ജിമ്മിലും ബ്യൂട്ടി പാർലറിലും പോയി ശരീരവും സൗന്ദര്യവും സംരക്ഷിക്കുന്നവർ മാനസികാരോഗ്യം സംരക്ഷിക്കാൻ എന്തുചെയ്യുന്നു ?

246

എഴുതിയത് : Lalitha Nambiar

ഒക്ടോബർ 10 .
ഇന്ന് ലോക മാനസികാരോഗ്യ ദിനം.

എന്താണ് മാനസിക ആരോഗ്യം?

ഒരു വ്യക്തി സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് സാധാരണ ജീവിത ക്ളേശങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവും , ചുറ്റുപാടുകൾക്കനുസരിച്ച് തന്റെ വൈകാരിക ചിന്തകളെ നിയന്ത്രിച്ച് കൊണ്ടുപോകാനും ശരിയായ രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും ഉൾക്കൊള്ളാനുമുള്ള അവസ്ഥയെയാണ് മാനസികമായ ആരോഗ്യമുള്ള ഒരാളെന്ന് നാം പറയുക.

നമ്മുടെ ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനും മറ്റും നമ്മൾ ജിമ്മിൽ പോവുകയും പല തരത്തിലുള്ള സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ മനസ്സിന്റെ ആരോഗ്യം നിലനിർത്താൻ എത്രപേർ ശ്രദ്ധിക്കാറുണ്ട്.? ഇന്നത്തെ ജീവിത സാഹചര്യവും സാങ്കേതിക വിദ്യകളും മനുഷ്യന് അനേകം പിരിമുറുക്കങ്ങൾ ശൃഷ്ടിക്കുന്നവയാണ്. വലിയ കോടീശ്വരന്മാർ തന്നെ തങ്ങളുടെ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനാവാതെ ആത്മഹത്യയിലേക്ക് വഴുതി വീഴുന്നത് നാം കാണുന്നു. എങ്ങനെ അതിനെ തരണം ചെയ്ത് സംഘർഷ മില്ലാതെ മുന്നോട്ട് പോകാം എന്നാണ് നാം ചിന്തിക്കേണ്ടത്.

മാനസിക രോഗത്തിന്റെ കാരണങ്ങൾ ചെറിയൊരു പങ്ക് പാരമ്പര്യവും ബാക്കിയെല്ലാം പരിസ്ഥിതി ഘടകങ്ങളാണെങ്കിലും പാരമ്പര്യമുള്ളവരെല്ലാം മാനസിക രോഗികളാവണമെന്നില്ല. ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിൽ സമൂഹം വലിയ പങ്ക് വഹിക്കുന്നു. . വ്യക്തിയുടെ ചുറ്റുപാടുകൾ, വളർന്ന സാഹചര്യം, കുടുംബ അന്തരീക്ഷം, കുട്ടിക്കാലത്ത് മനസ്സിലുണ്ടായ മുറിവുകൾ, സാമ്പത്തികം, ലൈംഗിക അതിക്രമങ്ങൾ, മാരക രോഗങ്ങൾ, ലഹരി പദാർത്ഥങ്ങൾ, തലച്ചോറിലെ രോഗങ്ങൾ, ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ, ഒറ്റപ്പെടൽ, ഉറ്റവരുടെ വേർപാട്, ജയിൽ ജീവീതം , വൈവാഹിക സംഘർഷങ്ങൾ തുടങ്ങിയ അനേകം കാരണങ്ങൾ മനസ്സിന്റെ ആരോഗ്യം നഷ്ടപ്പെടുത്തുന്നു. .

ഈ വർഷത്തെ ലോകാരോഗ്യ സംഘടനയുടെ മാനസിക ആരോഗ്യ മുദ്രാവാക്യം തന്നെ “ആത്ഹത്യ തടയുക ” എന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ 40 സെക്കന്റിലൂം ഒരാൾ ആത്മഹത്യ ചെയ്യുന്നു എന്നതാണ്. പല സംഘടനകളും അതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെങ്കിലും . പലപ്പൊഴും പരാജയപ്പെടുന്നു. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യങ്ങളെയൂം സംഘർഷങ്ങളെയും പലർക്കും മറികടക്കാൻ കഴിയുന്നില്ല. പരസ്പര മത്സരവും, അമിത ആഗ്രഹങ്ങളും ,ജോലി സംബന്ധമായ പിരിമുറുക്കളും , ശിഥിലമായ കുടുംബ ബന്ധങ്ങളും നമ്മെ നിരന്തരം അസ്വസ്ഥരാക്കുന്നു. എന്നാൽ മാനസിക രോഗം തങ്ങൾക്കുണ്ടെന്ന തിരിച്ചറിവ് തന്നെ പലർക്കും ഇല്ല.

