പരിപ്പ് വടയുടെ രാഷ്ട്രീയ സ്വത്വ അഥവാ…

37
Lal Thomas (കാപ്പിലാൻ)
പരിപ്പ് വടയുടെ രാഷ്ട്രീയ സ്വത്വ അഥവാ
مافي بلوس مافي مشكل .
എന്റെ പല കമ്മി വിരുദ്ധ പോസ്റ്റുകളും പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് ഞാൻ കഴിഞ്ഞ കുറെ നാളായി മനസിലാക്കുന്നു . ചിലർ എന്നോട് ചോദിക്കുകയുണ്ടായി പണ്ടത്തെ നാട്ടിൽ നിന്നുണ്ടായ ചൊറിച്ചിൽ ഇതുവരെ മാറിയില്ലേ ..കുറഞ്ഞില്ലെങ്കിൽ എത്രയും വേഗം അടുത്തുള്ള ടെർമിയെ കാണണം എന്നൊക്കെ. ഉള്ള അസുഖത്തിന് തന്നെ ഞാൻ മരുന്ന് സമയത്തിന് കഴിക്കാറില്ല . അപ്പോഴാണ് പണ്ടത്തെ ചൊറി അതും എന്റെ മൂലത്തിലെ ചൊറി എങ്ങനെ മനസിലാക്കിയത് എന്ന് അർത്ഥ ശങ്കയിൽ കുഴഞ്ഞിരിക്കുന്ന ഞാൻ .സംഭവം അതല്ല..
നമ്മുടെ ഇന്നത്തെ വിഷയം പരിപ്പ് വടയുടെ രാഷ്ട്രീയ സ്വത്വ ! എന്ന എന്നതാണ് . രമേശൻ ഇടയ്ക്കിടെ സ്പ്രിംഗ്ളർ സ്പ്രിംഗ്ലർ എന്നൊക്കെ പറയുന്നുണ്ട് എങ്കിലും , അത് അമേരിക്കൻ കുത്തക വ്യാവസായിക ബൂർഷ്വാ സമ്പ്രദായത്തിൽ നിന്നും ഉടലെടുത്ത ഒരു രാഷ്ട്രീയ ജിഹ്വ എന്നതിൽ കവിഞ്ഞുള്ള ഒരു രാഷ്ട്രീയ ബോധം ഇപ്പോഴും എനിക്കില്ല എന്നതാണ് സത്യം .സ്പ്രിംഗ്ളർ എന്നൊരു ഉപ്പ് കേരളത്തിൽ സുലഭമായിരുന്നു .ഇപ്പോൾ ഉണ്ടോ എന്നറിയില്ല . പരിപ്പ് വടയിൽ ഉപ്പിടുന്ന കാര്യമാണോ രമേശൻ പറയുന്നത് എന്നും എനിക്ക് സംശയമുണ്ട് .ഇനി നാട്ടിലെ ഉപ്പ് കമ്പനി അമേരിക്ക എന്ന മുതലാളിത്വ രാഷ്ട്രം പേറ്റന്റ് കൊടുത്ത് എടുത്തുകൊണ്ട് പോയോ എന്നും അറിയില്ല . അറിവില്ലായ്മ ആണ് എന്റെ ഏറ്റവും വലിയ തോൽവി എന്ന് വൈകിയ ഈ നേരമെങ്കിലും ഞാൻ മനസിലാക്കുന്നു .
പരിപ്പ് വടയിൽ ആവശ്യം വേണ്ട ചേരുവകൾ .. പരിപ്പ് വടയിൽ മിനിമം ഒന്ന് കടിക്കാൻ എങ്കിലും പരിപ്പ് വേണം എന്നതാണ് . കുതിർത്ത പരിപ്പ് അരയ്ക്കുമ്പോൾ ഒരുപിടി പരിപ്പ് മേമ്പൊടി ആയി ചേർക്കുന്നത് നന്നാകും . ഉദാഹരണത്തിന് ..നാം മുന്നോട്ട് , ഇത് കേരളംടാ , വിജ്ജ്യൻ ഇല്ലായിരുന്നെങ്കിൽ കേരളം എന്താകുമായിരുന്നു ? എന്നീ വക കടിച്ചാൽ പൊട്ടാത്ത പരിപ്പ് നമ്മൾ വടക്ക് അരയ്ക്കും മുമ്പേ മാറ്റി വെയ്ക്കണം .
