പെൺകുട്ടികളുടെ വിവാഹപ്രായ വിവാദം മുസ്ലീങ്ങൾ മാത്രമല്ല കുറ്റക്കാർ, ഇന്ത്യയിൽ ചിലയിടങ്ങളിൽ ഹിന്ദുക്കളിൽ ബാലവിവാഹം ഇന്നും തുടരുന്നു

42

Lali P M (അഭിനേത്രി)

ഹംപിയിലെ കോതണ്ഡരാമാ ക്ഷേത്രത്തിന് മുന്നിൽ നിൽക്കുമ്പോഴാണ് ഒരു പറ്റം ആൾക്കാർ പൂക്കളും താലപ്പൊലികളും ഒക്കെയായി വരിവരിയായി വരുന്നത് കണ്ടത് ഒപ്പം കുട്ടിത്തം വിട്ട് മാറാത്ത പത്തു വയസ് പോലും തോന്നാത്ത ഒരു പെൺകുട്ടിയെ വിവാഹ വസ്ത്രമൊക്കെ അണിയിച്ച് ഫാൻസിഡ്രസ് പോലെ അണിയിച്ചൊരുക്കിയിരുന്നു. അന്നവളുടെ കല്യാണമായിരുന്നു. വല്ലാത്ത വിഷമം തോന്നി അവളുടെ മുഖത്ത് നോക്കിയപ്പോൾ .എന്നാൽ അവൾക്കോ അവളുടെ കൂടെയുള്ളവർക്കോ അതൊരു പ്രശ്നമായി തോന്നിയില്ല.

സമകാലിക സമൂഹം ജാതി മത ഭേദമില്ലാതെ വിദ്യാഭ്യാസമോ വികസന മോ എത്തി നോക്കാത്തയിടങ്ങളിൽ എല്ലാം തന്നെ പെൺകുട്ടികളെ പ്രായപൂർത്തിയാകും മുന്നേ വിവാഹം കഴിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലെ പബ്ലിക് ട്രാൻസ്പോർട്ടുകളിൽ സഞ്ചരിക്കുമ്പോ ചെറിയ കുട്ടികൾ രണ്ടും മൂന്നും മക്കളെ കൊണ്ട് യാത്ര ചെയ്യുന്നതും കണ്ടിട്ടുണ്ട്.നമ്മുടെ രാഷ്ട്രപിതാവ് 21 വയസിൽ കല്യാണം കഴിച്ചത് 13 വയസുള്ള കസ്തൂർബ യെയാണ്.

വിവാഹപ്രായം 18 ആക്കിയതിന് ശേഷം കേരളത്തിലുണ്ടായ ആദ്യ കേസ് . മകളെ പ്രായപൂർത്തിയാവാതെ വിവാഹം കഴിപ്പിച്ചതിന് അന്നത്തെ മന്ത്രിയായ എം.പി ഗംഗാധരന് എതിരെയാണ്.ആശാ പൂർണാദേവിയുടെ നോവൽ ത്രയങ്ങളിൽ ‘പ്രഥമ പ്രതിശ്രുതി ‘ എന്ന നോവലിൻ്റെ പ്രതിപാദ്യം തന്നെ മകളെ കുട്ടിയായിരിക്കുമ്പഴേ വിവാഹം കഴിച്ച് വിടില്ല എന്ന ഭർത്താവ് നൽകിയ വാഗ്ദാന ലംഘനത്തെ പറ്റിയാണ്. തുടർന്ന് വന്ന 2 നോവലുകളും ആ വാഗ്ദാന ലംഘനത്തിൻ്റെ ബാക്കി പത്രങ്ങളാണ്.

ഇപ്പോൾ fb യിലുള്ള നാനാജാതി മതസ്ഥരുടെ മാതാപിതാക്കളും പൂർവ്വികരും നിയമത്തിൽ മുൻകാല പ്രാബല്യം വന്നാൽ അകത്തു പോകും. എൻ്റെ വാപ്പ ഉമ്മച്ചിയെ കല്യാണം കഴിച്ചത് 15 ആം വയസിലാണ്.എൻ്റെ കുട്ടികൾക്ക് 28ഉം 22 ഉം വയസാണ്. എൻ്റെ ഓർമ്മയിലെ വിടേയും എൻ്റെ നാട്ടിലോ കുടുംബത്തോ 20 വയസിന് മുൻപേ കല്യാണം കഴിഞ്ഞതായി അറിവില്ല.
പറഞ്ഞ് വന്നത് പെൺകുട്ടികളെ നേരത്തേ കല്യാണം കഴിച്ച് വിടുന്ന പതിവ് സമൂഹം പാട്രിയാർക്കൽ ആയതിൻ്റേം വിദ്യാഭ്യാസമില്ലാത്തതിൻ്റേം കുഴപ്പമാണ്. ‘പക്ഷേ എന്താന്നറിയില്ല നാല് കെട്ടിൻ്റേം മുത്തലാഖിൻ്റേം ഭാരം പുരുഷാധിപത്യ സമൂഹത്തിൻ്റെ തലയിൽ നിന്ന് ഇസ്ലാം സമൂഹത്തിന് ചാർത്തിക്കൊടുത്തത് പോലെ പെൺകുട്ടികളുടെ വിവാഹപ്രായവും മുസ്ലീങ്ങൾക്ക് പതിച്ച് നൽകാനാണ് ചിലർക്ക് താൽപര്യം.