15 മുതൽ 29 വരെയുള്ളവരിൽ മരണത്തിന്റെ രണ്ടാമത്തെ കാരണം ആത്മഹത്യ

0
305

ഇന്ന് ലോക ആത്മഹത്യ വിരുദ്ധ ദിനം.
(World suicide prevention day )

എഴുതിയത് : Lalitha Nambiar 

ഓരോ 40 സെക്കന്റിലും ലോകത്ത് ഒരാൾ വീതം ആത്മ ഹത്യ ചെയ്യുന്നു എന്നതാണ് 2015 അനുസരിച്ച് ലോകാരോഗ്യ സംഘടനയൂടെ കണക്ക്. (ഏകദേശം 8 ലക്ഷം പേർ ഒരു വർഷം.) അതിൽ 17% ഇന്ത്യയിലാണ് എന്ന് കണക്കാക്കപ്പെടുന്നു. അതിൽ കേരളം മുൻപന്തിയിലാണ്. എന്നാൽ അടുത്തിടെ നടത്തിയ കണക്കനുസരിച്ച് അതിൽ കുറച്ച് കുറവ് വന്നിട്ടുണ്ട് എന്നത് ആശ്വാസമാണ്. എന്നാലും കൗമാരക്കാരിലും യുവാക്കളിലുമുള്ള ആത്മഹത്യ കൂടി വരുന്നു. 15 മുതൽ 29 വരെയുള്ളവരിൽ മരണത്തിന്റെ രണ്ടാമത്തെ കാരണം ആത്മഹത്യയാണ്.

സംഘർഷങ്ങളും പ്രതിസന്ധികളും ഇല്ലാത്തവരാരുമില്ല.
സാങ്കേതിക വിദ്യകൾ കയ്യടക്കിയിരിക്കുന്ന ഈ ആധുനിക യുഗത്തിൽ സംഘർഷങ്ങൾ ഒഴിവാക്കാൻ പറ്റില്ല. അതിനൊടൊപ്പം പൊരുത്തപ്പെട്ട് പോകാനാണ് ശ്രമിക്കേണ്ടത്. സംഘർഷങ്ങളെ പലരും പലവിധത്തിലാണ് നേരിടുക. ചിലരുടെ സംഘർഷം ചിലർക്ക് വെല്ലുവിളിയാവാം. ഒരാൾ എങ്ങനെയാണ് പ്രശ്നങ്ങളെ നോക്കിക്കാണുന്നത് എന്നും അയാളുടെ അതനുസരിച്ചുള്ള പ്രതികരണവും ഓരൊവ്യക്തിയിലും വ്യത്യസ്തമാണ്. പ്രതി സന്ധികളിൽ തണലിന് കൂടെ ആളുണ്ടെങ്കിൽ അവരുടെ സംഘർഷാവസ്ഥയെ ലഘൂകരിക്കാൻ പറ്റും. അല്ലെങ്കിൽ അവർ അടുത്തിടപഴകുന്നവരുമായി പങ്കിടണം. നല്ല കുടുംബ ബന്ധവും, സാമൂഹിക ചുറ്റുപാടും, പോസിറ്റീവ് ചിന്തയുമുള്ളവരിൽ ആത്മഹത്യ പ്രവണത കുറവായിരിക്കും. പലർക്കും അങ്ങനെ കഴിയാതെ വരുമ്പോഴാണ് ജീവിതം വഴിമുട്ടുന്നതും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതും. സർക്കാരുകളുടെ ചില തെറ്റായ തീരുമാനങ്ങളും നയങ്ങളും ചിലരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. അതിലൊന്നാണ് കർഷകരുടെ ആത്മഹത്യ.

കൗമാരക്കാരിൽ പെട്ടെന്നുണ്ടാവുന്ന വികാര വിക്ഷോഭം ആത്മഹത്യക്ക് കാരണമാകുന്നു. കൂട്ടു കുടുംബത്തിൽ നിന്ന് അണുകൂടുംബത്തിലേക്കുള്ള മാറ്റവും ,തിരക്കേറിയ മാതാ പിതാക്കളും ,വിരൾതുമ്പിലെ സാങ്കേതികതയും ,കുട്ടികളുടെ മനശ്ശാസ്ത്രത്തെ കുറിച്ച് അടിസ്ഥാന വിവരം പോലുമില്ലാത്ത അധ്യാപകരും അവരെ ശരിയായ ദിശ പഠിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. സ്കൂൾ തലങ്ങൾ മുതൽ കുട്ടികളിൽ ബോധവത്കരണവും വെല്ലുവിളികളെ നേരിടാനും ,സ്വയം ചിന്തിക്കാനും പ്രാപ്തരാക്കണം.(Life skills) ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് തിരിച്ചറിവുണ്ടാക്കണം. ഈ വർഷത്തെ ലോകാരോഗ്യ സംഘടനയുടെ ആത്മ ഹത്യ വിരുദ്ധ തീം ആണ് ” 40 seconds of action”. അതിനായ് കൂട്ടായ് പ്രവർത്തിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയൂം കടമയാണ്.

Advertisements