ഇനിയാണ് അര !! അരക്കുന്നതിനും മുമ്പേ കല്ലും കുഴവിയും നന്നായി സാനിടെയ്സ് ചെയ്ത് എടുക്കേണ്ടത് ആവശ്യമാണ് . പണ്ടൊക്കെ പരിപ്പ് ഇടിച്ച് എടുക്കുമായിരുന്നു . അതൊക്കെ നാട്ടിലെ ആരോഗ്യമുള്ള സ്ത്രീകൾ നന്നായി ഇടിക്കാൻ മിടുക്കരാ യിരുന്നു . പിന്നീടാണ് അര കല്ല് വന്നത് ..അതിനും ശേഷം ഗ്രൈൻഡറും മിക്സിയും വന്നു . എന്നാലും അടിച്ചു പരിപ്പി ള ക്കി , ഇളക്കി നടുവൊടിഞ്ഞു എന്നീ പ്രയോഗങ്ങൾക്ക് നാട്ടിൽ കുറവില്ല എന്നതാണ് സത്യം . കാലം എത്ര ആയിട്ടും പരിപ്പ് അരച്ച് ചേർത്താലേ പരിപ്പ് വട ഉണ്ടാകൂ എന്നതാണ് അതിന്റെ രാഷ്ട്രീയത്വം .മറ്റൊന്ന് അര നന്നായാൽ വടയും നന്നാകും എന്നതാണ് . ഇത് രണ്ടും സത്യമാണ് .
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് കറിവേപ്പില .. അത് അത്യാവശ്യം ഒരു സാധനമാണ് . പല പേരുകളിൽ പല നാടുകളിൽ കറിവേപ്പില അറിയപ്പെടുന്നുണ്ട് . ഗൗരി എന്ന നാടൻ ഇനം ഇതിലൊന്നാണ് . മറ്റൊന്നാണ് വി.സ്‌ എന്ന ജനിറ്റിക്കലി മോഡുലേറ്റ് ചെയ്യപ്പെട്ട കറിവേപ്പില . ഇത് ചൂട് എണ്ണയിൽ ഇട്ടാൽ ടപ്പേ ..ഠപ്പേ .. എന്ന് പൊട്ടിത്തെറിക്കും . അത് കൊണ്ട് ചൂട് ദേശത്ത് വിഎസ് കറിവേപ്പില ഉപയോഗിക്കില്ല . പകരം വടയിൽ അരച്ച് ചേർക്കയാണ് ചെയ്യുക .
വടയിൽ ചേർക്കേണ്ട മറ്റൊരു കാര്യം നീണ്ട ചുവന്ന മുളകാണ് . ഇതിനെ നമ്മൾ 51, 48 എന്നീ ഗണിതക വിഭാഗത്തിൽ പെടുത്തി വേർപെടുത്തി വടയിൽ ചേർക്കണം . ചുവപ്പ് കൂടുന്തോറും വടയുടെ രുചി കൂടും എന്നതാണ് ശാസ്ത്രം . ഇതിനിടയിൽ കാന്താരി എവിടെ ? കാപ്സികം എവിടെ ? എന്നൊക്കെ ചോദിച്ച് കൊണ്ട് പലരും വരും നമ്മൾ ശ്രദ്ധിക്കരുത് . നമ്മുടെ ശ്രദ്ധ എപ്പോഴും വട ഉണ്ടാക്കുന്നത് എങ്ങനെ എന്ന ചിന്തയിൽ ആയിരിക്കണം . ശ്രദ്ധ മാറിയാൽ വട പാളും …പാലാരി വട്ടം പാലം പോലെ ആകും . നമ്മൾ വട മാത്രം ശ്രദ്ധിക്കുക .
