അഭയക്ക് നീതികിട്ടിയപോലെ ഈ സഹോദരിയുടെ കൊല്ലപ്പെട്ട മകൾക്കും നീതി കിട്ടേണ്ടതുണ്ട്

58

ലാലു കെ ആർ

വീഡിയോയിൽ നിലവിളക്കേന്തി വരുന്നത് ശ്രുതിയുടെ അമ്മയാണ്. തൃശൂരിലെ പെരിങ്ങോട്ടുകരയിൽ ഭർതൃഗൃഹത്തിൽ വെച്ച് വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ട ശ്രുതിയുടെ അമ്മ ….അകാലത്തിൽ പൊലിഞ്ഞു പോയ മകൾക്ക് നീതി കിട്ടാൻ വൈകുമ്പോൾ പ്രതിഷേജ്വാലയ്ക്ക് തിരികൊളുത്താൻ ഒരമ്മ കത്തിച്ച നിലവിളക്ക് …..
തിരികൾ കണ്ണുനീര് വീണ് അണഞ്ഞുപോവാതിരിക്കാൻ ആ അമ്മ പാടുപെടുന്നുണ്ടാവും .സ്ത്രീധനമെന്ന അധഃപതിച്ച ആചാരത്തിന്റെ പേരിൽ മരിച്ച ശ്രുതിക്കും മരിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ പ്രതിഷേധ ജ്വാലയ്ക്ക് ആയമ്മ തിരികൊളുത്തിയത്. ചുറ്റും കൂടി നിൽക്കുന്നത് സാംസ്കാരിക പ്രവർത്തകരോ എഴുത്തുകാരോ അല്ല. കുറേ അമ്മമാരാണ്. ഒരു വർഷം മുമ്പ് ഇതേ മുറ്റത്ത് ശ്രുതിയുടെ വിവാഹത്തിനായി ഒത്തുചേർന്നിട്ടുള്ളവർ …. നാല്പത് പവൻ സ്വർണ്ണവുമിട്ട് ശ്രുതി വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ച് കയറുന്നതിന് ആർപ്പു കുരവയിട്ടവർ .അവൾ നടന്നു കയറുന്നത് മരണത്തിലേക്കാണെന്ന് അന്നവർ അറിഞ്ഞിരുന്നില്ല

എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും മൗനം പേടിപ്പെടുത്തുമ്പോഴും ഈ നാട്ടുകാരുടെ പൊതുബോധം ആശ്വാസമാകുന്നു . തൃശുരിലെ കാഞ്ഞാണിയിൽ വെച്ച് ഈ പ്രതിഷേധ സമരത്തിന് ഞാനും സാക്ഷിയായി. സ്ത്രീകളും കൊച്ചു പെൺകുട്ടികളുമടങ്ങുന്ന വലിയൊരു സംഘം ജനങ്ങളാണ് പ്രതിഷേധ സമരവുമായി അന്തിക്കാട് പോലീസ് സ്റ്റേഷനിലേക്കും തൃശൂർ കളക്ടറേറ്റ് പടിക്കലേക്കും നീങ്ങിയത്.

ഏതോ അക്രമിസംഘത്തിന്റെ പിന്നാലെയെന്നതു പോലെ ജീപ്പിൽ പിൻതുടരുന്ന പോലീസ് സംഘം സമരക്കാരുടെ ഓരോ ചലനങ്ങളും വീഡിയോയിൽ പകർത്തുന്നതും കാണാമായിരുന്നു. ഭർതൃഗൃഹത്തിലെ കുളിമുറിയിൽ കഴുത്തിലും മാറിടത്തിന് താഴെയും നെറ്റിയിലും മുറിവുകളുമായി ഒരു പെൺകുട്ടി മരിച്ചു കിടന്നപ്പോൾ പ്രാഥമിക തെളിവുകൾ ശേഖരിക്കാനും തെളിവുകൾ നശിപ്പിക്കപ്പെടുന്നത് തടയാനും ഈ കർത്തവ്യബോധമൊന്നും കണ്ടില്ലല്ലോയെന്ന് നാട്ടുകാർ അത്ഭുതപ്പെടുന്നതും കാണാമായിരുന്നു. പണവും സ്വാധീനവും പഴുതുകൾ സൃഷ്ടിക്കുമ്പോൾ കുറ്റവാളികൾ രക്ഷപ്പെട്ടു കൊണ്ടേയിരിക്കും , പുതിയ കുറ്റവാളികൾ പിറന്നു കൊണ്ടേയുമിരിക്കും .അധികാരികൾക്ക് വേണ്ടപ്പെട്ടവരാകുന്ന കുറ്റവാളികൾ . അവർ ഇരകളെ തേടി വീണ്ടുമിറങ്ങും . ഇരയാവുന്നത് കുറേ പാവങ്ങളാവും , അന്നുമിന്നും നിസ്സഹായതയുടെ പുറമ്പോക്കുകളിൽ പെട്ടു പോയ കുറേ സാധാരണ മനുഷ്യർ .