നമുക്കെല്ലാവർക്കും തന്നെ പലരീതിയിലുള്ള പിരിമുറുക്കങ്ങളും കയ്പേറിയ അനുഭവങ്ങളും കാണും. എന്നാൽ ചിലർക്ക് അത് ഉൾക്കൊള്ളാനുള്ള കരുത്ത് കൂടുതലാണ്. ചിലർക്ക്. അത് താങ്ങാൻ പറ്റാതെ വരുമ്പോ അവന്റെ ചെറുത്ത് നിൽക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു (;coping mechanism ).
ചിലർ പെട്ടെന്ന് ക്ഷോഭിക്കുകയൂം മറ്റ് ചിലരിൽ അകാരണമായി സംശയം വളരുകയും , ചിലരാകട്ടെ അകാരണമായ ഭയം, ഉത്കണ്ഠ എന്നിവയാലും ചിലരാകട്ടെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി ഒറ്റപ്പെട്ട് മാറി നിൽക്കുന്നു. . പിരിമുറുക്കങ്ങളെ തുറന്നു പറയാതെ അവ മനസ്സിലിട്ട് മൂടി പിന്നീട് വിഷാദ രോഗങ്ങൾക്കും പല തരത്തിലുള്ള ശാരീരിക രോഗങ്ങൾക്കും കാരണമാകുന്നു. ഇന്ന് കൗമാരക്കാരിലും യുവാക്കളിലും ഉണ്ടാവുന്ന ഒട്ടുമിക്ക മാനസിക പ്രശ്നങ്ങളും ലഹരി വസ്തുക്കൾ മൂലമാണ്. അവ തലച്ചോറിന്റെ ചിന്തകളെ വഴിതിരിച്ച് വിടുന്നു. തന്മൂലം മാനസിക വിക്ഷോഭങ്ങളിലും , കുറ്റകൃത്യങ്ങളിലേക്കും നയിക്കപ്പെടുന്നു.

മാനസിക രോഗങ്ങൾ പലപ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ടനുഭവപ്പെടുമ്പോഴാണ് അവരെ ചികിത്സക്ക് വിധേയരാക്കുന്നത്. മാനസിക രോഗികൾ സ്വയം ചികിത്സ തേടുന്നത് കുറവാണ്. തങ്ങളെ ഭ്രാന്തന്മാരായി ചിത്രീകരിക്കുമെന്ന ഭയം തന്നെ കാരണം. ഒട്ടുമിക്ക മാനസിക പ്രശ്നങ്ങളും ആരംഭത്തിലെ തുറന്ന് പറഞ്ഞ് ഒരു കൗൻസിലറുടെയോ സൈക്കോളജസ്റ്റിന്റെയോ അടുത്ത് പോയാൽ തീരാവുന്നതെ ഉള്ളു ചില സൈക്കോസിസ് പോലുള്ള തീവ്ര രോഗങ്ങൾക്കുമാത്രമെ മരുന്നും കിടത്തി ചികിത്സയുടെയും ആവശ്യം വരുന്നുള്ളു.

സർക്കാരിന്റെയും ആരോഗ്യ രംഗത്തു ള്ളവരുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും , രക്ഷിതാക്കളുടെയും കൂട്ടായുള്ള ബോധവത്ക്കരണങ്ങളാണ് നടത്തേണ്ടത് മാനസിക രോഗങ്ങൾ നേരത്തെ അറിയാനും ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും അധ്യാപകരെയും രക്ഷിതാക്കളെയും ബോധവത്ക്കരണം ചെയ്യണം. കൂട്ടത്തിൽ ജോലി ചെയ്യുന്നവരെ എല്ലാം പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുകം, അനുഭവങ്ങളും വേദനകളും പങ്കിടുക. പിരിമൂറുക്കൾക്ക് അയവ് വരുത്തുക. ഒരു കൗൻസിലറെ യോ സൈക്കൊളജിസ്റ്റിനെയോ സമീപിക്കാൻ പ്രൊത്സാഹിപ്പിക്കണം. മാനസിക രോഗം ഒളിച്ച് വക്കാനുള്ളതല്ല എന്ന അവബോധം ഉണ്ടാക്കിയെടുക്കണം. ഇന്നും സമൂഹത്തിൽ മാനസിക രോഗത്തെ കുറിച്ചുള്ള മിഥ്യധാരണ പൂർണ്ണമായും മാറിയിട്ടില്ല. അതിന് പല ഉദാഹരണങ്ങളും നമ്മൾ സോഷ്യൾ മീഡിയ വഴി കണ്ടതാണ്. ഒരു സൈക്കൊളജിസ്റ്റിന്റെ അടുത്ത് പോവുകയൊ കൗൻസിലറേ കാണുകയോ ചെയ്താൽ അവരെ മനോരോഗിയായി മാത്രം കാണുന്ന സാമൂഹ്യ കാഴ്ചപ്പാട് ഇപ്പോഴും നിലനിൽക്കുന്നു. മാനസീകാരോഗ്യമുള്ള ഒരു തലമുറ രാജ്യത്തിന്റെ സമ്പത്താണ്.

