ലോക പാലിയേറ്റീവ് കെയർ ദിനം അഥവാ സാന്ത്വന ചികിത്സാ ദിനം, “എന്റെ പരിചരണം എന്റെ അവകാശം”

647

Lalitha Nambiar എഴുതുന്നു

ലോക പാലിയേറ്റീവ് കെയർ ദിനം അഥവാ സാന്ത്വന ചികിത്സാ ദിനം.
” എന്റെ പരിചരണം എന്റെ അവകാശം.”

ചികിത്സ കിട്ടുക ഏത് പൗരന്റെയും അവകാശമാണ് . എന്നാൽ എല്ലാവർക്കും അവരുടെ രോഗങ്ങൾക്കും പ്രയാസങ്ങൾക്കും അനുസരിച്ചുള്ള പരിചരണം കിട്ടുന്നുണ്ടൊ.?. ഇല്ല . എന്ന് തന്നെ പറയാം. ഇവിടെ ചികിത്സ എന്നുദ്ദേശിക്കുന്നത് ഹ്രസ്വകാല രോഗങ്ങൾ വന്ന് സുഖപ്പെടുന്ന അവസ്ഥയല്ല. ദീർഘകാല രോഗങ്ങളായ കാൻസർ, വൃക്കരോഗം , തളർവാതങ്ങൾ , സെറിബ്രൽ പാൽസി, തുടങ്ങിയ രോഗങ്ങൾ മൂലം സാമ്പത്തികമായി തളർന്നവർ, മാനസ്സികമായി തളർന്നവർ, ഇനി പ്രതീക്ഷക്ക് വകയില്ല എന്ന് പറഞ്ഞ് ആശുപത്രികളും ഡോക്ടർമാരും കയ്യൊഴിഞ്ഞവർ, പരിചരണത്തിന് ആളില്ലാത്തവർ തുടങ്ങി അനേകം പേർ നമ്മുടെ സമൂഹത്തിലുണ്ട്. അവർക്ക് ഒരു കൈത്താങ്ങായി വേദനകളിൽ പങ്ക് ചേർന്ന് അവരുടെ ബാക്കിയുള്ള ജീവിതം സന്തോഷവും സമാധാനവും നിറച്ച് അവർക്കൊരു അന്തസ്സായ അന്ത്യ ഘട്ടം കൈവരിക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. . ആദ്യകാലങ്ങളിൽ കാൻസർ രോഗികൾക്ക് മാത്രമായിരുന്ന ഈ ചികിത്സ ഇപ്പോ എല്ലാ ദീർഘകാല രോഗങ്ങൾക്കും നൽകി വരുന്നു.

Related imageകേരളത്തിൽ ഈ ദിനം ആചരിക്കുന്നത് ജനുവരി 15 നാണ്. ഡോ. രാജഗോപാൽ ( മുൻ അനസ്തേഷ്യ പ്രൊഫസർ കോഴിക്കോട് മെഡിക്കൽ കോളജ് ) ആണ് ഇന്ത്യയിൽ പാലിയേറ്റീവ് കെയറിന്റെ പിതാവെന്നറിയപ്പെടുന്നത്. 1993 ലാണ് ഇതിന് തുടക്കം കുറിച്ചത്. ഇന്ന് സർക്കാരും എല്ലാ പഞ്ചായത്തുകളും ഇത് ഏറ്റെടുത്ത് കഴിഞ്ഞു. കേരളം പാലിയേറ്റീവ് കെയറിൽ മറ്റ് സംസ്ഥാനങ്ങൾക്കൊരു മാതൃകയാണ്. . അനേകം സന്നദ്ധ സംഘടനകൾ ഇതിന് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്നു. .

