കീമൊതെറാപ്പി: (CHEMOTHERAPY) പാർശ്വഫലങ്ങളും പരിഹാരവും

0
184

ലളിതാ നമ്പ്യാർ

കീമൊതെറാപ്പി: (CHEMOTHERAPY) പാർശ്വഫലങ്ങളും പരിഹാരവും

കീമോ തെറാപ്പിയെ പറ്റി വളരെയധികം സംശയങ്ങളും മിഥ്യാ ധാരണകളും രോഗികൾക്കിടയിലും ബന്ധുക്കൾക്കുമുണ്ട്. അത് ഈ മരുന്നുകളുടെ പാർശ്വ ഫലങ്ങൾ ഭയന്നാണ്. എന്നാൽ ഈ പാർശ്വ ഫലങ്ങളെല്ലാം താല്ക്കാലികമാണ്. ഇത് ഭയന്ന് ആരും ഇടക്ക് ചികിത്സ നിർത്തരുത്. നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർ എല്ലാ വശങ്ങളും നോക്കിയിട്ടെ നിങ്ങൽക്ക് കീമൊ തെറാപ്പി തരികയുള്ളൂ.

കീമൊ തെറാപ്പി (Chemotherapy ) _കീമൊ -എന്നാൽ രാസ വസ്തു.(chemicals )..തെറാപ്പി (therapy)എന്നാൽ ചികിത്സ. അതായത് രാസ വസ്തു( മരുന്നുകൾ) കൊണ്ടുള്ള ചികിത്സ. ഏത് രോഗത്തിനും മരുന്നു കൊണ്ടുള്ള ചികിത്സ കീമോ തെറാപ്പിയാണ്. എന്നാൽ സാധാരണയായി കീമോ തെറാപ്പി യെന്ന് പൊതുവെ കാൻസറിന് കൊടുക്കന്ന മരുന്നുകൾക്കാണ് പറയുന്നത്. ശരിക്കും കാൻസർ കീമോ തെറാപ്പിയെന്നാണ് പറയേണ്ടത്.

പാർശ്വ ഫലങ്ങളാണ് ഈ ചികിത്സയുടെ ഒരു മോശം വശം. എന്നാൽ പാർശ്വ ഫലങ്ങളില്ലാതെ ഒരു മരുന്നും ഇതുവരെ കണ്ട് പിടിച്ചിട്ടില്ല. അതിന്റെ ഗവേഷണത്തിലാണ്. എന്നാൽ പാർശ്വ ഫലങ്ങൾ കുറക്കാൻ അനേകം ഫലപ്രദമായ മാർഗ്ഗങ്ങൾ ഇപ്പോഴുണ്ട്. കീമൊ തെറാപ്പി തുടങ്ങുന്നതിന് മുന്പ് തന്നെ ചികിത്സയെ കുറിച്ച് ഒരു അവബോധം അത് എടുക്കുന്നവർക്ക് വേണം.

ആർക്കെല്ലാം കൊടുക്കാം?

വിവിധ തരത്തിലുള്ള രക്താർബ്ബുദങ്ങൾ , ലിംഫോമാസ് വിവിധ തരം , മയലോമ , സാർക്കോമാസ് ഇവയെ നമുക്ക് ഓപ്പറേഷൻ ചെയ്തോ ,റേഡിയേഷൻ മാത്രം കൊടുത്തോ പൂർണ്ണമായും മാറ്റാൻ പറ്റില്ല. മരുന്നുകളാവുമ്പോൾ ശരീരത്തിൽ മൊത്തം വ്യാപിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു. ഓപ്പറേഷനും റേഡിയോ തെറാപ്പിയും ലോക്കൾ ചികിത്സകളാണ്. അത് ശരീരത്തിന്റെ ഏതെങ്കിലും പ്രത്യേക ഭാഗങ്ങളിലായി മാത്രമെ കൊടുക്കാൻ പറ്റൂ.

