ് ആൻജിയോ പ്ലാസ്റ്റി കത്തീറ്ററുകൾ.

ആൻജിയോഗ്രാം ചെയ്ത് രക്ത ധമനിയിൽ എവിടെയാണ് അടവ് എന്ന് ആദ്യം കണ്ടുപിടിക്കുന്നു. അറ്റത്തു ചുരുക്കിയ ബലൂൺ ഘടിപ്പിച്ച ആൻജിയോ പ്ലാസ്റ്റി കത്തീറ്റർ സാവധാനം, വളരെ സൂക്ഷിച്ച് രക്തക്കുഴലിലെ അടവിൽ കൂടി കടത്തിവിടുന്നു, ഈ പ്രക്രിയ അങ്ങേയറ്റം സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു കാര്യമാണ്. ഈ മേഖലയിൽ വിദഗ്ധ പരിശീലനം ലഭിച്ച ഒരു ഡോക്ടർക്ക് ഇത് ചെയ്യുവാൻ കഴിയുന്നു. അടവുള്ള ഭാഗത്ത് ബലൂൺ കടത്തിവച്ചിട്ട് കത്തീറ്റർ വഴി ഈ ബലൂണിനെ അതിസമ്മർദം ഉപയോഗിച്ച് വികസിപ്പിക്കുന്നു. അതീവ സമ്മർദത്തിൽ ബലൂൺ വികസിപ്പിക്കുമ്പോൾ ധമനി അടയാൻ ഇടയാക്കിയ കൊഴുപ്പുകൾ മാത്രമല്ല ചുരുങ്ങിപ്പോയ ധമനിയുടെ ഭാഗങ്ങൾ തന്നെയും വികസിക്കുന്നു. ഇതാണ് ബലൂൺ ആൻജിയോപ്ലാസ്റ്റി.

അതീവ സമ്മർദത്തിൽ ബലൂൺ വികസിപ്പിച്ച് ധമനി തുറക്കുന്നതുകൊണ്ട് അതിന്റെ ആന്തരികവലയം ചിലപ്പോൾ കുറച്ചൊക്കെ പൊട്ടി എന്നു വരാം. ഈ അപകടം തരണം ചെയ്യുന്നതിനാണ് അതേ കത്തീറ്റർ വഴി ലോഹം കൊണ്ടുണ്ടാക്കിയ സ്റ്റെന്റ് (stent) അഥവാ സ്പ്രിങ് പോലെയുള്ള ഒരു ഉപകരണം വികസിപ്പിച്ച് ധമനിക്കുള്ളിൽ സ്ഥാപിക്കുന്നത്. വികസിപ്പിച്ച ധമനി വീണ്ടും അടയാതിരിക്കാൻ ഇതു സഹായിക്കുന്നു. ആധുനിക സ്റ്റെന്റുകൾ നിക്ഷേപിച്ചാൽ അതിൽ അടങ്ങിയിരിക്കുന്ന ചില മരുന്നുകൾ ധമനിയുടെ ഭിത്തിയിൽ നിന്നും കോശങ്ങൾ വളർന്ന് ധമനി വീണ്ടും അടഞ്ഞുപോകാതെ സൂക്ഷിക്കും.പരിശീലനം ലഭിച്ച ഒരു ഡോക്ടർക്ക് ഈ ചികിത്സ ഏതാണ്ട് ഒരു മണിക്കൂർ കൊണ്ട് ചെയ്തുതീർക്കാൻ സാധിക്കും. രക്തചംക്രമണം ഉടൻതന്നെ പുനഃസ്ഥാപിക്കുന്നതിനാൽ ധമനിയിൽ നിന്നും രക്തം സ്വീകരിക്കുന്ന ഹൃദയം ഉടൻതന്നെ സാധാരണ നിലയിലേക്കു തിരിച്ചു വരുകയും ചെയ്യും.ബൈപ്പാസ് ശസ്‌ത്രക്രിയ ധമനികളിൽ എവിടെയാണ് ബ്ലോക്ക്, അതിന്റെ സ്വഭാവം എന്താണ്, എത്രയിടത്ത് ബ്ലോക്കുണ്ട്, രക്തയോട്ടം എത്രമാത്രം തടസ്സപ്പെട്ടു, അപകട സ്വഭാവമെന്ത് എന്നിവയൊക്കെ വിലയിരുത്തിയാണ് ചികിത്സ നിശ്ചയിക്കുന്നത്.