അവരാരും അധികാരികൾക്ക് വേണ്ടപ്പെട്ടവരാവില്ല . അതു കൊണ്ടു തന്നെയാണ് നിഷ്കരുണം അവർ കൊല ചെയ്യപ്പെടുന്നതും . അത്തരം കുറേ സാധാരണ മനുഷ്യർ സഹികെട്ട് നടത്തിയ പ്രതിഷേധമാണ് ശ്രുതിയുടെ അമ്മ ആ നിലവിളക്കിൽ നിന്ന് തെളിയിച്ചു കൊടുത്തത്. ആയിരക്കണക്കിന് എഴുത്തുകാരാണ് സോഷ്യൽ മീഡിയയിലുള്ളത്. ചുറ്റും നടക്കുന്ന അനീതികൾക്കെതിരേ , നീതി നിഷേധങ്ങൾക്കെതിരേ വിരലുയർത്താൻ കഴിഞ്ഞില്ലെങ്കിൽ , അക്ഷരങ്ങൾ കൊണ്ടെങ്കിലും പ്രതിരോധം തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ വ്യർത്ഥമായിപ്പോവുകയാണ് നമ്മളുടെ അക്ഷരങ്ങളും അച്ചടിക്കപ്പെടുന്ന പുസ്തകങ്ങളും .പ്രതിഷേധങ്ങളുണ്ടാവണം.

സത്യം ജയിക്കണം . കുറ്റവാളികൾ ശിക്ഷിക്കപ്പെടണം . പണവും സ്വാധീനവുമുണ്ടെങ്കിൽ ആരേയും കൊന്നു തള്ളാമെന്ന ധാർഷ്ട്യത്തിനെതിരേ വേണ്ടത് നിസ്സംഗതയല്ല , പോരാട്ടമാണ്. നീതിന്യായ വ്യവസ്ഥയുടെ കണ്ണു തുറപ്പിക്കുവാനുള്ള പോരാട്ടം . ആ പോരാട്ടം കേവലം ശ്രുതിക്ക് വേണ്ടിയുള്ള പോരാട്ടമാവില്ല. വരും നാളുകളിൽ ഓരോ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടിയുള്ള പോരാട്ടമാകുമത്. ശ്രുതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോലീസ് സർജൻ രേഖപ്പെടുത്തിയ വാക്കുകൾ വീണ്ടും പറയുന്നു.

Postmortem findings are consistent with the death due to constructive force around the neck കഴുത്തുഞെരിഞ്ഞാണ് ശ്രുതി മരിച്ചത് . തേങ്ങയോ അടയ്ക്കയോ മോഷ്ടിക്കുന്നവൻ പോലും കിടക്കപ്പായയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെടുന്ന നാട്ടിൽ ഒരു കൊലപാതകി എന്തേ അറസ്റ്റ് ചെയ്യപ്പെടാത്തത് എന്ന ചോദ്യം മാത്രം ഉത്തരം കിട്ടാതെ ഇന്നും ബാക്കിയാണ് .കാഞ്ഞാണിയിലെ പ്രതിഷേധ മാർച്ചിൽ കണ്ട അമ്മമാർക്ക് മുന്നിൽ ഒരിക്കൽ കൂടി തലകുനിക്കുന്നു., ഹൃദയാഭിവാദ്യങ്ങളർപ്പിക്കുന്നു.