പരിപ്പ് വടയിൽ അത്യാവശ്യം വേണ്ട ഒന്നാണ് ഉള്ളി . അത് ചുവന്നുള്ളി കൊച്ചുള്ളി വല്യ ഉള്ളി എന്നീ ഭാഗങ്ങളിൽ ഉണ്ടെങ്കിലും വടയ്ക്കും ബീഫിനും വേണ്ടത് സവാള ഇനത്തിൽ പെട്ട ചുവന്ന ഉള്ളിയാണ് . ഉള്ളിയേ നമ്മൾ നൈസായി അരിഞ്ഞു വടയിൽ ചേർക്കാം അല്ലെങ്കിൽ ഉള്ളിയേ മിക്സിയിൽ ഇട്ട് അരച്ച് എടുക്കാം . ഉള്ളി ഉപയോഗിക്കേണ്ടത് ആവശ്യക്കാരുടെ ഔചിത്യം ഉപയോഗിച്ച് കൊണ്ട് മാത്രം ആയിരിക്കണം എന്ന മുന്നറിയിപ്പ് ഉണ്ട് . മിക്സിയിൽ അരച്ചാൽ അതിന്റെ നീര് നന്നായി ഊറ്റിയതിന് ശേഷം വേണം വടയിൽ ഉപയോഗിക്കാൻ . അല്ലെങ്കിൽ പരിപ്പുകൾ എണ്ണയിൽ വേർതിരിയും . വട കൊളമാകും . നന്നായി വേണം ഉള്ളിയേ കൈകാര്യം ചെയ്യാൻ ( ഇത് ഒരു മുൻകരുതൽ ആണ് ).
ഇനി വേണേൽ വടക്കേ ഇന്ത്യയിലെ ദരിദ്രർ , റെയിൽ പാളത്തിലൂടെ പോയ തൊഴിലാളികൾ മുതൽ നോർത്ത് കൊറിയയുടെ കിം, ഛെ എന്നിവയെ ചേർത്ത് മേമ്പൊടിയായി കുറെ കൂടി ചുവന്ന പൗഡർ ചേർത്ത് നേരത്തെ പാകമാക്കിയ പരിപ്പിൽ ചേർത്ത് വെയ്ക്കുക .ഒരു മണിക്കൂർ കഴിയുമ്പോൾ നമ്മുടെ വടയ്ക്ക് വേണ്ട സാധനങ്ങൾ റെഡി ആയിട്ടുണ്ട് . സോറി ഞാൻ ഒരു കാര്യം വിട്ടു . നമ്മടെ സ്പ്രിംഗ്ളർ പാകത്തിൻവേണ്ടത് പോലെ ചേർക്കാൻ മറക്കരുത് .
ഇനിയാണ് നമ്മൾ വട ഉണ്ടാക്കാൻ പോകുന്നത്. കണ്ണൂരിലെ ബോംബ് പോലെ വലിയ വലിയ ഉണ്ടകൾ ആയല്ല വട ഉണ്ടാക്കേണ്ടത് എന്ന് ആദ്യമേ ശ്രദ്ധിക്കണം . നമ്മൾ തിളച്ചു കിടക്കുന്ന കേരളം എന്ന ചെറിയ കടായ് പാത്രത്തിലേക്ക് ചെറിയ ചെറിയ ഉരുളകൾ ആക്കി കൈകൊണ്ട് തട്ടി തടവി എണ്ണയിൽ ഇടണം . കൈ എന്നത് പ്രത്യേകം ശ്രദ്ധിക്കണം . എപ്പോഴും നമുക്ക് ശ്രദ്ധ വേണം . വട എന്നത് കൈയിൽ ഇരിക്കുന്നത് പോലെ ഇരിക്കും . നമ്മുടെ കൈ എപ്പോഴും ആ വടയിൽ വേണം. എങ്കിൽ മാത്രമേ വട ശരിയാകൂ എന്നതാണ് വട ശാസ്ത്രം . ചിലരൊക്കെ കൈ കൊണ്ട് വടയിൽ ആഞ്ഞടിക്കും .. നമ്മുടെ കയ്യിലാണ് വട ഇരിക്കുന്നത് .
കൈ നമ്മൾ എത്ര നന്നായി എടുത്താലും എണ്ണയിൽ വീണാൽ കൈ നമ്മൾ തിരിച്ചെടുക്കും . ചേരുവ നന്നായില്ല എങ്കിൽ പരിപ്പ് വടകൾ കോഞ്ഞാട്ട ആയി മാറും . അപ്പോഴും , ഇപ്പോഴും എപ്പോഴും അവർ കുറ്റം പറയുന്നത് കൈയോട് മാത്രം എന്നത് നമ്മൾ മറന്ന് പോകരുത് . അത് കൊണ്ട് കൈകൾ എന്നും പഴയത് പോലെ ശുദ്ധമായിരിക്കട്ടെ . അവർ തിളച്ച എണ്ണയിൽ എന്തെങ്കിലും കാണിച്ചാലും കുറ്റം നമുക്ക് തന്നെയാണ് . കൈകൾ കെട്ടിയിരിക്കട്ടെ . അവർ വടകൾ ഉണ്ടാക്കട്ടെ ..
ലാൽ സലാം