“കെയർ ടേക്കറുടെ കെയർ ? “

0
255

Lalitha Nambiar

“കെയർ ടേക്കറുടെ കെയർ ? “

കഴിഞ്ഞ ദിവസം ടിവിയിൽ വന്ന ഒരു വാർത്തയാണ് തളർവാതം ബാധിച്ച ഒരു കിടപ്പ് രോഗിയെ ഭാര്യയും മക്കളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നു😩. വളരെ അസ്വസ്ഥതയുണ്ടാക്കിയ വാർത്തയാണത്. . കേൾക്കുന്ന നമ്മൾ ഒരു വശം മാത്രം ചിന്തിക്കും. അവരെ ശപിക്കും. പക്ഷെ അനേകം കിടപ്പുരോഗികളുടെ ഭാര്യമാരും , കുട്ടികളുടെ അമ്മമാരും നമ്മുടെ നാട്ടിലുണ്ട്. അതിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണ് അധികവും. സാമ്പത്തിക ശേഷിയുള്ളവർ ആധുനിക സൗകര്യങ്ങളുള്ള വൃദ്ധ സദനങ്ങളിൽ കൊണ്ട് ആക്കും. അല്ലെങ്കിൽ ഹോം നഴ്സിനെ വക്കും. അന്നന്ന് ചിലവിന് കൂലിവേലക്ക് പോകുന്നവർ എന്ത് ചെയ്യും.😢 അരയിൽ താഴെ തളർന്നവർ,ജീവിതം മുഴുവനും വീൽ ചെയറിൽ ഇരിക്കേണ്ടി വരുന്നവർ , അൾഷീമേഴ് ബാധിച്ച് അത് തിരിച്ചറിയാൻ പോലും കഴിയാത്തവർ…. ജീവിതകാലം മുഴുവനും അവരെ പരിചരിക്കേണ്ടി വരുന്ന ഇവരും മനുഷ്യരല്ലെ?. അവരുടെയും വികാരങ്ങൾ സാധാരണ മനുഷ്യന്റേതല്ലെ?. ചിലപ്പോൾ ആരും തന്നെ അവർക്ക് ഒന്ന് മനസ്സ് തുറക്കാനുണ്ടാവില്ല. അവരുടെ ആരോഗ്യം പോലും ശ്രദ്ധിക്കാൻ സമയം കാണില്ല.

പുറത്ത് നിന്ന് കുറ്റം പറയാനെ ആൾക്കാർ കാണൂ. ഒരു കൈത്താങ്ങ് ആ സമയം വളരെ പ്രാധാന്യ മർഹിക്കുന്നതാണ്.’ കെയർ ടേക്കറുടെ കെയർ’ എന്നതിനെ കുറിച്ച് ഇപ്പോൾ മെഡിക്കൽ ഫീൾഡിൽ ഉയർന്ന് വരുന്നുണ്ട്. ദിവസവും ഒരേ ജോലികൾ ചെയ്ത് മനം മടുത്തവരും.. രോഗിയെ വിട്ടിട്ട് പുറത്തെങ്ങും പോകാൻ പോലും കഴിയാത്തവർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ ചില്ലറയല്ല. ഇവർ പലവിധ പിരിമുറുക്കങ്ങളിലും ഉത്കണ്ഠയിലും കഠിനമായ വിഷാദത്തിലേക്കും പോകുന്നു. വർഷങ്ങളോളം ചികിത്സിച്ചിരുന്നവരുടെ മരണം ചിലപ്പോൾ ഇവരെ മാനസിക വിഭ്രാന്തിയിലേക്ക് വരെ എത്തിക്കുന്നു.

ഇത്തരം വാർത്തകൾ ടിവിൽ ദിനം തോറും വരുന്നുണ്ട്. നമ്മൾ കേൾക്കുന്നു. മറക്കുന്നു. കാരണം ഇതൊന്നും നമ്മെ ബാധിക്കുന്നില്ലല്ലൊ എന്നാണ്. എന്നാൽ മറ്റ് പല വാർത്തകളും നമ്മൾ ആഘോഷമാക്കും. സമൂഹത്തിൽ ജീവിക്കുന്ന നമ്മുടെ എല്ലാവരുടെയും കടമയാണ് സഹജീവികളോട് സഹതപിക്കുക എന്നത്. സദാചാരം മാത്രം നോക്കലല്ല. എന്നാൽ ചില നല്ല മനുഷ്യരും അനേകം സന്നദ്ധ സംഘടനകളും ഉണ്ടെങ്കിലും ഭൂരിഭാഗം വരുന്ന താഴെക്കിടയിലുള്ള ആൾക്കാരുടെ ശരിയായ പ്രശ്നം ആരും കാര്യമായെടുക്കുന്നില്ല. ഇത്തരം കുടുംബങ്ങളെയും ആൾക്കാരെയും സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ ശക്തമാക്കണം. അതാത് പഞ്ചായത്തിന് ആ ചുമതല കൊടുക്കണം. തിരഞ്ഞെടുത്ത ജനപ്രതിനിധികൾ അതാത് മണ്ഡലങ്ങളിലെ പ്ര ശ്നങ്ങളും അവിടെ ജീവിക്കുന്നവരുടെ മാനസിക പ്രശ്നങ്ങളും പഠിക്കണം അവർക്ക് വേണ്ട മാനസിക പിന്തുണ കൊടുക്കണം.

ഇപ്പോൾ പാലിയേറ്റീവ് കെയർ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി വരുന്നു. എന്നാലും എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.? എത്രമാത്രം മാനസിക പിരിമുറുക്ക വും സംഘർഷവും ആവും അവരെ അങ്ങനെ ഒരു സാഹചര്യത്തിലെത്തിച്ചത്..?. വളരെയധികം ഞെട്ടിച്ച സംഭവമാണിത്.😢
നമ്മുടെ നിയമ സംവിധാനങ്ങൾ കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ മാത്രമാണ്. കുറ്റം ചെയ്ത സാഹചര്യവും പുനരധിവാസവും ആരും കണക്കിലെടുക്കുന്നില്ല.