മാനസിക ആരോഗ്യം നിലനിർത്താനുള്ള ചില മാർഗ്ഗങ്ങൾ

1. മറ്റുള്ളവരെ പിന്തുണക്കുക, സ്വയം ആവശ്യമെങ്കിൽ പിന്തുണ ഏറ്റുവാങ്ങാനും മടിക്കാതിരിക്കുക

2.സഹപ്രവർത്തകരോടും കുടുംബത്തിലുള്ളവരോടും തുറന്ന് സംസാരിക്കുക.

3.നിങ്ങൾക്ക്സന്തോഷംതരുന്നകാര്യങ്ങളിൽഏർപ്പെടുക.

4 . ആരോഗ്യപരമായ ആഹാര രീതിയും നിത്യവും വ്യായാമവും ശീലമാക്കുക.

മാനസിക രോഗം ചില സൂചനകൾ

1. പെട്ടന്ന് ശ്രദ്ധ ,ഓർമ്മ , ചിന്താശേഷി എന്നിവയിലുള്ള മാറ്റങ്ങൾ

2. ആഹാര രീതിയിലെ മാറ്റങ്ങൾ (വിശപ്പില്ലായ്മ, അമിതഭക്ഷണം)

3. പള്ളിക്കൂടത്തിലോ ജോലി സ്ഥലത്തോ ജോലി ചെയ്ത് തീർക്കാൻ പറ്റാതെ വരുന്ന അവസഥ.

4. അമിതമായ ചിന്തയും ഭയവും

5.സങ്കടം, ശൂന്യത അനുഭവപ്പെടുക, ഒന്നിനും കൊള്ളില്ലായെന്നുള്ള തോന്നലുണ്ടാവുക.

6. വെളിച്ചം, മണം , സ്പർശനം എന്നിവയിൽ അമിതമായ വികാരപ്രകടനം

7. അസ്വസ്തതയും , ശുണ്ഠി , വെറിപിടിക്കൾ തുടങ്ങിയ പെരുമാറ്റങ്ങൾ

8.സമൂഹ്യ ഇടപെടലുകളിൽ നിന്ന് ഒഴിഞ്ഞ് മാറി നിൽക്കുക , ഉൾവലിയുക, സന്തോഷം തോന്നുന്നന കാര്യങ്ങളിൽ താല്പര്യം കാണിക്കാതിരിക്കുക.

9. തലക്ക ഉള്ളിൽ ആരോ കയറിയിരുന്ന് കളിയാക്കുന്ന പോലെ തോന്നുകയും മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാത്ത കാര്യങ്ങൾ കേൾക്കുകയും കാണുകയും ചെയ്യുക.

10. ഉറക്ക ശീലം മാറുക, ക്ഷീണിതനായി കാണുക , രാത്രി ഉറങ്ങാതെ പകല് ഉറങ്ങുക തുടങ്ങിയവ.

മാനസിക രോഗം എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത്

1. സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയോ മറ്റുള്ളവരെ ഉപദ്രവിക്കാനോ കൊല്ലാനോ ശ്രമിച്ചാൽ.

2. മറ്റുള്ളവർക്ക് കാണാനും കേൾക്കാനും
പറ്റാത്തത് സ്വയം കേൾക്കുന്നുവെന്ന് തോന്നിയാൽ

3. ചിന്തയിലും , എഴുത്തിലുംവർത്തമാനത്തിലും പരസ്പരംബന്ധമില്ലാത്തതായി പറയുക

4. മറ്റുള്ളവരിൽ അമിത സംശയവും ഭയവും തോന്നിയാൽ

5.സ്കൂളിലും ജോലിക്കും പോകാതിരിക്കൾ

6. പെട്ടെന്നുള്ള വ്യക്തിത്വ വ്യതിയാനം,അസ്വാഭാവികമവും വികൃതവുമായ പെരുമാറ്റം.