കൂടാതെ ചില കാൻസർ ട്യൂമറുകൾ മാറ്റി കഴിഞ്ഞാലും ബാക്കി എവിടെയെങ്കിലും ചില കോശങ്ങൾ കിടപ്പുണ്ടോ എന്നറിയില്ല. അവ എക്സ്റേയിലോ , സ്കാനിലോ പതിയില്ല. പക്ഷെ വർഷങ്ങൾക്ക് ശേഷം വീണ്ടും അവ വളരാൻ സാധ്യതയുണ്ട്. (ഉദാഹരണം സ്തന കാൻസർ) അങ്ങനെയുള്ളവർക്കും കൊടുക്കും. പിന്നെ ചില കാൻസറുകൾ ആദ്യത്തെ സ്റ്റേജ് കടന്ന് വലിയ മുഴകളായാൽ അവർക്ക് ആദ്യം കീമോ തെറാപ്പി കൊടുത്ത് അതിന്റെ വലിപ്പം കുറച്ചിട്ട് ഓപ്പറേഷൻ ചെയ്യും. ഏന്നാൽ ചില കാൻസർ മുഴകൾ വളരെ വലുതായി മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചാൽ പിന്നെ ഓപ്പറേഷൻ ചെയ്തിട്ട് കാര്യമില്ല. അങ്ങനെയുള്ളവർക്ക് രോഗത്തെ നിയന്ത്രിച്ച് കൊണ്ട് പോകുന്നതിന് കീമോ തെറാപ്പി കൊടുക്കും. അതുകൊണ്ട് ഒരേ അവയവത്തിൽ കാൻസറുള്ളവരായാലും ആ വ്യക്തിയുടെ കാൻസറിന്റെ സ്റ്റേജ് അനുസരിച്ചാവും തീരുമാനിക്കുക. അതുകൊണ്ടാണ് പറയുന്നത്. മറ്റൊരാളുമായി താരതമ്യം ചെയ്യരുതെന്ന്. നിങ്ങൾക്ക് ഉചിതമായ ചികിത്സ നിങ്ങളുടെ ഡോക്ടർ തീരുമാനിക്കൂം.

എന്ത് കൊണ്ട് പാർശ്വ ഫലങ്ങൾ..?

മരുന്നുകൾ കൊടുക്കുന്നത് തന്നെ കാൻസർ കോശങ്ങളെ നശിപ്പിക്കാനാണ്. അപ്പോ ഈ മരുന്ന് ശരീരത്തിലെത്തി കാൻസർ കോശങ്ങളെ കൊല്ലുന്നു. എന്നാൽ അതിന്റെ കൂടെ നമ്മുടെ സാധാരണ കോശങ്ങളും നശിപ്പിക്കപ്പെടുന്നു. പക്ഷെ സാധാരണ കോശങ്ങൾ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ കാൻസർ കോശങ്ങൾ ഒരിക്കൽ നശിച്ചാൽ പിന്നെ ജനിക്കൂല. അങ്ങനെ ഘട്ടം ഘട്ട മായാണ് നമ്മൾ ഈ കാൻസർ കോശങ്ങളെ ഓരോ സൈക്കിൾ കീമോ തെറാപ്പിയിലൂടെയും കൊല്ലുന്നത്. എല്ലാ കോശങ്ങളെയും ഒരുമിച്ച് മരുന്ന് കൊടുത്ത് കൊല്ലാൻ പറ്റില്ല. കാരണം ഇത്രയും മരുന്ന് ഒരുമിച്ച് താങ്ങാനൂള്ള ശേഷി ഒരാളുടെ ശരീരത്തിന് ഉണ്ടാവില്ല. സാധാരണ കോശങ്ങൽ വീണ്ടും രൂപം കൊള്ളുന്നതിന് പത്ത് ദിവസം വരെ സമയം എടുക്കും. അതുകൊണ്ടാണ് കീമോ കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ രക്താണുക്കളുടെ എണ്ണം കുറയുന്നതും കൗണ്ട് കുറയുന്നതും. അതുകൊണ്ട് തന്നെയാണ് ഓരോ സൈക്കിൽ കീമോ തെറാപ്പിയിലും ഇടക്ക് ഗ്യാപ് കൊടുക്കുന്നത്. ഈ ഗ്യാപിനുള്ളിൽ കോശങ്ങൾ സാധാരണ നിലയിലാവുകയും അടുത്ത കോഴ്സ് തുടങ്ങുകയും ചെയ്യാം. ചിലർക്ക് ചിലപ്പോ കൂടുതൽ സമയം എടുക്കും നോർമലിലേക്ക് വരാൻ. എന്തായാലും സാധാരണ നിലയിൽ കൗണ്ട് വന്നാൽ മാത്രമെ അടുത്ത സൈക്കിൽ കീമോ കൊടുക്കുകയുള്ളൂ.

