പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യയ്ക്ക് 10-12 ദിവസം മതി , ഇന്ത്യയുടെ തെരുവിൽ പിച്ചയെടുക്കുന്ന അനാഥബാല്യങ്ങളെ കൈ പിടിച്ചുയർത്താൻ എത്ര വർഷം വേണ്ടിവരും ?

0
645

Lalu K R Cherthala

പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യയ്ക്ക് 10-12 ദിവസം മതി.കേട്ടപ്പോൾ അന്തരംഗം അഭിമാനപൂരിതമായി, പക്ഷേ ഇന്ത്യയുടെ തെരുവോരങ്ങളിൽ നിന്ന് പിച്ച തെണ്ടുന്ന അനാഥബാല്യങ്ങളെ കൈ പിടിച്ചുയർത്താൻ എത്ര വർഷം വേണ്ടിവരും ?
കുടിവെള്ളമെത്താത്ത ആയിരക്കണക്കിന് ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിക്കാൻ എത്ര വർഷം വേണ്ടിവരും ?തകർന്നു പോയ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ പൂർവ്വസ്ഥിതിയിലാക്കാൻ എത്ര വർഷം വേണ്ടിവരും ?പാർശ്വവൽക്കരിക്കപ്പെട്ടു പോയ ദളിത്-ആദിവാസി വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എത്ര വർഷം വേണ്ടിവരും ?കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ ഇനിയുമെത്ര നാൾ വേണ്ടിവരും ?

Image result for india pakistan war"12 ദിവസം കൊണ്ട് പാക്കിസ്ഥാൻ തോറ്റു തുന്നം പാടുമെന്നത് കേൾക്കാൻ എന്ത് രസമാണ് .പക്ഷേ ആ 12 ദിവസം കൊണ്ട് ഇടിഞ്ഞു വീഴുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ അതിജീവനത്തിന് എത്ര വർഷം വേണ്ടിവരും ? 12 ദിവസം കൊണ്ട് പൊലിഞ്ഞു പോകുന്ന ജീവനുകൾ , അനാഥരാകുന്ന കുട്ടികൾ , വിധവകളാകുന്ന സ്ത്രീകൾ , മക്കൾ മരിച്ച ജന്മ ദു:ഖവുമായ് ശിഷ്ടജന്മം ജീവിച്ചു തീർക്കുന്ന മാതാപിതാക്കൾ. അവർക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുന്നതെല്ലാം ആര് തിരികെകൊടുക്കും?

Image result for india poverty"എത്രയോ വർഷങ്ങൾ കൊണ്ട് ഒരു രാജ്യം പടുത്തുയർത്തിയ ഇൻഫ്രാസ്ട്രക്ചറുകളാവും ഒറ്റ യുദ്ധം കൊണ്ട് തകർന്നടിഞ്ഞ് പോകുന്നത് ?നമ്മളിതൊന്നും ചോദിക്കാറില്ല. കാരണം,തോറ്റു പോയൊരു ജനതയാണ് നമ്മൾ . ചോദ്യങ്ങൾ ചോദിക്കാൻ മറന്നു പോയവർ . സ്വന്തം കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നുവെന്നറിയുമ്പോൾ യുദ്ധകാഹളം മുഴക്കുന്ന നേതാക്കൾക്ക് ജയ് വിളിക്കാൻ മാത്രം വിധിക്കപ്പെട്ടവർ. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകൾക്കുള്ളിൽ സ്വന്തം ചിന്താശക്തി അടിയറവു വെച്ച് അടിമകളായി ജീവിക്കുന്നവർ.തിരിച്ചറിവുണ്ടാകും, ഉണ്ടാകാതിരിക്കില്ല.