സാന്ത്വന ചികിത്സയെന്നാൽ രോഗ ചികിത്സ അല്ല. രോഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ മാറ്റുക എന്നതാണ്. ഒരു രോഗി ദീർഘകാലരോഗം പിടിപെടുന്ന അവസ്ഥയിൽ തന്നെ ഈ സാന്ത്വന ചികിത്സ ആരംഭിക്കാം. രോഗിയുടെ ഉത്ഘണ്ഠ മാറ്റാനും ബുദ്ധിമുട്ടുകൾ കുറക്കാനും ഇത് സഹായിക്കും. അത്യാസന്നരായ രോഗികളെ ഐ. സി. യു വിൽ കിടത്തി പല ട്യൂബുകളും കയറ്റി , ഭക്ഷണം അരച്ച് കൊടുത്ത്, ശ്വാസത്തിന് ദ്വാരവും ഇട്ട് പ്രായമായ രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് കാണുന്നത്. കോർപ്പറേറ്റ് ആശുപത്രികൾ ഇങ്ങനെ രോഗികളേയും ബന്ധുക്കളെയും ചൂഷണം ചെയ്ത് ലക്ഷക്കണക്കിന് രൂപ ഈടാക്കുന്നു. ഈ സമയം ബന്ധുക്കളുടെ സ്നേഹവും പരിചരണവുമാണ് രോഗിക്ക് വേണ്ടത്. സത്യാവസ്ഥ തുറന്ന് പറയുന്നില്ല സമ്പന്നരായ. ബന്ധുക്കളാവട്ടെ പാലിയേറ്റീവ് കെയറിൽ വരാൻ മടിക്കുന്നു. തങ്ങളുടെ ഉറ്റവരെ ഐ സി യു വിലിട്ട് പണം മുടക്കുന്നതിൽ ഉത്തരവാദിത്വം തീർക്കുന്നുവെന്ന ധാരണയും ബന്ധുക്കൾക്കുണ്ട്. ഉറ്റവരെയും ഉടയവരെയും കാണാതെ ശീതീകരിച്ച മുറിയിൽ ഒറ്റക്ക് അബോധാവസ്ഥയിൽ കഴിയേണ്ട അവസ്ഥ. എന്നാൽ പാലിയേറ്റീവ് സംഘം ഇവർക്ക് വേണ്ട പരിചരണം വേദനയില്ലാതെ അന്തസ്സൊടെ അവരുടെ അന്ത്യ നാളുകൾ കഴിയാൻ സഹായിക്കുന്നു. പ്രത്യേകിച്ച് വേദനകളിൽ നിന്ന് അവർക്ക് പൂർണ്ണ മോചനം നൽകുന്നു. ചില രോഗികൾ അവസാന ദിനങ്ങളിൽ കഠിന വേദനയിലായിരിക്കും. വേദന മാറി കിട്ടിയാൽ തന്നെ രോഗി സന്തോഷവാനാകും. പാലിയേറ്റീവ് കെയറിന്റെ കീഴിൽ ഗൃഹ പരിചരണ യൂണീറ്റുമുണ്ട്് വീട്ടിൽ കഴിയുന്ന രോഗികളെ ആഴ്ചയിൽ രണ്ട് തവണ സന്ദർശിക്കുന്നു. അവർക്ക് മാനസികവും, ശാരീരികവും , സാമൂഹ്യവും , ആത്മീയവുമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുന്നു. ഇത് രോഗികളുടെ ബന്ധുക്കൾക്ക് വലിയ ആശ്വാസമാണ്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഏതൊരാൾക്കും ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും രോഗിയാവുന്നതോടെ അവർ മറ്റുള്ളവരുടെ ഇച്ഛയനുസരിച്ച് ജീവിക്കേണ്ടി വരുന്നു. അന്ത്യകാല പരിചരണത്തെ പറ്റി വ്യക്തമായൊരു നിയമ സംഹിതയുമില്ല. യൂണീവേഴ്സൽ ഹെൽത്ത് കെയർ കവറേജിൽ പാലിയേറ്റീവ് കെയറിന് മുൻതൂക്കം . കൊടുക്കാനുള്ള ശ്രമത്തിലാണ്. . കാരണം ” എന്റെ പരിചരണം എന്റെ അവകാശം.” അതാണ് ഉദ്ദേശിക്കുന്നത്.

സമൂഹത്തിൽ ഏതൊരു വ്യക്തിക്കും പാലിയേറ്റീവ് കെയർ എന്ന
സന്നദ്ധ സംഘടനയിൽ ചേരാം. സമൂഹത്തിന് എന്തെങ്കിലും ചെയ്യാനുള്ള അവസരമാണ് നിങ്ങൾക്ക് കിട്ടുന്നത്. വോളണ്ടിയേഴ്സ് ട്രെയി നിംഗും സംഘടനകൾ ചെയ്തു കൊടുക്കുന്നു. ഒരു വീട്ടിൽ ഒരാളെങ്കിലും ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സ്വന്തം വീട്ടിലുള്ളവരെയെങ്കിലും അത്യാവശ്യത്തിന് പരിചരിക്കാം. ഡോക്ടർ , നഴ്സ്, സാമൂഹ്യ പ്രവർത്തകർ, ഗൃഹനാഥൻമാർ, വീട്ടമ്മമാർ, യുവജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്നതാണ് പാലിയേറ്റീവ് ടീം. സമൂഹത്തിന്റെ ഒന്നാകെയുള്ള ചുമതലയാണ് ദീർഘകാല രോഗികളുടെ പരിചരണം. . ജീവിതം തളർന്ന് വീൽചെയറിൽ കഴിയുന്നവരും വൃദ്ധരും ധാരാളം പരിഗണനയും സ്നേഹവും അർഹിക്കുന്നു. ഇവരുടെ പരിചരണത്തിൽ നമുക്കും പങ്ക് ചേരാം.