ഈ കൊടുക്കുന്ന മരുന്നുകളെല്ലാം തന്നെ നമ്മുടെ കിഡ്നിയിലും കരളിലൂം കൂടിയാണ് പുറത്ത് പോകുന്നത്. അതുകൊണ്ട് കീമൊ കൊടുക്കുന്നതിന് മുന്പ് ഇവയുടെ പ്രവർത്തന ക്ഷമതയും രക്ത പരിശോധനയിലൂടെ ചെക് ചെയ്യും. . ആയതിനാൽ കീമോ തെറാപ്പിയുടെ സമയത്ത് ധാരാളം വെള്ളം കുടിക്കണം. അത് വിഷ വസ്തുക്കളെ പുറം തള്ളപ്പെടാൻ സഹായിക്കും .

ഓരോ വ്യക്തിയുടേയും ഏത് തരം കാൻസറാണെന്നും അത് ഏത് ഘട്ടമാണെന്നും അവരുടെ ആരോഗ്യം, പ്രായം, മറ്റ് രോഗങ്ങൾ ( കരൾ, ഹൃദയം ,വൃക്കകൾ ) തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് ഡോക്ടർ മരുന്നുകൾ തീരുമാനിക്കുക. രോഗിയുടെ ഭാരവും നീളവും കണക്കിലാക്കിയാണ് മരുന്നിന്റെ അളവ് ( ഡോസ് ) തീരുമാനിക്കുന്നത്. മരുന്നിന്റെ പ്രവർത്തനം ഓരോ രോഗികളിലും വ്യത്യാസ്ഥമാവും. അതുകൊണ്ട് ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യരുത്.

കീമോ തെറാപ്പി ഗുളിക രൂപത്തിലും ഇഞ്ചക്ഷൻ രൂപത്തിലും തലച്ചൊറിനുള്ളിലും ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ അറകളിലേക്കും കൊടുക്കും. സാധാരണ ഒരു സൈക്കിൾ 21 ദിവസം ഇടവിട്ടാണെങ്കിലും ചിലപ്പോ ആഴ്ചതോറും കൊടുക്കും. ചിലപ്പോ ഓരോ സൈക്കിളും തുടർച്ചയായി നാല് ദിവസം വരെയും ചിലപ്പോൾ ഒരു ദിവസം മാത്രം വരെയും കൊടുക്കും. അതെല്ലാം രോഗ രീതിയനുസരിച്ച് ഡോക്ടർ തീരുമാനിക്കും.

പാർശ്വ ഫലങ്ങൾ:

1 .ഓക്കാനവും ഛർദ്ദിയും

നമ്മുടെ ദഹന പ്രക്രിയ നടക്കുന്ന അവയവങ്ങളിലെ ( Digestive system )കോശങ്ങളുടെ ആവരണം ( Mucous membrane ) വേഗം നശിക്കുന്നു. അവ വളരെ വേഗം വിഭജിക്കുന്നവയായതുകൊണ്ട് മരുന്ന് വേഗം പ്രവർത്തിക്കുന്നു . അതുകൊണ്ടാണ് ഛർദ്ദിയുണ്ടാവുന്നത്.

