മറ്റുള്ളവർക്ക് മുസ്ലീങ്ങളോട് മാത്രമല്ല, മുസ്ലിങ്ങൾക്ക് പലർക്കും സ്വയം തോന്നുന്ന വികാരം കൂടിയാണ് ഇസ്ലാമോഫോബിയ

933

Lali P M

റബ്ബും മമ്മൂട്ടിയുമായി നടന്ന നിലവിളക്ക് വിവാദത്തിൽ റബ്ബിന് വിളക്ക് കൊളുത്താൻ താത്പര്യമില്ലെങ്കിൽ അയാളുടെ വിശ്വാസത്തിന് വിടുന്നതാണു നല്ലതെന്ന് ഞാൻ പറഞ്ഞതിന്റെ പേരിൽ ഞാൻ ചിന്തിക്കുക പോലും ചെയ്യാത്ത എന്റെ മതത്തെ ചിലർ വലിച്ച് പുറത്തിട്ടു. അവസാനം എന്റെ നിലവിളക്ക് കൊളുത്തുന്ന ഒരു ഫോട്ടോ fb യിലിട്ട് എനിക്കെന്റ മതേതരത്വം തെളിയിക്കേണ്ടി വന്നു. അതൊരു ധർമ്മസങ്കടമാണ്. വിശ്വസിപ്പിക്കാൻ തെളിവ് കൊണ്ട് വരേണ്ടി വരിക.’ അപ്പോൾ വിശ്വസിപ്പിക്കാൻ കയ്യിലൊരു ഫോട്ടോയില്ലാത്ത ഒരാൾക്ക് വിശ്വാസികളെ ന്യായീകരിക്കാനാവില്ലേ? അങ്ങനെയുള്ളവർ എന്ത് ചെയ്യും.?

ഇപ്പോ തന്നെ നോക്കിയേ …. ഏതോ ഒരു മൗലവി ,മൊത്തം മുസ്ലിങ്ങളുടെ ഏജൻസിയൊന്നും ആരും ഏൽപ്പിച്ച് കൊടുക്കാത്ത ഒരാൾ ഓണത്തെപ്പറ്റി അയാളുടെ വിശ്വാസം പറഞ്ഞെന്നും വച്ച് fb യിലെ മുസ്ലിം നാമധാരികളുടെ, അല്ലെങ്കിൽ മുസ്ലിം ബാക്ക് ഗ്രൗണ്ടുള്ളവരുടെ ഗതികേട് കണ്ടോ? അവർക്ക് സ്വന്തം മതേതരത്വം സദ്യയുണ്ട ഇലയുടെയെങ്കിലും ഫോട്ടോയിട്ട് തെളിയിക്കേണ്ടി വരുന്നുണ്ട്. അവരതിൽ നോൺ വെജ് വിളമ്പി ബാലൻസ് ചെയ്യുന്നുണ്ട്. ഡിപ്ളോമാറ്റിക് എന്ന വാക്ക് ഒരു പ്രാവശ്യമെങ്കിലും ഉപയോഗിക്കുന്നുണ്ട്.

എന്നാലിതേ കാര്യം പറയുന്ന ക്രിസ്ത്യൻ പുരോഹിതന്റെ പേരിൽ ക്രിസ്തുമത വിശ്വാസികൾക്കോ ആ പുരോഹിതന്റെ സഭയിലുള്ളവർക്കോ പോലും ഉത്തരം പറയേണ്ടി വരുന്നില്ല. മതേതരത്തം തെളിയിക്കേണ്ടി വരുന്നില്ല. അവർ ശ്രദ്ധിക്കുന്നു പോലുമില്ല.

അങ്ങനെ മുസ്ലിങ്ങളെ അനുഭവിപ്പിക്കുന്ന ആ നിസ്സഹായതയുണ്ടല്ലോ, ആ അപകർഷതാ ബോധമുണ്ടല്ലോ, ആ സ്വയം തെളിയിക്കാനുള്ള ത്വരയുണ്ടല്ലോ അതിന്റെയും കൂടി പേരാണ് ഇസ്ലാമോഫോബിയ.

അത് മറ്റ് മതക്കാർക്കോ രാജ്യക്കാർക്കോ മുസ്ലിങ്ങളോട് തോന്നുന്ന വികാരം മാത്രമല്ല, മുസ്ലിങ്ങൾക്ക് പലർക്കും സ്വയം തോന്നുന്ന വികാരം കൂടിയാണ്.