ഹൃദയധമനികളിലെ തടസ്സം ഒഴിവാക്കി രക്തസഞ്ചാരത്തിന് പുതിയവഴി ഉണ്ടാക്കുകയാണ് ബൈപ്പാസ് ശസ്ത്രക്രിയയിൽ ചെയ്യുന്നത്.ഇവിടെ പഴയ ബ്ലോക്ക് എടുത്ത് കളയുകയല്ലാ ചെയ്യുന്നത്. അതിന് മുൻപിലും പിറകിലുമായി ശരീരത്തിൽ നിന്നും തന്നെ എടുത്ത വേറൊരു ധമനി തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത്.ഏകദേശം ബൈപ്പാസ് റോഡുകൾ ചെയ്യുന്ന ജോലിപോലെ. അവിടെ ദൂരം കുറയ്ക്കുവാൻ വേണ്ടിയാണ് പുതിയ റോഡ് പണിയുന്നതെങ്കിൽ ഇവിടെ ധമനികളിലെ ബ്ലോക്കിനെ മറികടക്കുവാൻ ആണെന്ന് മാത്രം.ഇങ്ങനെ പുതുതായി വെച്ചുപിടിപ്പിക്കുന്ന രക്തക്കുഴലിന് ഗ്രാഫ്റ്റ് എന്നാണ് പറയാറ്.

വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയയാണ് ബൈപ്പാസ് ഗ്രാഫ്റ്റിങ്ങ്. വിദഗ്ദ്ധനായ ഒരു സർജന്റെ നേതൃത്വത്തിൽ നിരവധി ഡോക്ടർമാരടക്കമുള്ള സംഘമാണ് ശസ്ത്രക്രിയ ചെയ്യുന്നത്. സാധാരണഗതിയിൽ നാലഞ്ച് മണിക്കൂർ നേരമാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടിവരിക.ഹൃദയത്തെ സംരക്ഷിക്കുന്നതാനായി വളരെ ലളിതമായമായ ചില കാര്യങ്ങൾ പറയാം, നിങ്ങൾക്ക് അറിവുള്ളത് തന്നെ. ഞാൻ ഒന്ന് കൂടി ഓർമിപ്പിക്കുന്നു എന്ന് മാത്രം.ദിനചര്യങ്ങളിൽ കൃത്യനിഷ്ഠത ഉറപ്പാക്കുക.ഉറങ്ങുവാനുള്ള സമയംഉണരുവാനുള്ള സമയംആഹാരം കഴിക്കുന്നതിനുള്ള സമയം.ആഹാരം കണ്ണും മനസ്സും നിറയ്ക്കുവാനുള്ളതല്ലാ വയറ് നിറയ്ക്കുവാനുള്ളതാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് മിതമായി കഴിക്കുക. മിതമായി കഴിച്ചാൽ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഇഷ്ട്ടമുള്ള ഭക്ഷങ്ങൾ കഴിക്കാം.

ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ എങ്കിലും ഉറങ്ങുക. ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണ്.പൾസ്‌ റേറ്റ് കൂട്ടുന്ന രീതിയിൽ ചിന്തകളെ സങ്കീർണ്ണമാക്കി ടെൻഷൻ അടിക്കാതെ ഇരിക്കുക. പരിഹാരങ്ങൾ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ലാ, അത് നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വേണമെന്ന് നിർബന്ധം പിടിക്കുമ്പോഴാണ് പരിഹാര മാർഗ്ഗങ്ങൾ നിങ്ങളിൽ നിന്നും അകന്ന് തുടങ്ങുന്നത്.
ദിവസവും അരമണിക്കൂർ എങ്കിലും നടത്തം ശീലമാക്കുക. നിങ്ങളുടെ ജോലിയുടെ ഭാഗമായി നിങ്ങൾ നടക്കുന്നുണ്ടാകാം പക്ഷേ നടക്കുവാൻ വേണ്ടി മാത്രമായി അരമണിക്കൂർ നിങ്ങൾ മാറ്റിവെയ്ക്കുക തന്നെവേണം.

ഒരു നിശ്ചിത ഇടവേളകളിൽ മെഡിക്കൽ ചെക്കപ്പ് നടത്തുക. രക്തസമ്മർദ്ദം, ഷുഗർ ടെസ്റ്റ് എങ്കിലും ചെയ്തിരിക്കണം. ആരോഗ്യ മേഖലയിൽ ഉള്ളവർ പലരും വർഷത്തിൽ ഒരിക്കൽ പോലും ഇത് ചെയ്യുന്നില്ലാ എന്നുള്ളതാണ് തമാശ, അപ്പോൾ പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.ലഹരി മിതമായാലും അമിതമായാലും ആപത്താണ്. നിങ്ങളുടെ ശരീരത്തിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രം സ്വന്തം.