പരിഹാരം :

ഇപ്പോൽ ഫലപ്രദമായ മരുന്നുകൾ ഛർദ്ദിക്ക് എതിരായി വന്നിട്ടുണ്ട് . ഈ മരുന്ന് കയറ്റി അരമണിക്കൂർ കഴിഞ്ഞിട്ടാണ് കീമോയുടെ മരുന്നുകൾ കൊടുക്കുക . അതുകൊണ്ട് ഒരു പരിധിവരെ ഇതിന് ഫലപ്രദമായ പരിഹാരം കണ്ടിട്ടുണ്ട് . കൂടാതെ കീമൊതെറാപ്പി എടുത്ത് കഴിഞ്ഞ് മൂന്ന് ദിവസം ഈ മരുന്ന് കഴിക്കണം . അഥവാ കൂടുതൽ തോന്നുകയാണെങ്കിൽ ഈ മരുന്നിന്റെ ഇഞ്ചക്ഷനും ഉണ്ട് . അതുകൊണ്ട് ഇപ്പോൾ പണ്ടത്തെപോലെ രോഗികൾ ഛർദ്ദിയെ ഭയപ്പെടാറില്ല
.
ആഹാര രീതികൾ:

  • കീമൊ തെറാപ്പിക്ക് ഒരുമണിക്കൂർ മുൻപ് ആഹാരം കഴിക്കുക
  • ഛർദ്ദിയും ഓക്കാനവും ഉണ്ടാക്കുന്ന മണവും അന്തരീക്ഷവും ഒഴിവാക്കുക
  • സന്തോഷകാര്യങ്ങളിൽ ശ്രദ്ധ കേന്ത്രീകരിക്കുക
  • എന്തെങ്കിലും പുളിയുള്ളതൊ മധുരമുള്ള കാൻഡിയൊ നുണയാം
  • ഇങ്ങനെ തോന്നുന്ന സമയങ്ങളിൽ സുഖമായുള്ള ഒരു ഉറക്കം നല്ലതാണ് .
  • ഒരുമിച്ച് വയറുനിറയെ കഴിക്കാതെ കുറെശ്ശെയായി കൂടുതൽ സമയ പരിധിയിൽ ഭക്ഷണം കഴിക്കുക.
  • ഭക്ഷണം നിർബ്ബന്ധപൂർവ്വം കഴിക്കരുത്
  • കഴിക്കുന്ന ആഹാരം പോഷകമൂല്യങ്ങളുള്ളതാക്കണം

2 വായിലെ പോള്ളൽ

കീമൊതെറാപ്പിയുടെ സമയത്ത് വായിലെ തൊലി പോയി ചുവപ്പു നിറവും ആഹാരം കഴിക്കുമ്പോൾ നീറ്റലും അനുഭവപ്പെടാറുണ്ട്. ഇത് എല്ലാവർക്കും ഉണ്ടാവില്ല . ചില മരുന്നുകൾക്ക് മാത്രം .
അങ്ങനെയുള്ളവർ
* അധികം മസാലയും എരിവും കലർന്ന ഭക്ഷണം ഒഴിവാക്കണം
* ധാരാളം വെള്ളം കുടിക്കണം
* മാംസ്യങ്ങളും പച്ചക്കറികളും ആവിയിൽ വേവിച്ച് കഴിക്കാം.
* വായ വൃത്തിയായി സൂക്ഷിക്കണം
* ഈ സമയത്ത് പരുക്കൻ ടൂത്ത് ബ്രഷ്കൊണ്ട് പല്ല് തേക്കാൻ പാടില്ല.
* ചൂടുള്ള പാനീയങ്ങളും ആഹാരവും ഒഴിവാക്കാം
* ഇടക്ക് ഉപ്പുവെള്ളംകൊണ്ട് വായ കഴുകുന്നത് നല്ലതാണ് .

  1. വയറിളക്കം

ഇതും വൻകുടലിലെ തൊലികൾ നശിക്കുന്നതുകൊണ്ടും അണുബാധമൂലവും ഉണ്ടാവുന്നു.
ഇത് ശ്രദ്ധിക്കണം .
* ധാരാളം വെള്ളം കുടിക്കുക
* ആപ്പിൽ പഴം തുടങ്ങിയ ഫലങ്ങൾ കഴിക്കാം
* കഞ്ഞിവെള്ളം ഉപ്പിട്ടിട്ട് കുടിക്കാം
* നാരുകൾ കുറഞ്ഞ ഭക്ഷണം ഈ സമയത്ത് കഴിക്കണം
* ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ നോക്കണം
* കൂടുതലായാൽ ഡോക്ടറെ സമീപിക്കണം
* അണുബാധയുണ്ടോന്നറിയാൻ മലപരിശോധന നടത്തണം.
* മസാലയും വറുത്തതുമായ ഭക്ഷണം ഒഴിവാക്കണം .
* വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കണം

  1. മുടികൊഴിച്ചിൽ

വളരെ നിസ്സാരമായ ഒരു പാർശ്വഫലവും തിരിച്ച് മുടി പൂർണ്ണമായും വരാനും സാധ്യതയുള്ള ഒന്നാണിത് . എന്നാൽ രോഗി ഏറ്റവും കൂടുതൽ ഭയക്കുന്നത് ഇതാണ് . കാരണം സമൂഹത്തിൽ അവരുടെ സ്ഥാനവും ബോഡി ഇമേജിനെ കുറിച്ചുള്ള ചിന്തയും അവരെ അലട്ടുന്നു . എല്ലാമരുന്നുകൾക്കും മുടികൊഴിച്ചിൽ ഉണ്ടാവുന്നില്ല . അങ്ങനെ പ്രതീക്ഷിക്കുന്നവർ മുടി നേരത്തെ എടുത്തുകളയാം . അനുയോജ്യമായ ഒറിജിനൽ എന്ന് തോന്നുന്ന വിഗ്ഗ് ലഭ്യമാണ് .
നല്ലമുടി കീമൊതെറാപ്പിക്ക് ശേഷം തിരിച്ച് വരാറുണ്ട് . അതുകൊണ്ട് ഇതിനെ ഭയക്കേണ്ട കാര്യം ഇല്ല
.
5. അണുബാധ

സാധാരണകൊശങ്ങളും നശിക്കുന്നതുകൊണ്ട് പ്രതിരോധ ശക്തി തരുന്ന ശ്വേത രക്താണുക്കൾ നശിക്കുന്നതുമൂലം ഇത് സംഭവിക്കുന്നു
* ഈ സമയത്ത് അണുബാധയുള്ള മറ്റ് രോഗികളുടെ അടുത്ത് പോകരുത്
* പൊടിപടലങ്ങളിലും പുറത്തും പോകരുത്
* മാസ്ക് ധരിക്കാം
* പോഷകാഹാരവും വെള്ളവും വേണ്ടവിധം കഴിക്കണം
* വേവിക്കാത്ത ഭക്ഷണസാധനങ്ങ്ൾ ഒഴിവാക്കണം
* വീട്ടിൽ പാചകം ചെയ്തത് മാത്രം കഴിക്കുക. വിറ്റമിൻ സി. അടങ്ങിയ ഭ്ഷണങ്ങൾ കഴിക്കണം.
* പനിവന്നാൽ രക്തത്തിന്റെ കൗണ്ട് നോക്കണം . ഉടനെ ഡോക്ടറുടെ ഉപദേശം തേടണം
ആന്റിബയോട്ടിക്കുകൾ ആവശ്യം വരും
തീരെ കുറഞ്ഞാൽ അത് കൂട്ടാനുള്ള ഇഞ്ചക്ഷൻ ഉണ്ട് 4000 മുതൽ 10, 000 വരെയാണ് സാധാരണ അളവ് .

6 . രക്തക്കുറവ്( Anaemia)

ഇതും ചുവന്ന രക്താണുക്കളുടെ നാശംകൊണ്ടാണ് . ഇതിനും
* പോഷകമൂല്യമുള്ളതുംഇരമ്പ് സത്തടങ്ങിയതുമായ ഭക്ഷണം കഴിക്കണം
* ഇലക്കറികൾ വേവിച്ചത് , മുരിങ്ങയില വളരെ നല്ലതാണ് . രക്തം തീരെ കുറവായവർക്ക് ചിലപ്പോൽ രക്തം കയറ്റേണ്ടതായി വരുന്നു .

7 . രക്തസ്രാവം

പ്ളേറ്റിലെറ്റിന്റെ ( platelets ) കുറവുകൊണ്ട് ഇത് സംഭവിക്കുന്നു . ആദ്യം കാണുന്നത് ത്വക്കിലാവും രക്തം കട്ട കെട്ടിയ പാട് . മൂർച്ഛിച്ചാൽ ആന്തരിക അവയവങ്ങളിലും രക്തസ്രാവം ഉണ്ടാകാം . ഇതിന്റെ അളവ് പരിശോധിക്കണം . ഒരു ലക്ഷം .മുതൽ മൂന്ന് ലക്ഷം ആണ് സാധാരണ അളവ് . 50,000ൽ താഴെയായാൽ അപകടമാണ് പ്ളേറ്റ്ലറ്റ് കുത്തിവക്കേണ്ടിവരും . ഈ സമയത്ത് ശരീരത്തിന്
* അമിത വ്യായാമമൊ മുറിവ് ഉണ്ടാവുന്ന ഏതെങ്കിലും രീതിയിലുള്ള പ്രവർത്തിയിലൊ ഏർപ്പെടാൻ പാടില്ല . കാരണം രക്ത സ്രാവം നിൽക്കില്ല .
* പല്ല് സൂക്ഷിച്ച് തേക്കണം . എന്തെങ്കിലും അപകട സൂചനകണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം .

8 . ക്ഷീണവും വിശപ്പില്ലായ്മയും

സ്ഥിരം കണ്ടു വരുന്ന ഓന്നാണ് . ആരോഗ്യം കുറഞ്ഞ രോഗികളിൽ ഇത് കൂടുതലാണ്. ധാരാളം വെള്ളം കുടിക്കുക., പോഷകാഹാരം ,ആവശ്യമായ ഉറക്കം വിശ്രമം ഇതെല്ലാം വേണം .

9 . ലൈംഗിക പ്രശ്നങ്ങൾ

ലൈംഗിക താല്പര്യ കുറവ്, ക്ഷീണം , എന്നിങ്ങനെ പല പ്രശ്നങ്ങളും നേരിടുന്നുണ്ട് . ദമ്പതികളെ പറഞ്ഞു മനസ്സിലാക്കി സൈക്കോളജിക്കൽ കൗൻസിലിംഗ് കൊടുക്കാം . ഇതെല്ലാം താല്ക്കാലികം ആവാം . എന്നാൽ ചിലപ്പോൽ സ്ഥിരമായ പ്രശ്നങ്ങളും വരാം . അതാത് രോഗികളുടെ പ്രശ്നങ്ങളനുസരിച്ച് പരിഹാരം കാണാനുള്ള എല്ലാവിധ സംവിധാനവും ഇപ്പോൾ ലഭ്യമാണ് . കീമൊതെറാപ്പിയുടെ സമയത്ത് ഗർഭിണികളാവാൻ പാടില്ല . ഗർഭിണികൾക്ക് കീമൊ കൊടുക്കകുകയുമില്ല . കീമൊ കഴിഞ്ഞാലും രണ്ട് വർഷത്തേക്ക് ഗർഭിണി ആവാതിരിക്കുന്നതാണ് കുട്ടിക്ക് നല്ലത്

ഈ പറഞ്ഞ പാർശ്വഫലങ്ങൾ എല്ലാം എല്ലാവർക്കും വരണമെന്നില്ല . ചിലർക്ക് കൂടിയും ചിലർക്ക് കുറഞ്ഞും ആവാം.

(പൊതുജന താല്പര്യാർത്ഥം )

Advertisements